Posted On:
10 DEC 2024 1:37PM by PIB Thiruvananthpuram
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് (ഡിസംബർ 10, 2024) ന്യൂഡൽഹിയിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു. സദസിനെ രാഷ്ട്രപതി അഭിസംബോധന ചെയ്തു.
5000 വർഷത്തിലേറെ പഴക്കമുള്ള നാഗരിക പാരമ്പര്യമുള്ള ഇന്ത്യ, സഹാനുഭൂതി, അനുകമ്പ, ഒത്തൊരുമയാർന്ന സമൂഹത്തിലെ വ്യക്തികളുടെ പരസ്പരബന്ധം എന്നീ മൂല്യങ്ങൾ ദീർഘകാലം ഉയർത്തിപ്പിടിച്ചതായി രാഷ്ട്രപതി പറഞ്ഞു. ഈ മൂല്യങ്ങളെ അടിസ്ഥാനമാക്കി, NHRC, SHRC തുടങ്ങിയ സ്ഥാപനങ്ങളും പൊതുസമൂഹം, മനുഷ്യാവകാശസംരക്ഷകർ, പ്രത്യേക റിപ്പോർട്ടർമാർ, പ്രത്യേക നിരീക്ഷകർ എന്നിവരും ഏവർക്കും മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാനായി പ്രവർത്തിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടി ബോധവൽക്കരണം നടത്തുകയും നയപരമായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്നതിലും അവകാശലംഘനങ്ങൾ പരിഹരിക്കുന്നതിലും NHRC വഹിക്കുന്ന സജീവമായ പങ്കിനെ രാഷ്ട്രപതി അഭിനന്ദിച്ചു.
എല്ലാ പൗരന്മാർക്കും പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും ഉറപ്പുനൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഏവർക്കും പാർപ്പിടം, ശുദ്ധമായ കുടിവെള്ളം, മെച്ചപ്പെട്ട ശുചിത്വം, വൈദ്യുതി, പാചക വാതകം, സാമ്പത്തിക സേവനങ്ങൾ എന്നിവ മുതൽ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും വരെ നിരവധി സാമൂഹിക-സാമ്പത്തിക സാംസ്കാരിക അവകാശങ്ങളും ഗവണ്മെന്റ് ഉറപ്പുനൽകുന്നു. അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കുന്നത് അവകാശങ്ങളുടെ കാര്യമായാണ് കാണുന്നത്.
ഭാവിയിലേക്ക് മുന്നേറുമ്പോൾ ഉയർന്നുവരുന്ന വെല്ലുവിളികളെയാണ് നാം അഭിമുഖീകരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളും കാലാവസ്ഥാ വ്യതിയാനവും മനുഷ്യാവകാശങ്ങൾക്ക് പുതിയ ഭീഷണിയാണ്. ഡിജിറ്റൽ യുഗം രൂപാന്തരപ്പെടുമ്പോൾ തന്നെ, സൈബർ ഭീഷണി, ഡീപ് ഫേക്ക്, സ്വകാര്യത ആശങ്കകൾ, തെറ്റായ വിവരങ്ങളുടെ വ്യാപനം തുടങ്ങിയ സങ്കീർണമായ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഓരോ വ്യക്തിയുടെയും അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്ന സുരക്ഷിതവും സന്തുലിതവുമായ ഡിജിറ്റൽ അന്തരീക്ഷം പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഈ വെല്ലുവിളികൾ അടിവരയിടുന്നു.
നിർമിതബുദ്ധി ഇപ്പോൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രവേശിച്ചുവെന്നും നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്തുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഇതുവരെയുള്ള മനുഷ്യാവകാശ വ്യവഹാരങ്ങൾ മനുഷ്യരെ കേന്ദ്രീകരിച്ചായിരുന്നു. അതായത്, അവകാശലംഘനം നടത്തുന്നവർ അനുകമ്പയും കുറ്റബോധവും പോലെയുള്ള മാനുഷിക വികാരങ്ങളുടെ പരിധിയിലുള്ള ഒരു മനുഷ്യനാണെന്ന് അനുമാനിച്ചിരുന്നു. നിർമിതബുദ്ധിയുടെ വരവോടെ, കുറ്റവാളി മനുഷ്യനല്ലാത്ത, ബുദ്ധിമാനായ ഏജന്റായി മാറിയിരിക്കാം.
ആഗോള തലത്തിൽ മനുഷ്യാവകാശ ചിന്തകൾ അവലോകനം ചെയ്യാൻ കാലാവസ്ഥാ വ്യതിയാനം നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. മറ്റൊരു സ്ഥലത്തെയും മറ്റൊരു യുഗത്തെയും മലിനീകരിക്കുന്നവർ മറ്റൊരു സ്ഥലത്തെയും മറ്റൊരു കാലഘട്ടത്തിലെയും ജനങ്ങളുടെ ജീവിതത്തെ ബാധിക്കാൻ കാരണമാകുന്നു. ഗ്ലോബൽ സൗത്തിന്റെ ശബ്ദമെന്ന നിലയിൽ ഇന്ത്യ കാലാവസ്ഥാ പ്രവർത്തനങ്ങളിൽ നേതൃസ്ഥാനം ശരിയായി ഏറ്റെടുത്തു. 2022ലെ ഊർജ സംരക്ഷണ (ഭേദഗതി) ബിൽ, ഗ്രീൻ ക്രെഡിറ്റ് സംരംഭം, പരിസ്ഥിതിക്കായുള്ള ജീവിതശൈലി അഥവാ ലൈഫ് ദൗത്യം തുടങ്ങിയ ഗവൺമെന്റിന്റെ സംരംഭങ്ങൾ, ഭാവി തലമുറകൾക്കായി ശുദ്ധവും ഹരിതവുമായ ഭൂമി കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ വ്യക്തമായ പ്രകടനങ്ങളാണ്. സമീപ വർഷങ്ങളിൽ, മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ട പ്രശ്നമായി മാറിയിരിക്കുന്നുവെന്നു രാഷ്ട്രപതി പറഞ്ഞു; പ്രത്യേകിച്ച് നമ്മുടെ കുട്ടികൾക്കും യുവാക്കൾക്കും. നമ്മുടെ കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന സമ്മർദം ലഘൂകരിക്കുന്നതിന് മതിയായ നടപടികൾക്കു തുടക്കമിടാൻ അവർ എല്ലാ പങ്കാളികളോടും അഭ്യർഥിച്ചു. വളർന്നുവരുന്ന 'ഗിഗ് സമ്പദ്‌വ്യവസ്ഥ' ഗിഗ് തൊഴിലാളികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവർ വ്യവസായ നേതൃത്വത്തോട് അഭ്യർഥിച്ചു. നാം പുതിയ സാമ്പത്തിക മാതൃകകൾ സ്വീകരിക്കുമ്പോൾ, എല്ലാ വ്യക്തികളുടെയും, പ്രത്യേകിച്ച് ദുർബല മേഖലകളിലുള്ളവരുടെ, ക്ഷേമത്തിന് മുൻഗണന നൽകണം. മാനസിക രോഗവുമായി ബന്ധപ്പെട്ട ഏത് കളങ്കവും നീക്കം ചെയ്യുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും ആവശ്യമുള്ളവർക്ക് സഹായം നൽകുന്നതിനും നാമെല്ലാവരും പ്രവർത്തിക്കണം.
മനുഷ്യാവകാശ ദിനത്തിൽ നമ്മുടെ രാജ്യത്തെ നിർവചിക്കുന്ന നീതി, സമത്വം, അന്തസ്സ് എന്നിവയുടെ മൂല്യങ്ങളോടുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധത നാം പുതുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ കാലത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നത് തുടരുമ്പോൾ, ഓരോ വ്യക്തിയുടെയും മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ആരും ഒഴിവാക്കപ്പെട്ടില്ലെന്ന് ഉറപ്പാക്കുകയും വേണം. സുസ്ഥിരമായ പരിശ്രമത്തിലൂടെയും ഐക്യദാർഢ്യത്തിലൂടെയും, പ്രായമോ പശ്ചാത്തലമോ സാഹചര്യമോ പരിഗണിക്കാതെ ഓരോ വ്യക്തിക്കും അന്തസ്സും അവസരവും സംതൃപ്തിയും ഉള്ള ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന ഒരു ഭാവി കെട്ടിപ്പടുക്കാനാകുമെന്ന് രാഷ്ട്രപതി പറഞ്ഞു.