റെയില്‍വേ മന്ത്രാലയം
മഹാകുംഭമേളയുടെ മൂന്നാംദിനം പ്രയാഗ്‌രാജിലെത്താൻ ഭക്തരെ സഹായിക്കുന്നതിന് 137 കുംഭമേള പ്രത്യേക ട്രെയിന്‍ സർവീസുകളുമായി റെയില്‍വേ
പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകളുടെ സാറ്റലൈറ്റ് സ്റ്റേഷനായി സുബേദാർഗഞ്ച് സ്റ്റേഷൻ; പ്രയാഗ്‌രാജ് മേഖലയില്‍ യാത്രക്കാർക്ക് സൗകര്യങ്ങളുമായി 7 അധിക സ്റ്റേഷനുകൾ
17 പുതിയ യാത്രി ആശ്രയ കേന്ദ്രങ്ങളൊരുക്കി ആകെ ശേഷി 1,10,000-ത്തിലേറെയാക്കി ഉയര്‍ത്തി റെയിൽവേ; മികച്ച ദിശാനിയന്ത്രണത്തിന് കളർ-കോഡിംഗ്
5,900 സുരക്ഷാ ഉദ്യോഗസ്ഥരും 764 പുതിയ സിസിടിവി ക്യാമറകളും ഡ്രോൺ നിരീക്ഷണവുമായി 2025-ലെ മഹാകുംഭമേളയ്ക്ക് സുരക്ഷ ശക്തമാക്കി റെയില്‍വേ
Posted On:
15 JAN 2025 7:40PM by PIB Thiruvananthpuram
മഹാകുംഭമേളയ്ക്ക് പോകുന്ന ഭക്തർ യാതൊരു അസൗകര്യവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ് റെയിൽവേ. രാജ്യമെങ്ങുമുള്ള ഭക്തരെ പ്രയാഗ്‌രാജിൽ എത്തിച്ചേരാൻ സഹായിക്കുന്നതിന് 349 പതിവ് ട്രെയിനുകൾക്ക് പുറമെ ഇന്ന് 137 അധിക ട്രെയിനുകൾ സർവീസ് നടത്തുന്നു. ആദ്യ രണ്ട് ദിവസങ്ങളിൽ പ്രയാഗ്‌രാജ് സ്റ്റേഷനുകളിലെ ആകെ യാത്രക്കാരുടെ എണ്ണം 15 ലക്ഷത്തി 60,000 കവിഞ്ഞു. ദൂരെ സ്ഥലങ്ങളിൽ നിന്ന് കുംഭമേളയിൽ പങ്കെടുക്കാൻ ഭക്തരെ കൊണ്ടുവരുന്ന ട്രെയിനുകള്‍ക്കു പുറമെ ചിത്രകൂട്, അയോധ്യ, വാരണാസി തുടങ്ങിയ സമീപ ക്ഷേത്രനഗരങ്ങളിലേക്ക് ഭക്തർക്ക് യാത്രാസൗകര്യമുറപ്പാക്കുന്ന റിംഗ് റെയിൽ സർവീസുകളും ഇതിലുൾപ്പെടുന്നു.
46 ദിവസം നീണ്ടുനിൽക്കുന്ന മഹാകുംഭമേളയിൽ ഭക്തരുടെ സൗകര്യാർത്ഥം 13,100-ത്തിലധികം ട്രെയിന്‍ സർവീസുകള്‍ നടത്താനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇതിൽ 10,000-ത്തിലധികം സാധാരണ ട്രെയിനുകളും 3,100-ലധികം പ്രത്യേക ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്. മുൻ കുംഭമേളയെ അപേക്ഷിച്ച് 4.5 മടങ്ങ് കൂടുതലാണ് പ്രത്യേക ട്രെയിനുകളുടെ എണ്ണം. ഇതിൽ 1,800 ഹ്രസ്വദൂര ട്രെയിനുകളും 700 ദീർഘദൂര ട്രെയിനുകളുമുണ്ട്. പ്രയാഗ്‌രാജിനെ ബന്ധിപ്പിക്കുന്ന റിംഗ് റെയിൽ വഴി നാല് വ്യത്യസ്ത റൂട്ടുകളില്‍ 560 ട്രെയിന്‍ സര്‍വീസുകളും റെയില്‍വേ നടത്തുന്നുണ്ട്. പ്രയാഗ്‌രാജ്-അയോധ്യ-വാരണാസി-പ്രയാഗ്‌രാജ്, പ്രയാഗ്‌രാജ്-സംഗമം-പ്രയാഗ്-ജൗൻപൂർ-പ്രയാഗ്-പ്രയാഗ്‌രാജ്, ഗോവിന്ദ്പുരി-പ്രയാഗ്‌രാജ്-ചിത്രകൂട്-ഗോവിന്ദ്പുരി, ഝാന്‍സി-ഗോവിന്ദ്പുരി-പ്രയാഗ്‌രാജ്-മണിക്പൂര്‍-ചിത്രകൂട്-ഝാന്‍സി എന്നിവയാണ് ഈ റൂട്ടുകൾ.
മഹാകുംഭമേളയുടെ രണ്ടാംദിനം രാജ്യത്തിനകത്തും പുറത്തുനിന്നുമായി 3.5 കോടിയിലധികം ഭക്തരാണ് മേളയിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയത്. തിരക്ക് കുറയ്ക്കുന്നതിനായി വിവിധ റെയിൽവേ ഡിവിഷനുകള്‍ രാജ്യത്തെ വിവിധ സ്റ്റേഷനുകളിൽ നിന്ന് മഹാകുംഭമേളയ്ക്കായി കൂടുതൽ ജോഡി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ഭോപ്പാൽ ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് മഹാകുംഭമേളയ്ക്കായി 15 ജോഡി ട്രെയിനുകൾ സർവീസ് നടത്തും.
യാത്രക്കാരുടെ സൗകര്യാർത്ഥം മഹാകുംഭമേളയ്ക്ക് ചുറ്റുമായി 9 റെയിൽവേ സ്റ്റേഷനുകൾ റെയിൽവേ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രയാഗ്‌രാജ്, ഫാഫമൗ, രാംബാഗ്, ജുൻസി യാർഡ് എന്നീ സ്റ്റേഷനുകള്‍ പ്രയാഗ്‌രാജിൽ നിന്ന് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുന്നതിനായി നവീകരിച്ചു. 2019-ലെ കുംഭമേളയിൽ 45% ജനക്കൂട്ടത്തെ കൈകാര്യം ചെയ്ത പ്രയാഗ്‌രാജ് ജംഗ്ഷനെ ഉൾക്കൊള്ളുന്നതിന് സുബേദാർഗഞ്ച് സ്റ്റേഷൻ ഒരു സാറ്റലൈറ്റ് സ്റ്റേഷനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രയാഗ്‌രാജ് മേഖലയിലെ സ്റ്റേഷനുകളിൽ 7 പുതിയ പ്ലാറ്റ്‌ഫോമുകൾ നിർമിച്ചു. നിലവില്‍ പ്രയാഗ്‌രാജ് മേഖലയിലെ 9 സ്റ്റേഷനുകളിലായി 48 പ്ലാറ്റ്‌ഫോമുകൾ ലഭ്യമാണ്.
കാത്തിരിപ്പിനായി യാത്രക്കാർക്ക് റെയിൽവേ മതിയായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ മേഖലയിൽ 17 പുതിയ സ്ഥിരം യാത്രി ആശ്രയ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമായതോടെ ആകെ യാത്രി ആശ്രയ കേന്ദ്രങ്ങളുടെ എണ്ണം 28 ആയി. ഇതോടെ ഈ യാത്രി ആശ്രയ കേന്ദ്രങ്ങളുടെ ശേഷി 21,000-ത്തില്‍നിന്ന് ഒരു ലക്ഷത്തി പതിനായിരത്തിലധികമായി ഉയര്‍ന്നു. മഹാകുംഭമേളയുടെ സമയത്ത് ഭക്തരുടെ വൻ തിരക്ക് നേരിടുന്നതിന് വിവിധ സ്റ്റേഷനുകളിലെ യാത്രി ആശ്രയ കേന്ദ്രങ്ങള്‍ക്കായി റെയിൽവേ ഒരു വ്യവസ്ഥാപിത കളർ-കോഡിംഗ് പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ദിശാനിയന്ത്രണം ലളിതമാക്കുന്നതിലൂടെയും പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്ക് മികച്ച പ്രവേശനം സാധ്യമാക്കുന്നതിലൂടെയും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ശൗചാലയങ്ങള്‍ നിർമിച്ചിട്ടുണ്ട്. ഓരോ സ്റ്റേഷനിലും മതിയായ കുടിവെള്ള - ഭക്ഷണ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിവരുന്നു. കാത്തിരിപ്പ് മുറികളും വിശ്രമമുറികളും നവീകരിച്ചു. പ്രയാഗ്‌രാജ് ജംഗ്ഷനിലും പ്രയാഗ്‌രാജ് ചിയോകിയിലും ആദ്യമായി ആരംഭിച്ച യാത്രി സുവിധാ കേന്ദ്രം വഴി വീൽചെയറുകൾ, ലഗേജ് ട്രോളികൾ, ഹോട്ടൽ - ടാക്സി ബുക്കിംഗ്, മരുന്നുകൾ, കുഞ്ഞുങ്ങള്‍ക്ക് പാൽ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ട്രെയിനിലെ യാത്രക്കാർക്ക് നൽകാൻ സൗകര്യമൊരുക്കും.
ഭക്തരുടെ ട്രെയിന്‍യാത്ര സുരക്ഷിതമാക്കുന്നതിനായി പ്രയാഗ്‌രാജിലെയും പരിസര പ്രദേശങ്ങളിലെയും എൻസിആർ, എൻഇആർ, എൻആർ സോണുകളിലെ ഒന്‍പത് റെയിൽവേ സ്റ്റേഷനുകളിലായി 3,200 ആർപിഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 5900 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 764 പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതോടെ ആകെ നിരീക്ഷണ ക്യാമറകള്‍ 1186 ആയി. ഇതിലെ മുഖം തിരിച്ചറിയൽ സംവിധാനമുള്ള (എഫ്‌ആർഎസ്) 116 ക്യാമറകള്‍ ആദ്യമായി നിയമലംഘകരെ തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നു. ട്രാക്ക് നിരീക്ഷണത്തിനും സ്റ്റേഷനുകളുടെ സമീപത്തെ റോഡുകളിലെ ജനക്കൂട്ടത്തെ നിരീക്ഷിക്കുന്നതിനും ആദ്യമായി ഡ്രോൺ ക്യാമറകളും ഉപയോഗിക്കുന്നു.
(Release ID: 2093281)
Visitor Counter : 31