വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
WAVES XR ക്രിയേറ്റർ ഹാക്കത്തോൺ 2025
ഓഗ്മെന്റഡ്, വെർച്വൽ റിയാലിറ്റിയിലെ നൂതനാശയങ്ങൾ
Posted On:
13 FEB 2025 6:20PM by PIB Thiruvananthpuram
ആമുഖം
ഓഗ്മെന്റഡ്, വെർച്വൽ റിയാലിറ്റിയിലെ പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യാൻ രാജ്യത്തെ ഡെവലപ്പർമാരെ ക്ഷണിക്കുന്ന ഒരു മത്സരമാണ് WAVES XR ക്രിയേറ്റർ ഹാക്കത്തോൺ (XCH). വേവ്‌ലാപ്‌സ്, ഭാരത്എക്‌സ്‌ആർ, എക്‌സ്‌ഡിജി എന്നിവ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ ഹാക്കത്തോൺ സാങ്കേതികവിദ്യയുമായുള്ള മനുഷ്യന്റെ ഇടപെടലിനെ പുനർനിർവചിക്കുന്ന അത്യാധുനിക ആശയങ്ങളുടെ ഒരു സംഗമവേദിയായി പ്രവർത്തിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് തങ്ങളുടെ നൂതനാശയങ്ങൾ മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലും നടക്കുന്ന പ്രമുഖ വ്യവസായ സമ്മേളനമായ ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) 2025 ൽ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും.
ഇന്ത്യയിലെ മാധ്യമ& വ്യവസായ (എം & ഇ) മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ പ്രമുഖർ , പങ്കാളികൾ, നൂതനാശയക്കാർ എന്നിവർ തമ്മിലുള്ള സഹകരണം വളർത്തുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സുപ്രധാന പരിപാടിയാണ് വേവ്സ്. ഉച്ചകോടിയുടെ ഒരു പ്രധാന ആകർഷണമായ 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ്' വൻ പങ്കാളിത്തം നേടി മുന്നോട്ടുപോകുന്നു. ഇതുവരെ 70,000-ത്തിലധികം രജിസ്ട്രേഷനുകളോടെ 31 മത്സരങ്ങൾ ആരംഭിച്ചു. പ്രതിഭകൾക്കും സാങ്കേതിക പുരോഗതിക്കും ഒരു ചലനാത്മക പ്ലാറ്റ്‌ഫോം നൽകുന്നതിലൂടെ, മാധ്യമ വിനോദ മേഖലയിൽ സർഗ്ഗാത്മകതയ്ക്കും നൂതനാശയത്തിനും ഉള്ള ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കാൻ വേവ്സ് ലക്ഷ്യമിടുന്നു.
പങ്കാളിത്തവും മൂല്യനിർണയവും
മൂന്നോ നാലോ അംഗങ്ങൾ ഉൾപ്പെടുന്ന ടീമുകൾക്ക് ഹാക്കത്തോണിൽ പങ്കെടുക്കാം.ഡിസൈനർമാർ, ഡെവലപ്പർമാർ, വിഷയ വിദഗ്ധർ എന്നിവരുൾപ്പെടെ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരെ മത്സരത്തിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. നിശ്ചിത സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമില്ലെങ്കിലും, എക്സ്ആർ സാങ്കേതികവിദ്യകളിലും നൂതനാശയങ്ങളിലും അതിയായ താൽപ്പര്യം ഉള്ളവരായിരിക്കണം .
നൂതനാശയം, ഉപയോക്തൃ അനുഭവം, സാങ്കേതിക നിർവഹണം , ഉളവാക്കുന്ന സ്വാധീനം എന്നിവയുൾപ്പെടെയുള്ള പ്രധാന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതികൾ വിലയിരുത്തുന്നത്. സാധ്യത, വ്യാപ്തി, പരിഹാരത്തിന്റെ മൊത്തത്തിലുള്ള സർഗ്ഗാത്മകത, മൗലികത എന്നിവയും വിധികർത്താക്കൾ പരിഗണിക്കും.
പ്രമേയങ്ങൾ
ആരോഗ്യ സംരക്ഷണം, ശാരീരിക ക്ഷമത , ക്ഷേമം
XR സാങ്കേതികവിദ്യകളെ ആരോഗ്യ സംരക്ഷണത്തിൽ സംയോജിപ്പിക്കുന്നതിനെക്കുറിച്ചാണ് ഈ പ്രമേയം വിശകലനം ചെയ്യുന്നത്. രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിലും, ആധുനിക മെഡിക്കൽ പരിശീലനം നൽകുന്നതിലും ശാരീരിക ക്ഷമത പ്രോത്സാഹിപ്പിക്കുന്നതിലും സമഗ്ര ക്ഷേമം വർദ്ധിപ്പിക്കുന്നതിലും ഈ പ്രമേയം പുതിയ ആശയങ്ങൾ പര്യവേക്ഷണം ചെയ്യുന്നു. ചികിത്സ, പുനരധിവാസം, മാനസികാരോഗ്യ പിന്തുണ, വെർച്വൽ ഫിറ്റ്നസ് പരിപാടികൾ എന്നിവയ്ക്കായി നൂതന പ്രതിവിധികൾ ഹാക്കത്തോണിൽ പങ്കെടുക്കുന്നവർ വികസിപ്പിക്കും.
വിദ്യാഭ്യാസ പരിവർത്തനം
പഠനത്തിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ശക്തിയോടെ, XR സംവേദനാത്മകവും അനുഭവപരവുമായ വിദ്യാഭ്യാസം പ്രാപ്തമാക്കുന്നു. ക്ലാസ് മുറികൾ മുതൽ തൊഴിലധിഷ്ഠിത പരിശീലനവും കോർപ്പറേറ്റ് പഠനവും വരെയുള്ള വൈവിധ്യമാർന്ന വിദ്യാഭ്യാസ രീതികളിൽ പ്രവേശനക്ഷമത, പങ്കാളിത്തം , നൈപുണ്യ വികസനം എന്നിവ മെച്ചപ്പെടുത്തുന്ന നൂതന സംവിധാനം സൃഷ്ടിക്കാൻ ഈ പ്രമേയം പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നു.
വിപുലമായ വിനോദസഞ്ചാരം
ലോകത്തെ, എങ്ങനെ ജനങ്ങൾ പര്യവേക്ഷണം ചെയ്യുന്നു എന്നത് എക്സ് ആറിന് പുനർനിർവചിക്കാൻ കഴിയും. വെർച്വൽ ടൂറിസം, സാംസ്കാരിക സംഭവങ്ങളുടെ പുനർനിർമ്മാണം, സംവേദനാത്മക രീതിയിൽ സാംസ്കാരിക കഥപറച്ചിൽ, ഭൗതിക- ഡിജിറ്റൽ യാഥാർത്ഥ്യങ്ങളെ ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള യാത്രാനുഭവങ്ങൾ എന്നിവയിലൂടെ വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങളെ ജീവസുറ്റതാക്കുന്നതിനുള്ള നൂതനമായ വഴികൾ വികസിപ്പിക്കാൻ ഈ പ്രമേയം പങ്കാളികളെ ക്ഷണിക്കുന്നു.
ഡിജിറ്റൽ മീഡിയ & വിനോദം
XR-അധിഷ്ഠിത കഥപറച്ചിൽ, ഗെയിമിംഗ്, ഉള്ളടക്ക ഉപഭോഗം എന്നിവയിലൂടെ വിനോദ വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. പ്രേക്ഷക പങ്കാളിത്തം , സംവേദനാത്മക വിവരണങ്ങൾ, വെർച്വൽ കോൺസെർട്ടുകൾ , അടുത്ത തലമുറ മാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ഗണ്യമായ മാറ്റങ്ങളോടെ അനുഭവ സംവിധാനം വികസിപ്പിച്ചുകൊണ്ട് സർഗാത്മക അതിരുകൾ ഭേദിക്കാൻ ഈ പ്രമേയം പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നു .
ഇ കൊമേഴ്‌സ് & റീട്ടെയിൽ പരിവർത്തനം
ഷോപ്പിംഗ് അനുഭവങ്ങൾ കൂടുതൽ ഡിജിറ്റൽ ആകുമ്പോൾ, ഉപഭോക്തൃ ഇടപെടലും വ്യക്തിഗത താല്പര്യങ്ങൾക്ക് അനുുസൃതമാക്കലും മെച്ചപ്പെടുത്തുന്നതിന് XR പുതിയ വഴികൾ വാഗ്ദാനം ചെയ്യുന്നു. വെർച്വൽ ഷോറൂമുകൾ, സംവേദനാത്മക ഷോപ്പിംഗ് അനുഭവങ്ങൾ, കൂടുതൽ ബ്രാൻഡ് ഇടപെടലുകൾ എന്നിവ സൃഷ്ടിക്കുന്നതിന് ഇ കൊമേഴ്‌സ്, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന് ഈ പ്രമേയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പ്രധാന നാഴികക്കല്ലുകളും കർമ്മ പദ്ധതിയും
രണ്ടാം ഘട്ട ഫലങ്ങൾ പ്രഖ്യാപിച്ചു. 40 ടീമുകൾ മൂന്നാം ഘട്ടത്തിലേക്ക് മുന്നേറും. ഫലങ്ങൾ കാണാൻ ഇവിടെ ക്ലിക്കുചെയ്യുക.
അന്തിമ വിജയികൾക്ക് WAVES 2025-ൽ അവരുടെ ഉജ്വലമായ XR പ്രതിവിധികൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും.
സമ്മാനവും അംഗീകാരവും
XR ക്രിയേറ്റർ ഹാക്കത്തോണിൽ ആകെ 5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്, മറ്റു നിരവധി സമ്മാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. വിജയികൾക്ക് പ്രീമിയം ഉൽപ്പന്നങ്ങൾ, MIT റിയാലിറ്റി ഹാക്ക്, AWE ഏഷ്യ തുടങ്ങിയ പ്രമുഖ ആഗോള XR പരിപാടികളിലേക്ക് സ്പോൺസർ ചെയ്ത യാത്രകൾ, അവരുടെ ആശയങ്ങൾ ജീവസുറ്റതാക്കാനുള്ള നിക്ഷേപ അവസരങ്ങൾ എന്നിവ ലഭിക്കും. കൂടാതെ, XR സാങ്കേതികവിദ്യയുടെ വികാസത്തിന് നൽകിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ട്, ഗവണ്മെന്റ് തലത്തിൽ നിന്നും വ്യവസായ പ്രമുഖരിൽ നിന്നും അംഗീകാര പത്രങ്ങൾ പങ്കെടുക്കുന്നവർക്ക് നൽകും.
*****************
(Release ID: 2103139)
Visitor Counter : 24