ധനകാര്യ മന്ത്രാലയം
ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74 ശതമാനത്തിൽനിന്ന് 100 ശതമാനമാക്കി ഉയർത്തി
Posted On:
01 FEB 2025 1:21PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 01 ഫെബ്രുവരി 2025
അടുത്ത അഞ്ച് വർഷത്തിനകം ഇന്ത്യയുടെ വളർച്ചാ സാധ്യതയും ആഗോള മത്സരശേഷിയും വർധിപ്പിക്കുന്ന ആറ് മേഖലകളിൽ പരിവർത്തനാത്മക പരിഷ്കാരങ്ങൾക്ക് തുടക്കമിടുകയെന്നതാണ് 2025-26 ലെ കേന്ദ്രബജറ്റിന്റെ ലക്ഷ്യമെന്ന് പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കവെ കേന്ദ്ര ധന - കോർപ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇൻഷുറൻസ്, പെൻഷന്‍, ഉഭയകക്ഷി നിക്ഷേപ ഉടമ്പടികൾ (ബിഐടി) തുടങ്ങിയവ ഉൾക്കൊള്ളുന്ന സാമ്പത്തികരംഗമാണ് ഈ മേഖലകളിൽ ഒന്ന്.
ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം
ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കി ഉയർത്തുമെന്ന് ശ്രീമതി നിർമല സീതാരാമൻ അറിയിച്ചു. മുഴുവൻ പ്രീമിയവും ഇന്ത്യയിൽ നിക്ഷേപിക്കുന്ന കമ്പനികൾക്കാണ് വർധിപ്പിച്ച പരിധി ലഭ്യമാവുക. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നിലവിലെ നിയന്ത്രണങ്ങളും വ്യവസ്ഥകളും അവലോകനം ചെയ്യുകയും ലളിതവല്‍ക്കരിക്കുകയും ചെയ്യും.
പെൻഷൻ മേഖല
പെൻഷൻ സേവനങ്ങളുടെ നിയന്ത്രണത്തിനും ഏകോപനത്തിനും വികസനത്തിനുമായി ഒരു വേദി രൂപീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.
കെവൈസി ലളിതവൽക്കരണം
കെവൈസി പ്രക്രിയ ലളിതവല്‍ക്കരിക്കുന്നത് സംബന്ധിച്ച മുൻ പ്രഖ്യാപനം നടപ്പാക്കുന്നതിന് പുതുക്കിയ കേന്ദ്രീകൃത കെവൈസി രേഖ 2025 ൽ പുറത്തിറക്കുമെന്ന് ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. വിവരങ്ങള്‍ കാലാനുസൃതമായി പുതുക്കുന്നതിന് കാര്യക്ഷമമായ സംവിധാനവും നടപ്പാക്കും.
കമ്പനികളുടെ ലയനം
കമ്പനി ലയനങ്ങൾക്ക് പെട്ടെന്ന് അംഗീകാരം നൽകുന്നതിനുള്ള ആവശ്യകതകളും നടപടിക്രമങ്ങളും യുക്തിസഹമാക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. അതിവേഗ ലയനങ്ങൾക്ക് സാധ്യതകൾ വര്‍ധിപ്പിക്കുകയും പ്രക്രിയ ലളിതമാക്കുകയും ചെയ്യും.
ഉഭയകക്ഷി നിക്ഷേപ ഉടമ്പടികൾ
'ഇന്ത്യയുടെ വികസനം ആദ്യം’ എന്ന മനോഭാവത്തോടെ സുസ്ഥിര വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലെ മാതൃകാ ഉഭയകക്ഷി നിക്ഷേപ ഉടമ്പടികൾ നവീകരിക്കുകയും കൂടുതൽ നിക്ഷേപക സൗഹൃദമാക്കുകയും ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.
****************
(Release ID: 2098583)
Visitor Counter : 25
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada