ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

എല്ലാ നോണ്‍-ഫിനാന്‍ഷ്യല്‍ സെക്ടര്‍ റെഗുലേഷനുകള്‍, സര്‍ട്ടിഫിക്കേഷനുകള്‍, ലൈസന്‍സുകള്‍, അനുമതികള്‍ എന്നിവയുടെ അവലോകനത്തിനായി രൂപീകരിക്കേണ്ട റെഗുലേറ്ററി പരിഷ്‌കാരങ്ങള്‍ക്കായുള്ള ഒരു ഉന്നതതല സമിതി


2025-ല്‍ സംസ്ഥാനങ്ങളുടെ ഒരു നിക്ഷേപ സൗഹൃദ സൂചിക അവതരിപ്പിക്കാന്‍ സര്‍ക്കാര്‍

വിവിധ നിയമങ്ങളിലെ 100-ലധികം വ്യവസ്ഥകള്‍ ഡീക്രിമിനലൈസ് ചെയ്യുന്നതിനായി ജന്‍ വിശ്വാസ് ബില്‍ 2.0 കൊണ്ടുവരും

Posted On: 01 FEB 2025 1:04PM by PIB Thiruvananthpuram


കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി 2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

റെഗുലേറ്ററി പരിഷ്‌കാരങ്ങള്‍

നിയന്ത്രണങ്ങള്‍ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ക്കും ആഗോള നയ സംഭവവികാസങ്ങള്‍ക്കും അനുസൃതമായിരിക്കണമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തത്വങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായ, ഉദാരമായ നിയന്ത്രണ ചട്ടക്കൂട് ഉല്‍പ്പാദനക്ഷമതയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കും. ഈ ചട്ടക്കൂടിലൂടെ പഴയ നിയമങ്ങള്‍ പ്രകാരം ഉണ്ടാക്കിയ നിയന്ത്രണങ്ങള്‍ പരിഷ്‌കരിക്കും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ ഈ ആധുനികവും വഴക്കമാര്‍ന്നതും ജനസൗഹൃദപരവും വിശ്വാസാധിഷ്ഠിതവുമായ നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കുന്നതിന്, ശ്രീമതി. നിര്‍മല സീതാരാമന്‍ നാല് നിര്‍ദ്ദിഷ്ട നടപടികള്‍ നിര്‍ദ്ദേശിച്ചു:

റെഗുലേറ്ററി പരിഷ്‌കാരങ്ങള്‍ക്കായുള്ള ഉന്നതതല സമിതി

സാമ്പത്തികേതര മേഖലയിലെ എല്ലാ നിയന്ത്രണങ്ങളും, സര്‍ട്ടിഫിക്കേഷനുകള്‍, ലൈസന്‍സുകള്‍, അനുമതികള്‍ എന്നിവയുടെ അവലോകനത്തിനായി നിയന്ത്രണ പരിഷ്‌കാരങ്ങള്‍ക്കായി ഒരു ഉന്നതതല സമിതി രൂപീകരിക്കുമെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷത്തിനകം സമിതി ശുപാര്‍ശകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. വിശ്വാസാധിഷ്ഠിത ധനകാര്യ ഭരണം ശക്തിപ്പെടുത്തുകയും 'വ്യാപാരം നടത്താനുള്ള സൗകര്യം' വര്‍ദ്ധിപ്പിക്കുന്നതിന് പരിവര്‍ത്തനപരമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുക എന്നതാണ് ലക്ഷ്യം; പ്രത്യേകിച്ച് പരിശോധനകളുടെയും അനുസരണത്തിന്റെയും കാര്യങ്ങളില്‍. ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.  

സംസ്ഥാനങ്ങളുടെ നിക്ഷേപ സൗഹൃദ സൂചിക
മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനായി 2025ല്‍ സംസ്ഥാനങ്ങളുടെ നിക്ഷേപ സൗഹൃദ സൂചിക ആരംഭിക്കുമെന്നും ശ്രീമതി നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

എഫ് എസ് ഡി സി മെക്കാനിസം
നിലവിലെ സാമ്പത്തിക നിയന്ത്രണങ്ങളുടെയും അനുബന്ധ നിര്‍ദ്ദേശങ്ങളുടെയും ആഘാതം വിലയിരുത്തുന്നതിന് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ആന്‍ഡ് ഡെവലപ്മെന്റ് കൗണ്‍സിലിനു കീഴില്‍ ഒരു സംവിധാനം രൂപീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. കൗണ്‍സിലിന്റെ പ്രതികരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക മേഖലയുടെ വികസനത്തിനും ഒരു ചട്ടക്കൂടുകൂടി രൂപീകരിക്കും.

ജന്‍ വിശ്വാസ് ബില്‍ 2.0
വിവിധ നിയമങ്ങളിലെ 100-ലധികം വ്യവസ്ഥകള്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കുന്നതിനായി സര്‍ക്കാര്‍ ജന്‍ വിശ്വാസ് ബില്‍ 2.0 കൊണ്ടുവരുമെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ അറിയിച്ചു. 2023ലെ ജന്‍ വിശ്വാസ് നിയമത്തില്‍, 180-ലധികം നിയമ വ്യവസ്ഥകള്‍ കുറ്റകരമല്ലാതാക്കിയിരുന്നു.

കഴിഞ്ഞ പത്തു വര്‍ഷമായി സാമ്പത്തികവും സാമ്പത്തികേതരവും ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍, 'വ്യാപാരം നടത്തുന്നത് സുഗമ'മാക്കുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ അചഞ്ചലമായ പ്രതിബദ്ധത പ്രകടിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി പറഞ്ഞു.

***

NK


(Release ID: 2098481) Visitor Counter : 27