പ്രധാനമന്ത്രിയുടെ ഓഫീസ്
പരാക്രം ദിവസിലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂർണ്ണരൂപം
Posted On:
23 JAN 2025 2:25PM by PIB Thiruvananthpuram
എന്റെ പ്രിയ സഹോദരങ്ങളെ ഈ മഹത്തായ ദിനത്തിന്റെ ശുഭ മുഹൂർത്തത്തിൽ ആശംസകൾ!
ഇന്ന്, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിന്റെ ഈ ശുഭകരമായ അവസരത്തിൽ, രാജ്യം മുഴുവൻ അദ്ദേഹത്തെ ആദരപൂർവ്വം സ്മരിക്കുന്നു. നേതാജി സുഭാഷ് ബാബുവിന് ഞാൻ ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു. ഈ വർഷത്തെ പരാക്രം ദിവസ് ആഘോഷം നേതാജിയുടെ ജന്മസ്ഥലത്താണ് നടക്കുന്നത്. ഇതിനായി ഒഡീഷയിലെ ജനങ്ങളെയും ഒഡീഷ ഗവണ്മെൻ്റിനെയയും ഞാൻ അഭിനന്ദിക്കുന്നു. നേതാജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു വലിയ പ്രദർശനവും കട്ടക്കിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പ്രദർശനത്തിൽ, നേതാജിയുടെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി പൈതൃകങ്ങൾ ഒരുമിച്ച് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. നിരവധി ചിത്രകാരന്മാർ നേതാജിയുടെ ജീവിത സംഭവങ്ങളുടെ ചിത്രങ്ങൾ ക്യാൻവാസിൽ വരച്ചിട്ടുണ്ട്. ഇതിനോടൊപ്പം, നേതാജിയെ കുറിച്ചുള്ള നിരവധി പുസ്തകങ്ങളും ശേഖരിച്ചിട്ടുണ്ട്. നേതാജിയുടെ ജീവിതയാത്രയുടെ ഈ പാരമ്പര്യങ്ങളെല്ലാം എന്റെ യുവ ഇന്ത്യയ്ക്ക്, എന്റെ ഇന്ത്യയ്ക്ക് ഒരു പുതിയ ഊർജ്ജം നൽകും.
സുഹൃത്തുക്കളേ,
ഇന്ന്, നമ്മുടെ രാജ്യം ഒരു വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയം നേടിയെടുക്കുന്നതിൽ മുഴുകിയിരിക്കുമ്പോൾ, നേതാജി സുഭാഷിന്റെ ജീവിതത്തിൽ നിന്ന് നമുക്ക് നിരന്തരം പ്രചോദനം ലഭിക്കുന്നു. നേതാജിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം - ആസാദ് ഹിന്ദ് ആയിരുന്നു. തന്റെ ദൃഢനിശ്ചയം നേടിയെടുക്കാൻ, അദ്ദേഹം തന്റെ തീരുമാനത്തെ പരീക്ഷിച്ചത് ഒരു മാനദണ്ഡത്തിൽ മാത്രമാണ് - ആസാദ് ഹിന്ദ്. നേതാജി ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു, സിവിൽ സർവീസ് പരീക്ഷ പാസായി. അദ്ദേഹത്തിന് വേണമെങ്കിൽ, ബ്രിട്ടീഷ് ഭരണകാലത്ത് ഒരു മുതിർന്ന ഉദ്യോഗസ്ഥനായി സുഖകരമായ ജീവിതം നയിക്കാമായിരുന്നു, പക്ഷേ സ്വാതന്ത്ര്യത്തിനായി, അദ്ദേഹം കഷ്ടപ്പാടുകൾ തെരഞ്ഞെടുത്തു, വെല്ലുവിളികൾ തെരഞ്ഞെടുത്തു, രാജ്യത്തും വിദേശത്തും അലഞ്ഞ് നടക്കാൻ ഇഷ്ടപ്പെട്ടു, നേതാജി സുഭാഷ് സുഖലോലുപതയുടെ പരിധിയിൽ അകപ്പെട്ടില്ല. അതുപോലെ, ഇന്ന് ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ നാമെല്ലാവരും നമ്മുടെ സുഖകരമായ അവസ്ഥയിൽ നിന്ന് പുറത്തുവരേണ്ടതുണ്ട്. നമ്മൾ നമ്മെത്തന്നെ ആഗോളതലത്തിൽ മികച്ചവരാക്കണം, മികവ് തെരഞ്ഞെടുക്കണം, കാര്യക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നേതാജി ആസാദ് ഹിന്ദ് ഫൗജ് രൂപീകരിച്ചു, അതിൽ രാജ്യത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നും വർഗ്ഗങ്ങളിൽ നിന്നുമുള്ള ധീരരായ പുരുഷന്മാരെയും സ്ത്രീകളെയും ഉൾപ്പെടുത്തി. എല്ലാവരുടെയും ഭാഷകൾ വ്യത്യസ്തമായിരുന്നു, പക്ഷേ അവർക്ക് ഒരേ വികാരമായിരുന്നു- രാജ്യത്തിന്റെ സ്വാതന്ത്ര്യം. ഈ ഐക്യം ഇന്നത്തെ വികസിത ഇന്ത്യയ്ക്ക് ഒരു വലിയ പാഠമാണ്. അന്ന് നമ്മൾ സ്വരാജിനായി ഒന്നിച്ചു, ഇന്ന് നമ്മൾ വികസിത ഇന്ത്യയ്ക്കായി ഒന്നിക്കേണ്ടതുണ്ട്. ഇന്ന്, രാജ്യത്തും ലോകത്തെല്ലായിടത്തും ഇന്ത്യയുടെ പുരോഗതിക്ക് അനുകൂലമായ അന്തരീക്ഷമുണ്ട്. ഈ 21-ാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റുന്നത് എങ്ങനെയെന്ന് കാണാൻ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്, അത്തരമൊരു നിർണായക കാലഘട്ടത്തിൽ, നേതാജി സുഭാഷിന്റെ പ്രചോദനത്തോടെ ഇന്ത്യയുടെ ഐക്യത്തിന് നാം ഊന്നൽ നൽകേണ്ടതുണ്ട്. രാജ്യത്തെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നവരെയും രാജ്യത്തിന്റെ ഐക്യം തകർക്കാൻ ആഗ്രഹിക്കുന്നവരെയും കുറിച്ച് നാം ജാഗ്രത പാലിക്കണം.
സുഹൃത്തുക്കളേ,
നേതാജി സുഭാഷ് ഇന്ത്യയുടെ പൈതൃകത്തിൽ വളരെയധികം അഭിമാനിച്ചിരുന്നു. ഇന്ത്യയുടെ സമ്പന്നമായ ജനാധിപത്യ ചരിത്രത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും ചർച്ച ചെയ്യുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തു. ഇന്ന് ഇന്ത്യ അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരുന്നു. പൈതൃകത്തിൽ അഭിമാനിക്കുന്നതിനൊപ്പം രാജ്യം വികസിക്കുകയും ചെയ്യുന്നു. ആസാദ് ഹിന്ദ് ഗവണ്മെൻ്റിൻ്റെ 75-ാം വാർഷിക വേളയിൽ ചുവപ്പ് കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്താൻ എനിക്ക് അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. ആ ചരിത്ര സന്ദർഭം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. നേതാജിയുടെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 2019 ൽ ഡൽഹിയിലെ ചുവപ്പ് കോട്ടയിൽ നേതാജി സുഭാഷിന് സമർപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയം നമ്മുടെ ഗവണ്മെൻ്റ് നിർമ്മിച്ചു. സുഭാഷ് ചന്ദ്രബോസ് ദുരന്തനിവാരണ പുരസ്കാരങ്ങൾ അതേ വർഷം തന്നെ ആരംഭിച്ചു. 2021 ൽ, നേതാജിയുടെ ജന്മവാർഷികം ഇനി മുതൽ പരാക്രം ദിവസ് ആയി ആഘോഷിക്കാൻ
ഗവണ്മെൻ്റ് തീരുമാനിച്ചു. ഇന്ത്യാ ഗേറ്റിന് സമീപം നേതാജിയുടെ ഒരു വലിയ പ്രതിമ സ്ഥാപിക്കുക, ആൻഡമാനിലെ ദ്വീപിന് നേതാജിയുടെ പേര് നൽകുക, റിപ്പബ്ലിക് ദിന പരേഡിൽ ഐഎൻഎ സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുക എന്നിവ ഗവണ്മെൻ്റിൻ്റെ ഈ വൈകാരികതയുടെ പ്രതീകമാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ 10 വർഷത്തിനിടയിൽ, ദ്രുതഗതിയിലുള്ള വികസനം സാധാരണക്കാരുടെ ജീവിതം എളുപ്പമാക്കുകയും സൈനിക ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് രാജ്യം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ, 25 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു, ഇത് ഒരു വലിയ വിജയമാണ്. ഇന്ന്, ഗ്രാമമായാലും നഗരമായാലും, എല്ലായിടത്തും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കപ്പെടുന്നു, അതോടൊപ്പം, ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയും അഭൂതപൂർവമായ രീതിയിൽ വർദ്ധിച്ചു. ഇന്ന്, ലോക വേദിയിൽ ഇന്ത്യയുടെ പങ്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇന്ത്യയുടെ ശബ്ദം കൂടുതൽ ഉച്ചത്തിലാകുന്നു, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുന്ന ദിവസം വിദൂരമല്ല. നേതാജി സുഭാഷിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലക്ഷ്യവും ഉദ്ദേശ്യവുമുള്ള ഒരു വികസിത ഇന്ത്യയ്ക്കായി നാം നിരന്തരം പ്രവർത്തിക്കണം, ഇത് നേതാജിക്കുള്ള ഞങ്ങളുടെ യഥാർത്ഥ ശ്രദ്ധാഞ്ജലിയായിരിക്കും. ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും ആശംസകൾ, നന്ദി!
ഡിസ്ക്ലയ്മർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.
***
NK
(Release ID: 2102573)
Visitor Counter : 36