പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കുവൈറ്റ് ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള (ഡിസംബര്‍ 21-22, 2024) സംയുക്ത പ്രസ്താവന
Posted On:
22 DEC 2024 7:46PM by PIB Thiruvananthpuram
കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരം, ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബര്‍ 21-22 തീയതികളില്‍ കുവൈറ്റില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കുവൈത്ത് സന്ദര്‍ശനമായിരുന്നു ഇത്. 2024 ഡിസംബര്‍ 21 ന് കുവൈറ്റില്‍ നടന്ന 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹ് എന്നിവര്‍ െേയ യെ സ്വീകരിക്കുകയും അദ്ദേഹത്തിന്് ആചാരപരമായ സ്വീകരണം നല്‍കുകയകും ചെയ്തു. കുവൈറ്റിന്റെ പരമോന്നത ബഹുമതിയായ 'ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍' തനിക്ക് സമ്മാനിച്ച കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ അഗാധമായ കൃതജ്ഞത രേഖപ്പെടുത്തി. പരസ്പര താല്‍പ്പര്യമുള്ള ഉഭയകക്ഷി, ആഗോള, പ്രാദേശിക, ബഹുരാഷ്ട്ര വിഷയങ്ങളിലെ കാഴ്ചപ്പാടുകളും നേതാക്കള്‍ കൈമാറി.
പരമ്പരാഗതവും അടുത്തതും സൗഹൃദപരവുമായ ഉഭയകക്ഷി ബന്ധങ്ങളും എല്ലാ മേഖലകളിലേയും സഹകരണവും ആഴത്തിലാക്കാനുള്ള ആഗ്രഹവും കണക്കിലെടുത്ത് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം ഒരു തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്താന്‍ ഇരു നേതാക്കളും സമ്മതിച്ചു. ഇത് ഇരുരാജ്യങ്ങളുടെയും പൊതുതാല്‍പ്പര്യങ്ങള്‍ക്കും ഇരുരാജ്യങ്ങളിലെ ജനതകളുടെ പരസ്പര പ്രയോജനത്തിനും യോജിച്ചതാണെന്നും നേതാക്കള്‍ ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥാപിക്കുന്ന തന്ത്രപരമായ പങ്കാളിത്തം നമ്മുടെ ദീര്‍ഘകാല ചരിത്രബന്ധങ്ങളെ കൂടുതല്‍ വിശാലമാക്കുകയും ആഴത്തിലാക്കുകയും ചെയ്യും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റ് പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ മുബാറക് അല്‍ സബാഹുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. പുതുതായി സ്ഥാപിതമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ വെളിച്ചത്തില്‍, രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഊര്‍ജ്ജം, സംസ്‌കാരം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ സുപ്രധാന മേഖലകളില്‍ സമഗ്രവും ഘടനാപരവുമായ സഹകരണത്തിലൂടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു.
പങ്കാളിത്ത ചരിത്രത്തിലും സാംസ്‌കാരിക ബന്ധങ്ങളിലും വേരൂന്നിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രബന്ധങ്ങള്‍ ഇരുപക്ഷവും അനുസ്മരിച്ചു. ബഹുമുഖ ഉഭയകക്ഷി സഹകരണത്തിന് ആക്കം കൂട്ടുന്നതിനും നിലനിര്‍ത്തുന്നതിനും സഹായിച്ച വിവിധ തലങ്ങളിലുള്ള പതിവ് ഇടപെടലുകളില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി. മന്ത്രിതലത്തിലും ഉന്നത-ഉദ്യോഗസ്ഥ തലങ്ങളിലുമുള്ള പതിവ് ഉന്നതതല ഉഭയകക്ഷി വിനിമയങ്ങളിലൂടെ സമീപകാല ചലനക്ഷമത നിലനിര്‍ത്തുന്നതിന് ഇരുപക്ഷവും ഊന്നല്‍ നല്‍കി.
ഇന്ത്യയും കുവൈറ്റും തമ്മിലെ സഹകരണത്തിന് സംയുക്ത കമ്മീഷന്‍ (ജോയിന്റ് കമ്മിഷന്‍ ഓണ്‍ കോ-ഓപ്പറേഷന്‍-ജെ.സി.സി)അടുത്തിടെ രൂപീകരിച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവന്‍ ശ്രേണിയും അവലോകനം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്ഥാപന സംവിധാനമായിരിക്കും ജെ.സി.സി. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.ആരോഗ്യം, മനുഷ്യശക്തി, ഹൈഡ്രോകാര്‍ബണ്‍ എന്നിവയില്‍ നിലവിലുള്ള ജെ.ഡബ്ല്യു.ജികള്‍ക്ക് പുറമെ വിവിധ മേഖലകളിലുടനീളം നമ്മുടെ ഉഭയകക്ഷി സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിനായി വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ശാസ്ത്ര സാങ്കേതിക വിദ്യ, സുരക്ഷ, തീവ്രവാദത്തിനെതിരായ പോരാട്ടം, കൃഷി, സംസ്‌കാരം എന്നീ മേഖലകളില്‍ പുതിയ സംയുക്ത കര്‍മ്മസമിതികളും (ജെ.ഡബ്ല്യു.ജി) രൂപീകരിച്ചിട്ടുണ്ട്. കഴിയുന്നതും നേരത്തെ ജെ.സി.സിയുടെയും അതിന് കീഴിലുള്ള ജെ.ഡബ്ല്യു.ജികളുടെയും യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതിനും ഇരുപക്ഷവും ഊന്നല്‍ നല്‍കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ ബന്ധമാണ് വ്യാപാരമെന്ന് ചൂണ്ടിക്കാട്ടിയ ഇരുപക്ഷവും ഉഭയകക്ഷി വ്യാപാരത്തില്‍ കൂടുതല്‍ വളര്‍ച്ചയ്ക്കും വൈവിദ്ധ്യവല്‍ക്കരണത്തിനുമുള്ള സാദ്ധ്യതകള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്തു. വ്യാപാര പ്രതിനിധിസംഘങ്ങളുടെ വിനിമയം പ്രോത്സാഹിപ്പിക്കേണ്ടതിന്റേയും ള്‍ക്കും അവര്‍ ഊന്നല്‍ നല്‍കി.
അതിവേഗം വളരുന്ന വളര്‍ന്നുവരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെന്ന് തിരിച്ചറിയുകയും കുവൈറ്റിന്റെ ഗണ്യമായ നിക്ഷേപ ശേഷി അംഗീകരിക്കുകയും ചെയ്തുകൊണ്ട്, ഇന്ത്യയില്‍ നിക്ഷേപത്തിനുള്ള വിവിധ വഴികളേക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ക്കും വിദേശ സ്ഥാപന നിക്ഷേപങ്ങള്‍ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഇന്ത്യ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്ത കുവൈറ്റ്, സാങ്കേതികവിദ്യ, വിനോദസഞ്ചാരം, ആരോഗ്യ പരിരക്ഷ, ഭക്ഷ്യസുരക്ഷ, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ മേഖലകളിലെ നിക്ഷേപ സാദ്ധ്യതകള്‍ പര്യവേക്ഷണം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സ്ഥാപനങ്ങള്‍, കമ്പനികള്‍, ഫണ്ടുകള്‍ എന്നിവയും കുവൈറ്റിലെ നിക്ഷേപ അധികാരികളും തമ്മില്‍ കൂടുതല്‍ അടുത്തതും വിശാലമായതുമായ ഇടപഴകലിന്റെ ആവശ്യകതയും അവര്‍ അംഗീകരിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ നിക്ഷേപം നടത്താനും പങ്കാളികളാകാനും ഇരു രാജ്യങ്ങളിലെയും കമ്പനികളെ അവര്‍ പ്രോത്സാഹിപ്പിച്ചു. ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വേഗത്തിലാക്കാനും പൂര്‍ത്തിയാക്കാനും അവര്‍ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികളോട് നിര്‍ദ്ദേശിച്ചു.
ഊര്‍ജ്ജ മേഖലയില്‍ ഉഭയകക്ഷി പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്തു. ഉഭയകക്ഷി ഊര്‍ജ്ജ വ്യാപാരത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുതന്നെ, അത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സാദ്ധ്യതകള്‍ നിലവിലുണ്ടെന്നതും അവര്‍ സമ്മതിച്ചു. വാങ്ങുന്നവരും-വില്‍ക്കുന്നവരും എന്ന ബന്ധത്തില്‍ നിന്ന് അപ്‌സ്ട്രീം, ഡൗണ്‍സ്ട്രീം മേഖലകളില്‍ കൂടുതല്‍ സഹകരണത്തോടെ സമഗ്രമായ പങ്കാളിത്തത്തിലേക്ക് സഹകരണം മാറ്റുന്നതിനുള്ള വഴികളും അവര്‍ ചര്‍ച്ച ചെയ്തു. എണ്ണ, വാതക പര്യവേക്ഷണം, ഉല്‍പ്പാദനം, ശുദ്ധീകരണം, എന്‍ജിനീയറിംഗ് സേവനങ്ങള്‍, പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍, നവീന പുനരുപയോഗ ഊര്‍ജ്ജം എന്നീ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളിലേയും കമ്പനികളെ പിന്തുണയ്ക്കാന്‍ ഇരുപക്ഷവും താല്‍പ്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയുടെ തന്ത്രപരമായ പെട്രോളിയം റിസര്‍വ് പ്രോഗ്രാമില്‍ കുവൈത്തിന്റെ പങ്കാളിത്തം ചര്‍ച്ച ചെയ്യാനും ഇരുപക്ഷവും സമ്മതിച്ചു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന ഘടകമാണ് പ്രതിരോധമെന്നത് ഇരുപക്ഷവും സമ്മതിച്ചു. സംയുക്ത സൈനികാഭ്യാസങ്ങള്‍, പ്രതിരോധ ഉദ്യോഗസ്ഥരുടെ പരിശീലനം, തീരദേശ പ്രതിരോധം, സമുദ്ര സുരക്ഷ, പ്രതിരോധ ഉപകരങ്ങളുടെ സംയുക്ത വികസനം,ഉല്‍പ്പാദനം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ചട്ടക്കൂട് പ്രദാനം ചെയ്യുന്നതിന് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവെച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഉള്‍പ്പെടെ ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഇരുപക്ഷവും അസന്ദിഗ്ധമായി അപലപിക്കുകയും ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്ന ശൃംഖലകളിലും സുരക്ഷിത താവളങ്ങളിലും വിള്ളലുകള്‍ വരുത്തുന്നതിനും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിനും ആഹ്വാനം ചെയ്യുകയും ചെയ്തു. സുരക്ഷാ മേഖലയിലെ നിലവിലുള്ള തങ്ങളുടെ ഉഭയകക്ഷി സഹകരണത്തില്‍ അഭിനന്ദനം രേഖപ്പെടുത്തിയ ഇരുപക്ഷവും, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വിവരങ്ങളുടേയും രഹസ്യാന്വേഷണങ്ങളുടേയും പങ്കിടല്‍, അനുഭവങ്ങളുടെ വികസനവും കൈമാറ്റവും, മികച്ച സമ്പ്രദായങ്ങളും സാങ്കേതികവിദ്യകളും, കാര്യശേഷിയും വര്‍ദ്ധിപ്പിക്കല്‍, നിയമ നിര്‍വ്വഹണത്തിലെ സഹകരണം ശക്തിപ്പെടുത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത്, മറ്റ് രാജ്യാന്തര കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും സമ്മതിച്ചു. ഭീകരവാദത്തിനും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സാമൂഹിക ഐക്യം തകര്‍ക്കുന്നതിനും സൈബര്‍ ഇടം ഉപയോഗിക്കുന്നത് തടയുന്നത് ഉള്‍പ്പെടെ സൈബര്‍ സുരക്ഷയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും മാര്‍ഗ്ഗങ്ങളും ഇരു കക്ഷികളും ചര്‍ച്ച ചെയ്തു. 2024 നവംബര്‍ 4-5 തീയതികളില്‍ കുവൈറ്റ് ആതിഥേയത്വം വഹിച്ച 'ഭീകരവാദത്തെ ചെറുക്കുന്നതില്‍ അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുകയും അതിര്‍ത്തി സുരക്ഷയ്ക്കായി പ്രതിരോധശേഷിയുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുക- ദുഷാന്‍ബെ പ്രക്രിയയുടെ കുവൈറ്റ് ഘട്ടം' (എന്‍ഹാന്‍സിംഗ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഇന്‍ കോമ്പാറ്റിംഗ് ടെററിസം ആന്റ് ബില്‍ഡിംഗ് റെസിലിയന്റ് മെക്കാനിസം ഫോര്‍ ബോര്‍ഡര്‍ സെക്യൂരിറ്റി-ദി കുവൈറ്റ് ഫേസ് ഓഫ് ദുഷാന്‍ബെ പ്രോസസ്) എന്ന വിഷയത്തില്‍ നടന്ന നാലാമത്തെ ഉന്നതതല സമ്മേളനത്തിന്റെ ഫലങ്ങളെ ഇന്ത്യന്‍ പക്ഷം പ്രശംസിക്കുകയും ചെയ്തു.
ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നായി ആരോഗ്യരംഗത്തെ സഹകരണത്തെ ഇരുപക്ഷവും അംഗീകരിക്കുകയും ഈ സുപ്രധാന മേഖലയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. കോവിഡ്-19 മഹാമാരി കാലത്തെ ഉഭയകക്ഷി സഹകരണത്തെ ഇരുപക്ഷവും അഭിനന്ദിച്ചു.ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ പ്ലാന്റുകള്‍ കുവൈത്തില്‍ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകളും ചര്‍ച്ച ചെയ്തു. ഡ്രഗ് റെഗുലേറ്ററി അതോറിറ്റികള്‍ തമ്മിലെ ധാരണാപത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ മെഡിക്കല്‍ ഉല്‍പ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള തങ്ങളുടെ ഉദ്ദേശ്യവും അവര്‍ പ്രകടിപ്പിച്ചു.
വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, സെമികണ്ടക്ടറുകള്‍, നിര്‍മ്മിത ബുദ്ധി എന്നിവയുള്‍പ്പെടെ സാങ്കേതിക മേഖലയില്‍ ആഴത്തിലുള്ള സഹകരണം തുടരാനുള്ള താല്‍പര്യം പ്രകടിപ്പിക്കുകയും, ബി 2 ബി സഹകരണത്തിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ പര്യവേഷണം ചെയ്യുന്നതിനും ഇ-ഗവേണന്‍സ് മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലേയും വ്യവസായങ്ങള്‍/ കമ്പനികള്‍ എന്നിവയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇലക്രേ്ടാണിക്‌സ്, ഐ.ടി മേഖലകളിലെ നയങ്ങളിലേയും നിയന്ത്രണങ്ങളിലേയും മികച്ച സമ്പ്രദായങ്ങളുടെ പങ്കിടല്‍ എന്നിവയും അവര്‍ ചര്‍ച്ച ചെയ്തു.
തങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയുമായി സഹകരിക്കാനുള്ള താല്‍പര്യവും കുവൈറ്റ് പക്ഷം പ്രകടിപ്പിച്ചു. ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളില്‍ കുവൈറ്റ് കമ്പനികളുടെ നിക്ഷേപം ഉള്‍പ്പെടെ സഹകരണത്തിനുള്ള വിവിധ വഴികളെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.
കുറഞ്ഞ കാര്‍ബണ്‍ വളര്‍ച്ചാ പാതകള്‍ വികസിപ്പിക്കുന്നതിലേയ്ക്കും വിന്യസിക്കുന്നതിലേയ്ക്കും ഒപ്പം സുസ്ഥിര ഊര്‍ജ്ജ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്കുമുള്ള നിര്‍ണ്ണായക ചുവടുവയ്പ്പായി അടയാളപ്പെടുത്തുന്ന അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയില്‍ (ഐ.എസ്.എ) അംഗമാകുന്നതിനുള്ള കുവൈറ്റിന്റെ തീരുമാനത്തെ ഇന്ത്യന്‍ പക്ഷം സ്വാഗതം ചെയ്തു. ഐ.എസ്.എയ്ക്കുള്ളിലൂടെ ലോകമെമ്പാടുമുള്ള സൗരോര്‍ജ്ജത്തിന്റെ വിന്യാസം വര്‍ദ്ധിപ്പിക്കുന്നതിന് അടുത്ത് പ്രവര്‍ത്തിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.
ഇരു രാജ്യങ്ങളിലെയും വ്യോമയാന അധികൃതര്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകള്‍ ഇരുപക്ഷവും ചൂണ്ടിക്കാട്ടി. ഉഭയകക്ഷി വിമാന സീറ്റ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും അനുബന്ധ പ്രശ്‌നങ്ങളെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. വളരെ വേഗം തന്നെ പരസ്പര സ്വീകാര്യമായ ഒരു പരിഹാരത്തില്‍ എത്തിച്ചേരുന്നതിനായി ചര്‍ച്ചകള്‍ തുടരാന്‍ അവര്‍ സമ്മതിച്ചു.
കല, സംഗീതം, സാഹിത്യോത്സവങ്ങള്‍ എന്നിവയിലൂടെ കൂടുതല്‍ സാംസ്‌കാരിക വിനിമയത്തിന് സൗകര്യമൊരുക്കുന്ന 2025-2029 ലെ സാംസ്‌ക്കാരിക വിനിമയ പരിപാടിയുടെ (സിഇപി) പുതുക്കലിനെ അഭിനന്ദിച്ച ഇരുപക്ഷവും ജനങ്ങളുമായുള്ള സമ്പര്‍ക്കം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാംസ്‌കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയും ആവര്‍ത്തിച്ചു.
കായികമേഖലയില്‍ 2025-2028ലെ സഹകരണം സംബന്ധിച്ച എക്‌സിക്യൂട്ടീവ് പരിപാടിയില്‍ ഒപ്പുവെച്ചതില്‍ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. കായിക മേഖലയിലെ പരസ്പര വിനിമയങ്ങളും കായിക താരങ്ങളുടെ സന്ദര്‍ശനവും, ശില്‍പ്പശാലകള്‍, സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയുടെ സംഘടിപ്പിക്കല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക പ്രസിദ്ധീകരണങ്ങളുടെ കൈമാറ്റം എന്നിവ ഉള്‍പ്പെടെ കായിക മേഖലയിലെ സഹകരണം ഇത് ശക്തിപ്പെടുത്തും.
ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സ്ഥാപനപരമായ ബന്ധങ്ങളും വിനിമയങ്ങളും ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെസഹകരണത്തിന്റെ ഒരു സുപ്രധാന മേഖലയാണ് വിദ്യാഭ്യാസമെന്ന് ഇരുപക്ഷവും ഉയര്‍ത്തിക്കാട്ടി. വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിന് ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകള്‍ക്കും ഡിജിറ്റല്‍ ലൈബ്രറികള്‍ക്കുമുള്ള അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും വിദ്യാഭ്യാസ സാങ്കേതികവിദ്യയില്‍ സഹകരിക്കുന്നതിനും ഇരുപക്ഷവും താല്‍പ്പര്യം പ്രകടിപ്പിച്ചു.
ഷെയ്ഖ് സൗദ് അല്‍ നാസര്‍ അല്‍ സബാഹ് കുവൈറ്റ് ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടും സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസും (എസ്.എസ്.ഐ.എഫ്.എസ്) തമ്മിലുള്ള ധാരണാപത്രത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, കുവൈറ്റില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ക്കും ഓഫീസര്‍മാര്‍ക്കും ന്യൂഡല്‍ഹിയിലെ എസ്.എസ്.ഐ.എഫ്.എസില്‍ പ്രത്യേക കോഴ്‌സ് സംഘടിപ്പിക്കാനുള്ള നിര്‍ദ്ദേശത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജനങ്ങള്‍ തമ്മില്‍ ബന്ധമാണ് ഇന്ത്യ-കുവൈറ്റ് ചരിത്രപരമായ ബന്ധത്തിന്റെ അടിസ്ഥാന സ്തംഭത്തെ പ്രതിനിധീകരിക്കുന്നതെന്ന് ഇരുപക്ഷവും അംഗീകരിച്ചു. തങ്ങളുടെ ആതിഥേയ രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന പങ്കിനും സംഭാവനകള്‍ക്കും അഗാധമായ അഭിനന്ദനം രേഖപ്പെടുത്തിയ കുവൈറ്റ് നേതൃത്വം തങ്ങളുടെ സമാധാനപരവും കഠിനാദ്ധ്വാനപരവമായ സ്വഭാവത്തിന് കുവൈറ്റിലെ ഇന്ത്യന്‍ പൗരന്മാര്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. കുവൈറ്റിലെ വലിയ, ഊര്‍ജ്ജസ്വലരായ ഈ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമവും സൗഖ്യവും ഉറപ്പാക്കുന്നതിന് കുവൈറ്റിന്റെ നേതൃത്വത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മനുഷ്യശേഷിയുടെ ചലനക്ഷമതയിലേയും മാനവിഭവശേഷി മേഖലകളിലേയും ചരിത്രപരവും ദീര്‍ഘകാലമായുള്ളതുമായ സഹകരണത്തിന്റെ ആഴവും പ്രാധാന്യവും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. പ്രവാസികള്‍, തൊഴിലാളികളുടെ ചലനക്ഷമത, പരസ്പര താല്‍പ്പര്യമുള്ള മറ്റുവിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് കോണ്‍സുലര്‍ ചര്‍ച്ചകളും അതോടൊപ്പം തൊഴില്‍, മനുഷ്യശേഷി ചര്‍ച്ചകളും പതിവായി നടത്തുന്നതിനും ഇരുപക്ഷവും സമ്മതിച്ചു.
യു.എന്നിലും മറ്റ് ബഹുമുഖ വേദികളിലും ഇരുപക്ഷവും തമ്മിലുള്ള മികച്ച ഏകോപനത്തെ രണ്ടുകൂട്ടരും അഭിനന്ദിച്ചു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) ആദ്ധ്യക്ഷം 2023-ല്‍ ഇന്ത്യയുടെ വഹിച്ചിരുന്ന സമയത്ത് ഡയലോഗ് പാര്‍ട്ണറായി എസ്.സി.ഒയില്‍ കുവൈറ്റ് പ്രവേശിച്ചതിനെ ഇന്ത്യന്‍ പക്ഷം സ്വാഗതം ചെയ്തു. ഏഷ്യന്‍ കോ-ഓപ്പറേഷന്‍ ഡയലോഗിലെ (എ.സി.ഡി) കുവൈറ്റിന്റെ സജീവമായ പങ്കിനെയും ഇന്ത്യന്‍ പക്ഷം അഭിനന്ദിച്ചു. എ.സി.ഡിയെ ഒരു പ്രാദേശിക സംഘടനയാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം കുവൈറ്റും പക്ഷം ഉയര്‍ത്തിക്കാട്ടി.
ഈ വര്‍ഷം ജി.സി.സിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത കുവൈറ്റ് അമീറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും വളര്‍ന്നുവരുന്ന ഇന്ത്യ-ജി.സി.സി സഹകരണം അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന്‍ കീഴില്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. 2024 സെപ്തംബര്‍ 9 ന് റിയാദില്‍ വിദേശകാര്യ മന്ത്രിമാരുടെ തലത്തില്‍ നടന്ന തന്ത്രപരമായ സംഭാഷണത്തിനായുള്ള ആദ്യ ഇന്ത്യ-ജി.സി.സി സംയുക്ത മന്ത്രിതല യോഗത്തിന്റെ ഫലങ്ങളെ ഇരുപക്ഷവും സ്വാഗതം ചെയ്തു. അടുത്തിടെ അംഗീകരിച്ച സംയുക്ത പ്രവര്‍ത്തന പദ്ധതിക്ക് കീഴില്‍ മറ്റുള്ളവയ്ക്ക് പുറമെ ആരോഗ്യം, വ്യാപാരം, സുരക്ഷ, കൃഷി, ഭക്ഷ്യസുരക്ഷ, ഗതാഗതം, ഊര്‍ജ്ജം, സാംസ്‌ക്കാരികം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യ-ജി.സി.സി സഹകരണത്തിന്റെ ആഴം കൂട്ടുന്നതിന് നിലവിലെ ജി.സി.സി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ കുവൈറ്റ് പക്ഷം പൂര്‍ണ പിന്തുണ ഉറപ്പുനല്‍കി. ഇന്ത്യ-ജി.സി.സി സ്വതന്ത്ര വ്യാപാര ഉടമ്പടിയില്‍ എത്രയും വേഗം തീരുമാനത്തില്‍ എത്തേണ്ടതിന്റെ പ്രാധാന്യവും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
യു.എന്നിന്റെ പരിഷ്‌കാരങ്ങളുടെ പ്രസക്തിയെക്കുറിച്ച് ചൂണ്ടിക്കാട്ടിയ ഇരു നേതാക്കളും, ആഗോള വെല്ലുവിളികളെ നേരിടുന്നതിനുള്ള ഒരു പ്രധാന ഘടകമെന്ന നിലയില്‍, സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിക്കുന്ന യു.എന്‍ കേന്ദ്രീകൃതമായ ഫലപ്രദമായ ഒരു ബഹുമുഖ സംവിധാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. കൂടുതല്‍ പ്രാതിനിധ്യവും വിശ്വസനീയതയും ഉറപ്പാക്കികൊണ്ട് ഇതിനെ ഫലപ്രദമാക്കുന്നതിന് അംഗത്വത്തിന്റെ രണ്ട് വിഭാഗങ്ങളുടെയും വിപുലീകരണത്തിലൂടെ രക്ഷാസമിതി ഉള്‍പ്പെടെ യുഎന്നിന്റെ പരിഷ്‌കാരങ്ങളുടെ ആവശ്യകതയ്ക്കും ഇരുപക്ഷവും ഊന്നല്‍ നല്‍കി.
സന്ദര്‍ശന വേളയില്‍ ഇനിപ്പറയുന്ന രേഖകള്‍ ഒപ്പുവയ്ക്കുകയോ/കൈമാറുകയോ ചെയ്യപ്പെട്ടു, അത് ബഹുമുഖ ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ആഴത്തിലാക്കുകയും സഹകരണത്തിന്റെ പുതിയ മേഖലകള്‍ക്കുള്ള വഴികള്‍ തുറക്കുകയും ചെയ്യും
- പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ധാരണാപത്രം.
- 2025-2029 വര്‍ഷങ്ങളിലെ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സാംസ്‌കാരിക വിനിമയ പരിപാടി.
- ഇന്ത്യാ ഗവണ്‍മെന്റിന്റെ യുവജനകാര്യ-കായിക മന്ത്രാലയവും കുവൈറ്റ് ഗവണ്‍മെന്റിന്റെ യുവജന, കായിക പൊതു അതോറിറ്റിയും തമ്മിലുള്ള ഇന്ത്യയും കുവൈറ്റും തമ്മില്‍ 2025-2028 ലെ കായിക മേഖലയിലെ സഹകരണം സംബന്ധിച്ച എക്‌സിക്യൂട്ടീവ് പ്രോഗ്രാം,.
- അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയിലെ (ഐ.എസ്.എ) കുവൈറ്റിന്റെ അംഗത്വം.
തനിക്കും തന്റെ പ്രതിനിധികള്‍ക്കും നല്‍കിയ ഊഷ്മളമായ ആതിഥ്യത്തിന് കുവൈറ്റ് അമീറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. ഈ സന്ദര്‍ശനം ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ശക്തമായ ബന്ധങ്ങള്‍ വീണ്ടും ഉറപ്പിച്ചു. ഈ പുതുക്കിയ പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനം ചെയ്തുകൊണ്ടും പ്രാദേശികവും ആഗോളവുമായ സ്ഥിരതയ്ക്ക് സംഭാവന നല്‍കികൊണ്ടും തുടര്‍ന്നും വളരുമെന്ന ശുഭാപ്തിവിശ്വാസവും നേതാക്കള്‍ പ്രകടിപ്പിച്ചു. കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹ് , കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മദ് അബ്ദുള്ള അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-മുബാറക്ക് അല്‍ സബാഹ് എന്നിവരെ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്ഷണിക്കുകയും ചെയ്തു.
***
SK
(Release ID: 2087225)
Visitor Counter : 11