ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കമ്പ്യൂട്ടറുകളുള്ള സ്‌കൂളുകളുടെ എണ്ണം 2019-20ല്‍ 38.5 ശതമാനമായിരുന്നത് 2023-24ല്‍ 57.2 ശതമാനമായി വര്‍ദ്ധിച്ചു: സാമ്പത്തിക സര്‍വ്വേ

Posted On: 31 JAN 2025 1:32PM by PIB Thiruvananthpuram

കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് പാർലമെൻറിൽ സമർപ്പിച്ച 2024-25 ലെ സാമ്പത്തിക സര്‍വ്വേ പ്രകാരം, ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ 14.72 ലക്ഷം സ്‌കൂളുകളിലായി, 24.8 കോടി വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസം നേടുകയും 98 ലക്ഷം അദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു (UDISE+ 2023-24).  മൊത്തം  എണ്ണത്തിൽ 69 ശതമാനം വരുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ 50 ശതമാനം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുകയും 51 ശതമാനം അദ്ധ്യാപകര്‍ ജോലി ചെയ്യുകയും ചെയ്യുന്നു, അതേ സമയം 22.5 ശതമാനമുള്ള സ്വകാര്യ സ്‌കൂളുകളില്‍ 32.6 ശതമാനം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുകയും 38 ശതമാനം അദ്ധ്യാപകര്‍ ജോലി ചെയ്യുകയും ചെയ്യുന്നു.

 സ്കൂൾ പേർചേർക്കൽ അനുപാതം (GER) 2030-ാടെ 100% ല്‍ എത്തിക്കുന്നതിനാണ് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (NEP) ലക്ഷ്യമിടുന്നത് എന്ന് സര്‍വ്വേ എടുത്തുകാണിക്കുന്നു. പ്രാഥമിക തലത്തില്‍ GER സാര്‍വ്വത്രിക വിദ്യാഭ്യാസത്തോട് അടുത്താണ് (93%), സെക്കന്‍ഡറി തലത്തിലും (77.4 %) ഹയര്‍ സെക്കന്‍ഡറിതലത്തിലും (56.2 %) ഈ വിടവു നികത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു, ഇത് രാജ്യത്തെ എല്ലാവര്‍ക്കും സമ്പൂര്‍ണ്ണവും തുല്യവുമായ വിദ്യാഭ്യാസം എന്ന കാഴ്ച്ചപ്പാടിനോട് അടുപ്പിക്കുന്നു.

സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ നിരക്ക് സമീപ വര്‍ഷങ്ങളില്‍ ക്രമാനുഗതമായി കുറഞ്ഞ് പ്രൈമറിതലത്തില്‍ 1.9,   അപ്പര്‍ പ്രൈമറിതലത്തില്‍ 5.2, സെക്കന്‍ഡറിതലത്തില്‍ 14.1 ശതമാനത്തിലും എത്തി.

ശുചിത്വം, വിവര സാങ്കേതിക വിദ്യ (ഐസിടി) ഉള്‍പ്പടെയുള്ള  സൗകര്യങ്ങള്‍ മെച്ചപ്പെട്ടത് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കിയെന്നതു ശ്രദ്ധേയമാണ്. UDISE+ 2023-24 റിപ്പോര്‍ട്ട് പ്രകാരം, കമ്പ്യൂട്ടറുകളുള്ള സ്‌കൂളുകളുടെ എണ്ണം  2019-20ല്‍  38.5 ശതമാനമായിരുന്നത് 2023-24ല്‍ 57.2 ശതമാനമായി വര്‍ദ്ധിച്ചു. അതുപോലെ ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്‌കൂളുകളുടെ എണ്ണം 2029-20ല്‍ 22.3 ശതമാനം ആയിരുന്നത് 2023-24ല്‍ 53 ശതമാനമായി ഉയര്‍ന്നു.



കുട്ടിക്കാലത്തെ പരിചരണവും വിദ്യാഭ്യാസവും (Early Childhood Care and Education -ECCE)  ആയി ബന്ധപ്പെട്ട മേഖല ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ 2024 ഏപ്രിലില്‍ ഇസിസിഇക്കായി ദേശീയ പാഠ്യ പദ്ധതി- ആധാര്‍ശില, ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്റ്റിമുലേഷന്‍ ദേശീയ ചട്ടക്കൂട്- നവചേതന എന്നിവ ആരംഭിച്ചു. കുട്ടികളുടെ ജനനം മുതല്‍ മൂന്നു വയസുവരെ സമഗ്രവികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നവചേതന 36 മാസത്തെ ഉത്തേജക കലണ്ടര്‍ പ്രകാരം പ്രായാധിഷ്ഠിതമായ 140 പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നൽ നല്‍കുന്നു. ആധാര്‍ശില, 3 മുതല്‍ 6 വയസു വരെയുള്ള കുട്ടികള്‍ക്കായി വിനോദത്തെ അടിസ്ഥാനമാക്കിയുള്ള  130ലധികം പ്രവര്‍ത്തനങ്ങളിലൂടെ  സ്വന്തം നിലയിലും അദ്ധ്യാപകരുടെ നേതൃത്വത്തിലുമുള്ള കുട്ടികളുടെ പഠനത്തെ പിന്തുണയ്ക്കുന്നു.

വിടവു നികത്തല്‍: വിദ്യാഭ്യാസത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ഡിജിറ്റല്‍ സാക്ഷരതയുടെ അനിവാര്യതയും

ഡിജിറ്റല്‍ വിവരങ്ങള്‍ വിശകലനം ചെയ്യുക, സമന്വയിപ്പിക്കുക, ആശയവിനിമയം നടത്തുക തുടങ്ങിയ വൈദഗ്ധ്യങ്ങൾ നേടിയെടുക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ മത്സരക്ഷമതയുള്ളവരായി തുടരുന്നതു ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തുന്നു. ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റം പുതിയ ഡിജിറ്റല്‍ രീതികളെയും അദ്ധ്യാപന രീതികളെയും കുറിച്ചു അദ്ധ്യാപകര്‍ കാലികമായ വിവരങ്ങള്‍ നേടേണ്ടത് അനിവാര്യമാക്കുന്നു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, അദ്ധ്യാപകരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കായി അവരെ സജ്ജരാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി അത്യാധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ടീച്ചര്‍ ആപ്പ് സര്‍ക്കാര്‍ ആരംഭിച്ചു. സാങ്കേതികവിദ്യയുടെ സംയോജനത്തിലൂടെ ചെലവുകുറഞ്ഞ പരിഹാരമാര്‍ഗ്ഗങ്ങള്‍ അവതരിപ്പിക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം വിശാലമായ ജനവിഭാഗത്തിനു കൂടുതല്‍ പ്രാപ്യമാക്കുന്നതും ഉള്‍ക്കൊള്ളിക്കുന്നതുമാണ്. വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനു , സാങ്കേതിക സംയോജനം മൂന്നു പ്രധാന മേഖലകളിലായി കേന്ദ്രീകരിക്കാം: അദ്ധ്യാപകരുടെ നൈപുണ്യവികസനം, കുട്ടികളുടെ പഠനം, വ്യവസായങ്ങള്‍ക്കനുയോജ്യമായ കഴിവുകള്‍, സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവയുടെ സംയോജനം, വ്യക്തിഗത പഠന സോഫ്റ്റ്‌വേറുകളുടെ നിര്‍മ്മാണം എന്നീ മേഖലകളില്‍ നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം.

ഉന്നത വിദ്യാഭ്യാസം

2014ല്‍-15ല്‍ 3.42 കോടിയില്‍ നിന്നും 26.5 ശതമാനം വര്‍ദ്ധനയോടെ 2021-22ല്‍ 4.33 കോടി വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടി. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സമ്പ്രദായം ആഗോളതലത്തില്‍ ഉന്നത സ്ഥാനത്താണ് എന്നു ഇത് വ്യക്‌തമാക്കുന്നുവെന്നു സര്‍വ്വേ പരാമര്‍ശിക്കുന്നു. ഇതേ കാലയളവില്‍ (2024-15 മുതല്‍ 2021-23 വരെ) 18-23 പ്രായക്കാരുടെ GER 23.7 % ല്‍ നിന്നും 28.74 % ആയി ഉയര്‍ന്നു. 2035ഓടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് GER 50 ശതമാനമായി ഉയര്‍ത്തുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് വിദ്യാഭ്യാസ ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും ഇരട്ടിയാക്കേണ്ടതുണ്ട്.

പോയവർഷങ്ങളിൽ ഉന്നത വിദ്യാഭ്യാസ സാഹചര്യങ്ങളില്‍ കാര്യമായ പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടെന്നു സര്‍വ്വേ എടുത്തുകാട്ടുന്നു. മൊത്തം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (HEIs) 2014-15ല്‍ 51,534 എണ്ണം ആയിരുന്നത് 13.8 ശതമാനം വര്‍ദ്ധിച്ച് 2022-23ല്‍ 58,643 ആയി.

 

2014

2023

Indian Institutes of Technology

16

23

Indian Institutes of Management

13

20

Universities

723

1213 in 2024

Medical colleges

387 in 2013-14

780 in 2024-25

 

2040-ാടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മള്‍ട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളായി മാറും. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍; പിന്നോക്കം നില്‍ക്കുന്നതും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ/ ജീവകാരുണ്യ സര്‍വ്വകലാശാലകള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍; ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഓപ്പണ്‍ ഡിസ്റ്റന്‍സ് പഠനവും (ODL);  കൂടാതെ ലഭ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പഠന സാമഗ്രികളും ഭിന്നശേഷിക്കാര്‍ക്കു പ്രാപ്യമാക്കുക എന്നിവ ഈ നടപടികളില്‍ ഉള്‍പ്പെടുന്നു. ദേശീയ വിദ്യാഭ്യാസ നയം ' ഇന്ത്യയെ ആഗോള വിജ്ഞാന സൂപ്പര്‍ പവര്‍ ആക്കണമെന്ന് ' ആവശ്യപ്പെടുന്നു എന്ന്  2024-25 സാമ്പത്തിക സര്‍വ്വേ പ്രസ്താവിക്കുന്നു.
 
*****

(Release ID: 2098076) Visitor Counter : 9