ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

മഹാകുഭമേള 2025: നമാമി ഗംഗ പവലിയന്‍ ഗംഗ സംരക്ഷണത്തിനും അവബോധത്തിനുമുള്ള കേന്ദ്രമായി മാറുന്നു

ഗംഗാ നദിയുടെ ശുചിത്വത്തിനും സംരക്ഷണത്തിനും വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ ഡിജിറ്റല്‍ പ്രദര്‍ശനത്തിലൂടെ സന്ദര്‍ശകര്‍ക്ക് അനുഭവവേദ്യമാകുന്നു

Posted On: 23 JAN 2025 11:03AM by PIB Thiruvananthpuram
2025ലെ മഹാകുംഭമേളയോടനുബന്ധിച്ച്, പ്രയാഗ്‌രാജില്‍ നമാമി ഗംഗ മിഷന്‍ സ്ഥാപിച്ച നമാമി ഗംഗ പവലിയന്‍ ദിനംപ്രതി ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഗംഗാ നദിയുടെ ശുചിത്വത്തിനും സംരക്ഷണത്തിനുമായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള ഒരു നൂതന സംരംഭമായി ഈ പവലിയന്‍ മാറി. ഗംഗയുടെ ജൈവവൈവിധ്യത്തിന്റെയും സ്വാഭാവിക സൗന്ദര്യത്തിന്റെയും അനുഭവം സന്ദര്‍ശകര്‍ക്കു പ്രദാനം ചെയ്യുന്നതും സംവേദനാത്മകവുമായ ഒരു ജൈവവൈവിധ്യ തുരങ്കത്തില്‍  പ്രവേശിച്ചുകൊണ്ടാണ് പവലിയനിലെ കാഴ്ചകള്‍ ആരംഭിക്കുന്നത്. ആധുനിക പ്രൊജക്ഷന്‍ സാങ്കേതിക വിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ തുരങ്കം ഗംഗയുടെ തീരത്തു ചലപിലകൂട്ടി വസിക്കുന്ന പക്ഷികളെ അവതരിപ്പിക്കുകയും ജീവദായകമായ ഗംഗയുടെ പ്രാധാന്യം എടുത്തുകാട്ടുകയും ചെയ്യുന്നു.
 
ഡിജിറ്റല്‍ പ്രദര്‍ശനം : പവിലിയന്റെ പ്രധാന ആകര്‍ഷണം
 
ഗംഗയുടെ ശുചിത്വത്തിനും സംരക്ഷണത്തിനുമുള്ള വിവിധ പ്രവര്‍ത്തനങ്ങളെ ആകര്‍ഷകവും വൈജ്ഞാനികവുമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ പ്രദര്‍ശനമാണ് പവലിയന്റെ പ്രധാന ആകര്‍ഷണം. ഗംഗ-യമുന നദികളെയും അവയുടെ പോഷകനദികളെയും കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രയാഗ് പ്ലാറ്റ്‌ഫോം ആണ് മറ്റൊരു സവിശേഷത.  ജലനിരപ്പ്, ശുചിത്വം, മലിനീകരണവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ പ്ലാറ്റ്‌ഫോം നല്‍കുന്നു.
 
ഗംഗയുടെ ശുചീകരണത്തിനായുള്ള സർക്കാർ ശ്രമങ്ങള്‍ എടുത്തുകാട്ടുന്നു
 
ഗംഗാ നദിയുടെ ശുചിത്വം നിലനിര്‍ത്തുന്നതിനു സര്‍ക്കാരും സംഘടനകളും നടത്തുന്ന സാങ്കേതികവും ഘടനാപരവുമായ ശ്രമങ്ങളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും, പ്രദർശനം അറിവ് പകരുന്നു. ഗംഗാ ഡോള്‍ഫിന്‍, കടലാമകള്‍, മുതലകള്‍, മത്സ്യം തുടങ്ങി ഗംഗയില്‍ കാണപ്പെടുന്ന ജീവികളുടെ ചെറുപകര്‍പ്പുകളാണ് പവലിയനിലുള്ളത്.
 
നാഷണല്‍ ബുക്ക് ട്രസ്റ്റ് വായനാ മൂല
 
നാഷണല്‍ ബുക്ക് ട്രസ്റ്റ് (NBT) ഒരുക്കിയിരിക്കുന്ന വായനാ മൂലയും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്. ഗംഗ, മഹാകുംഭമേള, സാമൂഹിക നയങ്ങള്‍, ദേശാഭിമാനം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു.
 
വൈകാരിക ബന്ധം ശക്തിപ്പെടുത്തുന്ന ഗണപതി പ്രതിമ
 
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ്, ഗംഗ ടാസ്‌ക് ഫോഴ്സ്, ഐഐടി ഡല്‍ഹി തുടങ്ങിയ സ്ഥാപനങ്ങള്‍ ഗംഗയുടെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണം, പൊതുജന അവബോധം, മാലിന്യ സംസ്‌കരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുന്നു. പവലിയനില്‍ ഗംഗയുടെ സംശുദ്ധിയെ സൂചിപ്പിക്കുന്ന ഗണപതിപ്രതിമ, സാംസ്‌കാരികവും വൈകാരികവുമായ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.
പവലിയന്‍ ഒരു പ്രധാന ആകര്‍ഷണമായി മാറുന്നു
 
ഗംഗ വെറുമൊരു നദി മാത്രമല്ല, ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും സാമ്പത്തിക ജീവിതത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് തിരിച്ചറിയാന്‍ നമാമി ഗംഗ മിഷന്‍ മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തരോട് അഭ്യര്‍ത്ഥിച്ചു. ഇത് വൃത്തിയായി സൂക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. അത്യാധുനികവും സര്‍ഗ്ഗാത്മകവുമായ ഈ പവലിയന്‍ ഗംഗയുടെ പ്രാധാന്യം അറിയിക്കുന്നതില്‍ വിജയിച്ചുവെന്നു മാത്രമല്ല, മഹാകുംഭമേള-2025 ന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറുകയും ചെയ്തു.
****

(Release ID: 2095416) Visitor Counter : 18