വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വേവ്സ് സര്‍ഗാത്മക ഹാസ്യ സൃഷ്ടി ചാമ്പ്യന്‍ഷിപ്പ്

ഇന്ത്യയുടെ കോമിക് പ്രതിഭകൾക്കൊരു ചരിത്ര വേദി

Posted On: 07 FEB 2025 6:01PM by PIB Thiruvananthpuram

ആമുഖം

വേവ്സ് ഉച്ചകോടിയ്ക്ക് കീഴിലെ പ്രധാന പരിപാടിയായ സര്‍ഗാത്മക ഹാസ്യസൃഷ്ടി ചാമ്പ്യന്‍ഷിപ്പ് രാജ്യത്തെ ഹാസ്യപുസ്തക വ്യവസായത്തെ പുനർനിർവചിക്കാനൊരുങ്ങുന്നു. അമേച്വർ, പ്രൊഫഷണൽ വിഭാഗങ്ങളായി മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരം വളർന്നുവരുന്നവർക്കും കഴിവുതെളിയിച്ചവര്‍ക്കും ആഗോളതലത്തിൽ പ്രതിഭ പ്രദർശിപ്പിക്കുന്നതിന് മികച്ച വേദി വാഗ്ദാനം ചെയ്യുന്നു. ചരിത്രപരമായ നീക്കത്തിന്റെ ഭാഗമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ത്യൻ കോമിക്സ് അസോസിയേഷനുമായി (ഐസിഎ) പങ്കുചേര്‍ന്നത് മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യൻ ഹാസ്യ പുസ്തക പ്രസാധകർക്കിടയിലെ സുപ്രധാന സഹകരണമായി മാറി. 

രാജ്യത്ത് സര്‍ഗാത്മക ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതിന് ഇതിനകം 70,000-ത്തിലധികം രജിസ്ട്രേഷനുകളോടെ 31 മത്സരങ്ങൾ ആരംഭിച്ച കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുൻനിര സംരംഭമായ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായാണ് ചാമ്പ്യൻഷിപ്പ്. ഇന്ത്യയിലെ മാധ്യമ, വിനോദ മേഖലകളുടെ ഭാവി രൂപപ്പെടുത്തുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള സർഗാത്മക കേന്ദ്രമാക്കി രാജ്യത്തെ മാറ്റുന്നതിനും ലക്ഷ്യമിട്ട് വ്യവസായ പ്രമുഖർക്കും നൂതനാശയക്കാര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന സുപ്രധാന വേദിയായ ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (വേവ്സ്) പ്രധാന ആകർഷണമാണ് ഈ മത്സരങ്ങള്‍.

ചാമ്പ്യൻഷിപ്പിലെ പ്രധാന നാഴികക്കല്ലുകൾ

2025 ജനുവരി 29-ന് ഇന്ത്യൻ കോമിക്സ് അസോസിയേഷനുമായി (ഐസിഎ) സഹകരിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം (എംഐബി) വേവ്സ് സര്‍ഗാത്മക ഹാസ്യസൃഷ്ടി ചാമ്പ്യൻഷിപ്പിന്റെ 76 സെമിഫൈനല്‍ മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 20 സംസ്ഥാനങ്ങളിലെയും ദേശീയ തലസ്ഥാന മേഖലയിലെയും 50 നഗരങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇവര്‍ വൈവിധ്യമാർന്നതും അഭിവൃദ്ധിപ്പെടുന്നതുമായ ഇന്ത്യയുടെ ഹാസ്യപുസ്തക സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. 10 മുതൽ 49 വയസ്സ് വരെ പ്രായക്കാരായ മത്സരാര്‍ത്ഥികളില്‍ 40 പേർ അമച്വർവിഭാഗത്തിലും 30 പേർ പ്രൊഫഷണല്‍ വിഭാഗത്തിലും ഉള്‍പ്പെടുന്നു. കൂടാതെ ആറ് യുവ കലാകാരന്മാർക്ക് പ്രത്യേക പരാമർശം ലഭിച്ചത് എല്ലാ തലങ്ങളിലും പ്രതിഭകളെ വളർത്തുന്നതിനുള്ള ചാമ്പ്യൻഷിപ്പിന്റെ സമർപ്പിതലക്ഷ്യത്തെ അടിവരയിടുന്നു.

സര്‍ഗാത്മക ഹാസ്യസ‍ൃഷ്ടി ചാമ്പ്യൻഷിപ്പ് - അവലോകനം

സര്‍ഗാത്മക ഹാസ്യസ‍ൃഷ്ടി ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുന്നവര്‍ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. കഥാഖ്യാനം, കലാപരമായ കഴിവുകൾ, ഇന്ത്യൻ പ്രമേയങ്ങളും സംവേദനക്ഷമതകളും പ്രതിഫലിപ്പിക്കാനുള്ള കഴിവ് എന്നിവ പരീക്ഷിക്കുന്നതിനായി രൂപകൽപന ചെയ്തതാണ് ഓരോ ഘട്ടവും. പ്രമേയങ്ങളെല്ലാം വൈവിധ്യപൂർണ്ണമാണെങ്കിലും, ഓരോ കഥയ്ക്കും അന്തർലീനമായ ഒരു ഇന്ത്യൻ പശ്ചാത്തലം ഉണ്ടായിരിക്കണം. വിധിനിർണ്ണയത്തില്‍ ഭാഷാ മുൻഗണനയില്ലാത്തതിനാല്‍ പങ്കെടുക്കുന്നവർക്ക് അവരുടെ ഹാസ്യസൃഷ്ടി ഹിന്ദിയിലോ ഇംഗ്ലീഷിലോ തയ്യാറാക്കാം. വ്യക്തിഗതമായോ പരമാവധി രണ്ട‌ംഗങ്ങൾ അടങ്ങുന്ന സംഘങ്ങളായോ മത്സരത്തിന് അപേക്ഷിക്കാം.

 

ഘട്ടം 1: അടിസ്ഥാനം

എല്ലാവര്‍ക്കും പങ്കെടുക്കാം.

എട്ട് പ്രമേയങ്ങളിലൊന്ന് അടിസ്ഥാനമാക്കി രണ്ട് നിർബന്ധിത പേജുകൾ തയ്യാറാക്കുക. 

ഇഷ്ടാനുസരണം കവർ പേജ് സമർപ്പിക്കാം; ഇത് തിരഞ്ഞെടുപ്പില്‍ മാനദണ്ഡമല്ല.  

 

ഘട്ടം 2: വികസനം

ആദ്യഘട്ടത്തില്‍നിന്ന് തിരഞ്ഞെടുത്ത 100 പേർ പങ്കെടുക്കുന്നു.

മൂന്ന് മുതൽ നാല് വരെ പേജുകൾ കൂട്ടിച്ചേർത്ത് കഥ വികസിപ്പിക്കുക.

കഥാപാത്രങ്ങൾ, ആഖ്യാനം, കലാസൃഷ്ടി എന്നിവ കൂടുതൽ വികസിപ്പിക്കുക.

 

ഘട്ടം 3: ഉപസംഹാരം

രണ്ടാം ഘട്ടത്തില്‍നിന്ന് തിരഞ്ഞെടുത്ത 25 മത്സരാര്‍ത്ഥികള്‍ തുടരുന്നു.

മൂന്ന് മുതൽ നാല് വരെ അവസാന പേജുകളിലൂടെ കഥ പൂർത്തീകരിക്കുക.

 

ഉള്ളടക്കം പരിഷ്കരിച്ച് മെച്ചപ്പെട്ടതും ആകർഷകവുമായ ഒരു ഹാസ്യ സൃഷ്ടി തയ്യാറാക്കുക. 

മത്സരം അവസാനിക്കുമ്പോള്‍ അന്തിമഘട്ടത്തിലെ ഓരോ മത്സരാര്‍ത്ഥിയ്ക്കും കവർ പേജോടുകൂടിയോ അല്ലാതെയോ 8 മുതല്‍ 10 വരെ പേജുകളില്‍ ഒരു ഹാസ്യസൃഷ്ടി ഉണ്ടായിരിക്കും. നൽകിയിരിക്കുന്ന പ്രമേയങ്ങളും മാർഗനിർദേശങ്ങളും പിന്തുടര്‍ന്ന് ആകർഷകമായ ആഖ്യാനങ്ങളും ഉയർന്ന നിലവാരമുള്ള കലാസൃഷ്ടികളും തയ്യാറാക്കാന്‍ കഴിയുന്ന പ്രതിഭകളെ ഈ പ്രക്രിയ എടുത്തുകാണിക്കും.  

 

പ്രമേയങ്ങള്‍ 

ഒറ്റയ്ക്കോ രണ്ട് പേരടങ്ങുന്ന സംഘങ്ങളായോ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താഴെ നല്‍കിയിരിക്കുന്ന പ്രമേയങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കാം:

ഭയാനക ഹാസ്യം: നർമവും ഭീകരതയും സംയോജിപ്പിച്ച് ഒരു അതുല്യ ഹാസ്യസൃഷ്ടി തയ്യാറാക്കുക.  

ജനറേഷന്‍-ഇസഡ് ഇന്ത്യയുടെ കാലഘട്ടം: താരതമ്യപ്പെടുത്താവുന്ന കഥാഖ്യാനത്തിലൂടെ ഇന്ത്യയിലെ ജെന്‍-സി ജീവിതങ്ങളും സാഹസങ്ങളും അഭിലാഷങ്ങളും പകർത്തുക.

ബഹിരാകാശത്ത് ഇന്ത്യ: ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിൽ നിന്നും പ്രപഞ്ച നിഗൂഢതകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആവേശകരമായ ആഖ്യാനം തയ്യാറാക്കുക.

പുനർനിർമിച്ച നാടോടിക്കഥകൾ: പാരമ്പര്യത്തെ നവീകരണവുമായി ലയിപ്പിച്ചുകൊണ്ട് പുരാതന ഇന്ത്യൻ നാടോടിക്കഥകൾക്ക് ആധുനിക വഴിത്തിരിവ് നൽകുക.

കായിക ഇതിഹാസങ്ങൾ: ചലനാത്മകമായ കഥാഖ്യാനത്തിലൂടെ ഇന്ത്യയുടെ കായിക പ്രതിഭകളെയും അവിസ്മരണീയ നിമിഷങ്ങളെയും ആഘോഷിക്കുക.

ശാസ്ത്ര സാങ്കല്പിക കഥ: സാഹസികതയും കണ്ടെത്തലുകളും നിറഞ്ഞ സൈദ്ധാന്തിക - ഭാവി അധിഷ്ഠിത ലോകത്തേക്ക് വായനക്കാരെ കൊണ്ടുപോവുക.

ഇന്ത്യൻ വിനോദസഞ്ചാരം: ദൃശ്യപരമായി ആകർഷകമായ ആഖ്യാനങ്ങളിലൂടെ ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതികളും സംസ്കാരങ്ങളും പൈതൃകവും പ്രദർശിപ്പിക്കുക.

ഇന്ത്യൻ സായുധ സേന: ശക്തവും ആദരണീയവുമായ കഥാഖ്യാനത്തിലൂടെ ഇന്ത്യന്‍ സായുധ സേനയുടെ ധൈര്യത്തെയും ത്യാഗങ്ങളെയും അവതരിപ്പിക്കുക. 

 

യോഗ്യതയും മാർഗനിർദേശങ്ങളും

വിഭാഗങ്ങളുടെ നിർവചനം 

ഹാസ്യസൃഷ്ടി ചാമ്പ്യൻഷിപ്പില്‍ അമച്വർ, പ്രൊഫഷണൽ വിഭാഗങ്ങളിലായി പങ്കെടുക്കാം. ഇരുവിഭാഗങ്ങളിലും പ്രായപരിധിയില്ല.

അമേച്വർ – സ്വന്തമായോ മൂന്നാം കക്ഷിയിലൂടെയോ ഒരു ഹാസ്യസൃൃഷ്ടി (ഡിജിറ്റലായോ അല്ലാതെയോ) ഒരിക്കലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത വ്യക്തികൾ. സമൂഹമാധ്യമങ്ങളില്‍ ഒരു ശീലമെന്നോണം ഏതാനും ഹാസ്യരംഗങ്ങളോ പേജുകളോ പങ്കെുവയ്ക്കുമ്പോള്‍ അത് ഗണ്യമായ ഒരുകൂട്ടം പേര്‍ പിന്തുടരുന്നില്ലെങ്കില്‍ അതിനെ പ്രൊഫഷണൽ ജോലിയായി കണക്കാക്കില്ല. ഇത്തരക്കാര്‍ ഉപജീവനത്തിനായി ഹാസ്യസൃഷ്ടികളോ കലാസൃഷ്ടികളോ തയ്യാറാക്കാറില്ല. 

പ്രൊഫഷണൽ – ഏതെങ്കിലും മാർഗത്തിലൂടെ ഡിജിറ്റലായോ ഭൗതികമായോ കുറഞ്ഞത് ഒരു ഹാസ്യസൃഷ്ടിയെങ്കിലും പ്രസിദ്ധീകരിച്ചവര്‍. കമ്മീഷൻ വാങ്ങുന്ന, സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പിന്തുടരുന്ന അല്ലെങ്കിൽ സ്വന്തം കലാസൃഷ്ടിയിൽ നിന്ന് വരുമാനം ഉണ്ടാക്കുന്ന കലാകാരന്മാർ ഈ വിഭാഗത്തിൽ ഉള്‍പ്പെടുന്നു. 

കലാ ശൈലി മാര്‍ഗനിർദേശങ്ങൾ

നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ കലാസൃഷ്ടികൾ സ്വീകരിക്കില്ല. യഥാർത്ഥ സർഗാത്മകതയെ ആഘോഷിക്കുന്നതിനും പങ്കെടുക്കുന്നവരുടെ കലാപരമായ കാഴ്ചപ്പാട് പരീക്ഷിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കാനാണ് മത്സരം രൂപകൽപന ചെയ്തിരിക്കുന്നത്.

സര്‍ഗാത്മക ഹാസ്യസൃഷ്ടി ചാമ്പ്യൻഷിപ്പ് സ്വാഗതം ചെയ്യുന്ന വൈവിധ്യമാർന്ന കലാസൃഷ്ടികളില്‍ ചിലത്:  

കളര്‍, ബ്ലാക്ക്-ആന്‍ഡ്-വൈറ്റ് കലാസൃഷ്ടികൾ

മാംഗ, നോൺ-മാംഗ ശൈലികൾ

മഷി പുരട്ടിയതും അല്ലാത്തതുമായ ചിത്രീകരണങ്ങൾ

ഏതെങ്കിലും സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഡിജിറ്റൽ കലാസൃഷ്ടികൾ

കൈകൊണ്ട് വരച്ച പരമ്പരാഗത കലാസൃഷ്ടികൾ

വിധിനിർണയ മാനദണ്ഡം

ഹാസ്യസൃഷ്ടി ചാമ്പ്യൻഷിപ്പിന്റെ അപേക്ഷകള്‍ അഞ്ച് പ്രധാന തലങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തപ്പെടുന്നു

മൗലികത: പുതിയ എന്തെങ്കിലും സൃഷ്ടിക്കപ്പെടുന്ന പുത്തൻ വീക്ഷണങ്ങളും അതുല്യമായ കാഴ്ചപ്പാടുകളും നൂതനാശയങ്ങളും. 

സർഗാത്മകത: ഭാവനാത്മകമായ കഥാഖ്യാനം. കഥാഘടനയിലെ ആകർഷകമായ വഴിത്തിരിവുകളും ഹാസ്യസൃഷ്ടിയെ വേറിട്ടു നിർത്തുന്ന കലാപരമായ ആവിഷ്കാരവും.

എഴുത്ത്: ആകർഷകമായ സംഭാഷണവും നന്നായി വികസിപ്പിച്ച കഥാപാത്രങ്ങളും വായനക്കാരനെ ആകർഷിക്കുന്ന സ്ഥിരതയുള്ള ആഖ്യാനശൈലിയും.

കല: സാങ്കേതിക വൈദഗ്ദ്ധ്യം, ദൃശ്യാകർഷണം, ചിത്രീകരണങ്ങളിലൂടെ ഫലപ്രദമായ കഥാഖ്യാനം. 

സ്വാധീനം: വികാരങ്ങൾ ഉണർത്താനും വായനക്കാരിൽ പ്രതിധ്വനിക്കാനും, ശാശ്വതമായ ഒരു മുദ്ര പതിപ്പിക്കാനുമുള്ള കഴിവ്.

 

പുരസ്കാരങ്ങളും അംഗീകാരങ്ങളും

പ്രൊഫഷണൽ വിഭാഗം

മികച്ച 5 സൃഷ്ടികള്‍ വേവ്സ് ഹാസ്യ ആന്തോളജിയിൽ പ്രസിദ്ധീകരിക്കും. വിജയിക്കുന്ന ഓരോ മത്സരാര്‍ത്ഥിയ്ക്കും / സംഘത്തിനും ലഭിക്കുന്നത്; 

ഒരുലക്ഷം രൂപ സമ്മാനത്തുക

അഭിമാനകരമായ പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം (വേവ്സിന്റെ വിവേചനാധികാരത്തിന് വിധേയമായി).

 

അമേച്വർ വിഭാഗം

മികച്ച 5 സൃഷ്ടികള്‍ വേവ്സ് ഹാസ്യ ആന്തോളജിയിൽ പ്രസിദ്ധീകരിക്കും.

വിജയിക്കുന്ന ഓരോ മത്സരാര്‍ത്ഥിയ്ക്കും 60,000 രൂപ സമ്മാനത്തുക. 

അധിക സമ്മാനങ്ങൾ

മികച്ച 100 മത്സരാര്‍ത്ഥികള്‍ (ഘട്ടം 2) - ഡിജിറ്റൽ അഭിനന്ദന സാക്ഷ്യപത്രം 

മികച്ച 25 മത്സരാര്‍ത്ഥികള്‍ (ഘട്ടം 3) - പ്രത്യേക ഗുഡി ബാഗ്

 

അവലംബം: 

https://wavesindia.org/challenges-2025 

https://www.indiancomicsassociation.com/comics-creator-championship/ 

https://pib.gov.in/PressReleseDetail.aspx?PRID=2097406&reg=3&lang=1 

SKY

*******

 


(Release ID: 2100965) Visitor Counter : 22