വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ബാറ്റിൽ ഓഫ് ബാൻഡ്‌സ് ആഗോളതലത്തിലേക്ക് ! ഹിന്ദി, ബോളിവുഡ്, ക്ലാസിക്കല്‍, നാടോടി ഗായകർക്കും ബാന്‍ഡ് സംഘങ്ങൾക്കും പേരും പെരുമയും നേടാന്‍ സുവര്‍ണ്ണാവസരം, വേവ്സിലൂടെ
Posted On:
13 FEB 2025 6:18PM by PIB Thiruvananthpuram
നിങ്ങള്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവരാണെങ്കില്‍, നിങ്ങളുടെ സിരകളില്‍ സംഗീതം ഒഴുകുന്നുവെങ്കില്‍, ആഗോള വേദികളില്‍ തിളങ്ങാന്‍ ഉത്സാഹം ഉള്ളവരാണെങ്കില്‍, ലോകത്തിലെ മികച്ച ബാന്‍ഡുകളുമായി ചേര്‍ന്ന് ഒരു താരമായി തിളങ്ങാന്‍ നിങ്ങള്‍ സ്വപ്‌നം കാണുന്നുവെങ്കില്‍, ഇതാ ചരിത്രത്തില്‍ നിങ്ങളുടെ പേര് എഴുതിച്ചേര്‍ക്കാന്‍ വേവ്‌സ് നിങ്ങൾക്കായി സുവര്‍ണ്ണാവസരമൊരുക്കുന്നു.
ബാറ്റിൽ ഓഫ് ബാൻഡ്‌സ് - ഇന്ത്യ (Battle of Bands India) യുടെ അഭൂതപൂര്‍വ്വമായ വിജയത്തിനു ശേഷം, ലോകമെമ്പാടുമുള്ള മാസ്മരിക ബാന്‍ഡ് സംഘങ്ങളെ മുംബൈയില്‍ നടക്കുന്ന മത്സരത്തിലേക്കു ക്ഷണിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ ബാന്‍ഡ് സംഘങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരം സംഘടിപ്പിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ദൂരദര്‍ശനും വേവ്‌സും ഒരുങ്ങുന്നു .
വേവ്‌സ് മത്സരത്തില്‍ ആഗോള ബാന്‍ഡ് സംഘങ്ങള്‍ മാറ്റുരയ്ക്കും
മത്സരത്തിൽ പങ്കെടുക്കാൻ, അന്താരാഷ്ട്ര ബാന്‍ഡ് സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. സമഗ്രമായ സൂഷ്മപരിശോധനയ്ക്കു ശേഷം, മത്സരത്തിന്റെ ഭാഗമാകാന്‍ 13 മുന്‍നിര അന്താരാഷ്ട്ര ബാന്‍ഡ് സംഘങ്ങളെ തെരഞ്ഞെടുക്കും. അവര്‍ ബാറ്റില്‍ ഓഫ് ബാന്‍ഡ്‌സിലെ മികച്ച 5 ഇന്ത്യന്‍ ബാന്‍ഡ് സംഘങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന മത്സരത്തിന്റെ ഭാഗമാകുകയും ചെയ്യും. ലോകമെമ്പാടു നിന്നും, ഹിന്ദി, ബോളിവുഡ്, ക്ലാസിക്കൽ, നാടോടി ഗായകർക്കും തനത് ബാൻഡുകളുള്ളവർക്കും രജിസ്റ്റർ ചെയ്യാം. ഏറ്റവും മികച്ച 5 അന്താരാഷ്ട്ര ബാൻഡുകളും 5 ഇന്ത്യൻ ബാൻഡുകളും പ്രശസ്തമായ WAVES പ്ലാറ്റ്‌ഫോമിൽ അവരുടെ പ്രകടനം കാഴ്ചവെക്കാൻ അവസരം നേടും.
മികച്ച 5 ബാന്‍ഡുകള്‍ പ്രശസ്തിയ്ക്കായി മാറ്റുരയ്ക്കുന്നു
ബാറ്റിൽ ഓഫ് ബാൻഡ്‌സ് മത്സരത്തിൽ രാജ്യത്തെമ്പാടുനിന്നുമുള്ള പ്രതിഭകളില്‍ നിന്ന് മികച്ച 26 ബാന്‍ഡ് സംഘങ്ങളെ പ്രാഥമികമത്സരത്തിനായി തെരഞ്ഞെടുത്തു. ബോളിവുഡ്, ഒറിജിനൽ, ക്ലാസിക്കല്‍, നാടോടി ഗാനങ്ങള്‍ ഉള്‍പ്പെടുന്ന വ്യത്യസ്ത ശാലികളിൽ ഓരോ ആഴ്ചയും അവതരിപ്പിച്ചു, ആവേശകരമായ മത്സരത്തിലൂടെ ഫൈനലില്‍ 5 ബാൻഡുകൾ ഇടം നേടി. THE VAIRAGIES ബാൻഡ് ഒന്നാമതും, SUFI ROCKERS ഒന്നാം റണ്ണര്‍ അപ് , SOULS OF SUFI X GAURANSH രണ്ടാം റണ്ണര്‍ അപ്, MH43 , SHIVOHAM നാല്, അഞ്ച് സ്ഥാനങ്ങളും നേടി
സര്‍ഗ്ഗാത്മകതയുടെയും സംഗീതത്തിന്റെയും ആഘോഷം
വിവിധ ശൈലികളിലും വിശാലതലങ്ങളിലും വ്യാപിച്ചുകിടക്കുന്ന വൈവിധ്യമാര്‍ന്ന സംഗീതം അനുഭവേദ്യമാക്കുന്ന ഈ പരിപാടി പൊതുജനങ്ങള്‍ക്കും സംഗീത പ്രേമികള്‍ക്കും ആവേശകരമായ അനുഭവം പ്രദാനം ചെയ്യും.
സാമൂഹിക ബോധം, വളര്‍ച്ച എന്നിവയെ പരിപോഷിപ്പിക്കുന്നതിനൊപ്പം സര്‍ഗ്ഗാത്മകതയുടെയും സംഗീതത്തിന്റെയും അതിരുകള്‍ വിശാലമാക്കുക എന്നതാണ് അന്താരാഷ്ട്ര ബാൻഡ് സംഘങ്ങളുടെ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പരിപാടിയിലൂടെ വേവ്സ് യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പുത്തന്‍ സംഗീതാനുഭവം നല്‍കുന്നതിനുമുള്ള വേദിയൊരുക്കുന്നു.
സരിഗമ (SAREGAMA ) നിര്‍മ്മിക്കുന്ന ഈ പരിപാടി സംവിധാനം ചെയ്യുന്നത് പ്രമുഖ ഷോ ഡയറക്ടര്‍ ശ്രുതി ആനിന്ദിത വര്‍മ്മയാണ്. ഖേത്തന്‍ സിംഗ് ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ, രാജാ ഹസനും ശ്രദ്ധാ പണ്ഡിറ്റും വിധികര്‍ത്താക്കളാകും. അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ടോണി കക്കര്‍, ശ്രുതി പഥക്, രാധിക ചോപ്ര, അമിതാഭ് വര്‍മ്മ തുടങ്ങിയവര്‍ ഈ മത്സരത്തിന്റെ ഇന്ത്യന്‍ ഉപദേഷ്ടാക്കളായിരിക്കും.
വിശദാംശങ്ങള്‍ക്കും രജിസ്‌ട്രേഷനും പുതിയ വിവരങ്ങള്‍ക്കും വേവ്‌സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.wavesindia.org
പങ്കെടുക്കല്‍ പ്രക്രിയ
പങ്കെടുക്കുന്ന ബാന്‍ഡുകൾ (ഒരു ഗായകന്‍ ഉള്‍പ്പടെ പരമാവധി 5 അംഗങ്ങള്‍) ദൂരദര്‍ശന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി തങ്ങളുടെ സംഗീത പരിപാടിയുടെ ഒരു ഓഡിയോ -വിഷ്വല്‍ സമര്‍പ്പിക്കണം. ഇതില്‍ നിലവിലുള്ള പാട്ടുകളോ രചനകളോ ഉണ്ടായിരിക്കരുത്.
വീഡിയോ സമര്‍പ്പണം
ബാന്‍ഡുകൾ ആധുനികവും പരമ്പരാഗതവുമായ നാടോടി ഘടകങ്ങള്‍ സമന്വയിപ്പിച്ച് സ്വസൃഷ്ടിയായ സംഗീത പരിപാടിയുടെ വീഡിയോ (പരമാവധി 2 മിനിറ്റ്, 300MB, MP4 ഫോര്‍മാറ്റില്‍) സമര്‍പ്പിക്കണം.ദൂരദര്‍ശന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ “Waves India” വിഭാഗത്തില്‍ “Battle of Bands” തെരഞ്ഞെടുത്ത് രജിസ്‌ട്രേഷന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അപ്‌ലോഡ് ചെയ്യുക.
രജിസ്‌ട്രേഷന്‍
ബാന്‍ഡിന്റെ പേര്, നഗരം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ബാന്‍ഡ് അംഗങ്ങള്‍, സോഷ്യല്‍ മീഡിയ ലിങ്ക്, പെര്‍ഫോമന്‍സ് ലിങ്ക് തുടങ്ങിയ വിശദാംശങ്ങള്‍ സഹിതം രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുക.
നിബന്ധനകള്‍:
- ആദ്യം സമര്‍പ്പിച്ച സാധുവായ വീഡിയോ മാത്രമേ തെരഞ്ഞെടുപ്പിനായി പരിഗണിക്കുകയുള്ളൂ
- മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ളതായിരിക്കണം വീഡിയോ; അല്ലാത്തവ നിരസിക്കപ്പെടും.
- വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിലൂടെ, പങ്കെടുക്കുന്നവര്‍ പ്രമോഷണല്‍ ഉപയോഗത്തിനായി പ്രൈവസി അവകാശങ്ങൾ ത്യജിക്കുന്നു.
വേവ്‌സിനെക്കുറിച്ച്
ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (WAVES) ഉദ്ഘാടന പതിപ്പ് 2025 മേയ് 1 മുതല്‍ 4 വരെ മുംബൈയിലെ ജിയോ വേള്‍ഡ് കൺവെന്‍ഷന്‍ സെന്ററില്‍ നടക്കും. ബ്രോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ മീഡിയ, അഡ്വര്‍ടൈസിംഗ്, ആനിമേഷന്‍, ഗെയിമിംഗ്, ഇ-സ്‌പോര്‍ട്‌സ്, സംഗീതം തുടങ്ങിയ മേഖലകളിലെ സംഭാഷണങ്ങൾക്കുള്ള ഒരു മുന്‍നിര ആഗോള വേദിയായാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വേവ്‌സ് വിഭാവന ചെയ്തിട്ടുള്ളത്. മാധ്യമ, വിനോദ വ്യവസായത്തിന്റെ പ്രമുഖ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുതിനുള്ള നൂതന പ്രഖ്യാപനങ്ങളും സംരഭങ്ങളും വേവ്‌സ് 2025 അവതരിപ്പിക്കും.
(Release ID: 2103133)
|