സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

2025-ലെ മഹാകുംഭമേളയുടെ തുടക്കം

പ്രൗഢമായ ഒരു ആത്മീയ ദൃശ്യാനുഭൂതി

Posted On: 13 JAN 2025 8:45PM by PIB Thiruvananthpuram

45 ദിവസം നീണ്ടുനിൽക്കുന്ന ആത്മീയ - സാംസ്കാരിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 2025 ജനുവരി 13-ന് പൗഷ് പൂർണിമയുടെ ശുഭദിനത്തില്‍ സമാനതകളില്ലാത്ത പ്രൗഢിയോടെ പ്രയാഗ്‌രാജിൽ മഹാകുംഭമേള ആരംഭിച്ചു. 144 വർഷത്തിലൊരിക്കൽ സാക്ഷ്യംവഹിക്കുന്ന ആത്മീയ മഹത്വത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യാനുഭൂതി സൃഷ്ടിച്ച് വിശ്വാസത്തിന്റെയും ഭക്തിയുടെയും ആത്മീയ ഐക്യത്തിന്റെയും അതിശക്തമായ പ്രകടനത്തോടെയാണ് മേളയ്ക്ക് തുടക്കമായത്. ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യസംഗമഭൂമിയില്‍ ഈ മഹത്തായ മേളയുടെ ആദ്യ പുണ്യസ്‌നാനത്തിന്റെ ഭാഗമാകാന്‍ ‌ലോകമെങ്ങുമുള്ള ആയിരക്കണക്കിന് ഭക്തര്‍ ഒത്തുചേര്‍ന്നു. 

റെക്കോഡ് ഭേദിക്കുന്ന തുടക്കം

മഹാകുംഭമേളയ്ക്ക് ധന്യമായ തുടക്കം കുറിച്ചുകൊണ്ട് ആദ്യദിനം തന്നെ ഒന്നരക്കോടിയിലധികം ഭക്തർ പുണ്യസ്നാനം നടത്തി. ഈ വൻ ജനപങ്കാളിത്തം മേളയുടെ ആത്മീയ പ്രാധാന്യത്തെ അടിവരയിടുന്നതിനൊപ്പം വിശ്വാസത്തിന്റെയും മാനവികതയുടെയും ആഘോഷത്തിൽ വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളിൽനിന്ന് ജനങ്ങളെ ഒരുമിച്ചുചേര്‍ക്കുന്ന ഏകീകരണ ശക്തിയെന്ന തലത്തില്‍ അതിന്റെ പങ്കിനെ എടുത്തുകാണിക്കുകയും ചെയ്യുന്നു.

ഔദ്യോഗിക സ്നാന ദിനത്തിന് രണ്ട് ദിവസം മുന്‍പുതന്നെ ആയിരക്കണക്കിന് ഭക്തർ എത്തിത്തുടങ്ങിയത് റെക്കോർഡ് ഭേദിക്കുന്ന ഒത്തുചേരലിന്റെ സൂചനയായിരുന്നു. 2025 ലെ മഹാകുംഭമേളയ്ക്കായി ഉത്തർപ്രദേശ് സർക്കാര്‍ ഒരുക്കിയ അതിസൂക്ഷ്മമായ ക്രമീകരണങ്ങൾക്ക് വ്യാപക പ്രശംസയാണ് ലഭിച്ചത്. സന്ദർശകരുടെ വൻതോതിലുള്ള ഒഴുക്കിനെ തടസ്സമില്ലാതെ നിയന്ത്രിച്ച സംഘടിത അടിസ്ഥാന സൗകര്യങ്ങളിൽ ഭക്തർ സംതൃപ്തി പ്രകടിപ്പിച്ചു.

ഐക്യത്തിന്റെയും സുരക്ഷയുടെയും ഹൃദയസ്പർശിയായ കാഴ്ച

ആദ്യ സ്നാനോത്സവത്തിൽ ഭക്തിയും ആവേശവുമായി തീര്‍ത്ഥാടകര്‍ സ്നാനഘട്ടങ്ങളില്‍ തടിച്ചുകൂടിയതോടെ വൻ ജനക്കൂട്ടമാണ് അനുഭവപ്പെട്ടത്. ഈ മനുഷ്യക്കടലിൽ വേർപെട്ടുപോയ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിൽ മഹാകുംഭമേളയുടെ അനിവാര്യ ഘടകമായ ഭൂല-ഭട്ക ക്യാമ്പുകൾ നിർണായക പങ്കുവഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വിഭാഗങ്ങളോടെ ക്രമീകരിച്ച ഈ ക്യാമ്പുകൾ ജനത്തിരക്കില്‍ കൂട്ടംതെറ്റിയ ഭക്തർക്ക് മനസ്സമാധാനമേകി. സ്നാനഘട്ടങ്ങളില്‍ സ്ഥാപിച്ച ഉച്ചഭാഷിണികളിലൂടെ തുടർച്ചയായി മുഴങ്ങിയ അറിയിപ്പുകൾ വേർപെട്ടുപോയവരെ പെട്ടെന്ന് ഒന്നിപ്പിക്കാന്‍ സഹായകമായി. വേദിയിൽ നിലയുറപ്പിച്ച പോലീസ് സേന ഭക്തരെ സഹായിക്കാൻ അക്ഷീണം പ്രവർത്തിച്ചുകൊണ്ട് മേള ശാന്തവും സംഘടിതവുമായി മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കി. കൂടാതെ, ഖോയ-പായ (നഷ്ടപ്പെട്ടതും കണ്ടെത്തിയതും) കേന്ദ്രങ്ങൾ കാണാതായവരെ കണ്ടെത്തുന്നതിന് ഡിജിറ്റൽ സംവിധാനങ്ങളും സമൂഹമാധ്യമങ്ങളും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സുരക്ഷയും സൗകര്യവുമൊരുക്കി. 

മഹാകുംഭമേളയിലെ മകരസംക്രാന്തി 

മകരസംക്രാന്തിയുടെ ധന്യവേളയോടടുക്കവെ ലോകമെങ്ങുമുള്ള ഭക്തരുടെ വന്‍ ജനക്കൂട്ടമാണ് മഹാകുംഭമേളയിലേക്ക ഒഴുകിയെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ രൂക്ഷമായ തണുപ്പിനെ മറികടന്ന് അചഞ്ചലമായ ആവേശത്തോടെ ഗംഗാ തീരത്തേക്ക് ഒഴുകിയെത്തുന്നു. തലയിൽ കെട്ടുകൾ ചുമന്ന്, മണലിൽ നഗ്നപാദരായി അവർ പുണ്യസ്നാനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ജനുവരി 14 ന് രാവിലെ 9:03 മുതൽ 10:50 വരെ മഹാ-പുണ്യകാലത്തിലാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്.

ഭദ്രകാലമില്ലാത്തതിനാൽ ദിവസമുടനീളം ശുഭകരമാകുന്ന ഈ വർഷത്തെ സംക്രാന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഉത്തരായനത്തിന് ആരംഭം കുറിച്ചുകൊണ്ട് സൂര്യൻ ധനുരാശിയിൽ നിന്ന് മകരത്തിലേക്ക് മാറുന്നതിനെയാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നത്. മകരസംക്രാന്തി സമയത്ത് ഗംഗ, യമുന തുടങ്ങിയ പുണ്യനദികളിൽ സ്നാനം ചെയ്യുന്നത് പാപങ്ങളെ ശുദ്ധീകരിക്കുകയും ആത്മീയ ചൈതന്യം നൽകുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ദാനധർമ്മങ്ങൾക്കും ഭക്തിയ്ക്കും വേണ്ടിയും ഈ ദിനം സമർപ്പിച്ചിരിക്കുന്നു. പരമ്പരാഗത വിഭവങ്ങളായ എള്ള്-ശർക്കര ലഡ്ഡു, കിച്ചടി, മറ്റ് ഉത്സവ വിഭവങ്ങൾ തുടങ്ങിയവ ഈ ആഘോഷവേളയുടെ അലങ്കാരമാണ്. ഊർജ്ജസ്വലതയുടെയും സന്തോഷത്തിന്റെയും പ്രതീകമായി പട്ടം പറത്തുന്നത് ഈ ദിവസത്തിന്റെ പ്രത്യേക പാരമ്പര്യമാണ്.

 

മഹാ കുംഭമേളയുടെ ആഗോള ആകർഷണം

ലോകമെങ്ങുമുള്ള ഭക്തരെയും ആത്മീയാന്വേഷികളെയും ആകർഷിച്ചുകൊണ്ട് മഹാകുംഭമേള രാജ്യാതിർത്തികൾ ഭേദിച്ചിരിക്കുന്നു. ദക്ഷിണ കൊറിയന്‍ യൂട്യൂബർമാരും ജപ്പാൻ, സ്പെയിൻ, റഷ്യ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരും ഉൾപ്പെടെ അന്താരാഷ്ട്ര തീർത്ഥാടകരും വിനോദസഞ്ചാരികളും മേളയുടെ പ്രൗഢിയില്‍ ആകൃഷ്ടരായി. സംഗമഘട്ടിൽ മഹാ കുംഭമേളയുടെ സാംസ്കാരികവും ആത്മീയവുമായ സാരാംശം മനസ്സിലാക്കാൻ പലരും പ്രാദേശിക വഴികാട്ടികളുമായി സംവദിച്ചു. ‘ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസര’മെന്നാണ് സ്പെയിനിൽ നിന്നുള്ള ക്രിസ്റ്റീന തന്റെ അനുഭവത്തെ വിശേഷിപ്പിച്ചത്. 

2025-ലെ മഹാകുംഭമേളയില്‍ കണക്കാക്കുന്ന ജനപങ്കാളിത്തം നിരവധി രാജ്യങ്ങളിലെ ജനസംഖ്യയെ മറികടക്കുമെന്ന പ്രതീക്ഷ മേളയുടെ ആഗോള പ്രാധാന്യത്തിന് അടിവരയിടുന്നു. വിദേശ ഭക്തർ മേളയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനൊപ്പം ആചാരങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. സനാതന ധർമ്മം സ്വീകരിച്ച് വിവിധ രാജ്യങ്ങളിൽനിന്നെത്തിയ ഋഷിവര്യരും സന്യാസിമാരും ഉത്സവത്തിന്റെ ആത്മീയ വൈവിധ്യത്തിന് ഊര്‍ജം പകര്‍ന്നുകൊണ്ട് പുണ്യസ്നാനത്തിന്റെ ഭാഗമായി. 

 

സുഗമമായ അനുഭവത്തിന് മികച്ച അടിസ്ഥാന സൗകര്യങ്ങൾ

സംഗമ സ്നാനത്തിന്റെ ആത്മീയ പ്രാധാന്യം തിരിച്ചറിഞ്ഞ ഉത്തർപ്രദേശ് സർക്കാർ സ്നാന മേഖല വികസിപ്പിക്കുന്നതിന് ഗണ്യമായ ശ്രമങ്ങൾ നടത്തി. ജലസേചന വകുപ്പ് 85 ദിവസംകൊണ്ട് ത്രിവേണി സംഗമത്തിലെ 2 ഹെക്ടറിലധികം ഭൂമി വീണ്ടെടുത്ത് രണ്ട് ലക്ഷം ഭക്തർക്ക് ഒരേസമയം സ്നാനം നടത്താവുന്ന വിധം തയ്യാറാക്കിയത് ശ്രദ്ധേയ നേട്ടമായി. നാല് ഡ്രെഡ്ജിംഗ് യന്ത്രങ്ങള്‍ വിന്യസിച്ച് 26 ഹെക്ടർ അധിക ഭൂമിയും തയ്യാറാക്കി. സസൂക്ഷ്മമായ നദിയൊരുക്കല്‍ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കിയ ഈ വിപുലീകരണം 2019 നെ അപേക്ഷിച്ച് സംഗമഘട്ടത്തിന്റെ ശേഷി മൂന്ന് മടങ്ങായി വര്‍ധിപ്പിച്ചു. ഈ വിപുലീകരണ പ്രക്രിയയിലൂടെ മഹാകുംഭമേളയിൽ പ്രതീക്ഷിക്കുന്ന 45 കോടി ഭക്തർക്ക് സുഗമമായ സ്നാനാനുഭവം ഉറപ്പാക്കാനായി.

 

കല്പവാസ്: സനാതന പാരമ്പര്യത്തിന്റെ സ്തംഭം

മഹാകുംഭമേളയുടെ അവിഭാജ്യ പാരമ്പര്യമായ കല്പവാസ് ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 12 വരെ തുടരും. പുരാതന വിശ്വാസപ്രകാരം കല്പവാസ് പൗഷ് പൂർണിമയിൽ ആരംഭിച്ച് മാഘ പൂർണിമ വരെ ഒരു മാസം നീണ്ടുനില്‍ക്കുന്നു. ഇക്കാലയളവില്‍ ഭക്തർ കർശന ആത്മീയ അച്ചടക്കം പാലിച്ചുകൊണ്ട് സംഗമഭൂമിയ്ക്ക് സമീപം കൂടാരങ്ങളിൽ താമസിക്കുന്നു. ഈ പാരമ്പര്യത്തെ പിന്തുണയ്ക്കുന്നതിന് വൈദ്യുതി, വെള്ളം, ശൗചാലയം എന്നിവയടക്കം അവശ്യ സൗകര്യങ്ങളോടെ 1.6 ലക്ഷം കൂടാരങ്ങൾ പ്രയാഗ്‌രാജ് മേള അതോറിറ്റി സ്ഥാപിച്ചിട്ടുണ്ട്. താങ്ങാവുന്ന വിലയ്ക്ക് റേഷൻ, സിലിണ്ടർ, സുരക്ഷിതമായ കുളിക്കടവുകൾ, തീക്കുണ്ഡം തുടങ്ങിയ പ്രത്യേക ക്രമീകരണങ്ങൾ കല്പവാസികള്‍ക്ക് സുഖസൗകര്യം ഉറപ്പാക്കുന്നു. കുംഭമേള നടക്കുന്ന പ്രദേശത്തെ ആശുപത്രികൾ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനൊപ്പം തീർത്ഥപുരോഹിതർക്കും ആചാരങ്ങൾ നടത്തുന്നവര്‍ക്കും അധിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

‌തീവ്രമായ ആത്മീയ അച്ചടക്കത്തിന് പേരുകേട്ട കല്പവാസികൾ 'മോക്ഷദായിനി' സംഗമത്തിൽ പുണ്യസ്നാനം നടത്തിക്കൊണ്ടാണ് 45 ദിവസം നീണ്ടുനിൽക്കുന്ന ആത്മീയ ധ്യാനം ആരംഭിച്ചത്. ബ്രഹ്മചര്യം, ലാളിത്യം, പതിവ് പ്രാർത്ഥനകൾ എന്നിവയുടെ ശപഥത്തിലൂടെ ആത്മീയ ഉന്നതിക്കും ആഗോള ക്ഷേമത്തിനും വേണ്ടി അവര്‍ പ്രാർത്ഥിച്ചു. മഹാദേവനെ ആരാധിക്കുന്ന ധന്യദിവസമായ തിങ്കളാഴ്ച തന്നെ യാദൃച്ഛികമായി പൗഷ് പൂർണിമ വന്നുചേര്‍ന്നത് മേളയുടെ ആത്മീയ പ്രാധാന്യം വർധിപ്പിക്കുന്നു.

മഹാ കുംഭമേളയുടെ വിപണന മേഖലകൾ

സംഗമമേളയ്ക്ക് സമീപത്തെ വിപണന മേഖലകളിലേക്കും വ്യാപിക്കുന്നതാണ് മഹാകുംഭമേളയുടെ ഊര്‍ജം. ഭക്തജനക്കൂട്ടത്തിനിടയില്‍ പൂജാ സാമഗ്രികളുടെ വിൽപ്പനക്കാരും തിലക കലാകാരന്മാരും തിരക്കിലായിരുന്നു. ഈ വർഷത്തെ തീർത്ഥാടകരുടെ ഒഴുക്ക് 2019 ലെ കുംഭമേളയെപ്പോലും മറികടന്നതായി പ്രസാദവും ദിയയും വിൽക്കുന്ന ചില്ലറ വ്യാപാരികൾ പറഞ്ഞു. 2025-ലെ മഹാകുംഭമേളയിലെ ആവേശവും പങ്കാളിത്തവും വളരെ കൂടുതലാണെന്നും ഇത് ഭക്തർക്കിടയിലെ വര്‍ധിച്ച ആത്മീയ ബന്ധത്തെ സൂചിപ്പിക്കുന്നുവെന്നും 2019-ലെ കുംഭമേളയിൽ പങ്കെടുത്ത പ്രാദേശിക തിലക കലാകാരനായ പ്രദീപ് ഉപാധ്യായ അഭിപ്രായപ്പെട്ടു. ഭക്തര്‍ ഏറ്റവുമധികം വാങ്ങിയ വസ്തുക്കളിലൊന്ന് ഗംഗാജലം സംഭരിക്കുന്ന പെട്ടികളാണെന്നും ഇത് ദിവ്യാനുഗ്രഹത്തിന്റെ പ്രതീകമായി പുണ്യജലം തിരികെ കൊണ്ടുപോകാനുള്ള ഭക്തരുടെ ആകാംക്ഷയെ പ്രതിഫലിപ്പിക്കുന്നുവെന്നും സംഗമത്തിനടുത്ത് പൂജാവസ്തുക്കൾ വിൽക്കുന്ന സന്തോഷി ദേവി പറഞ്ഞു. 

 

ഇന്ത്യയുടെ ആത്മീയ - സാംസ്കാരിക പൈതൃകത്തിന്റെ ഒരു നേര്‍സാക്ഷ്യം

ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തിന്റെ അഭിമാന പ്രതീകമായാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി 2025-ലെ മഹാകുംഭമേളയെ വിശേഷിപ്പിച്ചത്. സനാതന സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും പ്രകടനമെന്ന നിലയിൽ മേളയുടെ ആഗോളപ്പെരുമ അദ്ദേഹം എടുത്തുപറഞ്ഞു. ഈ ദിവ്യമേളയില്‍ ഭക്തരുടെ ആത്മീയ അഭിലാഷങ്ങൾ പൂർത്തീകരിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് മേളയില്‍ പങ്കെടുക്കുന്ന എല്ലാവരെയും അദ്ദേഹം ഊഷ്മളമായി സ്വാഗതം ചെയ്തു. 

 

2025 ലെ മഹാകുംഭമേള പുരോഗമിക്കുമ്പോൾ ആത്മീയ ഐക്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും മനുഷ്യബന്ധത്തിന്റെയും സാരാംശത്തെ ഉൾക്കൊള്ളുന്ന അതിന്റെ ദിവ്യാശ്ലേഷത്തില്‍ പങ്കുചേരുന്ന എല്ലാവർക്കും മേള പരിവർത്തനത്തിന്റെ യഥാർത്ഥ അനുഭവമായി മാറുന്നു. 

അവലംബം 

ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് (DPIR), ഉത്തർപ്രദേശ് സർക്കാർ

PDF ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

****


(Release ID: 2092841) Visitor Counter : 11