പ്രധാനമന്ത്രിയുടെ ഓഫീസ്
'മൻ കി ബാത്തിന്റെ' 118-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (19-01-2025)
Posted On:
19 JAN 2025 11:46AM by PIB Thiruvananthpuram
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 2025 ലെ ആദ്യത്തെ 'മൻ കി ബാത്ത്' പ്രക്ഷേപണമാണിത്. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും. എല്ലാ തവണയും മാസത്തിലെ അവസാന ഞായറാഴ്ചയാണ് ‘മൻ കി ബാത്ത്’ പ്രക്ഷേപണം ചെയ്യുന്നത്. എന്നാൽ ഇത്തവണ, നമ്മൾ ഒരാഴ്ച മുമ്പ് ഒത്തുചേരുന്നു, നാലാമത്തെ ഞായറാഴ്ചയ്ക്ക് പകരം മൂന്നാമത്തെ ഞായറാഴ്ച. കാരണം അടുത്ത ഞായറാഴ്ച, 'റിപ്പബ്ലിക് ദിനം' ആണ്. എന്റെ എല്ലാ നാട്ടുകാർക്കും മുൻകൂട്ടി റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു.
സുഹൃത്തുക്കളെ, ഇത്തവണത്തെ 'റിപ്പബ്ലിക് ദിനം' വളരെ പ്രത്യേകതയുള്ളതാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75-ാം വാർഷികമാണിത്. ഭരണഘടന നടപ്പിലാക്കിയതിന്റെ 75 വർഷങ്ങൾ ഈ വർഷം പൂർത്തിയാകുന്നു. നമ്മുടെ പവിത്രമായ ഭരണഘടന, നമുക്ക് നൽകിയ ഭരണഘടനാ അസംബ്ലിയിലെ എല്ലാ മഹാന്മാരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഭരണഘടനാ അസംബ്ലിയുടെ സമയത്ത്, നിരവധി വിഷയങ്ങളെക്കുറിച്ച് നീണ്ട ചർച്ചകൾ നടന്നു. ആ ചർച്ചകൾ, ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങളുടെ ചിന്തകൾ, അവരുടെ വാക്കുകൾ, നമ്മുടെ ഏറ്റവും വലിയ സ്വത്താണ്. ഇന്നത്തെ 'മൻ കി ബാത്തി'ൽ എന്റെ ശ്രമം ചില മഹത് നേതാക്കളുടെ യഥാർത്ഥ ശബ്ദം നിങ്ങളെ കേൾപ്പിക്കുക എന്നതാണ്.
സുഹൃത്തുക്കളേ, ഭരണഘടനാ അസംബ്ലി അതിന്റെ പ്രവർത്തനം ആരംഭിച്ചപ്പോൾ, ബാബാ സാഹിബ് അംബേദ്കർ പരസ്പര സഹകരണത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ അഭിസംബോധന ഇംഗ്ലീഷിലാണ്. അതിൽ നിന്നുള്ള ഒരു ഭാഗം ഞാൻ കേൾപ്പിക്കാം. -
“So far as the ultimate goal is concerned, I think none of us need have any apprehensions. None of us need have any doubt, but my fear which I must express clearly is this, our difficulty as I said is not about the ultimate future. Our difficulty is how to make the heterogeneous mass that we have today, take a decision in common and march in a cooperative way on that road which is bound to lead us to unity. Our difficulty is not with regard to the ultimate; our difficulty is with regard to the beginning.”
സുഹൃത്തുക്കളേ, ഭരണഘടനാ അസംബ്ലി ഐക്യത്തോടെയും ഒരേ അഭിപ്രായത്തോടെയും ആയിരിക്കണമെന്നും പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും ബാബാ സാഹിബ് ഊന്നിപറയുകയായിരുന്നു. ഭരണഘടനാ അസംബ്ലിയുടെ മറ്റൊരു ഓഡിയോ ക്ലിപ്പ് ഞാൻ കേൾപ്പിക്കാം. ഈ ഓഡിയോ നമ്മുടെ ഭരണഘടനാ അസംബ്ലിയുടെ തലവനായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന്റേതാണ്. ഡോ. രാജേന്ദ്ര പ്രസാദ് പറയുന്നത് നമുക്ക് കേൾക്കാം –
“हमारा इतिहास बताता है और हमारी संस्कृति सिखाती है कि हम शांति प्रिय हैं और रहे हैं | हमारा साम्राज्य और हमारी फतह दूसरी तरह की रही है, हमने दूसरो को जंजीरो से, चाहे वो लोहे की हो या सोने की, कभी नहीं बांधने की कोशिश की है | हमने दूसरों को अपने साथ, लोहे की जंजीर से भी ज्यादा मजबूत मगर सुंदर और सुखद रेशम के धागे से बांध रखा है और वो बंधन धर्म का है, संस्कृति का है, ज्ञान का है | हम अब भी उसी रास्ते पर चलते रहेंगे और हमारी एक ही इच्छा और अभिलाषा है, वो अभिलाषा ये है कि हम संसार में सुख और शांति कायम करने में मदद पहुंचा सकें और संसार के हाथों में सत्य और अहिंसा वो अचूक हथियार दे सकें जिसने हमें आज आजादी तक पहुंचाया है | हमारी जिंदगी और संस्कृति में कुछ ऐसा है जिसने हमें समय के थपेड़ों के बावजूद जिंदा रहने की शक्ति दी है | अगर हम अपने आदर्शों को सामने रखे रहेंगे तो हम संसार की बड़ी सेवा कर पाएंगे |”
സുഹൃത്തുക്കളേ, മാനുഷിക മൂല്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് ഡോ. രാജേന്ദ്ര പ്രസാദ് പറയുകയായിരുന്നു. ഇനി ഞാൻ നിങ്ങളെ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ശബ്ദം കേൾപ്പിക്കട്ടെ. അവസരങ്ങളുടെ തുല്യത എന്ന വിഷയം അദ്ദേഹം ഉന്നയിച്ചു. ഡോ. ശ്യാമപ്രസാദ് മുഖർജി പറഞ്ഞു –
“I hope sir that we shall go ahead with our work in spite of all difficulties and thereby help to create that great India which will be the motherland of not this community or that, not this class or that, but of every person, man, woman and child inhabiting in this great land irrespective of race, caste, creed or community. Everyone will have an equal opportunity, so that he or she can develop himself or herself according to best talent and serve the great common motherland of India.”
സുഹൃത്തുക്കളേ, ഭരണഘടനാ അസംബ്ലി ചർച്ചയിൽ നിന്നുള്ള ഈ യഥാർത്ഥ ഓഡിയോ കേട്ട് നിങ്ങൾക്കും ആസ്വദിക്കാൻ കഴിഞ്ഞിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മൾ പൌരന്മാർ ഈ ചിന്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ പോലും അഭിമാനിക്കുന്ന ഒരു ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കണം.
സുഹൃത്തുക്കളെ, റിപ്പബ്ലിക് ദിനത്തിന് ഒരു ദിവസം മുമ്പുള്ള ജനുവരി 25 നാണ് ദേശീയ വോട്ടർ ദിനം. 'ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ' സ്ഥാപിതമായ ദിവസമായതിനാൽ ഈ ദിവസം പ്രധാനമാണ്. നമ്മുടെ ഭരണഘടനാ ശിൽപികൾ നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ പങ്കാളിത്തത്തിനും ഭരണഘടനയിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം നൽകിയിട്ടുണ്ട്. 1951-52 ൽ രാജ്യത്ത് ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോൾ, രാജ്യത്തെ ജനാധിപത്യം നിലനിൽക്കുമോ എന്ന് ചിലർക്ക് സംശയമുണ്ടായിരുന്നു. പക്ഷേ, നമ്മുടെ ജനാധിപത്യം എല്ലാ ആശങ്കകളും തെറ്റാണെന്ന് തെളിയിച്ചു - എല്ലാത്തിനുമുപരി, ഭാരതം ജനാധിപത്യത്തിന്റെ മാതാവാണ്. കഴിഞ്ഞ ദശകങ്ങളിൽ രാജ്യത്തിന്റെ ജനാധിപത്യം ശക്തിപ്പെടുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ വോട്ടിംഗ് പ്രക്രിയ കാലാകാലങ്ങളിൽ ആധുനികവൽക്കരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത തിരഞ്ഞെടുപ്പ് കമ്മീഷന് ഞാൻ നന്ദി പറയുന്നു. ജനശക്തിക്ക് കൂടുതൽ ശക്തി പകരാൻ കമ്മീഷൻ സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗിച്ചു. നീതിയുക്തമായ തിരഞ്ഞെടുപ്പുകൾക്കുള്ള പ്രതിബദ്ധതയ്ക്ക് ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. എന്റെ രാജ്യത്തെ പൗരന്മാരോട് ഞാൻ അഭ്യർത്ഥിക്കുന്നത് അവരുടെ വോട്ടവകാശം പരമാവധി വിനിയോഗിക്കാനും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനും ഈ പ്രക്രിയയെ ശക്തിപ്പെടുത്താനുമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, പ്രയാഗ്‌രാജിൽ മഹാ കുംഭമേള ആരംഭിച്ചു. മറക്കാനാവാത്ത ഒരു ജനക്കൂട്ടം, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു കാഴ്ച, സമത്വത്തിന്റെയും ഐക്യത്തിന്റെയും അസാധാരണമായ സംഗമം! ഇത്തവണ കുംഭമേളയിൽ നിരവധി ദിവ്യയോഗങ്ങൾ രൂപപ്പെടുകയാണ്. ഈ കുംഭമേള നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകൾ സംഗമപുളിനത്തിൽ ഒത്തുകൂടുന്നു. ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നുവരുന്ന ഈ പാരമ്പര്യത്തിൽ എവിടെയും വിവേചനമോ ജാതീയതയോ ഇല്ല. ഇതിൽ, ഭാരതത്തിന്റെ തെക്ക് ഭാഗത്തുനിന്നും, ഭാരതത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്നും ആളുകൾ വരുന്നു. കുംഭമേളയിൽ ധനികരും ദരിദ്രരും എല്ലാവരും ഒന്നാകുന്നു. എല്ലാവരും സംഗമസ്ഥാനത്ത് മുങ്ങിക്കുളിക്കുന്നു, ഊട്ടുപുരകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, പ്രസാദം കഴിക്കുന്നു - അതുകൊണ്ടാണ് 'കുംഭം' ഐക്യത്തിന്റെ മഹാകുംഭമെന്നു പറയപ്പെടുന്നത്. നമ്മുടെ പാരമ്പര്യങ്ങൾ മുഴുവൻ ഭാരതത്തെയും എങ്ങനെ പരസ്പരം ബന്ധിപ്പിക്കുന്നുവെന്ന് കുംഭമേള നമുക്ക് പറഞ്ഞുതരുന്നു. വടക്ക് മുതൽ തെക്ക് വരെ വിശ്വാസങ്ങൾ പിന്തുടരുന്നതിനുള്ള രീതികൾ ഒന്നുതന്നെയാണ്. ഒരു വശത്ത് പ്രയാഗ്‌രാജ്, ഉജ്ജയിൻ, നാസിക്, ഹരിദ്വാർ എന്നിവിടങ്ങളിൽ കുംഭമേള സംഘടിപ്പിക്കുമ്പോൾ, തെക്ക് ഭാഗത്ത് ഗോദാവരി, കൃഷ്ണ, നർമ്മദ, കാവേരി നദികളുടെ തീരങ്ങളിലാണ് പുഷ്കരം സംഘടിപ്പിക്കുന്നത്. ഈ രണ്ട് ഉത്സവങ്ങളും നമ്മുടെ പുണ്യനദികളുമായും അവയുടെ വിശ്വാസങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, കുംഭകോണം മുതൽ തിരുക്കടയൂർ വരെയും, കൂടവാസൽ മുതൽ തിരുച്ചെറൈവരെയും, കുംഭമേളയുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്.
സുഹൃത്തുക്കളേ, ഇത്തവണ കുംഭമേളയിൽ യുവാക്കളുടെ പങ്കാളിത്തം വളരെ വിശാലമായി കാണപ്പെട്ടത് നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും, യുവതലമുറ അവരുടെ നാഗരികതയുമായി ബന്ധപ്പെടുമ്പോൾ തന്നെ അവരുടെ വേരുകൾ ശക്തിപ്പെടുന്നു എന്നതും സത്യമാണ്. അപ്പോൾ അതിന്റെ സുവർണ്ണ ഭാവിയും ഉറപ്പാക്കപ്പെടുന്നു. ഇത്തവണ കുംഭമേളയുടെ ഡിജിറ്റൽ footprints വലിയ തോതിൽ നമുക്ക് കാണാൻ കഴിയുന്നു. കുംഭമേളയുടെ ഈ ആഗോള പ്രശസ്തി ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ കാര്യമാണ്.
സുഹൃത്തുക്കളെ, കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പശ്ചിമ ബംഗാളിൽ ഒരു വലിയ 'ഗംഗാസാഗർ' മേളയും സംഘടിപ്പിച്ചിരുന്നു. സംക്രാന്തിയുടെ ശുഭകരമായ അവസരത്തിൽ, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തർ ഈ മേളയിൽ മുങ്ങിക്കുളിച്ചു. 'കുംഭം', 'പുഷ്കരം', 'ഗംഗാസാഗർ മേള' - നമ്മുടെ ഈ ഉത്സവങ്ങൾ നമ്മുടെ സാമൂഹിക ഇടപെടലും, മൈത്രിയും, ഐക്യവും പ്രോത്സാഹിപ്പിക്കുന്നു. ഈ ഉത്സവങ്ങൾ ഭാരതത്തിലെ ജനങ്ങളെ ഭാരതത്തിന്റെ പാരമ്പര്യങ്ങളുമായി ബന്ധിപ്പിക്കുന്നു, നമ്മുടെ വേദങ്ങൾ ലോകത്തിലെ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാലെണ്ണത്തിന് ഊന്നൽ നൽകിയതുപോലെ. നമ്മുടെ ഉത്സവങ്ങളും പാരമ്പര്യവും ആത്മീയം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം എന്നീ എല്ലാ വശങ്ങളെയും ശക്തിപ്പെടുത്തുന്നു.
സുഹൃത്തുക്കളെ, ഈ മാസം 'പൗഷ ശുക്ല ദ്വാദശി' ദിനത്തിൽ രാംലലയിലെ പ്രാണ പ്രതിഷ്ഠാ ഉത്സവത്തിന്റെ ഒന്നാം വാർഷികം നമ്മൾ ആഘോഷിച്ചു. ഈ വർഷത്തെ 'പൗഷ ശുക്ല ദ്വാദശി' ജനുവരി 11നായിരുന്നു. ഈ ദിവസം, ലക്ഷക്കണക്കിന് രാമഭക്തർ അയോധ്യയിൽ രാം ലലയെ ദർശിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുകയും ചെയ്തു. ഭാരതത്തിന്റെ സാംസ്കാരിക അവബോധത്തിന്റെ പുനഃസ്ഥാപനത്തിന്റെ ദ്വാദശിയാണ് പ്രാണപ്രതിഷ്ഠയുടെ ഈ ദ്വാദശി. അതുകൊണ്ട്, ഈ പൗഷ ശുക്ല ദ്വാദശി ദിനം ഒരു തരത്തിൽ പ്രതിഷ്ഠ ദ്വാദശി ദിനമായും മാറിയിരിക്കുന്നു. വികസനത്തിന്റെ പാതയിൽ മുന്നേറുമ്പോൾ, നമ്മുടെ പൈതൃകം സംരക്ഷിക്കുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകുകയും വേണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, 2025 ന്റെ തുടക്കത്തിൽ തന്നെ ഭാരതം ബഹിരാകാശ മേഖലയിൽ നിരവധി ചരിത്ര നേട്ടങ്ങൾ കൈവരിച്ചു. ഇന്ന്, ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പായ പിക്‌സൽ, ഭാരതത്തിലെ ആദ്യത്തെ സ്വകാര്യ Satellite Constellation ആയ 'ഫയർഫ്ലൈ' വിജയകരമായി വിക്ഷേപിച്ചതായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ഹൈപ്പർ സ്പെക്ട്രൽ Satellite Constellation ആണിത്. ഈ നേട്ടം ഭാരതത്തെ ആധുനിക ബഹിരാകാശ സാങ്കേതികവിദ്യയിൽ ഒരു നേതാവാക്കി മാറ്റി എന്നു മാത്രമല്ല, സ്വയംപര്യാപ്ത ഭാരതത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പു കൂടിയായി. ഈ വിജയം നമ്മുടെ സ്വകാര്യ ബഹിരാകാശ മേഖലയുടെ വളരുന്ന ശക്തിയുടെയും നവീകരണത്തിന്റെയും പ്രതീകമാണ്. ഈ നേട്ടത്തിന്, പിക്‌സൽ, ഐഎസ്ആർഒ, ഇൻ-സ്‌പേസ് എന്നീ സ്ഥാപനങ്ങളുടെ ടീമിനെ മുഴുവൻ രാജ്യത്തിന്റെയും പേരിൽ ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ, കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നമ്മുടെ ശാസ്ത്രജ്ഞർ ബഹിരാകാശ മേഖലയിൽ മറ്റൊരു പ്രധാന നേട്ടം കൈവരിച്ചു. നമ്മുടെ ശാസ്ത്രജ്ഞർ ഉപഗ്രഹങ്ങളുടെ ബഹിരാകാശ ഡോക്കിംഗ് നടത്തിയിട്ടുണ്ട്. രണ്ട് ബഹിരാകാശ പേടകങ്ങൾ ബഹിരാകാശത്ത് ബന്ധിപ്പിക്കുന്ന പ്രക്രിയയെ സ്പേസ് ഡോക്കിംഗ് എന്ന് വിളിക്കുന്നു. ബഹിരാകാശ നിലയങ്ങളിലേക്കും ബഹിരാകാശത്തെ ക്രൂ ദൗത്യങ്ങളിലേക്കും സാധനങ്ങൾ അയയ്ക്കുന്നതിന് ഈ സാങ്കേതികവിദ്യ പ്രധാനമാണ്. ഈ വിജയം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറി.
സുഹൃത്തുക്കളേ, നമ്മുടെ ശാസ്ത്രജ്ഞരും ബഹിരാകാശത്ത് സസ്യങ്ങൾ വളർത്താനും അവയെ ജീവനോടെ നിലനിർത്താനും ശ്രമിക്കുന്നു. ഇതിനായി ഐഎസ്ആർഒ ശാസ്ത്രജ്ഞർ പയറുവർഗ്ഗ വിത്തുകൾ തിരഞ്ഞെടുത്തു. ഡിസംബർ 30 ന് അയച്ച ഈ വിത്തുകൾ ബഹിരാകാശത്ത് തന്നെ മുളച്ചു. ഭാവിയിൽ ബഹിരാകാശത്ത് പച്ചക്കറികൾ വളർത്തുന്നതിനുള്ള വഴി തുറക്കുന്ന വളരെ പ്രചോദനാത്മകമായ ഒരു പരീക്ഷണമാണിത്. നമ്മുടെ ശാസ്ത്രജ്ഞർ എത്രത്തോളം പുരോഗമനപരമായ ചിന്താഗതിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഇത് കാണിക്കുന്നു.
സുഹൃത്തുക്കളേ, മറ്റൊരു പ്രചോദനാത്മകമായ സംരംഭത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഐഐടി മദ്രാസിലെ എക്സ്റ്റെം സെന്റർ ബഹിരാകാശ നിർമ്മാണത്തിനായുള്ള പുതിയ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്നു. 3D–Printed buildings, Metal foams, ബഹിരാകാശത്തെ ഒപ്റ്റിക്കൽ ഫൈബറുകൾ തുടങ്ങിയ സാങ്കേതികവിദ്യകളെക്കുറിച്ച് ഈ കേന്ദ്രം ഗവേഷണം നടത്തുന്നു. വെള്ളമില്ലാതെ കോൺക്രീറ്റ് നിർമ്മിക്കുന്നത് പോലുള്ള വിപ്ലവകരമായ രീതികളും ഈ കേന്ദ്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. എക്സ്റ്റീമിന്റെ ഈ ഗവേഷണം ഭാരതത്തിന്റെ ഗഗൻയാൻ ദൗത്യത്തെയും ഭാവി ബഹിരാകാശ നിലയത്തെയും ശക്തിപ്പെടുത്തും. ഇത് നിർമ്മാണത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ പുതിയ വഴികൾ തുറക്കുകയും ചെയ്യും.
സുഹൃത്തുക്കളേ, ഭാവിയിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിൽ ഭാരതത്തിലെ ശാസ്ത്രജ്ഞർ, Innovators - എത്രത്തോളം ദീർഘവീക്ഷണമുള്ളവരാണെന്നതിന്റെ തെളിവാണ് ഈ നേട്ടങ്ങളെല്ലാം. ഇന്ന് നമ്മുടെ രാജ്യം ബഹിരാകാശ സാങ്കേതികവിദ്യയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഭാരതത്തിലെ ശാസ്ത്രജ്ഞർക്ക്, Innovatorsന്, യുവ സംരംഭകർക്ക് - മുഴുവൻ രാജ്യത്തിന്റെ പേരിൽ ഞാൻ ആശംസകൾ നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അത്ഭുതകരമായ സൗഹൃദത്തിന്റെ ചിത്രങ്ങൾ നിങ്ങൾ പലതവണ കണ്ടിട്ടുണ്ടാകും; മൃഗങ്ങളുടെ വിശ്വസ്തതയുടെ കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. വളർത്തുമൃഗങ്ങളായാലും വന്യമൃഗങ്ങളായാലും, അവയ്ക്ക് മനുഷ്യരുമായുള്ള ബന്ധം ചിലപ്പോൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. മൃഗങ്ങൾക്ക് സംസാരിക്കാൻ കഴിയില്ലെങ്കിലും, മനുഷ്യർക്ക് അവയുടെ വികാരങ്ങളും ആംഗ്യങ്ങളും നന്നായി മനസ്സിലാക്കാൻ കഴിയും. മൃഗങ്ങളും സ്നേഹത്തിന്റെ ഭാഷ മനസ്സിലാക്കുകയും അത് പിന്തുടരുകയും ചെയ്യുന്നു. അസമിൽ നിന്നുള്ള ഒരു ഉദാഹരണം ഞാൻ നിങ്ങളുമായി പങ്കുവെക്കട്ടെ. ആസാമിൽ 'നൗഗാവ്' എന്നൊരു സ്ഥലമുണ്ട്. നമ്മുടെ രാജ്യത്തെ മഹാനായ ശ്രീമന്ത ശങ്കർദേവിന്റെ ജന്മസ്ഥലം കൂടിയാണ് 'നൗഗാവ്'. ഈ സ്ഥലം വളരെ മനോഹരമാണ്. ആനകൾക്ക് വലിയൊരു ആവാസ വ്യവസ്ഥയും ഇവിടെയുണ്ട്. ഈ പ്രദേശത്ത് ആനക്കൂട്ടങ്ങൾ വിളകൾ നശിപ്പിക്കുന്ന നിരവധി സംഭവങ്ങൾ നടന്നിരുന്നു, കർഷകർ ബുദ്ധിമുട്ടിയിരുന്നു, ഇതുമൂലം ചുറ്റുമുള്ള 100 ഓളം ഗ്രാമങ്ങളിലെ ആളുകൾ വളരെ അസ്വസ്ഥരായിരുന്നു, പക്ഷേ ഗ്രാമവാസികൾക്കും ആനകളുടെ നിസ്സഹായത മനസ്സിലായി. വിശപ്പടക്കാനാണ് ആനകൾ വയലുകളിലേക്ക് നീങ്ങുന്നതെന്ന് അവർക്ക് അറിയാമായിരുന്നു, അതിനാൽ ഗ്രാമവാസികൾ ഇതിനൊരു പരിഹാരം കണ്ടെത്താൻ ആലോചിച്ചു. 'ഹാത്തി ബന്ധു' എന്ന പേരിൽ ഗ്രാമീണരുടെ ഒരു സംഘം രൂപീകരിച്ചു. 'ഹാത്തി ബന്ധു' അവരുടെ ബുദ്ധിശക്തി പ്രകടിപ്പിക്കുകയും ഏകദേശം 265 ഏക്കർ തരിശുഭൂമിയിൽ ഒരു അതുല്യമായ ശ്രമം നടത്തുകയും ചെയ്തു. ഇവിടെ ഗ്രാമവാസികൾ ഒരുമിച്ച് നേപ്പിയർ പുല്ല് നട്ടുപിടിപ്പിച്ചു. ആനകൾക്ക് ഈ പുല്ല് വളരെ ഇഷ്ടമാണ്. ഇതിന്റെ ഫലമായി ആനകൾ വയലുകളിലേക്ക് പോകുന്നത് കുറഞ്ഞു. ആയിരക്കണക്കിന് ഗ്രാമീണർക്ക് ഇത് വലിയ ആശ്വാസമാണ്. ആനകൾക്കും ഗ്രാമവാസികളുടെ പരിശ്രമം പ്രയോജനം ചെയ്തു.
സുഹൃത്തുക്കളേ, നമ്മുടെ സംസ്കാരവും പൈതൃകവും നമ്മെ പഠിപ്പിക്കുന്നത് നമ്മുടെ ചുറ്റുമുള്ള മൃഗങ്ങളോടും പക്ഷികളോടും സ്നേഹമപുലർത്തി ജീവിക്കാനാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നമ്മുടെ രാജ്യത്ത് രണ്ട് പുതിയ കടുവ സംരക്ഷണ കേന്ദ്രങ്ങൾ കൂടി രൂപീകരിക്കപ്പെട്ടു എന്നത് നമുക്കെല്ലാവർക്കും വളരെയധികം സന്തോഷകരമായ കാര്യമാണ്. ഇതിൽ ഒന്ന് ഛത്തീസ്ഗഢിലെ ഗുരു ഗാസിദാസ്-തമോർ പിംഗ്ല കടുവ സംരക്ഷണ കേന്ദ്രവും മറ്റൊന്ന് മധ്യപ്രദേശിലെ രാതാപാനി കടുവ സംരക്ഷണ കേന്ദ്രവുമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സ്വാമി വിവേകാനന്ദൻ പറഞ്ഞിരുന്നു, തന്റെ ആശയത്തിൽ അഭിനിവേശമുള്ള വ്യക്തിക്ക് മാത്രമേ തന്റെ ലക്ഷ്യം നേടാൻ കഴിയൂ എന്ന്. ഏതൊരു ആശയവും വിജയകരമാക്കുന്നതിന്, നമ്മുടെ അഭിനിവേശവും സമർപ്പണവുമാണ് ഏറ്റവും പ്രധാനം. പൂർണ്ണമായ സമർപ്പണവും ഉത്സാഹവും ഉണ്ടെങ്കിൽ മാത്രമേ നവീകരണത്തിലേക്കും സർഗ്ഗാത്മകതയിലേക്കും വിജയത്തിലേക്കും ഉള്ള പാത കണ്ടെത്താൻ കഴിയൂ. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തിൽ, 'വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗി'ൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും വന്ന യുവ സുഹൃത്തുക്കളോടൊപ്പം ഞാൻ എന്റെ മുഴുവൻ ദിവസവും അവിടെ ചെലവഴിച്ചു. സ്റ്റാർട്ടപ്പുകൾ, സംസ്കാരം, സ്ത്രീകൾ, യുവാക്കൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ചുള്ള ആശയങ്ങൾ യുവാക്കൾ പങ്കുവെച്ചു. ഈ പരിപാടി എനിക്ക് വളരെ അവിസ്മരണീയമായിരുന്നു.
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്റ്റാർട്ടപ്പ് ഇന്ത്യ അതിന്റെ 9 വർഷം പൂർത്തിയാക്കി. കഴിഞ്ഞ 9 വർഷത്തിനിടെ നമ്മുടെ രാജ്യത്ത് ആരംഭിച്ച സ്റ്റാർട്ടപ്പുകളിൽ പകുതിയിലധികവും ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ളതാണ്, ഇത് കേൾക്കുമ്പോൾ ഓരോ ഭാരതീയന്റെയും ഹൃദയം സന്തോഷിക്കുന്നു, അതായത് നമ്മുടെ സ്റ്റാർട്ടപ്പ് സംസ്കാരം വലിയ നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ചെറുപട്ടണങ്ങളിലെ പകുതിയിലധികം സ്റ്റാർട്ടപ്പുകളും നയിക്കുന്നത് നമ്മുടെ പെൺമക്കളാണെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. അംബാല, ഹിസാർ, കാംഗ്ര, ചെങ്കൽപ്പട്ട്, ബിലാസ്പൂർ, ഗ്വാളിയോർ, വാഷിം തുടങ്ങിയ നഗരങ്ങൾ സ്റ്റാർട്ടപ്പുകളുടെ കേന്ദ്രങ്ങളായി മാറുന്നുവെന്ന് കേൾക്കുമ്പോൾ, മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു. നാഗാലാൻഡ് പോലുള്ള ഒരു സംസ്ഥാനത്ത്, കഴിഞ്ഞ വർഷം സ്റ്റാർട്ടപ്പുകളുടെ രജിസ്ട്രേഷൻ 200% ത്തിലധികം വർദ്ധിച്ചു. മാലിന്യ സംസ്കരണം, Non Renewable Energy, ബയോടെക്നോളജി, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകളാണ് ഏറ്റവും കൂടുതൽ കാണുന്നത്. ഇവ പരമ്പരാഗത മേഖലകളല്ല, പക്ഷേ നമ്മുടെ യുവസുഹൃത്തുക്കളും പരമ്പരാഗത രീതികൾക്കപ്പുറം ചിന്തിക്കുന്നു, അതിനാൽ അവർ വിജയിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, 10 വർഷം മുമ്പ് ഒരാൾ സ്റ്റാർട്ടപ്പ് മേഖലയിലേക്ക് കടക്കുന്നുവെന്ന് പറയുമ്പോൾ, അദ്ദേഹത്തിന് പലതരം പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. സ്റ്റാർട്ടപ്പ് എന്നാൽ എന്താണ് എന്ന് ഒരാൾ! അപ്പോൾ ആരോ പറഞ്ഞു, ഇത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് ! പക്ഷേ ഇപ്പോൾ നോക്കൂ, ഒരു ദശാബ്ദത്തിനുള്ളിൽ എത്ര വലിയ മാറ്റമാണ് സംഭവിച്ചതെന്ന്. ഭാരതത്തിൽ സൃഷ്ടിക്കപ്പെടുന്ന പുതിയ അവസരങ്ങൾ നിങ്ങളും പൂർണ്ണമായി പ്രയോജനപ്പെടുത്തണം. നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ടെങ്കിൽ, നിങ്ങളുടെ സ്വപ്നങ്ങൾക്കും പുതിയ ചിറകുകൾ ലഭിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നല്ല ഉദ്ദേശ്യങ്ങളോടും നിസ്വാർത്ഥ മനോഭാവത്തോടും കൂടി ചെയ്യുന്ന പ്രവൃത്തിക്ക് ദൂരവ്യാപകമായ ഫലങ്ങളുണ്ടാകും. നമ്മുടെ 'മൻ കി ബാത്ത്' ഇതിനുള്ള ഒരു വലിയ വേദിയാണ്. നമ്മുടേതുപോലുള്ള വിശാലമായ ഒരു രാജ്യത്ത്, വിദൂര പ്രദേശങ്ങളിൽ പോലും ആരെങ്കിലും നല്ല പ്രവൃത്തികൾ ചെയ്യുന്നുണ്ടെങ്കിൽ, കർത്തവ്യബോധത്തിന് വളരെയധികം പ്രാധാന്യം നൽകുന്നുവെങ്കിൽ, അവരുടെ പരിശ്രമങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണിത്. അരുണാചൽ പ്രദേശിൽ സേവനത്തിന്റെ ഒരു സവിശേഷ മാതൃകയാണ് ശ്രീ. ദീപക് നാബാം കാഴ്ചവച്ചത്. ശ്രീ. ദീപക് ഇവിടെ ഒരു ലിവിംഗ് ഹോം നടത്തുന്നു. മാനസികവൈകല്യമുള്ളവർ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, പ്രായമായവർ എന്നിവരെ സേവിക്കുന്നിടത്ത്, മയക്കുമരുന്നിന് അടിമകളായവരെയും ഇവിടെ പരിചരിക്കുന്നു. സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവർക്കും, അക്രമത്തിന് ഇരയായ കുടുംബങ്ങൾക്കും, സഹായമില്ലാതെ വീടില്ലാത്തവർക്കും പിന്തുണ നൽകുന്നതിനായി ശ്രീ. ദീപക് നാബാം ഒരു ക്യാമ്പയിൻ ആരംഭിച്ചു. ഇന്ന് അദ്ദേഹത്തിന്റെ സേവനം ഒരു സ്ഥാപനത്തിന്റെ രൂപത്തിലായിരിക്കുന്നു. അദ്ദേഹത്തിന്റെ സംഘടനയ്ക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽ നഴ്‌സായി ജോലി ചെയ്യുന്ന ശ്രീമതി. കെ. ഹിൻഡുംബിയുടെ പ്രവൃത്തികളും വളരെ പ്രചോദനകരമാണ്. 18 വർഷം മുമ്പ് അവർ സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചു, പക്ഷേ ഇന്നും അവർ മുമ്പത്തെപ്പോലെ തന്നെ അനുകമ്പയോടും വാത്സല്യത്തോടും കൂടി ആളുകളെ സേവിക്കുന്നു എന്നറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. ലക്ഷദ്വീപിലെ ശ്രീ. കെ ജി മുഹമ്മദിന്റെ ശ്രമങ്ങളും അത്ഭുതകരമാണ്. അവരുടെ കഠിനാധ്വാനം കാരണം മിനിക്കോയ് ദ്വീപിലെ സമുദ്ര ആവാസവ്യവസ്ഥ കൂടുതൽ ശക്തമാവുകയാണ്. പരിസ്ഥിതിയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി അദ്ദേഹം നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ലക്ഷദ്വീപ് സാഹിത്യകലാ അക്കാദമിയുടെ മികച്ച നാടൻ പാട്ടിനുള്ള അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിരമിച്ചതിനു ശേഷം കെ.ജി. മുഹമ്മദ് അവിടെയുള്ള മ്യൂസിയവുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
സുഹൃത്തുക്കളെ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് മറ്റൊരു വളരെ നല്ല വാർത്ത കൂടിയുണ്ട്. നിക്കോബാർ ജില്ലയിലെ Virgin Coconut oil ന് അടുത്തിടെ ജിഐ ടാഗ് ലഭിച്ചു. Virgin Coconut oilന് ജിഐ ടാഗ് ലഭിച്ചതിനുശേഷം മറ്റൊരു പുതിയ സംരംഭം കൂടി അവർ ആരംഭിച്ചിരിക്കുന്നു. ഈ എണ്ണയുടെ ഉൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് സ്വയം സഹായ ഗ്രൂപ്പുകൾ രൂപീകരിക്കുന്നു, അവർക്ക് മാർക്കറ്റിംഗിലും ബ്രാൻഡിംഗിലും പ്രത്യേക പരിശീലനവും നൽകുന്നു. നമ്മുടെ ഗോത്ര സമൂഹങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണിത്. ഭാവിയിൽ നിക്കോബാറിലെ Virgin Coconut oil ലോകമെമ്പാടും ഒരു കോളിളക്കം സൃഷ്ടിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ഇതിൽ ഏറ്റവും വലിയ സംഭാവന ആൻഡമാൻ നിക്കോബാറിലെ വനിതാ സ്വയം സഹായ സംഘങ്ങളുടേതായിരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഒരു നിമിഷം ഈ ഒരു ദൃശ്യം സങ്കൽപ്പിക്കുക - കൊൽക്കത്തയിലാണ്. ജനുവരി സമയം. രണ്ടാം ലോക മഹായുദ്ധം അതിന്റെ ഉച്ചസ്ഥായിയിലാണ്, ഭാരതത്തിൽ ബ്രിട്ടീഷുകാർക്കെതിരായ രോഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൊൽക്കത്തയുടെ ഹൃദയഭാഗത്തുള്ള ഒരു വീടിനു ചുറ്റും പോലീസ് കൂടുതൽ ജാഗ്രത പുലർത്തുന്നു. അതേസമയം, രാത്രിയുടെ ഇരുട്ടിൽ, ഒരു ബംഗ്ലാവിൽ നിന്ന് കാറിൽ, തവിട്ട് നിറത്തിലുള്ള നീളമുള്ള കോട്ടും പാന്റും കറുത്ത തൊപ്പിയും ധരിച്ച ഒരാൾ പുറത്തിറങ്ങി വരുന്നു. നിരവധി സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ കടന്ന് അയാൾ ഗോമോ എന്ന റെയിൽവേ സ്റ്റേഷനിൽ എത്തുന്നു. ഈ സ്റ്റേഷൻ ഇപ്പോൾ ജാർഖണ്ഡിലാണ്. ഇവിടെ നിന്ന് അയാൾ ഒരു ട്രെയിൻ പിടിച്ച് മുന്നോട്ട് നീങ്ങുന്നു. പിന്നീട്, അഫ്ഗാനിസ്ഥാൻ വഴി അദ്ദേഹം യൂറോപ്പിലെത്തുന്നു - ബ്രിട്ടീഷ് ഭരണത്തിന്റെ അഭേദ്യമായ കോട്ടകൾക്കിടയിലും ഇതെല്ലാം സംഭവിക്കുകയാണ്.
സുഹൃത്തുക്കളേ, ഈ കഥ നിങ്ങൾക്ക് ഒരു സിനിമാ രംഗം പോലെ തോന്നിയേക്കാം. ഇത്രയധികം ധൈര്യം കാണിക്കാൻ മാത്രം ആരാണിയാൾ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. യഥാർത്ഥത്തിൽ ആ വ്യക്തി മറ്റാരുമല്ല, നമ്മുടെ രാജ്യത്തെ മഹനീയ വ്യക്തിത്വം നേതാജി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു അത്. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23, നമ്മൾ ഇപ്പോൾ 'പരാക്രം ദിവസ്' ആയി ആഘോഷിക്കുന്നു. ഈ കഥ അദ്ദേഹത്തിന്റെ ധീരതയുടെ ഒരു നേർക്കാഴ്ച നൽകുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പ്, അദ്ദേഹം ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷപ്പെട്ട അതേ വീട് ഞാൻ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ ആ കാർ ഇപ്പോഴും അവിടെയുണ്ട്. ആ അനുഭവം എനിക്ക് വളരെ പ്രത്യേകതയുള്ളതായിരുന്നു. നേതാജി ദീർഘവീക്ഷണമുള്ളയാളായിരുന്നു. ധൈര്യം അദ്ദേഹത്തിന്റെ സ്വഭാവത്തിൽ രൂഢമൂലമായിരുന്നു. ഇതുമാത്രമല്ല, വളരെ കാര്യക്ഷമനായ ഒരു ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. വെറും 27 വയസ്സുള്ളപ്പോൾ അദ്ദേഹം കൊൽക്കത്ത കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി, അതിനുശേഷം അദ്ദേഹം മേയറുടെ ഉത്തരവാദിത്തവും ഏറ്റെടുത്തു. ഒരു ഭരണാധികാരി എന്ന നിലയിലും അദ്ദേഹം നിരവധി മികച്ച പ്രവർത്തനങ്ങൾ ചെയ്തു. പഠനത്തിന് സ്കൂളുകൾ, പാവപ്പെട്ട കുട്ടികൾക്ക് പാൽ, പോഷകാഹാരം എന്നിവ ലഭ്യമാക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഇപ്പോഴും ഓർമ്മിക്കപ്പെടുന്നു. നേതാജി സുഭാഷിനും റേഡിയോയുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. അദ്ദേഹം സ്ഥാപിച്ച 'ആസാദ് ഹിന്ദ് റേഡിയോ'യിൽ ആളുകൾ അദ്ദേഹത്തെ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരുന്നു. വിദേശ ഭരണത്തിനെതിരായ പോരാട്ടത്തിന് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പുതിയ ശക്തി നൽകി. ‘ആസാദ് ഹിന്ദ് റേഡിയോ’യിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, മറാത്തി, പഞ്ചാബി, പഷ്തു, ഉറുദു ഭാഷകളിൽ വാർത്താ ബുള്ളറ്റിനുകൾ പ്രക്ഷേപണം ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിനെ ഞാൻ വന്ദിക്കുന്നു. രാജ്യമെമ്പാടുമുള്ള യുവാക്കളോട് അദ്ദേഹത്തെക്കുറിച്ച് കഴിയുന്നത്ര വായിക്കാനും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും ഞാൻ അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ, ഈ 'മൻ കി ബാത്ത്' പരിപാടി എന്നെ എല്ലായ്‌പ്പോഴും രാജ്യത്തിന്റെ കൂട്ടായ പരിശ്രമങ്ങളുമായി, നിങ്ങളുടെ എല്ലാവരുടെയും കൂട്ടായ ഇച്ഛാശക്തിയുമായി ബന്ധിപ്പിക്കുന്നു. എല്ലാ മാസവും നിങ്ങളുടെ ധാരാളം നിർദ്ദേശങ്ങളും ആശയങ്ങളും എനിക്ക് ലഭിക്കുന്നു, ഓരോ തവണയും ഈ ആശയങ്ങൾ കാണുമ്പോൾ, ഭാരതത്തെ വികസിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലുള്ള എന്റെ വിശ്വാസം കൂടുതൽ വർദ്ധിക്കുന്നു. ഭാരതത്തെ ഏറ്റവും മികച്ചതാക്കാൻ നിങ്ങളെല്ലാവരും ഇതുപോലെ പ്രവർത്തിക്കുന്നത് തുടരണം. ‘മൻ കി ബാത്തിന്റെ’ ഈ അദ്ധ്യായത്തിൽ ഇത്രമാത്രം. ഭാരതത്തിന്റെ നേട്ടങ്ങളുടെയും പ്രതിജ്ഞകളുടെയും പുതിയ കഥകളുമായി അടുത്ത മാസം നമ്മൾ വീണ്ടും ഒത്തുകൂടും. വളരെ നന്ദി. നമസ്ക്കാരം!
-SK-
*******
(Release ID: 2094233)
Visitor Counter : 35
Read this release in:
Odia
,
Urdu
,
Telugu
,
Assamese
,
English
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada