സാംസ്കാരിക മന്ത്രാലയം
കോടിക്കണക്കിന് തീർത്ഥാടകർ, ഒരേയൊരു പുണ്യ ലക്ഷ്യം
മഹാ കുംഭമേളയുടെ അനുഭവം
Posted On:
23 JAN 2025 9:19PM by PIB Thiruvananthpuram
ആമുഖം
ഇന്ത്യയുടെ മഹത്വത്തിന്റെയും ആത്മീയ ഊർജ്ജസ്വലതയുടെയും നേർസാക്ഷ്യമാണ് മഹാ കുംഭമേള. ഈ വർഷത്തെ മഹാ കുംഭമേളയിൽ 2025 ജനുവരി 23 വരെ 10 കോടിയിലധികം ഭക്തരും സന്ദർശകരും പ്രയാഗ്രാജിലേക്ക് ആകർഷിതരായി. മകരസംക്രാന്തി ഉത്സവ ദിനത്തിൽ (2025 ജനുവരി 14) മാത്രം 3.5 കോടി ഭക്തർ പവിത്രമായ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു. 2025 ലെ മഹാ കുംഭമേളയിൽ ആകെ 45 കോടി തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. 10 രാജ്യങ്ങളിൽ നിന്നുള്ള 21 അംഗ പ്രതിനിധി സംഘം 2025 ജനുവരി 16 ന് ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി. ഫിജി, ഫിൻലാൻഡ്, ഗയാന, മലേഷ്യ, മൗറീഷ്യസ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, യുഎഇ എന്നീ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങൾ മഹാ കുംഭമേളയുടെ പൈതൃകവും ആത്മീയ പ്രാധാന്യവും അനുഭവിച്ചറിഞ്ഞു. അരൈലിലെ ടെന്റ് സിറ്റിയിലാണ് പ്രതിനിധി സംഘത്തിന് താമസ സൗകര്യമൊരുക്കിയത്.
വലിയ സംഖ്യയിൽ ഒഴുകിയെത്തുന്ന തീർത്ഥാടക സംഘങ്ങളെ സ്വാഗതം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംസ്ഥാന സർക്കാർ സൂക്ഷ്മമായ ആസൂത്രണത്തോടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങൾ, സുസ്ഥിര ആസൂത്രണം എന്നിവയുൾപ്പടെ അഭൂതപൂർവമായ തയ്യാറെടുപ്പുകളോടെ, ആഗോള സാംസ്കാരിക വിനിമയത്തിലും നടത്തിപ്പിലും മഹാ കുംഭമേള നൂതന മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു. പവിത്രമായ ഷാഹി സ്നാനം മുതൽ ആകർഷകമായ അഖാഡ ഘോഷയാത്രകൾ വരെയും, ഡിജിറ്റൽ സംരംഭങ്ങൾ മുതൽ സുസ്ഥിരതാ സംരംഭങ്ങൾ വരെയും, മഹാ കുംഭം 2025 ഭൂതകാലത്തിന്റെയും ഭാവിയുടെയും ലയപൂർണ്ണമായ സമന്വയത്തെ പ്രതിനിധീകരിക്കുന്നു.
മഹാ കുംഭമേളയുടെ പ്രധാന ആകർഷണങ്ങൾ
വിശ്വാസം, സംസ്കാരം, നൂതനത്വം എന്നിവ സമന്വയിക്കുന്ന വർണ്ണശബളമായ ചിത്രമാണ് പ്രയാഗ്രാജിൽ നടക്കുന്ന മഹാ കുംഭമേള മുന്നോട്ട് വയ്ക്കുന്നത്. എച്ച്എഎൽ തേജസ് യുദ്ധവിമാനത്തിന്റെ മാതൃകയിൽ നിർമ്മിച്ച 85 അടി ഉയരമുള്ള അതിഗംഭീരമായ "തേജസ് പന്തൽ" ശ്രദ്ധാകേന്ദ്രമാണ്. ആത്മീയ, ആയോധന പാരമ്പര്യങ്ങളുടെ സംരക്ഷകരായി കണക്കാക്കപ്പെടുന്ന അഖാഡകളിലൂടെ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന് കുംഭമേള ആദരമർപ്പിക്കുന്നു."ഒരു ജില്ല, ഒരു ഉത്പന്നം" പ്രദർശനത്തിലൂടെ കരകൗശല വിദഗ്ധർക്ക് അവരുടെ നൈപുണ്യം പ്രദർശിപ്പിക്കുന്നതിനുള്ള വേദിയും മേള നൽകുന്നു. കലാഗ്രാമം ഇന്ത്യൻ കരകൗശല വസ്തുക്കളുടെയും പാചകരീതികളുടെയും സംസ്കാരത്തിന്റെയും ജീവസ്സുറ്റ പ്രദർശിനിയായി മാറിയിരിക്കുന്നു.
ഇതിഹാസപ്രേരിതമായി "പ്രയാഗ് മാഹാത്മ്യം", "സമുദ്ര മൻഥൻ " എന്നിവ ചിത്രീകരിക്കുന്ന മനോഹരമായ ഡ്രോൺ ഷോ പ്രേക്ഷകഹൃദയങ്ങളെ ആകർഷിക്കുന്നു. കൂടാതെ, ശങ്കർ മഹാദേവൻ, മോഹിത് ചൗഹാൻ, കൈലാഷ് ഖേർ തുടങ്ങിയ പ്രശസ്തരായ കലാകാരന്മാരെയും മറ്റും പങ്കെടുപ്പിച്ച് സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്. 2025 ഫെബ്രുവരി 24 വരെ ഇവയെല്ലാം കുംഭമേള ഭക്തർക്ക് ആത്മീയ സമ്പന്നമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
വിശേഷ പുണ്യസ്നാന ദിനങ്ങളും അവയുടെ പ്രാധാന്യവും
പുണ്യ സ്നാന ആചാരങ്ങളാണ് മഹാ കുംഭമേളയുടെ കാതൽ (ഷാഹി സ്നാനങ്ങൾ). 2025 ലെ മഹാ കുംഭമേളയിൽ വരാനിരിക്കുന്ന പുണ്യ സ്നാനങ്ങൾ ഇനിപ്പറയുന്നു:
തീയതി
|
സ്നാന സന്ദർഭം
|
പ്രാധാന്യം
|
29 ജനുവരി 2025
|
മൗനി അമാവാസി
(രണ്ടാം ഷാഹി സ്നാൻ)
|
പുണ്യനസ്നാനമെന്ന പുണ്യകർമ്മത്തിന് മൗനി
അമാവാസി ദിനത്തിൽ ഗ്രഹങ്ങൾ ഏറ്റവും
അനുകൂലമാണെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ,
പ്രാധാന്യം കല്പിക്കപ്പെടുന്ന ദിവസമാണത്.
ആദി ഋഷിമാരിൽ ഒരാളായി ആദരിക്കപ്പെടുന്ന
ഋഷഭ ദേവ് തന്റെ ദീർഘമായ മൗനവ്രതം ലംഘിച്ച്
സംഗമത്തിലെ പുണ്യ തീർത്ഥത്തിൽ
സ്നാനം ചെയ്തതിനെ ഇത് അനുസ്മരിക്കുന്നു.
മൗനി അമാവാസി ദിനത്തിലാണ്
ഏറ്റവും കൂടുതൽ തീർത്ഥാടകർ കുംഭമേളയിലേക്ക്
ആകർഷിക്കപ്പെടുന്നത്. ഇത് ആത്മീയതയുടെയും
ഭക്തിയുടെയും ശുദ്ധീകരണത്തിന്റെയും
സുപ്രധാന ദിനമാണ്.
|
3 ഫെബ്രുവരി 2025
|
വസന്ത പഞ്ചമി
(മൂന്നാം ഷാഹി സ്നാൻ)
|
ഋതു പരിവർത്തനത്തിന്റെ പ്രതീകവും
ഹിന്ദു പുരാണങ്ങളിൽ അറിവിന്റെ
ദേവതയായ സരസ്വതിയുടെ ആഗമനത്തിന്റെ
ആഘോഷവുമാണ് വസന്ത പഞ്ചമി.
|
12 ഫെബ്രുവരി 2025
|
മാഘി പൂർണിമ
|
ഗുരു ബ്രഹസ്പതിയുടെ ആരാധനയുമായും
ഹിന്ദു ദേവതാ സങ്കല്പമായ ഗന്ധർവൻ സ്വർഗത്തിൽ
നിന്ന് പവിത്രമായ സംഗമത്തിലേക്ക് ഇറങ്ങുന്നുവെന്ന
വിശ്വാസവുമായും ബന്ധപ്പെട്ടാണ് മാഘി പൂർണിമ
സവിശേഷമാകുന്നത്.
|
26 ഫെബ്രുവരി 2025
|
മഹാ ശിവരാത്രി
|
കല്പവാസികളുടെ അന്തിമ പുണ്യസ്നാനം
അടയാളപ്പെടുത്തുന്ന മഹാ ശിവരാത്രിക്ക്
ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നു.
ഇത് ഭഗവാൻ ശങ്കരനുമായി അന്തർലീനമായി
ബന്ധപ്പെട്ടിരിക്കുന്നു.
|
2025 ലെ മഹാ കുംഭമേളയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങളും
ഇനിപ്പറയുന്നവയുൾപ്പെടെയുള്ള ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്നതിനായി സർക്കാർ ഏജൻസികൾ സഹകരിച്ചു പ്രവർത്തിക്കുന്നു :
സുരക്ഷയും ആൾക്കൂട്ട നിയന്ത്രണവും: ആധുനിക നിരീക്ഷണ സംവിധാനങ്ങൾ, ഡ്രോൺ നിരീക്ഷണം, മികച്ച ഏകോപനത്തോടെയുള്ള നിയമ നിർവ്വഹണ സംവിധാനം എന്നിവ സജ്ജമാണ്. 50,000-ത്തിലധികം പോലീസുകാർ (അർദ്ധ സൈനിക വിഭാഗം ഉൾപ്പെടെ), 14,000 ഹോം ഗാർഡുകൾ, 2,750 നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത സിസിടിവി ക്യാമറകൾ എന്നിവയിലൂടെ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയും ദുരന്ത പ്രതികരണവും മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക മൾട്ടി-ഡിസാസ്റ്റർ റെസ്പോൺസ് വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്.
പൊതു അടിസ്ഥാന സൗകര്യങ്ങൾ: 14 പുതിയ ഫ്ലൈ ഓവറുകൾ, 9 സ്ഥിരം സ്നാന ഘാട്ടുകൾ, 7 പുതിയ ബസ് സ്റ്റേഷനുകൾ, 12 കിലോമീറ്ററിൽ താൽക്കാലിക സ്നാന ഘട്ടങ്ങൾ എന്നിവ പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു. 200-ലധികം റോഡുകൾ പുതുതായി നിർമ്മിച്ചു/ നവീകരിച്ചു.
പര്യവേക്ഷണം : സന്ദർശകരെ നയിക്കാൻ ഏകദേശം 800 ബഹുഭാഷാ സൂചനകൾ സ്ഥാപിച്ചിട്ടുണ്ട്. ജനസാന്ദ്രത, അടിയന്തര മുന്നറിയിപ്പുകൾ, ദിശാ മുന്നറിയിപ്പുകൾ, താമസ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഒരു സമർപ്പിത ആപ്പ് മുഖേന നൽകുന്നു.
ആരോഗ്യവും ശുചിത്വവും: ആരോഗ്യ സേവനങ്ങളിൽ 6,000 കിടക്കകൾ, 43 ആശുപത്രികൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, മേളയിൽ ശുചിത്വം നിലനിർത്താൻ 10,200 ശുചിത്വ തൊഴിലാളികളെയും 1,800 ഗംഗാ സേവാദത്ത് -മാരെയും വിന്യസിച്ചിട്ടുണ്ട്.
താമസം സൗകര്യം : സൂപ്പർ ഡീലക്സ് താമസസൗകര്യങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ടെന്റുകളും ഷെൽട്ടറുകളും ഉള്ള താൽക്കാലിക നഗരമായി മഹാ കുംഭ് നഗർ രൂപാന്തരപ്പെട്ടിരിക്കുന്നു.
ആകാശ വാണിയുടെ കുംഭവാണി: ഭക്തരെയും തീർത്ഥാടകരെയും വിവരങ്ങൾ അറിയിക്കുന്നതിനുള്ള ഒരു സുപ്രധാന സംരംഭമെന്ന നിലയിൽ ആകാശ വാണിയുടെ കുംഭവാണി വാർത്താ ബുള്ളറ്റിനുകൾ ഇപ്പോൾ മഹാ കുംഭ നഗറിലെ പൊതു അറിയിപ്പ് സംവിധാനത്തിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നു.
പുതിയ ഇലക്ട്രിക് ബസുകൾ: 10-15 ഇലക്ട്രിക് ബസുകൾ പരിപാടിക്ക് മുൻപ് തന്നെ വിന്യസിച്ചിരുന്നു. മൗനി അമാവാസിക്ക് (2025 ജനുവരി 29) മുമ്പ് 30 എണ്ണം കൂടി വിന്യസിച്ചു. 12 മീറ്റർ നീളമുള്ള ഓരോ ബസിനും, ഒറ്റ ചാർജിൽ 200 കിലോമീറ്ററിലധികം ഓടാൻ കഴിയും.
ഡബിൾ ഡെക്കർ ബസുകൾ: രണ്ടാം ഘട്ടത്തിൽ 20 ഡബിൾ ഡെക്കർ ബസുകളും, 9 മീറ്ററും 12 മീറ്ററും നീളമുള്ള 100 ബസുകളും ഉൾപ്പെടെ ആകെ 120 ഇലക്ട്രിക് ബസുകൾ പ്രതീക്ഷിക്കുന്നു.
കൂടുതൽ ട്രെയിൻ സർവീസുകൾ: കുംഭമേള കണക്കിലെടുത്ത്, 15 ദിവസം മുമ്പ് തന്നെ റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം റെയിൽവേ അവതരിപ്പിച്ചു. ഗതാഗത വിവരങ്ങൾക്കായി ഇന്ത്യൻ റെയിൽവേ ഒരു ടോൾ ഫ്രീ ഹെൽപ്പ്ലൈൻ, സമർപ്പിത വെബ്സൈറ്റ്, മഹാ കുംഭമേള ആപ്പ് എന്നിവ ആരംഭിച്ചു.
2025 ലെ മഹാകുംഭമേളയിലെ ഭക്ഷണ ലഭ്യതയും സുരക്ഷയും
പ്രതിദിനം 20,000 ത്തോളം പേർ മഹാകുംഭമേളയിലെ സൗജന്യ ഭക്ഷണം ആസ്വദിക്കുന്നു. മഹാകുംഭമേളയിൽ ഭക്തരുടെ സൗകര്യാർത്ഥം ഉത്തർപ്രദേശ് സർക്കാർ 25,000 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു. ഇത്തവണ മഹാകുംഭത്തിൽ ഭക്തർക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 35,000 ത്തിലധികം പാചകവാതക സിലിണ്ടറുകൾ വീണ്ടും നിറയ്ക്കുകയും 3500 പുതിയ കണക്ഷനുകൾ നൽകുകയും ചെയ്തു. മേളയിൽ പ്രതിദിനം 5000 പാച കവാതക സിലിണ്ടറുകളോളം വീണ്ടും നിറയ്ക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നു. മഹാകുംഭത്തിൽ പ്രധാനമായും അഖാഡകൾക്കും കൽപ്പവാസികൾക്കും വേണ്ടിയാണ് ഭക്ഷ്യവസ്തുക്കൾ നൽകുന്നത്.
അഞ്ച് സോണുകളിലും 25 സെക്ടറുകളിലുമായി ഉത്തർപ്രദേശ് സർക്കാർ കർശനമായ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടപ്പിലാക്കിയിട്ടുണ്ട്. ഹോട്ടലുകൾ, ധാബകൾ, സ്റ്റാളുകൾ എന്നിവിടങ്ങളിലെ ശുചിത്വം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു. മായം ചേർക്കുന്നത് തടയാൻ മൊബൈൽ "ഫുഡ് സേഫ്റ്റി ഓൺ വീൽസ്" ലബോറട്ടറികൾ തത്സമയ പരിശോധനകൾ നടത്തുന്നു. വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങളെല്ലാം കഴിക്കാൻ സുരക്ഷിതവും ശുചിത്വമുള്ളതുമാണെന്ന് 10 മൊബൈൽ ഭക്ഷ്യ ലാബുകൾ ഉറപ്പാക്കുന്നു.
ഉപസംഹാരം
പങ്കാളിത്തം, അടിസ്ഥാന സൗകര്യങ്ങൾ, ആഗോള ശ്രദ്ധ എന്നിവയിൽ 2025 ലെ മഹാ കുംഭമേള പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. 10 കോടി സന്ദർശകരുമായി, ഈ പരിപാടി അതിന്റെ ആത്മീയ പ്രാധാന്യം വീണ്ടും ഉറപ്പിക്കുക മാത്രമല്ല, സമാനതകളില്ലാത്ത ആസൂത്രണവും നിർവ്വഹണവും കാഴ്ച്ച വച്ച് ഒരു മെഗാ-ഇവന്റ് നടത്താനുള്ള ഇന്ത്യയുടെ ശേഷി പ്രകടമാക്കുകയും ചെയ്തു. പുണ്യതീർത്ഥങ്ങൾ കോടിക്കണക്കിന് തീർത്ഥാടകരെ ആകർഷിക്കുന്നത് തുടരുമ്പോൾ, മഹാ കുംഭമേള വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സാംസ്കാരിക മഹത്വത്തിന്റെയും ദീപസ്തംഭമായി തുടരുന്നു.
2025 ലെ മഹാ കുംഭമേളയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി https://pib.gov.in/EventDetail.aspx?ID=1197®=3&lang=1 എന്ന വെബ് പേജ് സന്ദർശിക്കുക
****
(Release ID: 2096598)
Visitor Counter : 22