റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

മാഘ പൂര്‍ണ്ണിമയില്‍ പുണ്യസ്‌നാനം കഴിഞ്ഞ് തീര്‍ത്ഥാടകര്‍ താമസം കൂടാതെ വീടുകളിലേക്കു മടങ്ങുന്നത് ഉറപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ അഹോരാത്രം പ്രവര്‍ത്തിക്കുന്നു: ശ്രീ അശ്വിനി വൈഷ്ണവ്

Posted On: 12 FEB 2025 8:47PM by PIB Thiruvananthpuram
കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ ശ്രീ സതീഷ് കുമാറും, റെയില്‍ ഭവനിലെ വാര്‍ റൂമില്‍ ,പ്രയാഗ്‌രാജ് റെയില്‍വേ സ്റ്റേഷനിലെ ആള്‍ക്കൂട്ട നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അവലോകനം നടത്തി. എല്ലാ ദിശകളിലും തീര്‍ത്ഥാടകര്‍ക്ക് ട്രെയിനുകള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഇടത്താവളങ്ങളില്‍ യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാരുടെ തിരക്കു കുറയ്ക്കുന്നതിന് ആവശ്യമെങ്കില്‍ അധിക ട്രെയിനുകള്‍ ഓടിക്കാനും പ്രയാഗ്‌രാജ് ഡിവിഷനോടു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

മഹാകുംഭമേളയുമായി ബന്ധപ്പെട്ട റെയില്‍വേ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ അനുസരിച്ച്, ഇന്ന് (12 ഫെബ്രുവരി 2025) വൈകുന്നേരം 6:00 വരെ, യാത്രക്കാരുടെ സൗകര്യാര്‍ത്ഥം 225 ട്രെയിനുകള്‍ ഓടിക്കുകയും 12.46 ലക്ഷത്തിലധികം യാത്രക്കാര്‍ യാത്ര ചെയ്യുകയും ചെയ്തു. 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച 14.69 ലക്ഷത്തിലധികം യാത്രക്കാരുമായി 343 ട്രെയിനുകള്‍ സര്‍വ്വീസ് നടത്തി. പ്രത്യേക ബുള്ളറ്റിനുകള്‍, മഹാകുംഭമേള പ്രദേശത്തെ ഇടത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള വിവിധ മാധ്യമങ്ങള്‍ വഴി ട്രെയിനുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ തുടര്‍ച്ചയായി നല്‍കുന്നു.

യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പ്രയാഗ്‌രാജ് റെയില്‍വേ സ്റ്റേഷനു സമീപം നാല് ഇടത്താവളങ്ങള്‍ (ഓരോന്നിനും 5000 പേരെ വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളത്) പൂര്‍ണ്ണ സജ്ജമായി. കൂടാതെ താമസം, ഭക്ഷണം, മറ്റ് അവശ്യകാര്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക സൗകര്യങ്ങളോടു കൂടി, 100,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള, പുതിയ ഒരു ഇടത്താവളം മാഘ പൂര്‍ണ്ണിമയുടെ ഭാഗമായി ഖുസ്രോബാഗില്‍ ഇന്നു പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറുന്നതു വരെയുള്ള കാത്തിരിപ്പ് കൂടുതല്‍ സൗകര്യപ്രദമാകും.

സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും ഒഴിവാക്കി ഔദ്യോഗിക സ്രോതസില്‍ നിന്നു മാത്രം വിവരങ്ങള്‍ തേടണമെന്ന് എല്ലാ യാത്രക്കാരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
 
SKY

(Release ID: 2102564)