വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര റെയിൽവേ, വാർത്താവിതരണ-പ്രക്ഷേപണം , ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ദാവോസിൽ നടക്കുന്ന 2025 ലെ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കും

ശ്രീ. അശ്വിനി വൈഷ്ണവ് ദാവോസിൽ ഇന്ത്യയുടെ വികസന മാതൃക ഉയർത്തിക്കാട്ടും

WEF 2025 ൽ സമഗ്ര വളർച്ചയ്ക്കായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും ഡിജിറ്റൽ പരിവർത്തനവും പ്രധാന ആകർഷണങ്ങളാകും

Posted On: 19 JAN 2025 7:54AM by PIB Thiruvananthpuram

ന്യൂ ഡൽഹി, 19 ജനുവരി 2025


കേന്ദ്ര റെയിൽവേ, വാർത്താവിതരണ-പ്രക്ഷേപണം , ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി  ശ്രീ അശ്വിനി വൈഷ്ണവ് ദാവോസിൽ നടക്കുന്ന 2025 ലെ ലോക സാമ്പത്തിക ഫോറത്തിൽ (WEF) പങ്കെടുക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്തതുപോലെ, സമഗ്ര വളർച്ചയും പരിവർത്തനാത്മക വികസനവും ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹത്തിന്റെ സന്ദർശനം എടുത്തുകാണിക്കുന്നു.

ഇന്ത്യയുടെ സമഗ്ര വളർച്ചയുടെ മാതൃക

ദാവോസിലേക്ക് പോകുന്നതിനുമുമ്പ്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് ചരിത്രപരമായി പുരോഗതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് വികസനം ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ സുപ്രധാന മുന്നേറ്റങ്ങൾ ശ്രീ വൈഷ്ണവ് ഊന്നിപ്പറഞ്ഞു. "പിരമിഡിന്റെ അടിത്തട്ടിലുള്ളവരുടെ ജീവിതത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ വരുത്തുന്ന സമഗ്ര വികസനത്തിലാണ് പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഉൾപ്പെടുത്തൽ മുതൽ ടോയ്‌ലറ്റുകൾ, ഗ്യാസ് കണക്ഷനുകൾ, പൈപ്പ് വെള്ളം, ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ അവശ്യ സേവനങ്ങൾ നൽകുന്നത് വരെ, ലോകം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഒന്നാണിത്", അദ്ദേഹം പറഞ്ഞു.

ലോക സാമ്പത്തിക ഫോറത്തിൽ സമഗ്ര വളർച്ച, സാമൂഹിക, ഭൗതിക, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം, സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കൽ എന്നിവയെക്കുറിച്ച് വിശദമായ ചർച്ച നടക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

"ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം ശ്രദ്ധേയം"

ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം 2025-ൽ പങ്കെടുക്കാൻ പുറപ്പെടുന്നതിന് മുമ്പ് കേന്ദ്ര മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പരിവർത്തനാത്മകമായ ഡിജിറ്റൽ യാത്രയിലുള്ള ആഗോള താൽപ്പര്യം ഊന്നിപ്പറഞ്ഞു. "ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ, ഡിജിറ്റൽ ഇന്ത്യ പരിപാടി കൊണ്ടുവന്ന ഡിജിറ്റൽ പരിവർത്തനം, സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള പൗരന്മാരെ ശാക്തീകരിക്കുന്നതിനായി സാങ്കേതികവിദ്യ ജനാധിപത്യവൽക്കരിക്കപ്പെട്ട രീതി എന്നിവ മനസ്സിലാക്കാൻ ലോകം താൽപ്പര്യപ്പെടുന്നു," മന്ത്രി പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ നൂതന ഡിജിറ്റൽ മാതൃക , സമഗ്ര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു ആഗോള മാനദണ്ഡം സ്ഥാപിച്ചു, ഇത് ഫോറത്തിലെ ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്.

WEF 2025-ൽ ഇന്ത്യയുടെ പങ്കാളിത്തം, രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുക, നിക്ഷേപം ആകർഷിക്കുക, സുസ്ഥിര വികസനത്തിലും സാങ്കേതിക നവീകരണത്തിലും രാജ്യത്തെ ഒരു ആഗോള നേതാവായി സ്ഥാപിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

 

*****


(Release ID: 2094235) Visitor Counter : 28