പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രയാഗ്‌രാജിൽ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

Posted On: 13 DEC 2024 5:17PM by PIB Thiruvananthpuram

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ ജി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ബഹുമാനപ്പെട്ട ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ ജി, ബ്രജേഷ് പഥക് ജി, ഉത്തർപ്രദേശിലെ ബഹുമാന്യരായ മന്ത്രിമാർ, ബഹുമാനപ്പെട്ട പാർലമെന്റ്, നിയമസഭാ അംഗങ്ങൾ, പ്രയാഗ്‌രാജ് മേയറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, മറ്റ് വിശിഷ്ടാതിഥികളേ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.

പ്രയാഗ്‌രാജിലെ ഈ പുണ്യഭൂമിയെ ഞാൻ ആദരവോടെ വണങ്ങുന്നു. മഹാകുംഭത്തിന് എത്തുന്ന എല്ലാ സന്യാസിമാർക്കും ഋഷിമാർക്കും ഞാൻ എന്റെ പ്രണാമം അർപ്പിക്കുന്നു. മഹാകുംഭത്തിന്റെ വിജയം ഉറപ്പാക്കാൻ രാവും പകലും അക്ഷീണം പ്രയത്നിക്കുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും ശുചിത്വ ജീവനക്കാരുടെയും ശ്രമങ്ങളെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. ഇത്രയും മഹത്തായ ഒരു ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നു, എല്ലാ ദിവസവും ലക്ഷക്കണക്കിന് ഭക്തരെ സ്വാഗതം ചെയ്യാനും സേവിക്കാനും തയ്യാറെടുക്കുന്നു, 45 ദിവസം തുടർച്ചയായി ഒരു മഹായജ്ഞം നടത്തുന്നു, ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമായി ഒരു പുതിയ നഗരം നിർമ്മിക്കുന്നു - ഈ ശ്രമങ്ങൾ പ്രയാഗ്‌രാജിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണ് സൃഷ്ടിക്കുന്നത്. അടുത്ത വർഷത്തെ മഹാ കുംഭമേളയുടെ സംഘാടകർ നമ്മുടെ രാജ്യത്തിന്റെ സാംസ്കാരികവും ആത്മീയവുമായ സ്വത്വത്തെ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് ഉയർത്തും. വളരെ ആത്മവിശ്വാസത്തോടും ഭക്തിയോടും കൂടി, ഈ മഹാ കുംഭമേളയെ ഒറ്റ വാചകത്തിൽ വിവരിച്ചാൽ, അത് ഇങ്ങനെയായിരിക്കും: ലോകമെമ്പാടും പ്രതിധ്വനിക്കുന്ന ഐക്യത്തിന്റെ മഹാ യാഗമാണിത്. ഈ പരിപാടിയുടെ മഹത്തും ദിവ്യവുമായ വിജയത്തിനായി നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളേ,

ഭാരതം പുണ്യസ്ഥലങ്ങളുടെയും പുണ്യ തീർത്ഥാടനങ്ങളുടെയും നാടാണ്. ഗംഗ, യമുന, സരസ്വതി, കാവേരി, നർമ്മദ തുടങ്ങിയ എണ്ണമറ്റ വിശുദ്ധ നദികളുടെ വാസസ്ഥലമാണിത്. ഈ നദികളുടെ പവിത്രത, നിരവധി തീർത്ഥാടന കേന്ദ്രങ്ങളുടെ പ്രാധാന്യം, അവയുടെ മഹത്വം, സംഗമസ്ഥാനം - ഇതെല്ലാം പ്രയാഗിന്റെ സത്തയെ ഉൾക്കൊള്ളുന്നു. പ്രയാഗ് മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനം മാത്രമല്ല; അത് സമാനതകളില്ലാത്ത ആത്മീയ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. പ്രയാഗിനെക്കുറിച്ച് പറയപ്പെടുന്നത് ഇങ്ങനെയാണ്: मघ मकरगत रबि जब होई। तीरथपतिहिं आव सब कोई॥ സൂര്യൻ മകരരാശിയിൽ പ്രവേശിക്കുമ്പോൾ, എല്ലാ ദിവ്യശക്തികളും, എല്ലാ തീർത്ഥാടന സ്ഥലങ്ങളും, എല്ലാ ഋഷിമാരും, മഹർഷികളും സന്യാസികളും പ്രയാഗിൽ ഒത്തുചേരുന്നു എന്നാണ് അർത്ഥമാക്കുന്നത്. പുരാണങ്ങൾ പൂർത്തിയാക്കുന്ന ആത്മീയ സ്വാധീനമുള്ള സ്ഥലമാണിത്. വേദവാക്യങ്ങളിൽ പ്രകീർത്തിക്കപ്പെട്ട പുണ്യഭൂമിയാണ് പ്രയാഗ്‌രാജ്.

സഹോദരീ സഹോദരന്മാരേ,  

ഓരോ ചുവടും ഒരു പുണ്യസ്ഥലത്താൽ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു പുണ്യഭൂമിയാണ് പ്രയാഗ്, ഓരോ പാതയും പുണ്യസ്ഥലത്തേക്ക് നയിക്കുന്നു. ഈ വാക്യം പറയുന്നതുപോലെ:त्रिवेणीं माधवं सोमं, भरद्वाजं च वासुकिम्। वन्दे अक्षय-वटं शेषं, प्रयागं तीर्थनायकम्॥ത്രിവേണി സംഗമത്തിന്റെ ത്രിഫലം, വേണി മാധവിന്റെ മഹത്വം, സോമേശ്വരന്റെ അനുഗ്രഹങ്ങൾ, ഋഷി ഭരദ്വാജിന്റെ ആശ്രമത്തിന്റെ പവിത്രത, നാഗരാജ വാസുകിയുടെ സവിശേഷ പ്രാധാന്യം, അക്ഷയ വട് ന്റെ അമരത്വം, ശേഷന്റെ ശാശ്വത കൃപ എന്നിവ ഇത് വിവരിക്കുന്നു - ഇതാണ് നമ്മുടെ തീർത്ഥരാജ പ്രയാഗ്, തീർത്ഥാടനങ്ങളുടെ രാജാവ്. പ്രയാഗ് എന്നാൽ: "चारि पदारथ भरा भँडारूथ." അതായത് പ്രയാഗ് എന്നത് ജീവിതത്തിന്റെ നാല് ലക്ഷ്യങ്ങളും - ധർമ്മം, അർത്ഥം, കാമം, മോക്ഷം - നേടിയെടുക്കാൻ കഴിയുന്ന സ്ഥലമാണ്. പ്രയാഗ്‌രാജ് വെറുമൊരു ഭൂമിശാസ്ത്രപരമായ സ്ഥാനം മാത്രമല്ല; അത് ആഴത്തിലുള്ള ആത്മീയാനുഭവത്തിന്റെ ഒരു മേഖലയാണ്. ഈ പുണ്യഭൂമി ആവർത്തിച്ച് സന്ദർശിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചത് പ്രയാഗിൽ നിന്നും അവിടുത്തെ ആളുകളിൽ നിന്നുമുള്ള ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു. കഴിഞ്ഞ കുംഭമേളയിൽ, സംഗമത്തിൽ സ്നാനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു, ഇന്ന്, ഈ കുംഭമേള ആരംഭിക്കുന്നതിന് മുമ്പ്, ഈ പുണ്യസംഗമം സന്ദർശിച്ച് ഗംഗാ മാതാവിന്റെ അനുഗ്രഹം തേടാനുള്ള ഭാഗ്യം എനിക്ക് വീണ്ടും ലഭിച്ചു. ഇന്ന്, ഞാൻ സംഗമഘട്ടിൽ ഒരു സ്നാനം (ആചാര സ്നാനം) നടത്തി, ഹനുമാൻ ജിയുടെ ദർശനം നടത്തി, അക്ഷയ വട വൃക്ഷത്തിന്റെ അനുഗ്രഹം സ്വീകരിച്ചു. ഭക്തരുടെ സൗകര്യാർത്ഥം, ഹനുമാൻ ഇടനാഴിയും അക്ഷയ വട് ഇടനാഴിയും നിർമ്മിക്കപ്പെടുന്നു. കൂടാതെ സരസ്വതി കൂപ്പ് പുനർവികസന പദ്ധതിയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും എനിക്ക് ലഭിച്ചു. ഇന്ന്, ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ഇവിടെ നടന്നു, ഈ പരിവർത്തനാത്മക വികസനങ്ങൾക്ക് നിങ്ങളെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ആയിരക്കണക്കിന് വർഷങ്ങളായി അചഞ്ചലമായി തുടരുന്ന നമ്മുടെ രാജ്യത്തിന്റെ സാംസ്കാരികവും ആത്മീയവുമായ യാത്രയുടെ പവിത്രവും ജീവിക്കുന്നതുമായ ഒരു സാക്ഷ്യമാണ് മഹാ കുംഭമേള. മതം, അറിവ്, ഭക്തി, കല എന്നിവയെ ഒരു ദിവ്യ സംഗമത്തിൽ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സംഭവമാണിത്. നമ്മുടെ വേദങ്ങളിൽ ഇങ്ങനെ പറയുന്നു: "दश तीर्थ सहस्राणि, तिस्रः कोट्यस्तथा अपराः। सम आगच्छन्ति माघ्यां तु, प्रयागे भरतर्षभ." ഇതിനർത്ഥം പ്രയാഗിലെ സംഗമത്തിലെ ആചാരപരമായ സ്നാനം എണ്ണമറ്റ മറ്റ് തീർത്ഥാടനങ്ങൾ സന്ദർശിച്ച് പുണ്യങ്ങൾ നേടുന്നതിന് തുല്യമാണ് എന്നാണ്. പ്രയാഗിൽ സ്നാനം ചെയ്യുന്നവൻ സർവപാപങ്ങളിൽനിന്നും മോചിതനാകുന്നു. രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും കാലഘട്ടത്തിലായാലും കൊളോണിയൽ ഭരണത്തിന്റെ നൂറ്റാണ്ടുകളിലായാലും - കുംഭമേളയുമായി ബന്ധപ്പെട്ട വിശ്വാസപ്രവാഹം ഒരിക്കലും നിലച്ചിട്ടില്ല. കാരണം, കുംഭമേളയെ ഒരു ബാഹ്യ അധികാരിയും നിയന്ത്രിക്കുന്നില്ല; അത് മനുഷ്യത്വത്തിന്റെ ആന്തരിക ബോധത്താൽ നയിക്കപ്പെടുന്നു. ഈ ബോധം സ്വാഭാവികമായി ഉണർന്ന്, ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകളെ സംഗമത്തിന്റെ തീരത്തേക്ക് ആകർഷിക്കുന്നു. ഗ്രാമവാസികൾ, പട്ടണവാസികൾ, നഗരവാസികൾ എന്നിവർ ഒരുപോലെ അവരുടെ യാത്ര ആരംഭിക്കുന്നു.

സുഹൃത്തുക്കളേ,

മഹാ കുംഭമേളയുടെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് രാഷ്ട്രത്തിന് ദിശാബോധം നൽകാനുള്ള കഴിവാണ്. കുംഭമേളയ്ക്കിടെ, രാജ്യം നേരിടുന്ന അടിയന്തിര പ്രശ്നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും വിപുലമായ ചർച്ചകൾ നടന്നു. സന്യാസിമാർ തമ്മിലുള്ള ഈ സംവാദങ്ങൾ, ചർച്ചകൾ എന്നിവ പലപ്പോഴും രാജ്യത്തിന്റെ ചിന്തകളിൽ പുതിയ ഊർജ്ജം നിറയ്ക്കുകയും പുരോഗതിയിലേക്കുള്ള പുതിയ പാതകൾ പ്രകാശിപ്പിക്കുകയും ചെയ്തു. ചരിത്രപരമായി, അത്തരം ഒത്തുചേരലുകളിൽ സന്യാസിമാരും ആത്മീയ നേതാക്കളും രാജ്യത്തെക്കുറിച്ച് നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ആധുനിക ആശയവിനിമയ മാർഗങ്ങളുടെ ആവിർഭാവത്തിന് മുമ്പ്, കുംഭമേള പോലുള്ള സംഭവങ്ങൾ പ്രധാന സാമൂഹിക പരിവർത്തനങ്ങൾക്ക് അടിത്തറയിട്ടു. ഇവിടെ, സമൂഹത്തിന്റെ സന്തോഷങ്ങളും ദുഃഖങ്ങളും ചർച്ച ചെയ്യാനും, വർത്തമാനകാലത്തെക്കുറിച്ച് ചിന്തിക്കാനും, ഭാവിയെ സങ്കൽപ്പിക്കാനും വിശുദ്ധരും പണ്ഡിതന്മാരും ഒത്തുചേരുമായിരുന്നു. ഇന്നും, കുംഭമേള പോലുള്ള മഹത്തായ സംഭവങ്ങളുടെ പ്രസക്തി മാറ്റമില്ലാതെ തുടരുന്നു. ഈ ഒത്തുചേരലുകൾ സമൂഹത്തിന് ഒരു പോസിറ്റീവ് സന്ദേശം അയയ്ക്കുകയും ദേശീയ ചിന്തയുടെ തുടർച്ചയായ ഒരു പ്രവാഹം വളർത്തിയെടുക്കുകയും ചെയ്യുന്നു. അത്തരം പരിപാടികളുടെ പേരുകൾ, അവയുടെ ലക്ഷ്യസ്ഥാനങ്ങൾ, അവയുടെ വഴികൾ എന്നിവ വ്യത്യസ്തമായിരിക്കാം, യാത്രക്കാർ ഒരൊറ്റ ലക്ഷ്യത്താൽ ഐക്യപ്പെടുന്നു.

സുഹൃത്തുക്കളേ,

കുംഭമേളയുടെയും മതപരമായ തീർത്ഥാടനങ്ങളുടെയും വലിയ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, മുൻ ​ഗവൺമെന്റുകൾ അവയുടെ പ്രാധാന്യം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു. ഈ പരിപാടികളിൽ ഭക്തർക്ക് പലപ്പോഴും നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു, എന്നിരുന്നാലും ആ ​ഗവൺമെന്റുകൾ നിസ്സംഗത പാലിച്ചു. ഇന്ത്യൻ സംസ്കാരവുമായും വിശ്വാസവുമായും അവർക്ക് ബന്ധമില്ലായ്മയാണ് ഈ അവഗണനയ്ക്ക് കാരണമായത്. എന്നിരുന്നാലും, ഇന്ന്, ഇന്ത്യയുടെ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും ആഴത്തിൽ ബഹുമാനിക്കുന്ന വ്യക്തികളാണ് കേന്ദ്ര-സംസ്ഥാന ​ഗവൺമെന്റുകളെ നയിക്കുന്നത്. കുംഭത്തിൽ പങ്കെടുക്കുന്ന ഭക്തർക്ക് തടസ്സമില്ലാത്ത സൗകര്യങ്ങൾ ഒരുക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ഈ "ഇരട്ട എഞ്ചിൻ ​ഗവൺമെന്റ്" കരുതുന്നു. ഈ പ്രതിബദ്ധതയുടെ ഭാഗമായി, സുഗമമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആയിരക്കണക്കിന് കോടി രൂപയുടെ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. മഹാ കുംഭത്തിനായി തയ്യാറെടുക്കുന്നതിൽ വിവിധ ​ഗവൺമെന്റ് വകുപ്പുകളുടെ ഏകോപിത ശ്രമങ്ങൾ വളരെ പ്രശംസനീയമാണ്. രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിൽ നിന്നുമുള്ള ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ കുംഭത്തിൽ എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. അയോധ്യ, വാരണാസി, റായ് ബറേലി, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളും പ്രയാഗ്‌രാജും തമ്മിലുള്ള ബന്ധം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഞാൻ പലപ്പോഴും പറയുന്ന സമഗ്രമായ "​ഗവൺമെ‍ന്റ് മുഴുവൻ" സമീപനം ഈ മഹാ കുംഭത്തിനുള്ള തയ്യാറെടുപ്പുകളിൽ വ്യക്തമായി കാണാം.

സുഹൃത്തുക്കളേ,

വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിലും സമ്പന്നമാക്കുന്നതിലും നമ്മുടെ ​ഗവൺമെന്റ് സ്ഥിരമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. രാജ്യത്തുടനീളം, രാമായണ സർക്യൂട്ട്, ശ്രീകൃഷ്ണ സർക്യൂട്ട്, ബുദ്ധിസ്റ്റ് സർക്യൂട്ട്, തീർത്ഥങ്കർ സർക്യൂട്ട് എന്നിങ്ങനെ വിവിധ ടൂറിസ്റ്റ് സർക്യൂട്ടുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. മുമ്പ് അവഗണിക്കപ്പെട്ടിരുന്ന ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് ഈ സംരംഭങ്ങൾ പുതിയ ശ്രദ്ധ കൊണ്ടുവരുന്നു. സ്വദേശ് ദർശൻ യോജന, പ്രസാദ് പദ്ധതി തുടങ്ങിയ പരിപാടികളിലൂടെ, തീർത്ഥാടന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ഞങ്ങൾ വികസിപ്പിക്കുകയാണ്. അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്റെ നിർമ്മാണം മുഴുവൻ നഗരത്തെയും ഒരു മനോഹരമായ കാഴ്ചയാക്കി മാറ്റിയത് നാമെല്ലാവരും കണ്ടിട്ടുണ്ട്. അതുപോലെ, വിശ്വനാഥ് ധാം, മഹാകൽ മഹലോക് എന്നിവ ലോകമെമ്പാടും അംഗീകാരം നേടി. പ്രയാഗ്‌രാജിൽ, അക്ഷയ് വാട്ട് ഇടനാഴി, ഹനുമാൻ ക്ഷേത്ര ഇടനാഴി, ഭരദ്വാജ് ഋഷി ആശ്രമ ഇടനാഴി എന്നിവ പുനരുജ്ജീവനത്തിന്റെ അതേ ദർശനത്തെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ, ഭക്തർക്ക് മികച്ച സേവനം നൽകുന്നതിനായി സരസ്വതി കൂപ്പ്, പാടൽപുരി, നാഗവാസുകി, ദ്വാദശ് മാധവ് ക്ഷേത്രങ്ങൾ തുടങ്ങിയ പുണ്യസ്ഥലങ്ങൾ നവീകരിക്കപ്പെടുന്നു.

സുഹൃത്തുക്കളേ,

പ്രയാഗ്‌രാജ് നിഷാദ് രാജിന്റെ നാടു കൂടിയാണ്. മര്യാദ പുരുഷോത്തമനായി മാറിയ ശ്രീരാമന്റെ യാത്രയിൽ ശൃംഗവേർപൂരിന് ഒരു പ്രധാന സ്ഥാനമുണ്ട്. ശ്രീരാമന്റെയും കെവാട്ടിന്റെയും കഥ ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു. കെവാട്ട് തന്റെ ഭഗവാനെ കണ്ടുമുട്ടിയപ്പോൾ, അദ്ദേഹം ശ്രീരാമന്റെ പാദങ്ങൾ കഴുകി, തന്റെ വള്ളത്തിൽ നദി മുറിച്ചുകടക്കാൻ സഹായിച്ചു. ഇത് ഒരു സവിശേഷമായ ഭക്തിബോധത്തെ പ്രതിഫലിപ്പിക്കുകയും ദൈവവും ഭക്തനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമേറിയ സന്ദേശം ഉൾക്കൊള്ളുകയും ചെയ്യുന്നു. സർവ്വശക്തന് പോലും ഒരു ഭക്തന്റെ സഹായം തേടാമെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ശ്രീരാമനും നിഷാദ് രാജും തമ്മിലുള്ള ഈ ദിവ്യ സൗഹൃദത്തിന്റെ പ്രതീകമായാണ് ശൃംഗവേർപൂർ ധാം വികസിപ്പിക്കുന്നത്. ശ്രീരാമന്റെയും നിഷാദ്രാജിന്റെയും പ്രതിമ ഭാവി തലമുറകൾക്ക് സമത്വത്തിന്റെയും ഐക്യത്തിന്റെയും കാലാതീതമായ ഓർമ്മപ്പെടുത്തലായി വർത്തിക്കും. 

സുഹൃത്തുക്കളെ,

കുംഭം പോലെയുള്ള മഹത്തായതും ദൈവികവുമായ ഒരു പരിപാടിയുടെ വിജയം ഉറപ്പാക്കുന്നതിൽ ശുചിത്വം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മഹാ കുംഭത്തിൻ്റെ ഒരുക്കങ്ങളുടെ ഭാഗമായി നമാമി ഗംഗേ പരിപാടികൾ വേഗത്തിലാക്കി. പ്രയാഗ്‌രാജ് നഗരത്തിലെ ശുചിത്വത്തിനും മാലിന്യ സംസ്‌കരണത്തിനും പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഗംഗാദൂത്, ഗംഗാ പ്രഹാരികൾ, ഗംഗാ മിത്രകൾ എന്നിവയെ നിയമിക്കുന്നത് പോലെയുള്ള സംരംഭങ്ങൾ ശുചിത്വം പാലിക്കുന്നതിനെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താൻ ലക്ഷ്യമിടുന്നു. ഇത്തവണ എൻ്റെ 15,000-ത്തിലധികം ശുചീകരണ തൊഴിലാളി സഹോദരീസഹോദരന്മാർ കുംഭത്തിൻ്റെ ശുചിത്വം നിയന്ത്രിക്കും. കുംഭത്തിനുള്ള ഒരുക്കങ്ങളിൽ അക്ഷീണം സംഭാവന ചെയ്യുന്ന ഈ അർപ്പണബോധമുള്ള ശുചീകരണ തൊഴിലാളികൾക്ക് എൻ്റെ ഹൃദയംഗമമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പരിപാടിയിൽ കോടിക്കണക്കിന് സന്ദർശകർക്ക് അനുഭവപ്പെടുന്ന പരിശുദ്ധിയും വൃത്തിയും ആത്മീയതയും നിങ്ങളുടെ പരിശ്രമം കൊണ്ട് മാത്രമേ സാധ്യമാകൂ. ഈ വിശുദ്ധ സേവനത്തിൽ, ഇവിടെ വരുന്ന ഓരോ ഭക്തൻ്റെയും പുണ്യത്തിൽ നിങ്ങൾ പങ്കുചേരും. ഉപയോഗിച്ച പ്ലേറ്റുകൾ എടുത്ത് മാറ്റുന്നതു വഴി എല്ലാ ജോലിയുടെയും മൂല്യം ഭഗവാൻ കൃഷ്ണൻ ഞങ്ങളെ പഠിപ്പിച്ചത് പോലെ, നിങ്ങളുടെ പ്രവൃത്തി ഈ സംഭവത്തിൻ്റെ പ്രാധാന്യം ഉയർത്തും. നേരം പുലരുമ്പോൾ നിങ്ങളുടെ കർത്തവ്യങ്ങൾ ആരംഭിക്കുകയും രാത്രി വൈകുവോളം തുടരുകയും ചെയ്യുന്നവരാണ് നിങ്ങൾ. 2019 കുംഭ വേളയിൽ, പരിപാടിയുടെ ശുചിത്വത്തിന് വ്യാപകമായ പ്രശംസ ലഭിച്ചു. പതിറ്റാണ്ടുകളായി കുംഭത്തിലോ മഹാ കുംഭത്തിലോ പങ്കെടുത്തവർ ആദ്യമായി അത്തരം കുറ്റമറ്റ വൃത്തിയും സംഘാടനവും കണ്ടു. ഈ കാരണത്താലാണ് ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിക്കൊണ്ട് എൻ്റെ നന്ദി അറിയിച്ചത്. ഈ കർമ്മം നടത്തുമ്പോൾ എനിക്ക് അനുഭവപ്പെട്ട സംതൃപ്തിയും പൂർണതയും എൻ്റെ ജീവിതത്തിൽ അവിസ്മരണീയമായ അനുഭവമായി തുടരുന്നു.

സുഹൃത്തുക്കളേ,

കുംഭമേളയുടെ ഒരു പ്രധാന വശം പലപ്പോഴും അവഗണിക്കപ്പെടുന്നു: സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അത് നൽകുന്ന ഗണ്യമായ ഉത്തേജനം. കുംഭമേളയ്ക്കുള്ള തയ്യാറെടുപ്പിനായി ഈ മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ എങ്ങനെ ശക്തി പ്രാപിക്കുന്നുവെന്ന് നമുക്ക് ഇതിനകം തന്നെ കാണാൻ കഴിയും. ഏകദേശം ഒന്നര മാസത്തേക്ക്, സംഗമത്തിന്റെ തീരത്ത് ഒരു പുതിയ നഗരം ഉയർന്നുവരും, ദിവസവും ലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കും. ഇത്രയും വലിയ ഒരു പരിപാടി കൈകാര്യം ചെയ്യുന്നതിന്, പ്രയാഗ്‌രാജിൽ ഒരു വലിയ തൊഴിൽ ശക്തി ആവശ്യമായി വരും. 6,000-ത്തിലധികം തോണിക്കാർ, ആയിരക്കണക്കിന് കടയുടമകൾ, ആചാരങ്ങൾ, പ്രാർത്ഥനകൾ, ധ്യാനം എന്നിവയിൽ സഹായിക്കുന്നവർ എന്നിവരുടെ ജോലിയിൽ ഗണ്യമായ വർദ്ധനവ് കാണപ്പെടും. ഇതിനർത്ഥം എണ്ണമറ്റ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണ്. വിതരണ ശൃംഖല നിലനിർത്താൻ, വ്യാപാരികൾ മറ്റ് നഗരങ്ങളിൽ നിന്ന് സാധനങ്ങൾ കണ്ടെത്തേണ്ടതുണ്ട്, കൂടാതെ പ്രയാഗ്‌രാജ് കുംഭമേളയുടെ സ്വാധീനം ചുറ്റുമുള്ള ജില്ലകളിലേക്കും വ്യാപിക്കും. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന ഭക്തർ ട്രെയിനുകളും വിമാനങ്ങളും ഉപയോഗിക്കും, ഇത് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കും. അങ്ങനെ, മഹാകുംഭമേള സാമൂഹിക ഐക്യം വളർത്തുക മാത്രമല്ല, ജനങ്ങൾക്ക് ഗണ്യമായ സാമ്പത്തിക ശാക്തീകരണം നൽകുകയും ചെയ്യും.

സുഹൃത്തുക്കളേ,

മുൻ പരിപാടികളെ അപേക്ഷിച്ച് സാങ്കേതികവിദ്യയുടെ കാര്യത്തിൽ വളരെയധികം പുരോഗമിച്ച ഒരു കാലഘട്ടത്തിലാണ് മഹാ കുംഭ് 2025 സംഘടിപ്പിക്കപ്പെടുന്നത്. ഇന്ന്, സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം പലമടങ്ങ് വർദ്ധിച്ചു. 2013 ൽ, ഡാറ്റ ഇപ്പോഴുള്ളതുപോലെ താങ്ങാനാവുന്നതല്ലായിരുന്നു. ഇന്ന്, മൊബൈൽ ഫോണുകളിൽ ഉപയോക്തൃ-സൗഹൃദ ആപ്പുകൾ ലഭ്യമാണ്, അവ പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കുപോലും ഉപയോഗിക്കാൻ കഴിയും. നേരത്തെ, ഞാൻ കുംഭ് സഹായക് ചാറ്റ്ബോട്ട് ആരംഭിച്ചു, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉം ചാറ്റ്ബോട്ട് സാങ്കേതികവിദ്യയും കുംഭിൽ ആദ്യമായി ഉപയോഗിക്കുമെന്ന് അടയാളപ്പെടുത്തി. AI-യിൽ പ്രവർത്തിക്കുന്ന ഈ ചാറ്റ്ബോട്ട് 11 ഇന്ത്യൻ ഭാഷകളിൽ ആശയവിനിമയത്തെ പിന്തുണയ്ക്കുന്നു. പാരമ്പര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും ഈ സംയോജനവുമായി ബന്ധപ്പെടാൻ ഞാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ഉദാഹരണത്തിന്, മഹാ കുംഭ് കേന്ദ്രീകരിച്ചുള്ള ഒരു ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കാം, അത് ഐക്യത്തിന്റെ മഹാ യാഗമായി പ്രദർശിപ്പിക്കും. അത്തരം സംരംഭങ്ങൾ യുവാക്കളെ ആകർഷിക്കുകയും പരിപാടിയിൽ അവരുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ ഫോട്ടോഗ്രാഫുകൾ സോഷ്യൽ മീഡിയയിൽ പങ്കിടുമ്പോൾ, എണ്ണമറ്റ നിറങ്ങളും വികാരങ്ങളും നിറഞ്ഞ ഒരു വിശാലവും ഊർജ്ജസ്വലവുമായ ക്യാൻവാസ് അവ സൃഷ്ടിക്കും. സാധ്യതകൾ അനന്തമാണ്. കൂടാതെ, ആത്മീയതയുമായും പ്രകൃതിയുമായും ബന്ധപ്പെട്ട മത്സരങ്ങൾ സംഘടിപ്പിക്കാനും, മഹാ കുംഭമേളയുടെ അനുഭവത്തെ കൂടുതൽ സമ്പന്നമാക്കാനും നിങ്ങൾക്ക് കഴിയും.

സുഹൃത്തുക്കളേ,

ഇന്ന്, ഭാരതം ഒരു വികസിത രാഷ്ട്രമായി മാറുന്നതിലേക്ക് അതിവേഗം മുന്നേറുകയാണ്. ഈ മഹാ കുംഭമേളയിൽ നിന്ന് പുറപ്പെടുന്ന ആത്മീയവും കൂട്ടായതുമായ ഊർജ്ജം നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. മഹാ കുംഭസ്നാനം ചരിത്രപരവും മറക്കാനാവാത്തതുമായ ഒരു അനുഭവമാകട്ടെ. ഗംഗാ, യമുന, സരസ്വതി എന്നീ ദേവന്മാരുടെ സംഗമം മനുഷ്യരാശിക്ക് ക്ഷേമം നൽകട്ടെ - ഇതാണ് ഞങ്ങളുടെ കൂട്ടായ ആഗ്രഹം. പുണ്യനഗരമായ പ്രയാഗ്‌രാജ് (സംഗം നഗരി) സന്ദർശിക്കുന്ന ഓരോ ഭക്തനും ഞാൻ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. ഇപ്പോൾ, എന്നോടൊപ്പം പറയൂ—

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഗംഗാ മാതാ കീ ജയ്!

ഗംഗാ മാതാ കീ ജയ്!

ഗംഗാ മാതാ കീ ജയ്!

വളരെ നന്ദി!

***

SK


(Release ID: 2100286)