പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ അഷ്ടലക്ഷ്മി മഹോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

Posted On: 06 DEC 2024 8:37PM by PIB Thiruvananthpuram

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി; മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ജി; ത്രിപുര മുഖ്യമന്ത്രി ശ്രീ മണിക് സാഹ ജി; സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാങ് ജി; എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ശ്രീ സുകാന്ത മജുംദാർ ജി; അരുണാചൽ പ്രദേശ് ഉപമുഖ്യമന്ത്രി; മിസോറാം, നാഗാലാൻഡ് ഗവണ്മെൻ്റുകളിലെ മന്ത്രിമാർ; മറ്റ് പൊതു പ്രതിനിധികൾ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സഹോദരീ സഹോദരന്മാർ; മഹതികളേ, മാന്യരേ!

സുഹൃത്തുക്കളേ,

ഇന്ന് നമ്മുടെ ഭരണഘടനാ ശില്പിയായ ബാബാ സാഹേബ് അംബേദ്കറുടെ മഹാപരിനിർവാൺ ദിവസമാണ്. കഴിഞ്ഞ 75 വർഷത്തെ അനുഭവങ്ങളാൽ സമ്പന്നമായ, ബാബാ സാഹേബ് തയ്യാറാക്കിയ ഭരണഘടന രാജ്യത്തെ ഓരോ പൗരനും പ്രചോദനത്തിന്റെ ആഴമേറിയ ഉറവിടമായി വർത്തിക്കുന്നു. മുഴുവൻ രാഷ്ട്രത്തിനും വേണ്ടി, ഞാൻ ബാബാ സാഹേബിന് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയും ചെയ്യുന്നു.


സുഹൃത്തുക്കളേ,

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, ഭാരത് മണ്ഡപം നിരവധി ദേശീയ, അന്തർദേശീയ പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ജി-20 ഉച്ചകോടിയുടെ പ്രൗഢഗംഭീര വിജയത്തിനും ഞങ്ങൾ ഇവിടെ സാക്ഷ്യം വഹിച്ചു. എന്നിരുന്നാലും, ഇന്നത്തെ പരിപാടി അതിലും അസാധാരണമാണ്. ഇന്ന് ഡൽഹി വടക്കുകിഴക്കൻ മേഖലയെ കേന്ദ്രീകരിച്ചിരിക്കുന്നു. വടക്കുകിഴക്കൻ മേഖലയുടെ വൈവിധ്യമാർന്നതും ഊർജ്ജസ്വലവുമായ നിറങ്ങൾ തലസ്ഥാനത്ത് ഒരു മനോഹരമായ മഴവില്ല് സൃഷ്ടിച്ചു. പ്രഥമ അഷ്ടലക്ഷ്മി മഹോത്സവം ആഘോഷിക്കാൻ നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നു. അടുത്ത മൂന്ന് ദിവസങ്ങളിൽ, ഈ ഉത്സവം വടക്കുകിഴക്കിന്റെ അപാരമായ സാധ്യതകൾ മുഴുവൻ രാജ്യത്തിനും ലോകത്തിനും മുന്നിൽ അവതരിപ്പിക്കും. വ്യാപാരം വളർത്തുന്ന കരാറുകൾ, വടക്കുകിഴക്കൻ ഉൽപ്പന്നങ്ങളുടെ പ്രദർശനം, അതിന്റെ സമ്പന്നമായ സംസ്കാരം, രുചികരമായ ഭക്ഷണവിഭവങ്ങൾ എന്നിവ ഉണ്ടാകും, ഇത് നിസ്സംശയമായും എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കും. ഇവിടെ സന്നിഹിതരായ നിരവധി പദ്മ അവാർഡ് ജേതാക്കൾ ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലയിലെ വിജയികളുടെ പ്രചോദനാത്മകമായ കഥകൾ എല്ലായിടത്തും പ്രതിധ്വനിക്കും. വടക്കുകിഴക്കൻ മേഖലയിലെ വലിയ തോതിലുള്ള നിക്ഷേപ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുന്നതിനാൽ ഈ പരിപാടി അഭൂതപൂർവമാണ്. മേഖലയിലെ കർഷകർക്കും, കരകൗശല വിദഗ്ധർക്കും,മാത്രമല്ല, ആഗോള നിക്ഷേപകർക്കും ഇത് ഒരു ശ്രദ്ധേയമായ നിമിഷമാണ്. വടക്കുകിഴക്കൻ മേഖലയുടെ സാധ്യതകൾ അസാധാരണമാണ്, ഇവിടുത്തെ പ്രദർശനങ്ങളും വിപണികളും സന്ദർശിക്കുന്നവർക്ക് അതിന്റെ അപാരമായ വൈവിധ്യവും സമ്പന്നതയും അനുഭവിക്കാൻ കഴിയും. അഷ്ടലക്ഷ്മി മഹോത്സവത്തിന്റെ സംഘാടകർക്കും, എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും നിവാസികൾക്കും, നിക്ഷേപകർക്കും, ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ മാന്യ അതിഥികൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.


സുഹൃത്തുക്കളേ,

കഴിഞ്ഞ 100-200 വർഷങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, പാശ്ചാത്യ ലോകത്തിന്റെ ഉയർച്ച നാം നിരീക്ഷിച്ചിട്ടുണ്ട്. ആഗോളതലത്തിൽ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും പാശ്ചാത്യർ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രസകരമെന്നു പറയട്ടെ, ഭാരതത്തിനകത്തും പടിഞ്ഞാറൻ മേഖല നമ്മുടെ പുരോഗതി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോൾ, 21-ാം നൂറ്റാണ്ടിലേക്ക് നാം കാലെടുത്തുവയ്ക്കുമ്പോൾ, ഈ നൂറ്റാണ്ട് കിഴക്കിൻ്റേതാണ് - ഏഷ്യയുടേത്, പ്രത്യേകിച്ച് ഭാരതത്തിന്റേതാണെന്ന് പലപ്പോഴും പറയാറുണ്ട്. ഈ സാഹചര്യത്തിൽ, ഭാരതത്തിന്റെ ഭാവി കിഴക്കൻ ഭാരതത്തിന്റേതാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു, പ്രത്യേകിച്ച് വടക്കുകിഴക്കൻ മേഖലയുടേത്. കഴിഞ്ഞ ദശകങ്ങളിൽ, മുംബൈ, അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങൾ പ്രധാന നഗര കേന്ദ്രങ്ങളായി ഉയർന്നുവന്നിട്ടുണ്ട്. എന്നിരുന്നാലും, വരും ദശകങ്ങളിൽ, ഗുവാഹത്തി, അഗർത്തല, ഇംഫാൽ, ഇറ്റാനഗർ, ഗാങ്‌ടോക്ക്, കൊഹിമ, ഷില്ലോങ്, ഐസ്വാൾ തുടങ്ങിയ നഗരങ്ങൾ അവയുടെ അപാരമായ സാധ്യതകൾ പ്രദർശിപ്പിക്കും. അഷ്ടലക്ഷ്മി മഹോത്സവം പോലുള്ള പരിപാടികൾ ഈ യാത്രയിൽ ഒരു പ്രധാന പങ്ക് വഹിക്കും.


സുഹൃത്തുക്കളേ,

നമ്മുടെ പാരമ്പര്യത്തിൽ, ലക്ഷ്മി ദേവിയെ സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി ആരാധിക്കുന്നു. നമ്മൾ ലക്ഷ്മി ജിയെ ആരാധിക്കുമ്പോഴെല്ലാം, ആദി ലക്ഷ്മി, ധന ലക്ഷ്മി, ധാന്യ ലക്ഷ്മി, ഗജ ലക്ഷ്മി, സന്താൻ ലക്ഷ്മി, വീര ലക്ഷ്മി, വിജയ ലക്ഷ്മി, വിദ്യ ലക്ഷ്മി എന്നീ എട്ട് രൂപങ്ങളിൽ ഞങ്ങൾ ദേവിയെ ആദരിക്കുന്നു. അതുപോലെ, ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ അഷ്ടലക്ഷ്മിയിൽ എട്ട് സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു: അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര, സിക്കിം. ഈ എട്ട് സംസ്ഥാനങ്ങൾ അഷ്ടലക്ഷ്മിയുടെ സത്തയെ മനോഹരമായി ഉൾക്കൊള്ളുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഓരോ സംസ്ഥാനത്തിലും ആഴത്തിൽ വേരൂന്നിയ സാംസ്കാരിക സമ്പന്നതയുടെ പ്രതീകമായ ആദി ലക്ഷ്മിയാണ് ആദ്യ രൂപം. ഓരോ സംസ്ഥാനവും അതിന്റെ തനതായ പാരമ്പര്യങ്ങളിലും ഊർജ്ജസ്വലമായ സംസ്കാരത്തിലും വളരെയധികം അഭിമാനിക്കുന്നു. മേഘാലയയിലെ ചെറി ബ്ലോസം ഫെസ്റ്റിവൽ, നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവൽ, അരുണാചൽ പ്രദേശിലെ ഓറഞ്ച് ഫെസ്റ്റിവൽ, മിസോറാമിലെ ചാപ്ചർ കുട് ഫെസ്റ്റിവൽ, അസമിലെ ബിഹു, ലോകപ്രശസ്തമായ മണിപ്പൂരി നൃത്തം എന്നിവ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക മഹത്വത്തിന്റെ ഒരു നേർക്കാഴ്ചയാണ്.

സുഹൃത്തുക്കളേ,

രണ്ടാമത്തെ ലക്ഷ്മി ധനലക്ഷ്മിയാണ്, അത് സമ്പത്തിനെയും പ്രകൃതിവിഭവങ്ങളെയും പ്രതിനിധീകരിക്കുന്നു. വടക്കുകിഴക്കൻ മേഖല ധാതുക്കൾ, എണ്ണ ശേഖരം, തേയിലത്തോട്ടങ്ങൾ, അവിശ്വസനീയമായ ജൈവവൈവിധ്യം എന്നിവയാൽ അനുഗ്രഹീതമാണ്. കൂടാതെ, പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിന് ഇത് വലിയ സാധ്യതകൾ ഉൾക്കൊള്ളുന്നു. ധനലക്ഷ്മിയുടെ ഈ അനുഗ്രഹം മുഴുവൻ വടക്കുകിഴക്കൻ മേഖലയ്ക്കും ഒരു വരമാണ്.

സുഹൃത്തുക്കളേ,

മൂന്നാമത്തെ രൂപമായ ധാന്യ ലക്ഷ്മി കാർഷിക സമൃദ്ധിയെ സൂചിപ്പിക്കുന്നു, വടക്കുകിഴക്കൻ മേഖലയോട് ദേവിയും അസാധാരണമാംവിധം ദയാലുവാണ്. പ്രകൃതി കൃഷി, ജൈവ കൃഷി, തിന കൃഷി എന്നിവയ്ക്ക് ഈ പ്രദേശം പേരുകേട്ടതാണ്. സിക്കിം ഭാരതത്തിന്റെ ആദ്യത്തെ സമ്പൂർണ ജൈവ സംസ്ഥാനമായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അരി, മുള, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയ വിളകൾ വടക്കുകിഴക്കിന്റെ കാർഷിക ശക്തിയെ പ്രകടമാക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയും മികച്ച പോഷകാഹാരവും പ്രോത്സാഹിപ്പിക്കുന്നതിൽ ഭാരതം ലോകത്തിന് വാഗ്ദാനം ചെയ്യാൻ ലക്ഷ്യമിടുന്ന പരിഹാരങ്ങൾ നൽകുന്നതിൽ വടക്കുകിഴക്കൻ മേഖല നിർണായക പങ്ക് വഹിക്കുന്നു.

സുഹൃത്തുക്കളേ,

ആനകളാൽ ചുറ്റപ്പെട്ട താമരയിൽ ഇരിക്കുന്ന ഗജലക്ഷ്മിയാണ് അഷ്ടലക്ഷ്മിയുടെ നാലാമത്തെ രൂപം. വിശാലമായ വനങ്ങൾ, കാസിരംഗ, മാനസ്, മെഹാവോ തുടങ്ങിയ ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, മനംമയക്കുന്ന ഗുഹകൾ, മനോഹരമായ തടാകങ്ങൾ എന്നിവയാൽ സമ്പന്നമായ വടക്കുകിഴക്കൻ മേഖല ഗജലക്ഷ്മിയാൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി വടക്കുകിഴക്കൻ മേഖലയെ സ്ഥാപിക്കാൻ ഈ വരദാനങ്ങൾക്ക് കഴിവുണ്ട്.

സുഹൃത്തുക്കളേ,

അഞ്ചാമത്തെ ലക്ഷ്മി ഉൽപ്പാദനക്ഷമതയുടെയും സർഗ്ഗാത്മകതയുടെയും പ്രതീകമായ സന്താനലക്ഷ്മിയാണ്. വടക്കുകിഴക്കൻ മേഖല സർഗ്ഗാത്മകതയുടെയും അസാധാരണമായ കരകൗശല വൈദഗ്ധ്യത്തിന്റെയും പര്യായമാണ്. ഇവിടുത്തെ പ്രദർശനങ്ങളിലും വിപണികളിലും എത്തുന്ന സന്ദർശകർ ഈ പ്രദേശത്തിന്റെ കലാ വൈഭവത്തിന് സാക്ഷ്യം വഹിക്കും. അസമിലെ മുഗാ സിൽക്ക്, മണിപ്പൂരിലെ മൊയ്‌രംഗ് ഫി, വാങ്കെയ് ഫി, നാഗാലാൻഡിലെ ചഖേഷാഗ് ഷാൾ എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ മേഖലയിലെ കൈത്തറി, കരകൗശല വസ്തുക്കൾ എല്ലായിടത്തും ഹൃദയങ്ങളെ കീഴടക്കുന്നു. വടക്കുകിഴക്കൻ മേഖലയുടെ സമാനതകളില്ലാത്ത സർഗ്ഗാത്മകതയും കരകൗശല വൈദഗ്ധ്യവും എടുത്തുകാണിക്കുന്ന ഈ ഉൽപ്പന്നങ്ങളിൽ പലതും ജിഐ (ഭൂമിശാസ്ത്ര സൂചന) ടാഗുകൾ നേടിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായ വീരലക്ഷ്മിയാണ് അഷ്ടലക്ഷ്മിയുടെ ആറാമത്തെ രൂപം. വടക്കുകിഴക്കൻ മേഖല സ്ത്രീശക്തിയുടെ ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു. അടിച്ചമർത്തലിനെതിരെ ധീരമായി പോരാടിയ സ്ത്രീകളുടെ അജയ്യമായ ആത്മചൈതന്യത്തിൻ്റെ തെളിവാണ് മണിപ്പൂരിലെ നുപി ലാൻ പ്രസ്ഥാനം. റാണി ഗൈഡിൻലിയു, കനക് ലത ബറുവ, റാണി ഇന്ദിരാദേവി, ലാൽനു റോപുലിയാനി തുടങ്ങിയവരുടെ സ്വാതന്ത്ര്യസമര സംഭാവനകൾ ഭാരതത്തിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുത്തിയിട്ടുണ്ട്. ധീരതയുടെ ഈ കഥകൾ മുഴുവൻ രാഷ്ട്രത്തെയും പ്രചോദിപ്പിക്കുന്നു. ഇന്നും, വടക്കുകിഴക്കൻ മേഖലയിലെ പെൺമക്കൾ ഈ അഭിമാനകരമായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നു. ഇവിടുത്തെ സ്റ്റാളുകൾ സന്ദർശിച്ചപ്പോൾ, മിക്കതും സ്ത്രീകളാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു. വടക്കുകിഴക്കൻ സ്ത്രീകളുടെ ഈ ശ്രദ്ധേയമായ സംരംഭകത്വ മനോഭാവം ഈ മേഖലയ്ക്ക് സമാനതകളില്ലാത്ത ശക്തി നൽകുന്നു.

സുഹൃത്തുക്കളേ,

പ്രശസ്തിയെയും മഹത്വത്തെയും പ്രതീകപ്പെടുത്തുന്ന ജയലക്ഷ്മിയാണ് അഷ്ടലക്ഷ്മിയുടെ ഏഴാമത്തെ രൂപം. ഇന്ന്, വടക്കുകിഴക്കൻ മേഖല ഭാരതത്തെക്കുറിച്ചുള്ള ലോകത്തിന്റെ വർദ്ധിച്ചുവരുന്ന പ്രതീക്ഷകൾ സംഗമിക്കുന്ന ഒരു സുപ്രധാന മേഖലയായി നിലകൊള്ളുന്നു. സംസ്കാരത്തിലും വ്യാപാരത്തിലും ആഗോള കണക്റ്റിവിറ്റിക്ക് ഭാരതം മുൻഗണന നൽകുമ്പോൾ, വടക്കുകിഴക്കൻ മേഖല ഭാരതത്തെ ദക്ഷിണേഷ്യയിലെയും കിഴക്കൻ ഏഷ്യയിലെയും അപാരമായ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായി വർത്തിക്കുന്നു.

സുഹൃത്തുക്കളേ,

അഷ്ടലക്ഷ്മിയുടെ എട്ടാമത്തെ രൂപമായ വിദ്യാ ലക്ഷ്മി അറിവിനെയും വിദ്യാഭ്യാസത്തെയും പ്രതിനിധീകരിക്കുന്നു.ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന നിരവധി മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ വടക്കുകിഴക്കൻ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഐഐടി ഗുവാഹത്തി, എൻഐടി സിൽച്ചാർ, എൻഐടി മേഘാലയ, എൻഐടി അഗർത്തല, ഐഐഎം ഷില്ലോങ് എന്നിവ ഈ മേഖലയിലെ പ്രമുഖ പഠന കേന്ദ്രങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്. വടക്കുകിഴക്കൻ മേഖലയിൽ ഇപ്പോൾ ആദ്യത്തെ എയിംസ് ഉണ്ട്, കൂടാതെ മണിപ്പൂരിൽ ഇന്ത്യയുടെ ആദ്യത്തെ ദേശീയ കായിക സർവകലാശാലയുടെ നിർമ്മാണം പുരോഗമിക്കുന്നു. മേരി കോം, ബൈച്ചുങ് ബൂട്ടിയ, മീരാഭായ് ചാനു, ലോവ്‌ലിന ബോർഗോഹെയ്ൻ, സരിത ദേവി തുടങ്ങിയ അസാധാരണ കായിക താരങ്ങളെയും ഈ മേഖല ഭാരതത്തിന് നൽകിയിട്ടുണ്ട്. കൂടാതെ, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സ്റ്റാർട്ടപ്പുകൾ, സേവന കേന്ദ്രങ്ങൾ, സെമികണ്ടക്ടറുകൾ പോലുള്ള വ്യവസായങ്ങൾ എന്നിവയുടെ കേന്ദ്രമായി വടക്കുകിഴക്കൻ മേഖല വളർന്നുവരുന്നു, ഇത് ആയിരക്കണക്കിന് യുവജനങ്ങൾക്ക് തൊഴിൽ സൃഷ്ടിക്കുന്നു. വിദ്യാ ലക്ഷ്മി എന്ന നിലയിൽ, ഈ മേഖല നമ്മുടെ യുവജനങ്ങൾക്ക് വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമുള്ള ഒരു പ്രധാന കേന്ദ്രമായി മാറുകയാണ്.


സുഹൃത്തുക്കളേ,

വടക്കുകിഴക്കൻ മേഖലയുടെ പ്രതീക്ഷയുള്ള ഭാവിയുടെ ആഘോഷമാണ് അഷ്ടലക്ഷ്മി മഹോത്സവം. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന നമ്മുടെ ദൗത്യത്തെ ത്വരിതപ്പെടുത്തുന്ന വികസനത്തിന്റെ ഒരു പുതു പ്രഭാതത്തിന്റെ ആഘോഷമാണിത്. ഇന്ന്, വടക്കുകിഴക്കൻ മേഖലയിൽ നിക്ഷേപത്തിന് സമാനതകളില്ലാത്ത ഉത്സാഹമുണ്ട്.

കഴിഞ്ഞ ദശകത്തിൽ, ഈ മേഖലയിൽ വളർച്ചയുടെ അസാധാരണമായ ഒരു യാത്രയ്ക്ക് നാം സാക്ഷ്യം വഹിച്ചു. എന്നിരുന്നാലും, ഈ ഘട്ടത്തിലെത്തുന്നതിൽ വെല്ലുവിളികളില്ലായിരുന്നു എന്ന് പറയാൻ സാധിക്കില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഭാരതത്തിന്റെ വളർച്ചാ ആഖ്യാനത്തിൽ സംയോജിപ്പിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തിയിട്ടുണ്ട്. വളരെക്കാലമായി, വികസന ശ്രമങ്ങൾ അളക്കുന്നത് ഒരു പ്രദേശത്തിന് നൽകാൻ കഴിയുന്ന വോട്ടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. കുറഞ്ഞ വോട്ടുകളും പാർലമെന്ററി സീറ്റുകളുമുള്ള വടക്കുകിഴക്കൻ മേഖലയെ മുൻ ഗവണ്മെൻ്റുകൾ പലപ്പോഴും അവഗണിച്ചിരുന്നു. അടൽ ജിയുടെ ഭരണകാലത്താണ് ആദ്യമായി വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനായി ഒരു പ്രത്യേക മന്ത്രാലയം സ്ഥാപിതമായത്.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തിൽ, ഡൽഹിക്കും വടക്കുകിഴക്കൻ മേഖലയ്ക്കും ഇടയിലുള്ള വൈകാരികവും വികസനപരവുമായ വിടവ് നികത്താൻ ഞങ്ങൾ സമർപ്പിത ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാർ 700-ലധികം തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്, ജനങ്ങളോടൊപ്പം ഗണ്യമായ സമയം ചെലവഴിച്ചിട്ടുണ്ട്. ഇത് ഗവണ്മെൻ്റും മേഖലയും തമ്മിൽ ആഴത്തിലുള്ള വൈകാരിക ബന്ധം വളർത്തിയെടുത്തു, അസാധാരണമായ വേഗതയിൽ അതിന്റെ വികസനം ത്വരിതപ്പെടുത്തി. ഒരു സ്ഥിതിവിവരക്കണക്ക് ഞാൻ നിങ്ങളുമായി പങ്കിടട്ടെ. 1990-കളിൽ, വടക്കുകിഴക്കൻ മേഖലയുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനായി ഒരു നയം അവതരിപ്പിച്ചു. 50-ലധികം കേന്ദ്ര ഗവണ്മെൻ്റ് മന്ത്രാലയങ്ങൾ അവരുടെ ബജറ്റിന്റെ 10% ഈ മേഖലയ്ക്ക് നീക്കിവയ്ക്കാൻ ഇത് ഉത്തരവിട്ടു. ശ്രദ്ധേയമായി, കഴിഞ്ഞ ദശകത്തിൽ വടക്കുകിഴക്കൻ മേഖലയ്ക്ക് അനുവദിച്ച ഫണ്ടുകൾ അതിന്റെ തുടക്കം മുതൽ 2014 വരെ ഈ നയത്തിന് കീഴിൽ ലഭിച്ച മൊത്തം ബജറ്റിനേക്കാൾ കൂടുതലാണ്. വെറും 10 വർഷത്തിനുള്ളിൽ, ഈ ഒരൊറ്റ നയത്തിന് കീഴിൽ വടക്കുകിഴക്കൻ മേഖലയിൽ 5 ലക്ഷം കോടിയിലധികം രൂപ നിക്ഷേപിക്കപ്പെട്ടു. മേഖലയുടെ വികസനത്തിനായുള്ള നിലവിലെ ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധതയുടെ വ്യക്തമായ പ്രകടനമാണിത്.

സുഹൃത്തുക്കളേ,

ഈ പദ്ധതിക്ക് പുറമേ, വടക്കുകിഴക്കൻ മേഖലയ്ക്ക് അനുയോജ്യമായ നിരവധി സുപ്രധാന സംരംഭങ്ങൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. പിഎം- ഡിവൈൻ, പ്രത്യേക അടിസ്ഥാന സൗകര്യ വികസന പദ്ധതി, നോർത്ത് ഈസ്റ്റ് വെഞ്ച്വർ ഫണ്ട് തുടങ്ങിയ പരിപാടികൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മേഖലയുടെ വ്യാവസായിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി, വ്യവസായങ്ങൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക, അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഉന്നതി പദ്ധതി അവതരിപ്പിച്ചത്. ഭാരതത്തിന്റെ വളർന്നുവരുന്ന മേഖലയായ സെമികണ്ടക്ടർ വ്യവസായം, വടക്കുകിഴക്കൻ മേഖലയിൽ, പ്രത്യേകിച്ച് അസമിൽ, തന്ത്രപരമായി അവതരിപ്പിച്ചിരിക്കുന്നത്, ഈ വളർന്നുവരുന്ന മേഖലയ്ക്ക് ശക്തമായ പ്രചോദനം നൽകുന്നതിനാണ്. വടക്കുകിഴക്കൻ മേഖലയിൽ ഇത്തരം വ്യവസായങ്ങൾ സ്ഥാപിക്കുന്നത് രാജ്യത്തുനിന്നും ലോകത്തുനിന്നും നിക്ഷേപകരെ ആകർഷിക്കുമെന്നും, ഈ മേഖലയ്ക്ക് പുതിയ അവസരങ്ങളും സാധ്യതകളും തുറക്കുമെന്നും പ്രതീക്ഷിക്കുന്നു.


സുഹൃത്തുക്കളേ,

വൈകാരികത, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി എന്നീ ത്രിവേണികളിലൂടെയാണ് നാം വടക്കുകിഴക്കൻ മേഖലയെ ബന്ധിപ്പിക്കുന്നത്. ഈ മേഖലയിൽ, നമ്മൾ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക മാത്രമല്ല, കൂടുതൽ ശോഭനവും സുസ്ഥിരവുമായ ഒരു ഭാവിക്ക് അടിത്തറയിടുകയാണ്. പതിറ്റാണ്ടുകളായി, കണക്റ്റിവിറ്റി വടക്കുകിഴക്കിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ്. വിദൂര നഗരങ്ങളിലേക്കുള്ള യാത്ര പലപ്പോഴും ദിവസങ്ങളോ ആഴ്ചകളോ എടുത്തു, പല സംസ്ഥാനങ്ങൾക്കും അടിസ്ഥാന ട്രെയിൻ സർവീസുകൾ ഇല്ലായിരുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, 2014 മുതൽ, നമ്മുടെ ഗവണ്മെൻ്റ് ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് മുൻഗണന നൽകി, ഇത് വടക്കുകിഴക്കൻ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തിലും ജീവിത നിലവാരത്തിലും ശ്രദ്ധേയമായ പുരോഗതിയിലേക്ക് നയിച്ചു.

കൂടാതെ, ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികളുടെ പൂർത്തീകരണം ഞങ്ങൾ ത്വരിതപ്പെടുത്തി. ബോഗി-ബീൽ പാലം ഒരു ഉദാഹരണമായി എടുക്കുക. ഈ പാലം വർഷങ്ങളുടെ കാലതാമസം മൂലം പൂർത്തിയാകുന്നതിന് മുമ്പ് ധേമാജിയിൽ നിന്ന് ദിബ്രുഗഡിലേക്ക് യാത്ര ചെയ്യാൻ ഒരു ദിവസം മുഴുവൻ എടുക്കുമായിരുന്നു. ഇന്ന്, ഈ യാത്രയ്ക്ക് ഒന്ന് മുതൽ രണ്ട് മണിക്കൂർ വരെ മാത്രമേ എടുക്കൂ. അത്തരം നിരവധി പരിവർത്തന ഉദാഹരണങ്ങൾ എടുത്തുപറയാം.


സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തിൽ, വടക്കുകിഴക്കൻ മേഖലയിൽ ഏകദേശം 5,000 കിലോമീറ്റർ ദേശീയ പാത പദ്ധതികൾ പൂർത്തിയായി. അരുണാചൽ പ്രദേശിലെ സേല ടണൽ, ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ത്രിരാഷ്ട്ര ഹൈവേ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിലെ അതിർത്തി റോഡുകൾ തുടങ്ങിയ നാഴികക്കല്ലായ പദ്ധതികൾ ഈ മേഖലയിലെ റോഡ് കണക്റ്റിവിറ്റിയെ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ജി-20 ഉച്ചകോടിയിൽ, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ ലോകവുമായി ബന്ധിപ്പിക്കുന്ന ഐ.എം.ഇ.സി - ഇന്ത്യ-മധേഷ്യ-യൂറോപ്പ് ഇടനാഴി - എന്ന കാഴ്ചപ്പാട് ഭാരതം അവതരിപ്പിച്ചു.

സുഹൃത്തുക്കളേ,

വടക്കുകിഴക്കൻ മേഖലയിലെ റെയിൽ കണക്റ്റിവിറ്റി വൻതോതിൽ വികസിച്ചു. മേഖലയിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളെയും റെയിൽ വഴി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ചരിത്രപരമായ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ വടക്കുകിഴക്കൻ മേഖലയിൽ സർവീസ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, വടക്കുകിഴക്കൻ മേഖലയിലെ വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും എണ്ണം ഏകദേശം ഇരട്ടിയായി, ഇത് വ്യോമഗതാഗതത്തെ വളരെയധികം മെച്ചപ്പെടുത്തി. ബ്രഹ്മപുത്ര, ബരാക് നദികളിലെ പദ്ധതികൾ പുരോഗമിക്കുന്നതിനൊപ്പം ജലപാതകളും ഞങ്ങൾ മെച്ചപ്പെടുത്തുന്നുണ്ട്. കൂടാതെ, സബ്രൂം ഭൂ അതിർത്തി വഴിയുള്ള ജല കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

സുഹൃത്തുക്കളേ,

വടക്കുകിഴക്കൻ മേഖലയിലെ മൊബൈൽ, ഗ്യാസ് പൈപ്പ്‌ലൈൻ കണക്റ്റിവിറ്റിയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. മേഖലയിലെ എല്ലാ സംസ്ഥാനങ്ങളെയും 1,600 കിലോമീറ്ററിലധികം ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിച്ചുകൊണ്ട് വടക്കുകിഴക്കൻ ഗ്യാസ് ഗ്രിഡ് വഴി ബന്ധിപ്പിക്കുന്നു, . അതോടൊപ്പം, ഇന്റർനെറ്റ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി 2,600-ലധികം മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നുണ്ട്, കൂടാതെ 13,000 കിലോമീറ്ററിലധികം ഒപ്റ്റിക്കൽ ഫൈബർ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലും 5G കണക്റ്റിവിറ്റി ഇപ്പോൾ എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

വടക്കുകിഴക്കൻ മേഖലയിലുടനീളമുള്ള സാമൂഹിക അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. മേഖലയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു, കാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കായി ആധുനിക സൗകര്യങ്ങൾ സ്ഥാപിച്ചുവരികയാണ്. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം, വടക്കുകിഴക്കൻ മേഖലയിലെ ലക്ഷക്കണക്കിന് രോഗികൾക്ക് സൗജന്യ ചികിത്സ ലഭിച്ചു. തെരഞ്ഞെടുപ്പ് സമയത്ത്, 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകി. ആയുഷ്മാൻ വയ വന്ദന കാർഡ് അവതരിപ്പിച്ചതിലൂടെ ഗവണ്മെൻ്റ് ഈ വാഗ്ദാനം നിറവേറ്റി.


സുഹൃത്തുക്കളേ,

ബന്ധപ്പെട്ട കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം, വടക്കുകിഴക്കൻ മേഖലയുടെ പാരമ്പര്യങ്ങൾ, തുണിത്തരങ്ങൾ, വിനോദ സഞ്ചാരം എന്നിവ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങൾ വലിയ ഊന്നൽ നൽകിയിട്ടുണ്ട്. ഇത് രാജ്യത്തുടനീളമുള്ള ജനങ്ങളെ ഈ മേഖലയിലേക്ക് വലിയ തോതിൽ ആകർഷിക്കാൻ പ്രേരിപ്പിച്ചു. കഴിഞ്ഞ ദശകത്തിൽ, വടക്കുകിഴക്കൻ മേഖല സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി. നിക്ഷേപത്തിലും വിനോദസഞ്ചാരത്തിലുമുള്ള വർദ്ധനവ് ഈ മേഖലയിൽ പുതിയ വ്യവസായങ്ങളും അവസരങ്ങളും സൃഷ്ടിച്ചു. അടിസ്ഥാന സൗകര്യങ്ങളിൽ നിന്ന് സംയോജനത്തിലേക്കും, കണക്റ്റിവിറ്റി മുതൽ ബന്ധിപ്പിക്കലിലേക്കും, സാമ്പത്തികമായി വൈകാരിക ബന്ധങ്ങളിലേക്കും, ഈ യാത്ര വടക്കുകിഴക്കൻ മേഖലയുടെ - നമ്മുടെ അഷ്ടലക്ഷ്മിയുടെ - വികസനത്തെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് ഉയർത്തി.


സുഹൃത്തുക്കളേ,

അഷ്ടലക്ഷ്മി സംസ്ഥാനങ്ങളിലെ യുവജനങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ ഒരു പ്രധാന മുൻഗണനയാണ്. വടക്കുകിഴക്കൻ മേഖലയിലെ യുവജനങ്ങൾ എപ്പോഴും തങ്ങളുടെ പ്രദേശം വികസിക്കുന്നത് കാണാൻ ആഗ്രഹിച്ചു. കഴിഞ്ഞ ദശകത്തിൽ, വടക്കുകിഴക്കൻ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലും ശാശ്വത സമാധാനത്തിനായുള്ള പൊതുജന പിന്തുണ ശ്രദ്ധേയമാണ്. കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളുടെ സംയുക്ത ശ്രമങ്ങളിലൂടെ, ആയിരക്കണക്കിന് യുവജനങ്ങൾ അക്രമത്തിന്റെ പാത ഉപേക്ഷിച്ച് വികസനത്തിന്റെ പുതിയ പാത സ്വീകരിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ വടക്കുകിഴക്കൻ മേഖലയിൽ നിരവധി ചരിത്രപരമായ സമാധാന കരാറുകൾ ഒപ്പുവച്ചു, സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കപ്പെട്ടു. തൽഫലമായി, മേഖലയിലെ അക്രമ കേസുകൾ ഗണ്യമായി കുറഞ്ഞു, കൂടാതെ നിരവധി ജില്ലകളിൽ നിന്ന് അഫ്സ്പ എടുത്തുകളഞ്ഞു. ഒരുമിച്ച്, വടക്കുകിഴക്കൻ മേഖലയ്ക്ക് ഒരു ശോഭനമായ ഭാവി ഞങ്ങൾ രൂപപ്പെടുത്തുന്നു, ഇത് നേടിയെടുക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമാണ്.

സുഹൃത്തുക്കളേ,

വടക്കുകിഴക്കൻ മേഖലയിലെ തനതായ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള വിപണികളിൽ എത്തണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നു. ഇതിനായി, ഓരോ ജില്ലയിലെയും തനതായ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഒരു ജില്ല ഒരു ഉൽപ്പന്നം' എന്ന സംരംഭം നടപ്പിലാക്കുന്നു. ഈ ഇനങ്ങൾ പ്രദർശനങ്ങളിലും ഗ്രാമീൺ ഹാട് ബസാറുകളിലും കാണാനും വാങ്ങാനും കഴിയും.  'പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ആഹ്വാനം' എന്ന മന്ത്രം ഞാൻ മുന്നോട്ട് വയ്ക്കുന്നു പ്രത്യേകിച്ച് വടക്കുകിഴക്കൻ മേഖലയിലെ അതുല്യമായ ഉൽപ്പന്നങ്ങൾക്ക്. ഞാൻ പലപ്പോഴും എന്റെ വിദേശ അതിഥികൾക്ക് ഈ ഉൽപ്പന്നങ്ങൾ സമ്മാനമായി നൽകാറുണ്ട്, ഇത് പ്രദേശത്തിന്റെ അതിമനോഹരമായ കലയ്ക്കും കരകൗശലത്തിനും ആഗോളതലത്തിൽ അംഗീകാരം നൽകുന്നു. എന്റെ സഹ പൗരന്മാരോട്, പ്രത്യേകിച്ച് ഡൽഹിയിലെ ജനങ്ങളോട്, വടക്കുകിഴക്കൻ ഉൽപ്പന്നങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.


സുഹൃത്തുക്കളേ,

ഇന്ന്, ഞാൻ നിങ്ങളുമായി ഒരു പ്രത്യേക കാര്യം പങ്കിടാൻ ആഗ്രഹിക്കുന്നു. സമീപ വർഷങ്ങളിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നമ്മുടെ സഹോദരീസഹോദരന്മാർ ഗുജറാത്തിലെ ഒരു പ്രധാന സാംസ്കാരിക പരിപാടി സന്ദർശിക്കുന്നുണ്ട്. ഗുജറാത്തിലെ പോർബന്ദറിനടുത്ത്, മാധവ്പൂർ മേള എന്നൊരു മഹത്തായ മേളയുണ്ട്, അതിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളെ മുൻകൂട്ടി ക്ഷണിക്കുന്നു. മാധവ്പൂർ മേള ഭഗവാൻ കൃഷ്ണന്റെയും രുക്മിണി ദേവിയുടെയും വിവാഹത്തിന്റെ ആഘോഷമാണ്, നിങ്ങൾക്കറിയാവുന്നതുപോലെ, രുക്മിണി ദേവിയെ വടക്കുകിഴക്കിന്റെ മകളായി കണക്കാക്കുന്നു.

എല്ലാ വർഷവും മാർച്ച്-ഏപ്രിൽ മാസങ്ങളിൽ രാമനവമിയോട് അനുബന്ധിച്ച് നടക്കുന്ന ഈ മേളയിൽ പങ്കെടുക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എന്റെ എല്ലാ കുടുംബാംഗങ്ങളോടും ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നമ്മുടെ കഴിവുള്ള സഹോദരീസഹോദരന്മാർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും വരുമാനം ഉണ്ടാക്കാനും അവരുടെ അസാധാരണമായ കരകൗശല വൈദഗ്ദ്ധ്യം പ്രോത്സാഹിപ്പിക്കാനും കഴിയുന്ന ഒരു ഊർജ്ജസ്വലമായ വിപണി ഈ സമയത്ത് ഗുജറാത്തിലും സംഘടിപ്പിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. ഭഗവാൻ കൃഷ്ണന്റെയും അഷ്ടലക്ഷ്മിയുടെയും അനുഗ്രഹത്താൽ, 21-ാം നൂറ്റാണ്ടിൽ വികസനത്തിന് വടക്കുകിഴക്കൻ മേഖല ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പ്രതീക്ഷയോടെ, പരിപാടിക്കും മേഖലയ്ക്കും വലിയ വിജയം ആശംസിച്ചുകൊണ്ട് ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.

വളരെ നന്ദി!

***

NK


(Release ID: 2101716) Visitor Counter : 22