രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രക്ഷാമന്ത്രി നാളെ (2025 ഫെബ്രുവരി 10 ന്) ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേനാ കേന്ദ്രത്തിൽ 'എയ്‌റോ ഇന്ത്യ 2025' ഉദ്ഘാടനം ചെയ്യും.

Posted On: 09 FEB 2025 6:21PM by PIB Thiruvananthpuram

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ, പ്രതിരോധ പ്രദർശനമായ എയ്‌റോ ഇന്ത്യയുടെ 15-ാമത് പതിപ്പ് 2025 ഫെബ്രുവരി 10 ന് കർണാടകയിലെ ബെംഗളൂരുവിൽ യെലഹങ്ക വ്യോമസേനാ കേന്ദ്രത്തിൽ രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. 'ശതകോടി അവസരങ്ങളിലേക്കുള്ള റൺവേ ' എന്ന വിശാലമായ പ്രമേയത്തോടെ, 'ആത്മനിർഭർ ഭാരത്', ' ഇന്ത്യയിൽ നിർമ്മിക്കുക ലോകത്തിനായി നിർമ്മിക്കുക' എന്നീ കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് അഞ്ച് ദിവസത്തെ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ആഗോള എയ്‌റോസ്‌പേസ് കമ്പനികളുടെ അത്യാധുനിക ഉൽപ്പന്നങ്ങൾക്കൊപ്പം ഇന്ത്യയുടെ വ്യോമ വൈദഗ്ധ്യവും തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക സംവിധാനങ്ങളും പരിപാടിയിൽ പ്രദർശിപ്പിക്കും.

 പരിപാടിക്ക് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന പത്രസമ്മേളനത്തിൽ, എയ്‌റോ ഇന്ത്യയെ ഒരു നിർണായക വേദിയായി രക്ഷാമന്ത്രി വിശേഷിപ്പിച്ചു. ശക്തവും, കഴിവുള്ളതും, സുരക്ഷിതവും, സ്വാശ്രയവുമായ ഇന്ത്യ എന്ന ഗവൺമെന്റിന്റെ കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കുന്ന ഒരു വേദിയാണിതെന്ന് അദ്ദേഹം പറഞ്ഞു. “പുതിയ ഇന്ത്യയുടെ ശക്തി, പ്രതിരോധശേഷി, സ്വാശ്രയത്വം എന്നിവ പ്രദർശിപ്പിക്കുന്ന ഒരു വേദിയാണ് എയ്‌റോ ഇന്ത്യ. ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണങ്ങൾക്ക് മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും ഇത് നിർണായക പങ്ക് വഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

42,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടിയിൽ 150 വിദേശ കമ്പനികൾ ഉൾപ്പെടെ 900-ലധികം പ്രദർശകരുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ എയ്‌റോ ഇന്ത്യ പ്രദർശനമായിരിക്കും ഇത്. തൊണ്ണൂറിലധികം രാജ്യങ്ങളുടെ പങ്കാളിത്തം രാജ്യത്തിന്റെ വ്യോമയാന, പ്രതിരോധ ശേഷികളിൽ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെ തെളിവാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചു.

 പ്രതിരോധ മേഖലയിൽ പ്രധാന പ്ലാറ്റ്‌ഫോമുകളും ഉപകരണങ്ങളും രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും മാത്രമല്ല, രാജ്യത്തിനുള്ളിൽ ഒരു വലിയ വിതരണ ശൃംഖല വിജയകരമായി സ്ഥാപിക്കാനും കഴിഞ്ഞതായി പ്രതിരോധ, വ്യോമയാന മേഖലകളിൽ സമീപ വർഷങ്ങളിൽ ഉണ്ടായ പരിവർത്തനത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് രക്ഷാ മന്ത്രി പറഞ്ഞു.

1.27 ലക്ഷം കോടി രൂപയുടെ റെക്കോർഡ് കണക്ക് പിന്നിട്ട പ്രതിരോധ ഉൽപ്പാദനം, 2025-26 അവസാനത്തോടെ 1.60 ലക്ഷം കോടി രൂപയാകുമെന്ന് രക്ഷാ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിരോധ കയറ്റുമതി നിലവിലെ 21,000 കോടി രൂപയുടെ റെക്കോർഡ് പിന്തള്ളി 30,000 കോടി രൂപ കവിയുമെന്ന് അദ്ദേഹം പറഞ്ഞു.

15-ാമത് 'എയ്‌റോ ഇന്ത്യ'പ്രകടനം 2025 ഫെബ്രുവരി 10 നും 14 നും ഇടയിൽ നടക്കും. ഫെബ്രുവരി 10 മുതൽ 12 വരെ പ്രവൃത്തി ദിനങ്ങളായി നിശ്ചയിച്ചിരിക്കുന്നു.13, 14 തീയതികളിൽ പ്രദർശനം കാണാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും. പരിപാടിയിൽ പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്; സിഇഒമാരുടെ വട്ടമേശയോഗങ്ങൾ ; ഇന്ത്യ, ഐഡെക്സ് പവലിയനുകളുടെ ഉദ്ഘാടനം; മൻധൻ ഐഡെക്സ് പരിപാടി; സമർത്ഥ്യ തദ്ദേശീയവൽക്കരണ പരിപാടി; സമാപന ചടങ്ങ്; സെമിനാറുകൾ; വിസ്മയകരമായ വ്യോമാഭ്യാസ പ്രകടനങ്ങൾ,എയ്‌റോസ്‌പേസ് കമ്പനികളുടെ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

ചരിത്രത്തിലാദ്യമായി - എയ്‌റോ ഇന്ത്യയിൽ Su -57 ഉം F-35 ഉം

ചരിത്രത്തിലാദ്യമായി, ലോകത്തിലെ ഏറ്റവും നൂതനമായ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിൽ രണ്ടെണ്ണമായ റഷ്യയുടെ Su-57 ഉം അമേരിക്കയുടെ F-35 ലൈറ്റ്‌നിംഗ് II ഉം എയ്‌റോ ഇന്ത്യ 2025-ൽ പങ്കെടുക്കും.

സന്ദർശക സൗഹൃദ അനുഭവം

 നവീകരിച്ചതും മെച്ചപ്പെട്ടതുമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള , എയ്‌റോ ഇന്ത്യ 2025 മുമ്പത്തേക്കാൾ വലുതും സുഗമവും സന്ദർശക സൗഹൃദവുമാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.

മെച്ചപ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത പരിപാലനവും : പ്രതിരോധ മന്ത്രാലയം, ഇന്ത്യൻ വ്യോമസേന (IAF),കൂടാതെ ബെംഗളൂരു ട്രാഫിക് പോലീസ്, BBMP, NHAI, നമ്മ മെട്രോ തുടങ്ങി കർണാടക സംസ്ഥാന ഗവൺമെന്റിന്റെ വിവിധ വിഭാഗങ്ങളും തമ്മിലുള്ള ഏകോപനത്തിലൂടെ ഗതാഗതം സുഗമമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.

സുരക്ഷയും അടിയന്തര സജ്ജീകരണങ്ങളും : ഡ്രോൺ രഹിത മേഖലകൾ, റാപ്പിഡ് മൊബൈൽ യൂണിറ്റുകൾ, 24 മണിക്കൂറും സിസിടിവി നിരീക്ഷണം, തത്സമയ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ.

പ്രദർശകരുടെയും & സന്ദർശകരുടെയും അനുഭവങ്ങൾ മെച്ചപ്പെടുതാൻ സജ്ജീകരണങ്ങൾ :

  • വേദിയിലുടനീളം മെച്ചപ്പെട്ട ഇരിപ്പിടങ്ങളും വിശ്രമ മേഖലകളും.
  • ഇന്ദിര കാന്റീനുകൾ (പാർക്കിംഗ് പ്രദേശങ്ങളിൽ ) ഉൾപ്പെടെ അധിക ഭക്ഷ്യ കോർട്ടുകളും റിഫ്രഷ്‌മെന്റ് കിയോസ്‌ക്കുകളും.
  • സന്ദർശകരുടെ സൗകര്യത്തിനായി നഷ്ടപ്പെട്ട/ കണ്ടെത്തിയ വസ്തുക്കൾക്കായി പ്രത്യേക കൗണ്ടറുകളും എടിഎം കിയോസ്‌ക്കുകളും.
  • നിരവധി ജല ലഭ്യതാ പോയിന്റുകൾ, മെഡിക്കൽ എയ്ഡ് പോസ്റ്റുകൾ, ആശുപത്രിയിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾക്കായി ഒരു പ്രത്യേക കാർഡിയാക് എയ്ഡ് പോസ്റ്റ്.

ബഹുതല സുരക്ഷാ നടപടികൾ:

  • മെച്ചപ്പെടുത്തിയ സുരക്ഷാ പ്രോട്ടോക്കോളുകളും വേഗത്തിലുള്ള പ്രവേശന നിയന്ത്രണവും.
  • സുരക്ഷാ ആശങ്കകൾക്ക് തത്സമയ പ്രതികരണങ്ങൾക്കായി പ്രവർത്തനക്ഷമമായ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ.
  •  സാഹചര്യങ്ങളുടെ നിരീക്ഷണത്തിനായി 24/7 സിസിടിവി സംവിധാനം
  •  സന്ദർശകർ, പ്രദർശകർ, വിഐപികൾ എന്നിവർക്കായി പ്രത്യേക സ്‌ക്രീനിംഗ് സോണുകൾ.
  •  അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ദുരന്ത നിവാരണ, അഗ്നി സുരക്ഷാ കമ്മിറ്റികൾ.

വിവിധ ഏജൻസികളുടെ ബഹുതല സഹകരണത്തോടെ, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച ഏകോപനവും സംഘാടനവുമുള്ള പതിപ്പുകളിൽ ഒന്നായി എയ്‌റോ ഇന്ത്യ 2025 മാറും. പ്രതിരോധ സഹ മന്ത്രി ശ്രീ സഞ്ജയ് സേത്ത്, സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ, കർണാടക ഗവണ്മെന്റ് ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ്, സെക്രട്ടറി (പ്രതിരോധ ഉൽപ്പാദനം) ശ്രീ സഞ്ജീവ് കുമാർ, പ്രതിരോധ വകുപ്പ്(ആർ & ഡി)സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ. സമീർ വി. കാമത്ത്, പ്രതിരോധ മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ എന്നിവർ പരിപാടിക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പങ്കെടുത്തു.


(Release ID: 2101612) Visitor Counter : 54