വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ദാവോസിൽ ഇന്ത്യക്കുള്ള പ്രാധാന്യം: കയറ്റുമതി അധിഷ്ഠിത വളർച്ചയും സമഗ്രവികസനവും ഉയർത്തിക്കാട്ടി കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്

സെമികണ്ടക്ടറുകളുടെ കാര്യത്തിൽ ആഗോളതലത്തിലെ മികച്ച 3 ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന വിശ്വാസത്തിലാണ് വ്യവസായപ്രമുഖർ: ശ്രീ അശ്വിനി വൈഷ്ണവ്

ആഗോളതലത്തിൽ വ്യവസായങ്ങൾക്കായി നൂതനമായ ആപ്ലിക്കേഷനുകൾ സൃഷ്ടിച്ച്, ലോകത്തിന്റെ "യൂസ് കേസ് ക്യാപ്പിറ്റൽ" ആകാനുള്ള ഇന്ത്യയുടെ സാധ്യത ഉയർത്തിക്കാട്ടി ശ്രീ വൈഷ്ണവ്

നിർമിതബുദ്ധിയിൽ വൈദഗ്ധ്യം നേടുന്നതിന് ഇന്ത്യ ഊന്നൽ നൽകുമെന്ന് കേന്ദ്രമന്ത്രി; ലക്ഷ്യമിടുന്നത്

ലോകത്തിനാവശ്യമായ 'യൂസ് കേസുകളും' ആപ്ലിക്കേഷനുകളും സജ്ജമാക്കുന്നതിന് നിർമിതബുദ്ധി സങ്കേതങ്ങളിൽ പ്രാവീണ്യമുള്ള ദശലക്ഷംപേരെ

Posted On: 24 JAN 2025 5:28PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 24 ജനുവരി 2025
 
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വനി വൈഷ്ണവ് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ആഗോള നേതാക്കൾക്കും വ്യവസായ പ്രമുഖർക്കും മുന്നിൽ സമഗ്ര വികസനത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും രാജ്യത്തിന്റെ ശ്രദ്ധേയമായ വളർച്ചാഗാഥയും അവതരിപ്പിച്ചു.
 
സാമ്പത്തിക വളർച്ചയോടുള്ള സന്തുലിത സമീപനം
 
ഉൽപ്പാദനവും സേവനങ്ങളും രാഷ്ട്രങ്ങളുടെ വികസനത്തെ നയിക്കുന്ന സാമ്പത്തിക വളർച്ചയോട് ഇന്ത്യ സ്വീകരിച്ച സന്തുലിതമായ സമീപനത്തെക്കുറിച്ചു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി വിശദീകരിച്ചു. “അത് ഉൽപ്പാദനം അല്ലെങ്കിൽ സേവനങ്ങൾ എന്ന നിലയിൽ ആകരുത്; ഈ രണ്ട് മേഖലകളും ഇന്ത്യയുടെ സാമ്പത്തിക പാതയുടെ അവിഭാജ്യഘടകങ്ങളായതിനാൽ അത് ഉൽപ്പാദനവും സേവനങ്ങളുമായിരിക്കണം” - സുസ്ഥിരവും സമഗ്രവുമായ വളർച്ചയ്ക്ക് ഇവ രണ്ടും തമ്മിലുള്ള സമന്വയം ആവശ്യമെന്നു ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.
 
കയറ്റുമതി അധിഷ്ഠിത വളർച്ചാതന്ത്രം
 
ഇറക്കുമതി ബദലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്ന് "മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്" സമീപനത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിന് അദ്ദേഹം ഊന്നൽ നൽകി. ആഭ്യന്തരമായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 99 ശതമാനവും ഇപ്പോൾ ഇന്ത്യയിലാണ് നിർമിക്കപ്പെടുന്നത്. ഔഷധനിർമാണം, രാസവസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം കയറ്റുമതി അധിഷ്ഠിത വളർച്ചയിലേക്ക് വളർച്ചാതന്ത്രം രൂപാന്തരപ്പെട്ടു. 
 
ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിലും, നൂതനാശയങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും സേവന മേഖലയിൽ നിർമിതബുദ്ധിയുടെ സുപ്രധാന പങ്കു കണക്കിലെടുത്ത്, നിർമി‌തബുദ്ധിയിലെ പ്രതിഭാസഞ്ചയത്തെ പരിശീലിപ്പിക്കുന്നതിൽ പ്രത്യേക ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയും കേന്ദ്ര മന്ത്രി എടുത്തുപറഞ്ഞു.
 
ഇന്ത്യ: "ലോകത്തിന്റെ യൂസ് കേസ് ക്യാപ്പിറ്റൽ"
 
നിർമിതബുദ്ധിയെക്കുറിച്ചു സംസാരിക്കവേ, ആഗോളതലത്തിൽ വ്യവസായങ്ങൾക്കായി നൂതനമായ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുന്നതിലൂടെ, ലോകത്തിന്റെ "യൂസ് കേസ് ക്യാപ്പിറ്റൽ" ആകാനുള്ള ഇന്ത്യയുടെ സാധ്യതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. നിർമിത ബുദ്ധി മാതൃകകൾ കൂടുതൽ കമ്പോളവൽക്കരിക്കപ്പെടുമ്പോൾ, ആഗോള വ്യവസായങ്ങൾക്ക് അനുയോജ്യമായ യൂസ് കേസുകൾ, ആപ്ലിക്കേഷനുകൾ, പ്രതിവിധികൾ എന്നിവ വികസിപ്പിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ഐടി സേവന മേഖലയിൽ വിജയകരമായി നടപ്പാക്കിയതുപോലെ, നിർമിതബുദ്ധി സേവനങ്ങളിലും ലോകത്തെ നയിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നാണു വിദഗ്ധർ വിശ്വസിക്കുന്നത്" എന്ന് ആഗോളതലത്തിൽ നിർമിതബുദ്ധിയുടെ ഭാവി രൂപപ്പെടുത്താനുള്ള ഇന്ത്യയുടെ കഴിവ് അടിവരയിട്ട് മന്ത്രി അഭിപ്രായപ്പെട്ടു.
 
നിർമിതബുദ്ധി വൈദഗ്ധ്യത്തിലും നവീകരണത്തിലും ഊന്നൽ നൽകൽ 
 
‌ഇന്ത്യയുടെ തൊഴിൽ ശക്തിയെ നിർമിത ബുദ്ധി പോലുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി സജ്ജമാക്കുന്നതിന് നൈപുണ്യവികസനത്തിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. "ലോകത്തിന് ആവശ്യമായ യൂസ് കേസുകളും ആപ്ലിക്കേഷനുകളും സൃഷ്ടിക്കാൻ പ്രാപ്തരാക്കുന്നതിനായി കുറഞ്ഞത് ഒരു ദശലക്ഷം പേരെ നിർമിതബുദ്ധി സങ്കേതങ്ങളും കഴിവുകളും ഉപയോഗിച്ച് സജ്ജരാക്കുക എന്ന ഉത്കൃഷ്ടമായ ലക്ഷ്യം ഞങ്ങൾ നിശ്ചയിച്ചിട്ടുണ്ട്" - മന്ത്രി പറഞ്ഞു.
 
ടെലികോം വ്യവസായത്തിനായി വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിനായി 100 സർവകലാശാലകളിൽ 5ജി ലാബുകൾ സ്ഥാപിക്കൽ, സെമികണ്ടക്ടർ രൂപകൽപ്പനയിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് 240 സർവകലാശാലകളിൽ അത്യാധുനിക EDA ഉപകരണങ്ങൾ നൽകൽ തുടങ്ങി മറ്റ് മേഖലകളിലും സമാനമായ രീതിയിൽ വലിയ തോതിലുള്ള ഉദ്യമങ്ങൾ നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ ആവശ്യകതകളുമായി കോഴ്‌സുകളുടെ പാഠ്യപദ്ധതി വിന്യസിക്കുന്നതിലൂടെ, മൂല്യ ശൃംഖലയുടെ എല്ലാ തലങ്ങളിലും വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി ‌ഉറപ്പാക്കുന്നതിനായി ഗവണ്മെന്റ് പ്രവർത്തിക്കുന്നു. ഇതിന്റെ ഫലങ്ങൾ ഇതിനകം വ്യവസായങ്ങളിലുടനീളം ദൃശ്യമാണ്.
 
സെമികണ്ടക്ടറും നിർമിതബുദ്ധി നേതൃത്വവും
 
"സെമികണ്ടക്ടറുകളുടെ കാര്യത്തിൽ ആഗോളതലത്തിലെ മികച്ച മൂന്നു ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന വിശ്വാസത്തിലാണ് ഈ മേഖലയിലെ വ്യവസായപ്രമുഖർ" എന്ന് ചൂണ്ടിക്കാട്ടിയ ശ്രീ വൈഷ്ണവ്, സെമികണ്ടക്ടർ-നിർമിതബുദ്ധി മേഖലകളുടെ വളർച്ചയിലേക്കു വെളിച്ചം വീശി.
 
ആഗോള ഉൽപ്പാദന-പ്രതിഭാകേന്ദ്രമായി മാറുന്ന ഇന്ത്യ
 
ആഗോള കമ്പനികൾ ഇന്ത്യയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നതിന് ഊന്നൽ നൽകിയ കേന്ദ്രമന്ത്രി, വിശ്വാസം, സമൃദ്ധമായ കഴിവുകൾ, അസാധാരണമായ രൂപകൽപ്പനാ വൈദഗ്ധ്യം എന്നിവയിൽ വേരൂന്നിയ രാജ്യത്തിന്റെ "സവിശേഷ നേട്ടം" എടുത്തുകാട്ടി. ആഗോളതലത്തിൽ വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചതിനും, വിതരണ ശൃംഖലകൾക്കു പുറമെ മൂല്യ ശൃംഖലകളും ഇന്ത്യയിലേക്ക് മാറ്റാൻ കമ്പനികളെ പ്രേരിപ്പിച്ചതിനും പ്രധാനമന്ത്രിയുടെ കീഴിലുള്ള ഇന്ത്യയുടെ നേതൃത്വത്തെ അദ്ദേഹം പ്രകീർത്തിച്ചു. "ഏകദേശം 2000 ആഗോള ശേഷി കേന്ദ്രങ്ങൾ (ജിസിസി) നൂതന രൂപകൽപ്പനകളിൽ പ്രവർത്തിക്കുന്നതിനാൽ, ആഗോളതലത്തിൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ പ്രധാന പങ്കുവഹിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്" - അദ്ദേഹം പറഞ്ഞു.
 
************************
 

(Release ID: 2096002) Visitor Counter : 16