ധനകാര്യ മന്ത്രാലയം
‘വളർച്ചാ കേന്ദ്രങ്ങളായി നഗരങ്ങൾ ’ നടപ്പിലാക്കുന്നതിനുള്ള ഒരു ലക്ഷം കോടി നഗര ചലഞ്ച് ഫണ്ട്
Posted On:
01 FEB 2025 1:13PM by PIB Thiruvananthpuram
ജൂലൈ ബജറ്റിൽ പ്രഖ്യാപിച്ച 'വളർച്ചാ കേന്ദ്രങ്ങളായി നഗരങ്ങൾ ’, ‘നഗരങ്ങളുടെ സർഗ്ഗപരമായ പുനർവികസനം’, ‘ജലവും ശുചിത്വവും’ എന്നിവയ്ക്കുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ നഗര ചലഞ്ച്ഫണ്ട് സർക്കാർ രൂപീകരിക്കുമെന്ന് 2025-2026 ലെ ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു.
വിജയകരമാകാൻ സാധ്യതയുള്ള പദ്ധതികളുടെ ചെലവിന്റെ 25 ശതമാനം വരെ ഈ ഫണ്ട് ധനസഹായമായി നൽകുമെന്നും, ചെലവിന്റെ 50 ശതമാനമെങ്കിലും ബോണ്ടുകൾ, ബാങ്ക് വായ്പകൾ, പിപിപികൾ എന്നിവയിൽ നിന്ന് ധനസഹായം നൽകണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. 2025-26 ൽ 10,000 കോടി രൂപ ഇതിനായി വകയിരുത്താൻ നിർദ്ദേശിച്ചു .
ജിയോസ്പേഷ്യൽ അടിസ്ഥാന സൗകര്യങ്ങളും ഡാറ്റയും വികസിപ്പിക്കുന്നതിനായി ദേശീയ ജിയോസ്പേഷ്യൽ ദൗത്യം ആരംഭിക്കുമെന്ന് ബജറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഗതിശക്തി പദ്ധതി ഉപയോഗിച്ച്, ഭൂരേഖകളുടെ ആധുനികവൽക്കരണം, നഗര ആസൂത്രണം, അടിസ്ഥാന സൗകര്യ പദ്ധതികളുടെ രൂപകൽപ്പന എന്നിവ ഈ ദൗത്യം സാധ്യമാക്കും.
നഗരങ്ങളിലെ ദരിദ്രരെയും ദുർബല വിഭാഗങ്ങളെയും സഹായിക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു. നഗര മേഖലയിലെ തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗ്ഗം നേടുന്നതിലും മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്തുന്നതിനും ഉതകുന്ന രീതിയിൽ അവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി ഒരു പദ്ധതി നടപ്പിലാക്കും.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഗിഗ് തൊഴിലാളികൾ ഇന്നത്തെ കാലത്തെ സേവന സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ചലനാത്മകത നൽകുന്നു. അവരുടെ സംഭാവനകൾ തിരിച്ചറിഞ്ഞ്, അവർക്കു തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിനും ഇ-ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ നൽകുന്നതിനും സർക്കാർ ക്രമീകരണം ഒരുക്കും . പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം അവർക്ക് ആരോഗ്യ സംരക്ഷണവും നൽകും. ഈ നടപടി ഏകദേശം ഒരു കോടി ഗിഗ്-തൊഴിലാളികളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉയർന്ന പലിശ നിരക്കുള്ള അനൗപചാരിക മേഖലാ വായ്പകളിൽ നിന്ന് ആശ്വാസം നൽകിക്കൊണ്ട്, പ്രധാനമന്ത്രി സ്വനിധി പദ്ധതി 68 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാർക്ക് പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി എടുത്തുപറഞ്ഞു. ഈ വിജയത്തിന്റെ അടിസ്ഥാനത്തിൽ, ബാങ്കുകളിൽ നിന്നുള്ള വായ്പകൾ, 30,000 രൂപ പരിധിയുള്ള യുപിഐ-ബന്ധിത ക്രെഡിറ്റ് കാർഡുകൾ, നൈപുണ്യ വികസന പിന്തുണ എന്നിവയിലൂടെ ഈ പദ്ധതി നവീകരിക്കും.
താങ്ങാനാവുന്ന ചെലവിൽ ഇടത്തരം വരുമാനക്കാർക്കുള്ള ഭവന നിർമ്മാണത്തിനുള്ള പ്രത്യേക (SWAMIH) പദ്ധതി പ്രകാരം അമ്പതിനായിരം ഭവന യൂണിറ്റുകൾ പൂർത്തിയായതായും ഉപഭോക്താക്കൾക്ക് താക്കോലുകൾ കൈമാറിയതായും അവർ എടുത്തുപറഞ്ഞു. 2025 ൽ മറ്റൊരു നാൽപ്പതിനായിരം യൂണിറ്റുകൾ കൂടി പൂർത്തീകരിക്കും. ഇത് അപ്പാർട്ടുമെന്റുകൾക്കായി എടുത്ത വായ്പകളുടെ തിരിച്ചടച്ചുകൊണ്ട് വാടകവീടുകളിൽ താമസിക്കുന്ന മധ്യവർഗ കുടുംബങ്ങളെ കൂടുതൽ സഹായിക്കും.
ഈ വിജയത്തിന്റെ അടിസ്ഥാനത്തിൽ, സർക്കാർ, ബാങ്കുകൾ, സ്വകാര്യ നിക്ഷേപകർ എന്നിവരുടെ വിഹിതം കൂടി ഉൾപ്പെടെ 'സ്വാമിഹ് ഫണ്ട് 2 ( SWAMIH Fund2) ഒരു സംയോജിത സാമ്പത്തിക സൗകര്യമായി സ്ഥാപിക്കും. 15,000 കോടി രൂപയുടെ ഈ ഫണ്ട് 1 ലക്ഷം ഭവനങ്ങൾ കൂടി വേഗത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
*****
(Release ID: 2098543)
Visitor Counter : 26
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Gujarati
,
Telugu
,
Assamese
,
Bengali
,
Punjabi
,
Odia
,
Tamil
,
Kannada