യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

വികസിത ഭാരതത്തിനായി യുവശക്തി

Posted On: 03 FEB 2025 1:41PM by PIB Thiruvananthpuram
ന്യൂഡൽഹി, 03 ഫെബ്രുവരി 2025

യുവജനങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും സൃഷ്ടിപരവും സർഗാത്മകവുമായ ഊർജ്ജങ്ങൾ പരമാവധി വിനിയോഗിക്കുന്നതിനുമായി, കേന്ദ്ര യുവജനകാര്യ - കായിക മന്ത്രാലയത്തിന് കീഴിലുള്ള  യുവജനകാര്യ വകുപ്പ്,  വ്യക്തിത്വ നിർമ്മാണത്തിന്റെയും രാഷ്ട്ര നിർമ്മാണത്തിന്റെയും ഇരട്ട ലക്ഷ്യങ്ങൾ പിന്തുടരുന്നു. യുവാക്കളുടെ വ്യക്തിത്വം വികസിപ്പിക്കുകയും  വകുപ്പിന്റെ പ്രാദേശിക  സ്ഥാപനങ്ങളിലൂടെയും വിവിധ പദ്ധതികളിലൂടെയും വിവിധ രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ ഇരട്ടലക്ഷങ്ങളിലൂടെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്നത്.

നാഷണൽ സർവീസ് സ്കീം (എൻ‌എസ്‌എസ്) സ്വമേധയാ ഉള്ള സാമൂഹ്യസേവനത്തിലൂടെ യുവ വിദ്യാർത്ഥികളുടെ  വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. 'സേവനത്തിലൂടെ വിദ്യാഭ്യാസം' എന്നതാണ് എൻ‌എസ്‌എസിന്റെ ലക്ഷ്യം.

അതുപോലെ, നെഹ്‌റു യുവ കേന്ദ്ര സംഗഠൻ (എൻ‌വൈ‌കെ‌എസ്) വിവിധ പരിപാടികളിലൂടെയും ഇടപെടലുകളിലൂടെയും ഗ്രാമീണ യുവാക്കളുടെ ശാക്തീകരണത്തിനും പൗരന്മാരുമായുള്ള ഫലപ്രദമായ ഇടപെടലിനും വേണ്ടി പ്രവർത്തിക്കുന്നു.

കൂടാതെ, അടുത്തിടെ, അമൃത കാലത്തിൽ യുവജനവികസനത്തിനും യുവാക്കളാൽ നയിക്കപ്പെടുന്ന വികസനത്തിനുമായി, യുവജനകാര്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ മേരാ യുവ ഭാരത് (മൈ ഭാരത്) സ്ഥാപിതമായി.

രാജ്യത്തുടനീളമുള്ള യുവാക്കൾക്ക് രജിസ്റ്റർ ചെയ്യാനും പോർട്ടലിൽ ലഭ്യമാക്കുന്ന വിവിധ സന്നദ്ധസേവന അവസരങ്ങൾക്കായി സൈൻ അപ്പ് ചെയ്യാനും കഴിയുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആണ് മൈ ഭാരത് (https://www.mybharat.gov.in/). സാമൂഹികപരിവർത്തനത്തിന് ഉത്തേജകമായി മാറാൻ യുവാക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഭൗതിക-ഡിജിറ്റൽ ആവാസവ്യവസ്ഥ വിഭാവനം ചെയ്തിട്ടുള്ളത്. ഇതുവരെ, 1.65 കോടിയിലധികം യുവാക്കൾ മൈ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

'2047-ഓടെ വികസിത ഇന്ത്യ' എന്ന ലക്ഷ്യം യുവാക്കൾക്കിടയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ഇന്ത്യയുടെ വികസന പരിവർത്തനത്തിൽ യുവാക്കളുടെ ഇടപെടലും നേതൃത്വവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "യുവ കണക്ട്" പരിപാടി വിഭാവനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യുവാക്കളുമായി വിക്ഷിത് ഭാരത് എന്ന ആശയത്തെക്കുറിച്ചുള്ള ചർച്ചകൾക്കൊപ്പമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രമുഖ വ്യക്തികളുമായി സംവദിക്കാനുള്ള അവസരവും ഈ പരിപാടികൾ വഴി യുവാക്കൾക്ക് ലഭിക്കുന്നു.

ദേശീയ സ്വത്വം, പൗര ഇടപെടൽ, സാമൂഹിക ഐക്യം, മാനുഷിക മൂലധന വികസനം, വിമർശനാത്മക ചിന്ത, ശാക്തീകരണം തുടങ്ങിയ മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന ഇത്തരം പരിപാടികൾ  വഴി വിദ്യാർത്ഥികൾ സമൂഹത്തിന്  ക്രിയാത്മകമായി സംഭാവന നൽകാൻ കൂടുതൽ തയ്യാറാകുന്നു. ഈ ഇടപെടലുകൾ വ്യക്തിഗത വളർച്ചയ്‌ക്കൊപ്പം, രാജ്യത്തിന്റെ മൊത്തത്തിലുള്ള ഘടനയെയും  ശക്തിപ്പെടുത്തുന്നു.

കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.

(Release ID: 2099178) Visitor Counter : 24