മന്ത്രിസഭ
azadi ka amrit mahotsav

ദേശീയ ആരോഗ്യ ദൗത്യത്തിനു (2021-24) കീഴിൽ കൈവരിച്ച നേട്ടങ്ങൾ കേന്ദ്ര മന്ത്രിസഭയെ ധരിപ്പിച്ചു: ഇന്ത്യയുടെ പൊതുജനാരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലെ നാഴികക്കല്ല്


2021-24 സാമ്പത്തിക വർഷത്തിൽ 12 ലക്ഷത്തിലേറെ അധിക ആരോഗ്യ പ്രവർത്തകരെ NHM ഉൾപ്പെടുത്തി

NHMനു കീഴിൽ രാജ്യവ്യാപകമായി 220 കോടി കോവിഡ്-19 വാക്സിൻ ഡോസുകൾ നൽകി

1990നുശേഷം MMR 83% കുറഞ്ഞു; ഇത് ആഗോളതലത്തിലെ 45% കുറവ് എന്നതിനേക്കാൾ കൂടുതലാണ്

5 വയസിനു താഴെയുള്ളവരുടെ മരണനിരക്കിൽ 1990നുശേഷം ആഗോളതലത്തിൽ 60% കുറവുണ്ടായപ്പോൾ, ഇന്ത്യയിലിത് 75 ശതമാനമായി കുറഞ്ഞു

2015ൽ ഒരുലക്ഷം പേരിൽ 237 എന്ന നിലയിലായിരുന്ന ക്ഷയരോഗബാധാനിരക്ക് 2023ൽ 195 ആയി കുറഞ്ഞു; ഇതേ കാലയളവിൽ ക്ഷയരോഗ മരണനിരക്ക് 28ൽനിന്ന് 22 ആയി കുറഞ്ഞു

1.56 ലക്ഷം നിക്ഷയ് മിത്ര സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി ക്ഷയരോഗമുക്ത ഭാരത യജ്ഞത്തിനു കീഴിൽ 9.4 ലക്ഷത്തിലധികം ക്ഷയരോഗികൾക്കു സഹായമേകുന്നു

2023-24 സാമ്പത്തിക വർഷത്തോടെ ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങളുടെ എണ്ണം 1.72 ലക്ഷത്തിലെത്തി

ദേശീയ അരിവാൾകോശ നിർമാർജന ദൗത്യത്തിന്റെ ഭാഗമായി 2.61 കോടിയിലധികം പേരിൽ രോഗനിർണയം നടത്തി

ഇന്ത്യയുടെ അഞ്ചാംപനി-റുബെല്ല വാക്സിനേഷൻ യജ്ഞം 97.98 ശതമാനത്തിലെത്തി

മലേറിയ നിയന്ത്രണ ശ്രമങ്ങൾ മരണനിരക്കും രോഗബാധയും കുറച്ചു

കരിമ്പനി നിർമാർജന ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചു

ഇന്ത്യയിലുടനീളമുള്ള വാക്സിനേഷൻ പരിപാടികൾ നിരീക്ഷിക്കുന്നതിന് യു-വിൻ പൈലറ്റ് ആരംഭിച്ചു

2023-24 സാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പദ്ധതി 4.53 ലക്ഷത്തിലധികം ഡയാലിസിസ് രോഗികൾക്കു പ്രയോജനം ചെയ്തു

Posted On: 22 JAN 2025 2:37PM by PIB Thiruvananthpuram

2021-22, 2022-23, 2023-24 വർഷങ്ങളിൽ ദേശീയ ആരോഗ്യ ദൗത്യത്തിനു (NHM) കീഴിലുണ്ടായ പുരോഗതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക്, 5 വയസ്സിന് താഴെയുള്ള മരണനിരക്ക്, മൊത്തം ഫെർട്ടിലിറ്റി നിരക്ക് എന്നിവയിലെ ത്വരിതഗതിയിലുള്ള കുറവ്, ക്ഷയരോഗം, മലേറിയ, കരിമ്പനി, ഡെങ്കിപ്പനി, ക്ഷയം, കുഷ്ഠം, വൈറൽ ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വിവിധ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള പരിപാടികളിലെ പുരോഗതി, ദേശീയ അരിവാൾ കോശ രോഗ നിർമാർജന ദൗത്യം പോലുള്ള പുതിയ സംരംഭങ്ങൾ എന്നിവ സംബന്ധിച്ച പുരോഗതി എന്നിവയും മന്ത്രിസഭയെ ധരിപ്പിച്ചു.

മാനവ വിഭവശേഷി വികസിപ്പിക്കുന്നതിനും നിർണായക ആരോഗ്യ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനും ആരോഗ്യ അടിയന്തിര സാഹചര്യങ്ങളോട് സംയോജിത പ്രതികരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അശ്രാന്ത പരിശ്രമങ്ങളിലൂടെ ഇന്ത്യയുടെ പൊതുജനാരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് ദേശീയ ആരോഗ്യ ദൗത്യം (NHM) ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ, മാതൃ-ശിശു ആരോഗ്യം, രോഗനിർമാർജനം, ആരോഗ്യസംരക്ഷണ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ NHM ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആരോഗ്യരംഗത്തിന്റെ മെച്ചപ്പെടുത്തലുകളിൽ, പ്രത്യേകിച്ച് കോവിഡ്-19 മഹാമാരിക്കാലത്ത്, ദൗത്യത്തിന്റെ ശ്രമങ്ങൾ ഒഴിച്ചുകൂടാൻ കഴിയാത്തതായിരുന്നു. മാത്രമല്ല, രാജ്യത്തുടനീളം കൂടുതൽ പ്രാപ്യവും ഗുണനിലവാരമുള്ളതുമായ ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിൽ NHM നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ആരോഗ്യസംരക്ഷണ മേഖലയിലെ മാനവവിഭവശേഷിയിലെ ഗണ്യമായ വർധനയാണ് NHM-ന്റെ പ്രധാന നേട്ടം. 2021-22 സാമ്പത്തിക വർഷത്തിൽ, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർമാർ (GDMO), സ്പെഷ്യലിസ്റ്റുകൾ, സ്റ്റാഫ് നഴ്‌സുമാർ, ANM-കൾ, ആയുഷ് ഡോക്ടർമാർ, അനുബന്ധ ആരോഗ്യ പ്രവർത്തകർ, പൊതുജനാരോഗ്യ പരിപാലകർ എന്നിവരുൾപ്പെടെ 2.69 ലക്ഷം അധിക ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്താൻ NHM സൗകര്യമൊരുക്കി. കൂടാതെ, 90,740 സാമൂഹ്യാരോഗ്യ ഓഫീസർമാരെ (CHO) നിയമിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഈ എണ്ണം വർധിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 4.21 ലക്ഷം അധിക ആരോഗ്യ പരിപാലന വിദഗ്ധർ ജോലിചെയ്തു. 1.29 ലക്ഷം സിഎച്ച്ഒകളും ഉൾപ്പെടെയാണിത്.  2023-24 സാമ്പത്തിക വർഷത്തിൽ 1.38 ലക്ഷം സിഎച്ച്ഒകൾ ഉൾപ്പെടെ 5.23 ലക്ഷം ജീവനക്കാർ പ്രവർത്തിച്ചു. ആരോഗ്യ സംരക്ഷണ സേവനം മെച്ചപ്പെടുത്തുന്നതിന് ഈ ശ്രമങ്ങൾ, പ്രത്യേകിച്ച് താഴെത്തട്ടിൽ, ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.

പൊതുജനാരോഗ്യ സംവിധാനത്തിനു കരുത്തേകുന്നതിലും എൻഎച്ച്എം ചട്ടക്കൂട് നിർണായക പങ്കുവഹിച്ചു; പ്രത്യേകിച്ചും കോവിഡ്-19 മഹാമാരിയോടു പ്രതികരിക്കുന്നതിൽ. നിലവിലുള്ള ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെയും തൊഴിലാളികളുടെയും ശൃംഖല ഉപയോഗപ്പെടുത്തി, 2021 ജനുവരിക്കും 2024 മാർച്ചിനുമിടയിൽ 220 കോടിയിലധികം കോവിഡ്-19 വാക്സിൻ ഡോസുകൾ നൽകുന്നതിൽ എൻഎച്ച്എം നിർണായക പങ്കുവഹിച്ചു. കൂടാതെ, എൻഎച്ച്എമ്മിന് കീഴിൽ രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കിയ ഇന്ത്യ കോവിഡ്-19 അടിയന്തര പ്രതികരണ-ആരോഗ്യസംവിധാനങ്ങൾ ഒരുക്കൽ പാക്കേജ് (ഇസിആർപി) മഹാമാരി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ സംരക്ഷണ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിച്ചു.

​എൻഎച്ച്എമ്മിന് കീഴിലുള്ള പ്രധാന ആരോഗ്യ സൂചകങ്ങളിലും ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 2014-16ൽ ഒരു ലക്ഷം പ്രസവങ്ങൾക്ക് 130 ആയിരുന്ന മാതൃമരണ അനുപാതം (MMR) 2018-20ൽ ഒരു ലക്ഷം പ്രസവങ്ങൾക്ക് 97 എന്ന നിലയിൽ ഗണ്യമായി കുറഞ്ഞു. ഇത് 25% കുറവു രേഖപ്പെടുത്തി. 1990നുശേഷം ഇത് 83% എന്ന നിലയിൽ കുറഞ്ഞു. ആഗോളതലത്തിലെ 45% എന്ന കുറവിനേക്കാൾ അധികമാണിത്. അതുപോലെ, 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് (U5MR) 2014-ൽ 1000 ജനനങ്ങളിൽ 45 ആയിരുന്നത് 2020-ൽ 32 ആയി കുറഞ്ഞു. ഇത് 1990-ന് ശേഷം ആഗോളതലത്തിലെ 60% കുറവുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ മരണനിരക്ക് കുറയ്ക്കുന്നതിൽ 75% എന്ന മികച്ച നില വെളിപ്പെടുത്തുന്നു. ശിശുമരണനിരക്ക് (IMR) 2014-ൽ 1000 ജനനങ്ങൾക്ക് 39 ആയിരുന്നത് 2020-ൽ 28 ആയി കുറഞ്ഞു. കൂടാതെ, ദേശീയ കുടുംബാരോഗ്യ സർവേ (NFHS-5) പ്രകാരം, മൊത്തം ഫെർട്ടിലിറ്റി നിരക്ക് (TFR) 2015ലെ 2.3ൽനിന്ന് 2020-ൽ 2.0 ആയി കുറഞ്ഞു. മാതൃ, ശിശു മരണനിരക്ക് എന്നിവയ്ക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിശ്ചയിച്ച 2030-ന് വളരെ മുമ്പുതന്നെ ഇന്ത്യ കൈവരിക്കുമെന്നാണ് ഈ മെച്ചപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.

​വിവിധ രോഗങ്ങളുടെ നിർമാർജനത്തിലും നിയന്ത്രണത്തിലും എൻഎച്ച്എം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ദേശീയ ക്ഷയരോഗ നിർമാർജന പരിപാടി (എൻടിഇപി) പ്രകാരം, ക്ഷയരോഗ (ടിബി) ബാധിതരുടെ എണ്ണം 2015ലെ ഒരുലക്ഷം പേരിൽ 237 എന്ന നിലയിൽനിന്ന് 2023ൽ 195 ആയി കുറഞ്ഞു. അതേ കാലയളവിൽ മരണനിരക്ക് 28ൽ നിന്ന് 22 ആയി കുറഞ്ഞു. മലേറിയയുടെ കാര്യത്തിൽ, 2020നെ അപേക്ഷിച്ച് 2021ൽ മലേറിയ കേസുകളും മരണങ്ങളും യഥാക്രമം 13.28% ഉം 3.22% ഉം കുറഞ്ഞു. 2022 ൽ മലേറിയ നിരീക്ഷണവും കേസുകളും യഥാക്രമം 32.92% ഉം 9.13% ഉം വർദ്ധിച്ചു. അതേസമയം 2021 നെ അപേക്ഷിച്ച് മലേറിയ മരണങ്ങൾ 7.77% കുറഞ്ഞു. 2023 ൽ മലേറിയ നിരീക്ഷണവും കേസുകളും 2022 നെ അപേക്ഷിച്ച് യഥാക്രമം 8.34% ഉം 28.91% ഉം വർദ്ധിച്ചു. കൂടാതെ, കരിമ്പനി നിർമാർജന ശ്രമങ്ങൾ വിജയം കണ്ടു. 2023 അവസാനത്തോടെ 100% എൻഡമിക് ബ്ലോക്കുകളും 10,000 പേരിൽ ഒന്നിൽ താഴെ കേസുകൾ എന്ന ലക്ഷ്യം കൈവരിച്ചു. ആക്കംകൂട്ടിയ മിഷൻ ഇന്ദ്രധനുഷ് (IMI) 5.0 പ്രകാരമുള്ള അഞ്ചാംപനി-റുബെല്ല നിർമാർജന യജ്ഞം, 97.98% പരിരക്ഷയോടെ 34.77 കോടിയിലധികം കുട്ടികൾക്ക് വാക്സിനേഷൻ നൽകി.

പ്രത്യേക ആരോഗ്യ സംരംഭങ്ങളുടെ കാര്യത്തിൽ, 2022 സെപ്റ്റംബറിൽ ആരംഭിച്ച പ്രധാൻ മന്ത്രി ടിബി മുക്ത് ഭാരത് അഭിയാൻ പദ്ധതിയിൽ 1,56,572 ലക്ഷം നിക്ഷയ് മിത്ര സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടന്നിട്ടുണ്ട്. അവർ 9.40 ലക്ഷത്തിലധികം ടിബി രോഗികൾക്കു സഹായമേകുന്നു. പ്രധാൻ മന്ത്രി നാഷണൽ ഡയാലിസിസ് പ്രോഗ്രാം (പിഎംഎൻഡിപി) വിപുലീകരിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ 62.35 ലക്ഷത്തിലധികം ഹീമോഡയാലിസിസ് സെഷനുകൾ നൽകി. ഇത് 4.53 ലക്ഷത്തിലധികം ഡയാലിസിസ് രോഗികൾക്ക് പ്രയോജനം ചെയ്തു. കൂടാതെ, 2023 ൽ ആരംഭിച്ച ദേശീയ അരിവാൾ കോശ രോഗ നിർമാർജന ദൗത്യത്തിന്റെ ഭാഗമായി 2047 ഓടെ അരിവാൾകോശ രോഗം നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗോത്രമേഖലകളിലെ 2.61 കോടിയിലധികം പേരെ പരിശോധിച്ചു. 

ഡിജിറ്റൽ ആരോഗ്യ സംരംഭങ്ങളും പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു. 2023 ജനുവരിയിൽ ആരംഭിച്ച യു-വിൻ പ്ലാറ്റ്‌ഫോം ഇന്ത്യയിലുടനീളമുള്ള ഗർഭിണികൾക്കും ശിശുക്കൾക്കും കുട്ടികൾക്കും വാക്സിനുകൾ യഥാസമയം നൽകുന്നത് ഉറപ്പാക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ, ഈ സംവിധാനം 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 65 ജില്ലകളിലേക്കു വ്യാപിപ്പിച്ചു. ഇത് തത്സമയ വാക്സിനേഷൻ ട്രാക്കിങ് ഉറപ്പാക്കുകയും രോഗപ്രതിരോധ പരിരക്ഷ മെച്ചപ്പെടുത്തുകയും ചെയ്തു.​ 

നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (NQAS) പ്രകാരം പൊതുജനാരോഗ്യ സൗകര്യങ്ങളുടെ സർട്ടിഫിക്കേഷൻ ഉൾപ്പെടെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും NHM ശ്രദ്ധ കേന്ദ്രീകരിച്ചു. 2024 മാർച്ച് വരെ, 7998 പൊതുജനാരോഗ്യ സൗകര്യങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു. അവയിൽ 4200-ലധികം ദേശീയ അംഗീകാരം നേടി. കൂടാതെ, വിവിധ ആരോഗ്യ സേവനങ്ങൾ നൽകുന്ന പ്രവർത്തനക്ഷമമായ ആയുഷ്മാൻ ആരോഗ്യ മന്ദിര(AAM)ങ്ങളുടെ എണ്ണം 2023-24 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 1,72,148 ആയി വർധിച്ചു. ഇതിൽ 1,34,650 കേന്ദ്രങ്ങൾ 12 സുപ്രധാന ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്നു. 

24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും (PHC) ഫസ്റ്റ് റഫറൽ യൂണിറ്റുകളും (FRU) സ്ഥാപിച്ചതോടെ NHM-ന്റെ ശ്രമങ്ങൾ അടിയന്തര സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്ക് വ്യാപിച്ചു. 2024 മാർച്ചോടെ, 12,348 പിഎച്ച്സികൾ 24x7 സേവനങ്ങളാക്കി മാറ്റി. രാജ്യത്തുടനീളം 3133 എഫ്ആർയുകൾ പ്രവർത്തനക്ഷമമായി. കൂടാതെ, മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ (എംഎംയു) എണ്ണം വർധിച്ചു. വിദൂര പ്രദേശങ്ങളിലും സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി ഇപ്പോൾ 1424 എംഎംയുകൾ പ്രവർത്തിക്കുന്നു. 2023-ൽ എംഎംയു പോർട്ടൽ ആരംഭിച്ചതോടെ കരുതൽ വേണ്ട ഗോത്ര വിഭാഗങ്ങൾക്കായുള്ള ആരോഗ്യ സൂചകങ്ങളെക്കുറിച്ചുള്ള നിരീക്ഷണവും വിവര ശേഖരണവും കൂടുതൽ ശക്തിപ്പെടുത്തി.​ 

പുകയില ഉപയോഗം, പാമ്പുകടി തുടങ്ങിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങളും എൻഎച്ച്എം അഭിസംബോധന ചെയ്തിട്ടുണ്ട്. തുടർച്ചയായ പൊതുജന അവബോധ യജ്ഞങ്ങളിലൂടെയും പുകയില നിയന്ത്രണ നിയമങ്ങൾ നടപ്പാക്കുന്നതിലൂടെയും, കഴിഞ്ഞ ദശകത്തിൽ പുകയില ഉപയോഗത്തിൽ 17.3% കുറവ് വരുത്താൻ എൻഎച്ച്എം സഹായിച്ചു. കൂടാതെ, 2022-23 സാമ്പത്തിക വർഷത്തിൽ, പാമ്പുകടിയേൽക്കൽ തടയൽ, വിദ്യാഭ്യാസം, പരിപാലനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പാമ്പ് കടിയേറ്റുള്ള വിഷബാധ പ്രതിരോധിക്കുന്നതിനുള്ള ദേശീയ കർമപദ്ധതി (എൻഎപിഎസ്ഇ) സമാരംഭിച്ചു.

എൻഎച്ച്എമ്മിന്റെ നിരന്തരമായ ശ്രമങ്ങൾ ഇന്ത്യയുടെ ആരോഗ്യസംരക്ഷണ മേഖലയെ നാടകീയമായ പരിവർത്തനത്തിലേക്ക് വിജയകരമായി നയിച്ചു. മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിലൂടെയും, ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെയും, രാജ്യത്തുടനീളമുള്ള ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും പ്രവേശനക്ഷമതയും വർധിപ്പിക്കുന്നതിൽ എൻഎച്ച്എം നിരന്തരം പ്രവർത്തിക്കുകയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) കൈവരിക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചതോടെ, 2030 എന്ന സമയപരിധിക്ക് വളരെ മുമ്പുതന്നെ ഇന്ത്യ അതിന്റെ ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പാതയിലാണ്.

​പശ്ചാത്തലം 

ഗ്രാമീണ ജനതയ്ക്ക്, പ്രത്യേകിച്ച് കരുതൽ വേണ്ട വിഭാഗങ്ങൾക്ക്, ജില്ലാ ആശുപത്രി (ഡിഎച്ച്) തലംവരെ, പ്രാപ്യവും താങ്ങാനാകുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യസംരക്ഷണം നൽകുന്നതിനായി പൊതുജനാരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ 2005ലാണു ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം ആരംഭിച്ചത്. 2012 ൽ, ദേശീയ നഗര ആരോഗ്യ ദൗത്യം (NUHM) വിഭാവനം ചെയ്യുകയും NRHMനെ ദേശീയ ആരോഗ്യ ദൗത്യം (NHM) എന്ന് പുനർനാമകരണം ചെയ്യുകയും രണ്ട് ഉപ ദൗത്യങ്ങൾ (NRHM, NUHM) ഉൾപ്പെടുത്തുകയും ചെയ്തു. 

2017 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് 31 വരെ ദേശീയ ആരോഗ്യ ദൗത്യം തുടരുന്നതിന് 2018 മാർച്ച് 21ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. 

2020 ജനുവരി 10 ലെ ഓഫീസ് മെമ്മോറാണ്ടം നമ്പർ 42 (02/PF-II.2014) വഴി ധനകാര്യ മന്ത്രാലയത്തിന്റെ ചെലവ് വകുപ്പ്, 2021 മാർച്ച് 31 വരെ, അല്ലെങ്കിൽ 15-ാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രാബല്യത്തിൽ വരുന്ന തീയതി വരെ, (ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നു കണക്കാക്കി) ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഇടക്കാല വിപുലീകരണം അംഗീകരിച്ചു.

2022 ഫെബ്രുവരി ‌ഒന്നിന് പുറത്തിറക്കിയ OM നമ്പർ 01(01)/PFC-I/2022 പ്രകാരം, ചെലവ് ധനകാര്യ സമിതിയുടെ (EFC) ശുപാർശകളും സാമ്പത്തിക പരിധികളും പാലിക്കുന്നതിന് വിധേയമായി, 01.04.2021 മുതൽ 31.03.2026 വരെയോ അല്ലെങ്കിൽ അധിക അവലോകനം വരെയോ (ഏതാണ് ആദ്യം വരുന്നത് എന്നു കണക്കാക്കി), ദേശീയ ആരോഗ്യ ദൗത്യം തുടരുന്നതിന് ധനകാര്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. 

സാമ്പത്തിക മാനദണ്ഡങ്ങളിലെ വ്യതിയാനം, നിലവിലുള്ള പദ്ധതികളിലെ മാറ്റങ്ങൾ, പുതിയ പദ്ധതികളുടെ വിശദാംശങ്ങൾ എന്നിവയ്ക്കൊപ്പം N(R)HM-നെക്കുറിച്ചുള്ള ഒരു പുരോഗതി റിപ്പോർട്ട്,  വാർഷികാടിസ്ഥാനത്തിൽ മന്ത്രിസഭയുടെ മുമ്പാകെ വിവരങ്ങൾക്കായി സമർപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായിരിക്കണം ഈ നിയുക്ത അധികാരങ്ങൾ വിനിയോഗിക്കേണ്ടതെന്ന് NHM ചട്ടക്കൂടിനുള്ള മന്ത്രിസഭാ അംഗീകാരം വ്യവസ്ഥ ചെയ്യുന്നു. 

നടപ്പാക്കൽ തന്ത്രം: എൻഎച്ച്എമ്മിന് കീഴിലുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നടപ്പാക്കൽ തന്ത്രം സംസ്ഥാനങ്ങൾക്കും / കേന്ദ്രഭരണ പ്രദേശങ്ങൾക്കും സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുക എന്നതാണ്. ഇത് ജില്ലാ ആശുപത്രികൾ (ഡിഎച്ച്) വരെ, പ്രത്യേകിച്ച് ജനസംഖ്യയിലെ ദരിദ്രരും കരുതൽവേണ്ടതുമായ വിഭാഗങ്ങൾക്ക്, പ്രാപ്യവും താങ്ങാനാകുന്നതും ഉത്തരവാദിത്വമുള്ളതും ഫലപ്രദവുമായ ആരോഗ്യ സംരക്ഷണം നൽകാൻ പ്രാപ്തരാക്കുന്നു. മെച്ചപ്പെട്ട ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ, മാനവ വിഭവശേഷി വർധിപ്പിക്കൽ, ഗ്രാമപ്രദേശങ്ങളിലെ മെച്ചപ്പെട്ട സേവന വിതരണം എന്നിവയിലൂടെ ഗ്രാമീണ ആരോഗ്യ സേവനങ്ങളിലെ വിടവു നികത്താനും ഇത് ലക്ഷ്യമിടുന്നു. കൂടാതെ ആവശ്യാധിഷ്ഠിത ഇടപെടലുകൾ സുഗമമാക്കുന്നതിനും, അന്തർമേഖലാ സംയോജനം മെച്ചപ്പെടുത്തുന്നതിനും വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിനും ജില്ലാ തലത്തിലേക്ക് പരിപാടി വികേന്ദ്രീകരിക്കുന്നതിനും ഇത് വിഭാവനം ചെയ്തിട്ടുണ്ട്.

***

NK


(Release ID: 2095085) Visitor Counter : 47