സഹകരണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഡിസംബർ 25 ബുധനാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ പതിനായിരത്തിലധികം എം-പിഎസിഎസുകൾ, ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങൾ എന്നിവ രാഷ്ട്രത്തിന് സമർപ്പിക്കും.

പുതുതായി രൂപീകരിച്ച സഹകരണ സംഘങ്ങൾക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, റുപേ കിസാൻ ക്രെഡിറ്റ് കാർഡുകൾ (കെസിസി), മൈക്രോ എടിഎമ്മുകൾ എന്നിവ ശ്രീ അമിത് ഷാ വിതരണം ചെയ്യും.

Posted On: 24 DEC 2024 3:16PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ്മന്ത്രി  ശ്രീ അമിത് ഷാ, പുതുതായി സ്ഥാപിതമായ പതിനായിരത്തിലധികം വിവിധോദ്ദേശ്യ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ (എം-പിഎസിഎസ്), ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങൾ എന്നിവ ഡിസംബർ 25 ബുധനാഴ്ച ന്യൂഡൽഹിയിലെ പുസയിൽ ഐസിഎആർ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സഹകരണ സംഘങ്ങളുടെ ദേശീയ സമ്മേളനത്തിൽ രാഷ്ട്രത്തിന് സമർപ്പിക്കും. പുതുതായി രൂപീകരിച്ച സഹകരണ സംഘങ്ങൾക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, റുപേ കിസാൻ ക്രെഡിറ്റ് കാർഡുകൾ (കെസിസി), മൈക്രോ എടിഎമ്മുകൾ എന്നിവയും ശ്രീ അമിത് ഷാ വിതരണം ചെയ്യും. പഞ്ചായത്തുകളിൽ വായ്പാ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ സാമ്പത്തിക സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗ്രാമീണ ജനതയ്ക്ക് വിവിധ പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിക്കുന്നതിനും രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയിൽ പങ്കാളികളാകുന്നതിനും ഇത് വഴി ഒരുക്കും . ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് അഥവാ  ലാലൻ സിംഗ്, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ,വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുക്കും.

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശത്തിന് കീഴിലും , പ്രാദേശിക വികസനത്തിനും സ്വാശ്രയത്തിനും അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നുവെന്ന് ഉറപ്പാക്കാൻ സഹകരണ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. 

 പുതിയ M-PACS രൂപീകരണം, ഗ്രാമീണ മേഖലയിലെ സഹകരണ സ്ഥാപനങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. പുതുതായി സ്ഥാപിതമായ വിവിധോദ്ദേശ്യ പിഎസിഎസുകളിൽ വായ്‌പ്പാ സൊസൈറ്റികൾ, ക്ഷീര സഹകരണ സംഘങ്ങൾ, മത്സ്യബന്ധന സഹകരണ സംഘങ്ങൾ എന്നിവ ഉൾപ്പെടുന്നു.

 പ്രാദേശിക സമൂഹങ്ങളെ, പ്രത്യേകിച്ച് സ്ത്രീകൾ നയിക്കുന്ന പഞ്ചായത്തുകളെ, സഹകരണ സംഘങ്ങളിലൂടെ ശാക്തീകരിക്കേണ്ടതിൻ്റെ പ്രാധാന്യം കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഊന്നിപ്പറഞ്ഞു. പുതുതായി സ്ഥാപിതമായ ഈ സഹകരണ സംഘങ്ങൾ ഗ്രാമീണ മേഖലകളിൽ സ്വാശ്രയത്വവും സാമ്പത്തിക ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 ഈ സഹകരണ സംഘങ്ങൾ സാമ്പത്തിക സേവനങ്ങൾ മാത്രമല്ല, ഗ്രാമീണ സമൂഹങ്ങൾക്ക് ഒത്തുചേരാനും സഹകരിച്ച് പ്രവർത്തിക്കാനുമുള്ള ഒരു വേദിയായി വർത്തിക്കും.

 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള സഹകരണ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കാര്യമായ ശ്രദ്ധ നൽകുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അടുത്തിടെ ത്രിപുര സന്ദർശന വേളയിൽ പ്രസ്താവിച്ചിരുന്നു . സഹകരണ മേഖല, ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്നും സാമ്പത്തിക ഉൾപ്പെടുത്തൽ, ഗ്രാമീണ കാർഷിക മേഖലയുടെയും കുടിൽ വ്യവസായത്തിൻ്റെയും വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സ്ത്രീകളുടെയും സമൂഹത്തിൻ്റെയും ശാക്തീകരണം എന്നിവയ്‌ക്ക് ഒരു പ്രധാന ചാലകമായി വർത്തിക്കുമെന്നും ശ്രീ ഷാ അഭിപ്രായപ്പെട്ടു.

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ 2021 ജൂലൈയിൽ സഹകരണ മന്ത്രാലയം സ്ഥാപിതമായി. ഇത് സഹകരണ മേഖലയുടെ അടിസ്ഥാന ഘടക സ്ഥാപനമായ പ്രാഥമിക കാർഷിക വായ്‌പ്പാ സൊസൈറ്റിക (PACS)ളുടെ പുനരുജ്ജീവനത്തിനുള്ള സുപ്രധാന ചുവടുവെയ്പ്പായി.  

 

 പിഎസിഎസിന് സാമ്പത്തിക പിന്തുണ നൽകുന്നതിന്, പുതിയ മാതൃകാ ചട്ടങ്ങൾ അവതരിപ്പിച്ചു.അവയുടെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിന് പ്രവർത്തനങ്ങൾ വിപുലീകരിച്ചു.

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ "സഹകർ സേ സമൃദ്ധി" എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ പഞ്ചായത്തിലും ഒരു സഹകരണ സ്ഥാപനം സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ലക്ഷ്യമിടുന്നു.

 ഇത് നേടുന്നതിനായി, വിവിധോദ്ദേശ്യ പിഎസിഎസ് (എം-പിഎസിഎസ്) രൂപീകരിക്കുന്നതിനുള്ള ഒരു ‘മാർഗദർശിക’ 2024 സെപ്റ്റംബറിൽ പുറത്തിറക്കി. രാജ്യവ്യാപകമായി സ്ഥാപിക്കാൻ പോകുന്ന രണ്ട് ലക്ഷം പുതിയ എം-പിഎസിഎസുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനാണ് ഈ മാർഗദർശിക രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 ഇതുവരെ, പുതുതായി സൃഷ്ടിച്ച 10,496 വിവിധോദ്ദേശ്യ പിഎസിഎസ്, ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങളിൽ 3,523 എം-പിഎസിഎസുകളും 6,288 ക്ഷീര സഹകരണ സംഘങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, 685 പുതിയ മത്സ്യബന്ധന സഹകരണ സംഘങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 രാജ്യത്തുടനീളമുള്ള എം-പിഎസിഎസ്, ഡയറി, മത്സ്യബന്ധന സഹകരണ സംഘങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ 1,200 പേരുടെ പങ്കാളിത്തത്തിന് ദേശീയ സമ്മേളനം സാക്ഷ്യം വഹിക്കും. ഇവരിൽ 400 പേർ എം-പിഎസിഎസിൽ നിന്നും , 700 പേർ സഹകരണ ക്ഷീര സംഘങ്ങളിൽ നിന്നും ,100 പേർ ഫിഷറീസ് സഹകരണ സംഘങ്ങളിൽ നിന്നും പങ്കെടുക്കും. സംസ്ഥാന ഗവൺമെന്റുകൾ , സഹകരണ മന്ത്രാലയം, വിവിധ അനുബന്ധ സംഘടനകൾ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും സമ്മേളനത്തിൽ പങ്കെടുക്കും.

 പുതുതായി രൂപീകരിച്ച സഹകരണ സംഘങ്ങളുടെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദിയായി  ദേശീയ സമ്മേളനം മാറും . കൂടാതെ, കർഷകരുടെയും ഗ്രാമീണ സമൂഹങ്ങളുടെയും ഉപജീവനമാർഗം സുസ്ഥിരമാക്കുന്നതിനും അവർക്ക് അധിക വരുമാന സ്രോതസ്സുകൾ നൽകുന്നതിനും സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സാധ്യതകളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.

**************************


(Release ID: 2087692) Visitor Counter : 15