ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദുരന്ത ലഘൂകരണത്തിന് വിവിധ സംസ്ഥാനങ്ങൾക്ക് 3027.86 കോടി രൂപ അനുവദിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി  



ദുരന്ത പ്രതിരോധ ഇന്ത്യയെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിന് ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശപ്രകാരം രാജ്യത്ത് ഫലപ്രദമായ ദുരന്ത പ്രതിരോധ നിര്‍വഹണം ഉറപ്പാക്കാൻ നിരവധി സംരംഭങ്ങളുമായി ആഭ്യന്തര മന്ത്രാലയം

വരൾച്ചാ സാധ്യതയുള്ള 12 സംസ്ഥാനങ്ങൾക്ക് 2022.16 കോടി രൂപയുടെ സാമ്പത്തിക ഉത്തേജനം  നൽകുന്ന പദ്ധതിക്ക് ഉന്നതതല സമിതിയുടെ അംഗീകാരം

10 സംസ്ഥാനങ്ങളിലെ മിന്നൽ സുരക്ഷാ പദ്ധതിക്ക് 186.78 കോടി രൂപ വകയിരുത്താനും അനുമതി

19 സംസ്ഥാനങ്ങളിലെ 144  മുൻഗണനാ ജില്ലകളിൽ  818.92 കോടി രൂപയുടെ  കാട്ടുതീ അപകട  ലഘൂകരണ പദ്ധതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ  അംഗീകാരം  

രാജ്യത്ത് ദുരന്ത അപകട ലഘൂകരണ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ ദുരന്തങ്ങളില്‍ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുന്നത് തടയാൻ നിരവധി നടപടികളുമായി മോദി സർക്കാർ

നടപ്പുസാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് ഇതിനകം അനുവദിച്ചത് 24,981 കോടിയിലധികം രൂപ

Posted On: 29 JAN 2025 8:21PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി (എച്ച്എൽസി) വിവിധ സംസ്ഥാനങ്ങളിലെ ദുരന്ത ലഘൂകരണ പദ്ധതികൾക്കായി 3027.86 കോടി രൂപ അനുവദിച്ചു. 10 സംസ്ഥാനങ്ങളിലെ കനത്ത ഇടിമിന്നൽ സാധ്യതയുള്ള 50 ജില്ലകളില്‍ മിന്നൽ അപകടസാധ്യതാ ലഘൂകരണ പദ്ധതിയും  വരൾച്ചാ സാധ്യതയേറിയ 12 സംസ്ഥാനങ്ങളിലെ 49 ജില്ലകൾക്കുള്ള സാമ്പത്തിക ഉത്തേജനവും സംബന്ധിച്ച നിര്‍ദേശങ്ങള്‍ ധനമന്ത്രി, കൃഷി മന്ത്രി, നീതി ആയോഗ് ഉപാധ്യക്ഷന്‍ എന്നിവർ അംഗങ്ങളായ സമിതി പരിഗണിച്ചു.

വരൾച്ചാ സാധ്യതയേറിയ 12 സംസ്ഥാനങ്ങൾക്കായി ഉന്നതതല സമിതി അംഗീകാരം നൽകിയ 2022.16 കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പദ്ധതിയില്‍ 1200 കോടി രൂപ കേന്ദ്ര വിഹിതമായിരിക്കും. ആന്ധ്രാപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവയാണ് ഈ 12 സംസ്ഥാനങ്ങൾ.

ആന്ധ്രപ്രദേശ്, ബീഹാർ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ പത്ത് സംസ്ഥാനങ്ങള്‍ക്കായി  186.78 കോടി രൂപയുടെ മിന്നൽ സുരക്ഷാ പദ്ധതിയ്ക്കും സമിതി അംഗീകാരം നൽകി.

19 സംസ്ഥാനങ്ങളിലെ 144  മുൻഗണനാ ജില്ലകളില്‍ നടപ്പിലാക്കുന്ന 818.92 കോടി രൂപയുടെ കാട്ടുതീ അപകടസാധ്യതാ  ലഘൂകരണ പദ്ധതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അംഗീകാരം നൽകി. ഇതിൽ NDMF, NDRF ഫണ്ടുകളില്‍നിന്നുള്ള കേന്ദ്ര വിഹിതം 690.63 കോടി രൂപയായിരിക്കും. രാജ്യത്ത് കാട്ടുതീ നിയന്ത്രണ സമീപനത്തില്‍ മാറ്റംവരുത്തുകയും അതുവഴി കാട്ടുതീ പ്രതിരോധ -  ലഘൂകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്യുകയെന്നതാണ്  പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, കർണാടക, കേരളം, മണിപ്പൂർ, മഹാരാഷ്ട്ര, മിസോറാം, മധ്യപ്രദേശ്, മേഘാലയ, നാഗാലാൻഡ്, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കാട്ടുതീ ലഘൂകരണത്തിനും പ്രതിരോധ തയ്യാറെടുപ്പിനും തീപ്പിടിത്താനന്തര വിലയിരുത്തലിനും വീണ്ടെടുക്കലിനും ആവശ്യമായ പ്രവർത്തനങ്ങൾ സംബന്ധിച്ച്  നിർദ്ദേശങ്ങൾ സമർപ്പിക്കും.

ദുരന്ത പ്രതിരോധ ഇന്ത്യ എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിന് ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശപ്രകാരം  രാജ്യത്തെ ദുരന്തങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് നിരവധി സംരംഭങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടപ്പാക്കിവരുന്നത്.  രാജ്യത്തെ ദുരന്ത അപകട ലഘൂകരണ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ ദുരന്തങ്ങളിലെ വ്യാപകമായ ജീവഹാനിയും സ്വത്തുനാശവും തടയാന്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഈ നിർദേശങ്ങൾക്ക് മുന്‍‍പ് മറ്റുചില പദ്ധതികൾക്കും ഉന്നതതല സമിതി NDMF-ൽ നിന്ന് സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. ഏഴ് പ്രധാന നഗരങ്ങളിലെ നഗര വെള്ളപ്പൊക്ക അപകട ലഘൂകരണ പദ്ധതികൾക്ക് 3075.65 കോടി രൂപയും 4 സംസ്ഥാനങ്ങളിലെ ജിഎൽഒഎഫ് അപകട ലഘൂകരണത്തിന് 150 കോടി രൂപയും 15 സംസ്ഥാനങ്ങളിലെ മണ്ണിടിച്ചിൽ അപകടസാധ്യതാ ലഘൂകരണത്തിന് 1000 കോടി രൂപയുമാണ് നേരത്തെ  അനുവദിച്ചത്.

കൂടാതെ നടപ്പുസാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് ഇതിനകം  24,981 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്. 27 സംസ്ഥാനങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്ന് അനുവദിച്ച 17479.60 കോടി രൂപയും 18 സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്ന് അനുവദിച്ച 4808.30 കോടി രൂപയും, 13 സംസ്ഥാനങ്ങൾക്ക്  സംസ്ഥാന ദുരന്ത ലഘൂകരണ നിധിയിൽ (SDMF) നിന്ന് അനുവദിച്ച 1973.55 കോടി രൂപയും 8 സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽ (NDMF) നിന്ന് അനുവദിച്ച 719.72 കോടി രൂപയും ഇതിലുൾപ്പെടുന്നു.

(Release ID: 2097540) Visitor Counter : 14