സഹകരണ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന 'സഹകരണ സമ്മേളന'ത്തെ അഭിസംബോധന ചെയ്തു ;സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന മന്ത്രം സഹകരണ മന്ത്രാലയം സാക്ഷാത്കരിക്കുന്നു.
സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സഹോദരീ സഹോദരന്മാർക്ക് പുരോഗതിക്കായി പുതിയ അവസരങ്ങൾ നൽകുന്നു.
സ്വയംപര്യാപ്തതയുടെ ഏറ്റവും മനോഹരമായ നിർവചനമാണ് 'സഹകരണ സ്ഥാപനങ്ങൾ'. കർഷകരെ സ്വാശ്രയത്വത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനുള്ള ശക്തമായ മാർഗമാണ് സഹകരണ സ്ഥാപനങ്ങൾ.
നാഷണൽ കോ-ഓപ്പറേറ്റീവ് ഓർഗാനിക്സ് ലിമിറ്റഡ് (NCOL), കർഷകരുടെ ജൈവ ഉൽപ്പന്നങ്ങൾ വിൽക്കുകയും ലാഭം നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്യുന്നു.
മൂന്ന് പുതിയ ബഹു സംസ്ഥാന സഹകരണ സ്ഥാപനങ്ങൾ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും ആഗോള വിപണിയിലേക്കുള്ള അവരുടെ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു.
മഹാരാഷ്ട്രയിലെ സഹകരണ പഞ്ചസാര മില്ലുകളിൽ 15,000 കോടി രൂപയുടെ ആദായനികുതി തർക്കം ഉണ്ടായിരുന്നു. അത് മോദി ഗവണ്മെന്റ് പരിഹരിച്ചു.
പഞ്ചസാര മില്ലുകളുടെ ആദായനികുതി,മോദി ഗവൺമെന്റ് കുറയ്ക്കുകയും എഥനോൾ മിശ്രണ പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. ഇത് വ്യവസായങ്ങൾക്കും കർഷകർക്കും സാമ്പത്തിക ശക്തി നൽകുന്നു.
Posted On:
24 JAN 2025 6:49PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 24 ജനുവരി 2025
മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന 'സഹകരണ സമ്മേളന'ത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ ശ്രീ ഷാ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സഹകരണ സഹമന്ത്രി ശ്രീ മുരളീധർ മോഹോൾ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ഏക്‌നാഥ് ഷിൻഡെ എന്നിവരുൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു
കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സായുധ സേനയുടെയും ശാക്തീകരണത്തിന് ഊന്നൽ നൽകുന്നതിന് "ജയ് ജവാൻ, ജയ് കിസാൻ" എന്ന മുദ്രാവാക്യം മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ആവിഷ്കരിച്ചതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി തന്റെ അഭിസംബോധനയിൽ പരാമർശിച്ചു.ഒരേസമയം തന്നെ കർഷകരെയും കർഷകത്തൊഴിലാളികളെയും സൈന്യത്തെയും ശക്തിപ്പെടുത്താൻ ശാസ്ത്രി ജി ശ്രമിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഇവിടെ, ഒരൊറ്റ സഹകരണ സംഘത്തിലൂടെ "ജയ് ജവാൻ ജയ് കിസാൻ", എന്നതിനൊപ്പം ഒരു മണ്ണ് പരിശോധനാ ലബോറട്ടറി സ്ഥാപിച്ചുകൊണ്ട്, "ജയ് വിജ്ഞാൻ" എന്നത് കൂടി സംയോജിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ കൃഷി പലപ്പോഴും ലാഭകരമല്ലെന്ന് കണക്കാക്കപ്പെട്ടിരുന്നെങ്കിലും,ഇന്ന് സഹകരണ പ്രസ്ഥാനത്തെ ശാസ്ത്രീയ പുരോഗതിയുമായി സംയോജിപ്പിക്കുന്നത് കൃഷിയെ ആദായകരമാക്കി മാറ്റുമെന്ന് ശ്രീ അമിത് ഷാ ഉറപ്പിച്ചു പറഞ്ഞു. മുമ്പ് പരമ്പരാഗത രീതികളെ ആശ്രയിച്ചിരുന്ന കർഷകർ അവരുടെ മണ്ണിന്റെ പോഷക ഘടനയെക്കുറിച്ച് അജ്ഞരായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രി മോദി മണ്ണ് പരിശോധനയ്ക്ക് ഊന്നൽ നൽകി. ഇതിലൂടെ കർഷകർ ആവശ്യത്തിലധികം വളങ്ങൾ ഉപയോഗിക്കുന്നതായും അല്ലെങ്കിൽ അവശ്യപോഷകങ്ങളെ അവഗണിക്കുന്നതായും കണ്ടെത്താനായി. പ്രാദേശിക കൃഷി രീതികളെ പരിവർത്തനം ചെയ്യാനുള്ള ശേഷി ഉൾപ്പെടെ നാസിക്കിൽ പുതുതായി സ്ഥാപിതമായ അത്യാധുനിക മണ്ണ് പരിശോധനാ ലബോറട്ടറിയുടെ മേന്മകൾ ശ്രീ ഷാ എടുത്തുപറഞ്ഞു. കർഷകർ ഉപയോഗിക്കുന്ന വെള്ളത്തിന്റെ പിഎച്ച് അളവ്, സൾഫർ ചേർക്കേണ്ടതുണ്ടോ, ഡിഎപിയുടെ ഉചിതമായ അളവ് എന്താണ്, ഏതൊക്കെ വിളകൾ കൃഷി ചെയ്താൽ കൂടുതൽ ലാഭം ലഭിക്കും തുടങ്ങിയ വിശദമായ വിവരങ്ങൾ ഈ ലബോറട്ടറിയിൽ നിന്നും ലഭിക്കും . കാര്യക്ഷമമായ കാർഷിക രീതികളെ കുറിച്ച് അറിവ് നൽകുന്നതിലൂടെ ഈ സൗകര്യം കർഷകർക്ക് വലിയ പ്രയോജനം ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വെങ്കിടേശ്വര സൊസൈറ്റി ഏറ്റെടുത്ത ഒന്നിലധികം സംരംഭങ്ങൾ കേന്ദ്ര സഹകരണ മന്ത്രി എടുത്തുകാട്ടി. ബെൽഗാവിലെ വെങ്കിടേശ്വര കശുവണ്ടി സംസ്കരണ ഫാക്ടറിയുടെ ഉദ്ഘാടനം അദ്ദേഹം വെർച്വൽ ആയി നിർവഹിച്ചു. ഈ സ്ഥാപനം പ്രതിദിനം 24 ടൺ കശുവണ്ടി സംസ്കരിച്ചുകൊണ്ട്,
കശുവണ്ടി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന 18,000 കർഷകർക്ക് ന്യായവില ഉറപ്പാക്കും. വിവിധ ക്ഷീര ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനൊപ്പം ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 1,500-ലധികം ഗിർ പശുക്കളെ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭങ്ങൾ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല, ഭൂമിമാതാവിന്റെ സംരക്ഷണത്തിനും സംഭാവന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കർഷകരെ ജൈവകൃഷിക്കായി പ്രോത്സാഹിപ്പിച്ച ശ്രീ അമിത് ഷാ, ഉൽപ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കുന്നതിന് ജൈവ സാക്ഷ്യപ്പെടുത്തൽ ( സർട്ടിഫിക്കേഷന്‍ ) നേടേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. സാക്ഷ്യപ്പെടുത്തിയ ജൈവ ഉൽപന്നങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള ലാഭം നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽ സഹകരണ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിതമായ നാഷണൽ കോ-ഓപ്പറേറ്റീവ് ഓർഗാനിക് ലിമിറ്റഡ് (NCOL) പ്രവർത്തിക്കുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. ഈ ബഹുരാഷ്ട്ര സംഘടന കർഷകരിൽ നിന്ന് സാക്ഷ്യപ്പെടുത്തിയ എല്ലാ ജൈവ ഉൽപന്നങ്ങളും വാങ്ങുകയും വിപണിയിൽ വിൽക്കുകയും ലാഭം നേരിട്ട് കർഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുകയും അതുവഴി അവരുടെ സാമ്പത്തിക ക്ഷേമത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതായി അദ്ദേഹം വിശദീകരിച്ചു.
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ ഒരു പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവരുടെ ആവശ്യം ആരും കേട്ടില്ലെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്ക് 75 വർഷത്തിനു ശേഷമാണ് രാജ്യത്തുടനീളമുള്ള കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹകരണ മന്ത്രാലയം സ്ഥാപിച്ചത്. സ്വാശ്രയത്വത്തിന്റെ ഏറ്റവും ശക്തമായ പ്രകടനരൂപമാണ് സഹകരണ സ്ഥാപനങ്ങൾ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതില്ലാതെ കർഷകർക്ക് സ്വാശ്രയത്വമോ സമൃദ്ധിയോ കൈവരിക്കാൻ കഴിയില്ല. പ്രധാനമന്ത്രി മോദി "സഹകരണത്തിലൂടെ സമൃദ്ധി" എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചെന്നും ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാനുള്ള ഉത്തരവാദിത്വo സഹകരണ മന്ത്രാലയത്തെ ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഇപ്പോൾ കശുവണ്ടിക്ക് പുറമേ, മാതളം , മുന്തിരി, സപ്പോട്ട (ചിക്കു), മഞ്ഞൾ, ഉള്ളി, കസ്റ്റാർഡ്, ആപ്പിൾ, കുങ്കുമപ്പൂവ്, മാമ്പഴം എന്നിവ കൃഷി ചെയ്യുന്ന എല്ലാ കർഷകരെയും ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതിനും , അതുവഴി വരും ദിവസങ്ങളിൽ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് നല്ല വില ലഭിക്കുന്നതിനും ശ്രമങ്ങൾ നടത്തുന്നതായി കേന്ദ്ര സഹകരണ മന്ത്രിപറഞ്ഞു
സൗരോർജ്ജം, ജൈവ ഇന്ധനം, സിഎൻജി, ജലസംഭരണം, മത്സ്യബന്ധനം, പഞ്ചഗവ്യ അഗർബത്തി, ജൈവകൃഷി, ഗവൺമെന്റ് ബ്രാൻഡുകൾ എന്നിവയുമായി കർഷകരെ ബന്ധിപ്പിക്കുന്നതിൽ വെങ്കിടേശ്വര സഹകരണ സംഘം പ്രശംസനീയമായ പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും രാജ്യത്തെ ജവാന്മാരെ ബന്ധിപ്പിക്കാൻ അവർ പ്രവർത്തിച്ചിട്ടുണ്ടെന്നും കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. മഴ, വെയിൽ, ശൈത്യം എന്നിവയെക്കുറിച്ച് ആകുലപ്പെടാതെ ഭൂമിമാതാവിനൊപ്പം ജീവിക്കുന്ന രണ്ട് വിഭാഗങ്ങളാണ് ജവാന്മാരും കർഷകരും എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സഹകരണ സംഘങ്ങളുടെ ഈ പരിപാടിയിലൂടെ ജവാന്മാരും കർഷകരും ഒന്നിച്ചുചേർന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കർഷകരുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനും, യഥാർത്ഥ വിത്തുകൾ സംരക്ഷിക്കുന്നതിനും, ഉയർന്ന വിളവ് നൽകുന്ന വിത്തുകൾ ഉൽപ്പാദിപ്പിക്കുന്നതിനും, ജൈവ ഉൽപ്പന്നങ്ങളുടെ പാക്കേജിംഗ്, വിപണനം, ബ്രാൻഡിംഗ് എന്നിവയ്ക്കായും കേന്ദ്ര ഗവൺമെന്റ് മൂന്ന് പുതിയ ബഹു സംസ്ഥാന സഹകരണ സ്ഥാപനങ്ങൾ രൂപീകരിച്ചിട്ടുണ്ട് എന്ന് ശ്രീ അമിത് ഷാ പറഞ്ഞു. അമുൽ, ക്രിബ്കോ, ഇഫ്കോ എന്നിവയുടെ മാതൃകയിലുള്ള ഈ മൂന്ന് സഹകരണ സ്ഥാപനങ്ങൾ അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്തെ കർഷകർക്ക് വളരെ നിർണായകമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രാഥമിക കാർഷിക വായ്‌പ്പാ സൊസൈറ്റികളും (പിഎസിഎസ്) കമ്പ്യൂട്ടർവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, സഹകരണ മേഖലയിലൂടെ രാജ്യത്ത് ഗോഡൗണുകൾ നിർമ്മിക്കുന്നുണ്ടെന്നും, പിഎസിഎസിനെ വിവിധോദ്ദേശ്യ സ്ഥാപനങ്ങൾ ആയി മാറ്റുന്നതിന് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ സഹകരണ പഞ്ചസാര മില്ലുകളിൽ ആദായനികുതി സംബന്ധിച്ച 15,000 കോടി രൂപയുടെ തർക്കം ഉണ്ടായിരുന്നുവെന്നും, അത് ഞങ്ങൾ പരിഹരിച്ചതായും കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. മോദി ഗവൺമെന്റ് 46,000 കോടി രൂപയുടെ പുതിയ നികുതികൾ കുറച്ചതായും അദ്ദേഹം പറഞ്ഞു.
നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻസിഡിസി) വഴി രാജ്യത്തെ നിരവധി സഹകരണ പഞ്ചസാര മില്ലുകൾക്ക് 10,000 കോടി രൂപയുടെ വായ്പകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഥനോൾ മിശ്രണത്തിലൂടെ ലാഭകരമായ യൂണിറ്റുകൾ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കൾ അധികാരത്തിലിരുന്നപ്പോൾ സഹകരണ മേഖലയ്ക്കും, പിഎസിഎസിനും, പഞ്ചസാര മില്ലുകൾക്കും, കർഷകർക്കും വേണ്ടി എന്താണ് ചെയ്തതെന്ന് ശ്രീ ഷാ ചോദിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹകരണ മന്ത്രാലയം രൂപീകരിച്ചു. പഞ്ചസാര മില്ലുകൾക്കായി എഥനോൾ മിശ്രണ പദ്ധതി കൊണ്ടുവന്നു, ആദായനികുതി പ്രശ്നം പരിഹരിച്ചു, പിഎസിഎസുകളെ കമ്പ്യൂട്ടർവത്കരിച്ചു, പിഎസിഎസിന്റെ മാതൃകാ ചട്ടങ്ങൾ ഉണ്ടാക്കി, പിഎസിഎസിനെ ബഹുമുഖ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചു എന്നും ശ്രീ അമിത് ഷാ വ്യക്തമാക്കി
****
(Release ID: 2095997)
Visitor Counter : 19