പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ദേശീയ പഞ്ചായത്ത് അവാർഡുകൾ 2024 ഡിസംബർ 11ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സമ്മാനിക്കും



 കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് അവാർഡ് ലഭിച്ച പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലഘുലേഖ  അനാച്ഛാദനം ചെയ്യും; അവാർഡ് തുക വിജയികൾക്ക് ഡിജിറ്റലായി കൈമാറും 

 മാതൃകാപരമായ 45 പഞ്ചായത്തുകളെ ആദരിക്കുന്നു ; കാർബൺ ന്യൂട്രാലിറ്റി നേടിയതിനുള്ള പ്രത്യേക പുരസ്കാരങ്ങളും നൽകും 

Posted On: 09 DEC 2024 5:34PM by PIB Thiruvananthpuram

പഞ്ചായത്ത് രാജ് മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ പഞ്ചായത്ത് അവാർഡ് ദാന ചടങ്ങ് 2024, ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിലെ പ്ലീനറി ഹാളിൽ 2024 ഡിസംബർ 11 ന് നടക്കും. ഈ അഭിമാനകരമായ പരിപാടിയിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു

  വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 45 അവാർഡ് ജേതാക്കൾക്ക് ദേശീയ പഞ്ചായത്ത് അവാർഡുകൾ സമ്മാനിക്കും. കേന്ദ്ര പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വകുപ്പ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിങ്ങിൻ്റെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വകുപ്പ് സഹമന്ത്രി പ്രൊഫ. എസ് പി സിംഗ് ബാഗേൽ, ക്ഷീരവികസന- പഞ്ചായത്തിരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ് എന്നിവർ പങ്കെടുക്കും . മറ്റ് വിശിഷ്ട വ്യക്തികൾ, കേന്ദ്രഗവൺമെൻ്റ്, വിവിധ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഞ്ചായത്ത് പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. 
 
 കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ് അവാർഡ് നേടിയ പഞ്ചായത്തുകളുടെ നൂതനവും ഫലപ്രദവുമായ സമ്പ്രദായങ്ങൾ രേഖപ്പെടുത്തുന്ന ‘അവാർഡ് നേടിയ പഞ്ചായത്തുകളുടെ മികച്ച പ്രവർത്തന രീതികൾ’ എന്ന ലഘുലേഖ അനാച്ഛാദനം ചെയ്യും. വിജയികളായ പഞ്ചായത്തുകൾക്കുള്ള അവാർഡ് തുകയുടെ ഡിജിറ്റൽ കൈമാറ്റവും ശ്രീ രാജീവ് രഞ്ജൻ സിംഗ് നിർവഹിക്കും. അവാർഡ് ലഭിച്ച ചില പഞ്ചായത്തുകളുടെ മികച്ച പ്രയത്‌നങ്ങളും പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ കഴിവുകൾ വർധിപ്പിക്കുന്നതിൽ പരിശീലന സ്ഥാപനങ്ങളുടെ പങ്കും പ്രതിപാദിക്കുന്ന ഹ്രസ്വചിത്രവും ചടങ്ങിൽ പ്രദർശിപ്പിക്കും.
 
 ദേശീയ പഞ്ചായത്ത് അവാർഡുകൾ 2024-ൽ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം, നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം, ഗ്രാമ ഊർജ സ്വരാജ് വിശേഷ പഞ്ചായത്ത് പുരസ്‌കാരം, കാർബൺ ന്യൂട്രൽ വിശേഷ് പഞ്ചായത്ത് പുരസ്‌കാരം, പഞ്ചായത്ത് ക്ഷമതാ നിർമ്മാൺ സത്ത് പുരസ്‌കാരം തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്നു. ദാരിദ്ര്യ നിർമ്മാർജ്ജനം, ആരോഗ്യം, ശിശുക്ഷേമം, ജലസംരക്ഷണം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക നീതി, ഭരണം, സ്ത്രീ ശാക്തീകരണം എന്നിവയിൽ പഞ്ചായത്തുകളുടെ ശ്രമങ്ങളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ അവാർഡുകൾ നിർണായകമാണ്. ഈ അവാർഡുകളിലൂടെ നൽകുന്ന അംഗീകാരം മറ്റ് പഞ്ചായത്തുകളെ മികച്ച രീതികൾ സ്വീകരിക്കുന്നതിനും ഗ്രാമീണ ഇന്ത്യയുടെ സമഗ്ര വികസനത്തിന് സംഭാവന നൽകുന്നതിനും പ്രചോദനം നൽകുന്നു.
 
 വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നതിന് മന്ത്രാലയം വിശദമായ പരിശോധനകൾ നടത്തി. ഈ പഞ്ചായത്തുകളെ കൂടുതൽ മികവ് പുലർത്താൻ പ്രോത്സാഹിപ്പിക്കുകയും മറ്റ് ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അവരുടെ ഏറ്റവും മികച്ച നേട്ടം കൈവരിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ഇതിലൂടെ ഗ്രാമീണ മേഖലകളിൽ ജീവിത സൗകര്യവും സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ വികസനവും ഉറപ്പാക്കുന്നു. ഈ സംരംഭം ദേശീയ ലക്ഷ്യങ്ങളുമായും ഗ്രാമീണ ഭാരതത്തിൽ സമഗ്ര ഗവൺമെൻ്റിൻ്റെയും സമഗ്ര സമൂഹത്തിൻ്റെയും സമീപനം സ്വീകരിക്കുന്ന സഹകരണ ശ്രമങ്ങളുമായി ആഴത്തിൽ യോജിപ്പിച്ചിരിക്കുന്നു. വികേന്ദ്രീകൃത വികസനത്തിൻ്റെ സന്ദേശം വിപുലീകരിക്കുന്നതിനും രാജ്യത്തുടനീളമുള്ള ഈ മാതൃകാ പഞ്ചായത്തുകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും മാധ്യമങ്ങളുടെയും മറ്റ് പങ്കാളികളുടെയും സജീവമായ സഹകരണം പഞ്ചായത്തിരാജ് മന്ത്രാലയം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
 
 അവാർഡ് ലഭിച്ച ഗ്രാമപഞ്ചായത്തുകളുടെ വിശദാംശങ്ങൾക്ക്: ഇവിടെ ക്ലിക്ക് ചെയ്യുക- Click Here
 
 അവാർഡുകളുടെ വിഭാഗത്തിൻ്റെ വിശദാംശങ്ങൾക്ക്: ഇവിടെ ക്ലിക്ക് ചെയ്യുക- Click Here

(Release ID: 2082553) Visitor Counter : 19