ധനകാര്യ മന്ത്രാലയം
വ്യവസായവൽക്കരണത്തിൻ്റെ തോത് സംസ്ഥാനങ്ങൾ തോറും വ്യത്യാസപ്പെടുന്നു; ചില സംസ്ഥാനങ്ങൾ അവരുടെ ജനങ്ങൾക്ക് ഉയർന്ന വരുമാന നിലവാരം സൃഷ്ടിക്കുന്നതിന് വ്യാവസായിക മേഖലകളെ പ്രയോജനപ്പെടുത്തുന്നതിൽ മികച്ചു നിൽക്കുന്നു: സാമ്പത്തിക സർവേ 2024-25
മുൻഗണനാടിസ്ഥാനത്തിൽ ബിസിനസ് പരിഷ്കരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സംസ്ഥാനങ്ങളെ സാമ്പത്തിക സർവേ പ്രോത്സാഹിപ്പിക്കുന്നു
വ്യത്യസ്തമായ ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ വ്യാവസായിക തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്
Posted On:
31 JAN 2025 2:06PM by PIB Thiruvananthpuram
വ്യാവസായികവൽക്കരണത്തിൻ്റെ തോത് സംസ്ഥാനങ്ങളിലുടനീളം വ്യത്യാസപ്പെടുന്നുവെന്നും ചില സംസ്ഥാനങ്ങൾ അവയുടെ വ്യാവസായിക മേഖലകളിലൂടെ ജനങ്ങൾക്ക് ഉയർന്ന വരുമാനം സൃഷ്ടിക്കുന്നതിൽ മികച്ചു നിൽക്കുന്നെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2024-25 പറയുന്നു. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ ചുരുക്കം ചില സംസ്ഥാനങ്ങളിൽ വ്യവസായവൽക്കരണത്തിൻ്റെ തോതിൽ വ്യക്തമായ പാറ്റേണുകൾ ഉണ്ടെന്ന് സർവേ പരാമർശിക്കുന്നു. ഈ സംസ്ഥാനങ്ങൾ വ്യാവസായിക മേഖലയിൽ തങ്ങൾക്കുള്ള ഉയർന്ന ആശ്രിതത്വം, ജനങ്ങൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്താനായി ഉപയോഗപ്പെടുത്തുന്നു.
നാല് സംസ്ഥാനങ്ങൾ - പടിഞ്ഞാറൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവ - മൊത്തം വ്യാവസായിക ജിഎസ്വിഎയുടെ 43 ശതമാനവും വഹിക്കുന്നുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. ഇതിനു വിപരീതമായി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആറ് സംസ്ഥാനങ്ങൾ (സിക്കിമും അസമും ഒഴികെ), വ്യാവസായിക ജിവിഎയുടെ 0.7 ശതമാനം മാത്രമാണ് വഹിക്കുന്നതെന്ന് സർവേ പരാമർശിക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പോലുള്ള വ്യത്യസ്തമായ ഭൂപ്രദേശത്തിന് അനുയോജ്യമായ വ്യാവസായിക തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും സർവേ കൂട്ടിച്ചേർക്കുന്നു.
ചിത്രം 1: വ്യവസായവൽക്കരണത്തിൻ്റെ തലത്തിലെ വലിയ അന്തർ സംസ്ഥാന വ്യത്യാസങ്ങൾ
അടിസ്ഥാന സൗകര്യ വികസനം, നഗരവൽക്കരണം, റിയൽ എസ്റ്റേറ്റ് പ്രവണതകൾ എന്നിവയുമായി അടുത്ത ബന്ധമുള്ള നിർമാണ പ്രവർത്തനങ്ങളും സംസ്ഥാനങ്ങൾ തോറും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിൽ, മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വ്യവസായം താരതമ്യേന കുറവാണെന്നും എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇത് വേറിട്ടു നിൽക്കുന്നുവെന്നും സംസ്ഥാനത്തിന്റെ വ്യാവസായിക ജിവിഎയുടെ പകുതിയോളം സംഭാവന ചെയ്യുന്നത് നിർമ്മാണ പ്രവർത്തനങ്ങൾ വഴിയാണെന്നും സർവേ സൂചിപ്പിക്കുന്നു.
ചിത്രം 2: വ്യാവസായിക പ്രവർത്തനത്തിൻ്റെ പൊതുവായ പാറ്റേണിൽ നിന്നും വേറിട്ടുള്ള നിർമ്മാണ പ്രവർത്തനത്തിൻ്റെ പാറ്റേൺ
മൊത്തം വ്യാവസായിക ഉൽപ്പാദനത്തിൽ 8 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഖനന മേഖലയാണെന്നും സർവേ വിശകലനം ചെയ്യുന്നു. ഖനന പ്രവർത്തനങ്ങൾ അസം, ഛത്തീസ്ഗഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് ഉയർന്ന തോതിൽ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മൊത്തം സംസ്ഥാനങ്ങളുടെയും ഖനന GSVA യുടെ 60 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങൾ വഹിക്കുന്നുവെന്നും സർവേ വ്യക്തമാക്കുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളിലുടനീളം സാമ്പത്തിക വളർച്ചാ രീതികൾ രൂപപ്പെടുത്തുന്നതിൽ സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന നയങ്ങൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന് വിവിധ ഗവേഷണ പ്രബന്ധങ്ങളെ ഉദ്ധരിച്ച് സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു. നിയന്ത്രണങ്ങൾക്കു വിധേയമായ പരിതസ്ഥിതി, അടിസ്ഥാന സൗകര്യ വികസനം, സംസ്ഥാന തലത്തിലുള്ള പരിഷ്കാരങ്ങൾ തുടങ്ങിയ ഘടകങ്ങൾ വ്യാവസായിക വളർച്ചാ രീതികളെ സാരമായി സ്വാധീനിക്കുന്നതായും സർവേ സൂചിപ്പിക്കുന്നു.
ചില വ്യാവസായിക അല്ലെങ്കിൽ സേവന മേഖലകളിൽ ഉന്മേഷം കൈവരിക്കുന്നതിന് സംസ്ഥാനങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ ബിസിനസ് പരിഷ്കരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്ക് സർവേ പ്രസക്തമായി വിരൽ ചൂണ്ടുന്നു. ബിസിനസുകൾക്ക് പ്രവർത്തനം ആരംഭിക്കുന്നതിനും വളരുന്നതിനും സംസ്ഥാനങ്ങൾ സൗകര്യമൊരുക്കണമെന്ന് സർവേ പറയുന്നു; അതുവഴി ജീവിതനിലവാരവും പ്രതിശീർഷവരുമാനവും വേഗത്തിൽ സാമ്യത പ്രാപിക്കുന്നു.
***
SK
(Release ID: 2098032)
Visitor Counter : 16