വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മഹാകുംഭമേള 2025: മൗനി അമാവാസിയിൽ ഭക്തരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും പ്രത്യേക തയ്യാറെടുപ്പുകളുമായി മേള ഭരണകൂടവും പൊലീസും
ബാരിക്കേഡുകളിലും പോണ്ടൂൺ പാലങ്ങളിലും തിരക്കൊഴിവാക്കാനും ക്ഷമയോടെ വരിയായി നീങ്ങുന്നതില്‍ അച്ചടക്കം പാലിക്കാനും ഭക്തർക്ക് നിർദേശം; ക്രമസമാധാന പാലനത്തിൽ പൊലീസുമായി സഹകരിക്കുക; പ്രശ്ന സാഹചര്യങ്ങളില്‍ പൊലീസ് സഹായം തേടുക
Posted On:
28 JAN 2025 6:32PM by PIB Thiruvananthpuram
2025-ലെ മഹാകുംഭമേളയുടെ മൗനി അമാവാസി ദിനത്തിൽ ദശലക്ഷക്കണക്കിന് ഭക്തരാണ് പ്രയാഗ്രാജിൽ എത്തിച്ചേരുന്നത്. അവരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ മേള ഭരണകൂടം പ്രത്യേക ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഭക്തരെ സഹായിക്കുന്നതിന് മേള പൊലീസിന്റെയും ട്രാഫിക് പൊലീസിന്റെയും പ്രത്യേക ഡോക്ടർമാരുടെയും സംഘങ്ങൾ 24 മണിക്കൂറും സജ്ജമാണ്.
മൗനി അമാവാസിയിലെ രണ്ടാം അമൃത സ്നാനത്തിനായി പ്രത്യേക തയ്യാറെടുപ്പുകൾ പൂര്‍ത്തീകരിച്ചതായി മഹാകുംഭ് നഗർ സീനിയർ പോലീസ് സൂപ്രണ്ട് ശ്രീ രാജേഷ് ദ്വിവേദി പറഞ്ഞു. ജാഗ്രത പാലിക്കാനും കിംവദന്തികൾ ഒഴിവാക്കാനും ഭക്തരോട് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തില്‍ പൊലീസുമായി സഹകരിക്കാനും പ്രശ്ന സാഹചര്യങ്ങളില്‍ പൊലീസ് സഹായം തേടാനും അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഭക്തരെ സഹായിക്കാൻ പൊലീസും ഭരണകൂടവും 24 മണിക്കൂറും സജ്ജമാണ്.
തിരക്ക് നിയന്ത്രണം:
ചെയ്യേണ്ട കാര്യങ്ങള്‍:
- സംഗമഘാട്ടിലെത്താൻ പ്രത്യേകം ക്രമീകരിച്ച പാതകൾ ഉപയോഗിക്കുക.
- ഗംഗാ സ്നാനത്തിന് പോകുമ്പോൾ അവരവരുടെ വരിയില്‍ തന്നെ തുടരുക.
- സ്നാനവും ദർശനവും നടത്തിയ ശേഷം നേരിട്ട് പാർക്കിംഗ് മേഖലയിലേക്ക് പോവുക.
- ക്ഷേത്ര സന്ദർശനവേളയില്‍ സ്വന്തം വരിയില്‍ തന്നെ തുടര്‍ന്ന് ലക്ഷ്യസ്ഥാനത്തെത്തുക.
- ആവശ്യ സാഹചര്യങ്ങളില്‍ പൊലീസ് സഹായം തേടുക.
- ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അടുത്തുള്ള മേഖലാ ആശുപത്രിയിൽ പരിശോധന നടത്തുക.
- ബാരിക്കേഡുകളിലും പോണ്ടൂൺ പാലങ്ങളിലും ക്ഷമ പാലിക്കുകയും തിരക്കുകൂട്ടുന്നത് ഒഴിവാക്കുകയും ചെയ്യുക.
- പേപ്പർ, ചണം എന്നിവ ഉപയോഗിച്ച് നിര്‍മിച്ച പരിസ്ഥിതി സൗഹൃദ പാത്രങ്ങളും കുൽഹാഡുകളും (കളിമൺ കപ്പുകൾ) ഉപയോഗിക്കുക.
- എല്ലാ തീർത്ഥഘാട്ടുകളും സംഗമത്തിന്റെ ഭാഗമായതിനാല്‍ എത്തിച്ചേരുന്ന ഘട്ടിൽ സ്നാനം നടത്തുക.
ചെയ്യരുതാത്ത കാര്യങ്ങൾ:
- ഭക്തർ വലിയ സംഘങ്ങളായി ഏതെങ്കിലും ഒരു സ്ഥലത്ത് നില്‍ക്കരുത്.
- ഭക്തർ എത്തുമ്പോഴോ തിരിച്ചുപോകുമ്പോഴോ അഭിമുഖമായി വരുന്നത് ഒഴിവാക്കുക.
- മേളയ്ക്കിടെ പ്രചരിക്കുന്ന കിംവദന്തികളിൽ വീഴരുത്.
- സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ വിശ്വസിക്കരുത്.
- ക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ തിരക്കുകൂട്ടരുത്.
- കാത്തിരിപ്പ് മേഖലകള്‍ക്ക് പകരം വഴികളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക; ഒരു വഴിയിലും തടസ്സം സൃഷ്ടിക്കരുത്.
- ക്രമീകരണങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ തെറ്റിദ്ധരിപ്പിക്കുന്ന നിർദ്ദേശങ്ങള്‍ വിശ്വസിക്കരുത്.
- തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക.
- പുണ്യസ്നാനത്തിന് തിരക്കുകൂട്ടരുത്.
- പ്ലാസ്റ്റിക് ബാഗുകളും പാത്രങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കുക
(Release ID: 2097210)
Visitor Counter : 12