ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഉന്നതനിലവാരത്തില്‍‌ കരുത്തുറ്റ പൊതു കംപ്യൂട്ടിംഗ് സൗകര്യത്തോടെ താങ്ങാവുന്ന ചെലവിൽ സുരക്ഷിതവും തദ്ദേശീയവുമായ എഐ മാതൃക ഉടൻ പുറത്തിറക്കാൻ ഇന്ത്യ സജ്ജമെന്ന് ശ്രീ അശ്വിനി വൈഷ്ണവ്

മണിക്കൂറിന് 2.5 മുതൽ 3 ഡോളർ വരെ ചെലവ് വരുന്ന ആഗോള മാതൃകകളെ അപേക്ഷിച്ച് ഇന്ത്യൻ എഐ മാതൃകയ്ക്ക് 40% സർക്കാർ സബ്‌സിഡിയോടെ ചെലവ് മണിക്കൂറിന് 100 രൂപയിൽ താഴെ മാത്രം; ആകർഷകമായ അർധവാർഷിക, വാർഷിക പദ്ധതികളിലൂടെ ഇത് വീണ്ടും കുറയും

Posted On: 30 JAN 2025 7:48PM by PIB Thiruvananthpuram

കുറഞ്ഞ ചെലവിൽ സുരക്ഷിതവും തദ്ദേശീയവുമായ എഐ മാതൃക  സ്വന്തമായി പുറത്തിറക്കാനൊരുങ്ങി ഇന്ത്യ. ഇലക്ട്രോണിക്സ് - വിവര സാങ്കേതിക, റെയിൽവെ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് ന്യൂഡൽഹിയിലെ ഇലക്ട്രോണിക്സ് നികേതനിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.



ഉന്നത നിലവാരമുള്ള പൊതു കംപ്യൂട്ടിങ് സൗകര്യത്തിന്റെ പിന്തുണയോടെ ഇന്ത്യൻ ഭാഷകളുപയോഗിച്ച് ഇന്ത്യൻ സാഹചര്യത്തിനനുയോജ്യമായ തദ്ദേശീയ എഐ പരിഹാരങ്ങൾ ആവശ്യമായ വിധത്തിൽ മാറ്റിയെടുക്കുന്നത്തിലേക്ക് അടുക്കുകയാണ് ഇന്ത്യയുടെ എഐ ദൗത്യം. ശാസ്ത്രജ്ഞർ, ഗവേഷകർ, മാതൃകകൾ വികസിപ്പിക്കുന്നവർ, കോഡിങ് ചെയ്യുന്നവർ തുടങ്ങിയവരെല്ലാം ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം അടിസ്ഥാന മാതൃകകളിൽ പ്രവർത്തിക്കുന്നതിനാൽ നിലവിലെ വേഗത്തിൽ മുന്നോട്ടുപോയാൽ ഇന്ത്യൻ എഐ മാതൃക 6 മാസത്തിനകം തയ്യാറാകുമെന്നും കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. “പ്രധാനമന്ത്രിയുടെ സാമ്പത്തിക ചിന്താഗതി  എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. പിരമിഡിന്റെ അടിത്തട്ടിലുള്ളവരെ സാമ്പത്തികമായി ശാക്തീകരിക്കാൻ ആധുനിക സാങ്കേതികവിദ്യ എല്ലാവർക്കും പ്രാപ്യമാക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു” -  കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു.



മണിക്കൂറിൽ 2.5 മുതൽ 3 ഡോളർ വരെ ചെലവ് വരുന്ന ആഗോള മാതൃകകളെ അപേക്ഷിച്ച് ഇന്ത്യൻ എഐ മാതൃകയ്ക്ക് 40% സർക്കാർ സബ്‌സിഡിയോടെ മണിക്കൂറിൽ 100 രൂപയിൽ താഴെ മാത്രമേ ചെലവ് വരൂ. ആകർഷകമായ അർധവാർഷിക, വാർഷിക പദ്ധതികൾ ഈ ചെലവ് വീണ്ടും കുറയ്ക്കും.
 


അൽഗൊരിതത്തിൻ്റെ കാര്യക്ഷമത നൈതികമായി പരിശോധിക്കുന്നതിനും വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനുമായി  ഒരേസമയം നടക്കുന്ന എട്ട് വ്യത്യസ്ത ശ്രമങ്ങൾ ഈ രംഗത്തെ  പ്രധാന സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുന്നു.

  • മെഷീൻ അൺലേണിംഗ് (ഐഐടി ജോധ്പൂർ)
  • സിന്തറ്റിക് ഡാറ്റ ജനറേഷൻ (ഐഐടി റൂർക്കി)
  • എഐ പക്ഷപാതിത്വ ലഘൂകരണ നടപടികൾ (എൻഐടി റായ്പൂർ)
  • എഐ വിശദീകരണ ചട്ടക്കൂട് (ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി, പൂനെ & മൈൻക്രാഫ്റ്റ് ടെക്നോളജീസ്)
  • സ്വകാര്യത മെച്ചപ്പെടുത്തൽ നടപടികൾ (ഐഐടി ഡൽഹി, ഐഐഐടി ഡൽഹി, ഐഐടി ധാർവാഡ് & ടെലികോം എഞ്ചിനീയറിംഗ് സെന്റർ, ടിഇസി)
  • എഐ ധാർമിക സാക്ഷ്യപത്ര ചട്ടക്കൂട് (ഐഐഐടി ഡൽഹി & ടിഇസിയിൽ ടൂൾ നിഷ്പക്ഷ് വികസിപ്പിക്കുന്നു)
  • എഐ അൽഗൊരിത പരിശോധനാചട്ടക്കൂട്  (സിവിക് ഡാറ്റ ലാബ്സ് വികസിപ്പിക്കുന്ന ടൂൾ പരഖ്)
  • എഐ ഭരണനിർവഹണ പരിശോധനാ ചട്ടക്കൂട് (അമൃത വിദ്യാപീഠം & ടെലികോം എഞ്ചിനീയറിംഗ് സെന്റർ)


AI സേവനങ്ങൾ ക്ലൗഡിൽ ചേർക്കൽ

2024 മാർച്ചിൽ 10,372 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ ഇന്ത്യാഎഐ ദൗത്യത്തിന് ഭാരതസർക്കാർ അംഗീകാരം നൽകിയിരുന്നു. നിലവിലെ എഐ ആവാസവ്യവസ്ഥയിലെ വിടവുകൾ നികത്തുകയും എഐ സാങ്കേതികവിദ്യയുടെയും ആപ്ലിക്കേഷനുകളുടെയും വികസനകേന്ദ്രമായി ഇന്ത്യയെ ഉയർത്തുകയുമായിരുന്നു ലക്ഷ്യം.

ഇന്ത്യ എഐ സുരക്ഷാ പഠനകേന്ദ്രം സ്ഥാപിക്കൽ

എഐ അപകടസാധ്യതകളും സുരക്ഷാ വെല്ലുവിളികളും പരിഹരിക്കുന്നതിന് ഇന്ത്യഎഐ ദൗത്യത്തിൻ്റെ സുരക്ഷയുടെയും വിശ്വാസ്യതയുടെയും അടിസ്ഥാനത്തിൽ ഇന്ത്യഎഐ സുരക്ഷാ പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. സുരക്ഷയും എഐയിലുള്ള വിശ്വാസവും  ഉറപ്പാക്കുന്നതിന് അക്കാദമിക മേഖല, സ്റ്റാർട്ടപ്പുകൾ, വ്യാവസായിക രംഗം, സർക്കാർ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയടക്കം എല്ലാ പ്രസക്ത പങ്കാളികളുമായും ഇന്ത്യഎഐ സുരക്ഷാ പഠനകേന്ദ്രം ചേർന്നു പ്രവർത്തിക്കും. ഇന്ത്യൻ വിവരശേഖരങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, ഭാഷാ വൈവിധ്യത്തിന് അനുയോജ്യമായ രീതിയിൽ തദ്ദേശീയ ഗവേഷണവും വികസനവും ഈ കേന്ദ്രം മുന്നോട്ടുകൊണ്ടുപോകും.

പൗരന്മാർക്ക് പ്രയോജനമേകാൻ  എഐ ആപ്ലിക്കേഷനുകൾ

കൃഷി, ആരോഗ്യ സംരക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്തനിവാരണം തുടങ്ങിയ നിർണായക മേഖലകളിൽ നിർമിതബുദ്ധി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിലാണ് ഇന്ത്യഎഐ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാമൂഹ്യ നേട്ടങ്ങൾക്കായി എഐ ഉപയോഗപ്പെടുത്തുന്നതിന് ഈ മേഖലകളിൽ പതിനെട്ട് ആപ്ലിക്കേഷനുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, പഠന വൈകല്യങ്ങൾ, കാർഷിക സാങ്കേതിക പരിഹാരങ്ങൾ തുടങ്ങിയ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് ദശലക്ഷക്കണക്കിന് ജനങ്ങളുടെ ക്ഷേമത്തിന് എഐ സംഭാവന നൽകുന്നുണ്ടെന്ന് ഈ സംരംഭം  ഉറപ്പാക്കും.

ഭാവി ആസൂത്രണവും സുസ്ഥിരതയും

ദീർഘകാല സുസ്ഥിരതയോടെ നാല് വർഷത്തേക്കാണ്  ഇന്ത്യ എഐ ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്. അർധചാലക ദൗത്യത്തിൽ 30 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യയുടെ എഐ മേഖലയിലെ സ്വപ്നങ്ങള്‍ രാജ്യത്തിൻ്റെ വിശാല സാങ്കേതിക ദർശനത്തോട് ചേർന്നുനിൽക്കുന്നു.

ഇലക്ട്രോണിക്സ് -  വിവരസാങ്കേതിക സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ, ഇലക്ട്രോണിക്സ് -  വിവരസാങ്കേതിക മന്ത്രാലയ അഡീഷണൽ സെക്രട്ടറിയും ഇന്ത്യഎഐ സിഇഒയുമായ ശ്രീ അഭിഷേക് സിംഗ്, ഇന്ത്യഎഐ സിഒഒ ശ്രീമതി കവിത ഭാട്ടിയ, എൻഇജിഡി പി&സിഇഒ യും ഡിഐസി സിഇഒ യുമായ ശ്രീ നന്ദ് കുമാരം, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 
*****

(Release ID: 2097802) Visitor Counter : 11