ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ.ജെ.പി. നദ്ദ 2024 ഡിസംബർ 7-ന് ഹരിയാനയിലെ പഞ്ച്കുളയിൽ ഇന്ത്യയിലെ ക്ഷയരോഗബാധയുടെയും മരണനിരക്കിൻ്റെയും വെല്ലുവിളികൾ നേരിടുന്നതിനുള്ള 100 ദിവസത്തെ തീവ്ര യജ്ഞത്തിന് തുടക്കം കുറിക്കും.

Posted On: 06 DEC 2024 10:20AM by PIB Thiruvananthpuram

33 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 347 ജില്ലകളിലായി പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിൽ ടിബി രോഗികളെ കണ്ടെത്തൽ, രോഗനിർണ്ണയ കാലതാമസം കുറയ്ക്കുന്നതിനും ചികിത്സയുടെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഈ സംരംഭം നടപ്പിലാക്കും.


 ഇന്ത്യയിൽ ടിബി നിർമാർജനം ചെയ്യുന്നതിനുള്ള നിർണായക ചുവടുവെപ്പിൽ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, പ്രധാന പങ്കാളികളുമായി സഹകരിച്ച്, 100 ദിവസത്തെ ക്ഷയരോഗ നിർമാർജന പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുന്നു . കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ ഹരിയാനയിലെ പഞ്ച്കുളയിൽ, ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി,ഹരിയാന ആരോഗ്യമന്ത്രി ശ്രീമതി ആർതി സിംഗ് റാവു എന്നിവരുടെ സാന്നിധ്യത്തിൽ 2024 ഡിസംബർ 7-ന്  ഈ തീവ്ര പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിക്കും.

 ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതിയ്ക്ക് (എൻടിഇപി) കീഴിൽ ഇന്ത്യയിലെ ക്ഷയരോഗ (ടിബി) കേസുകൾ കണ്ടെത്തൽ, മരണനിരക്ക് എന്നിവ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് ക്ഷയ രോഗ നിർമാർജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ പ്രതിബദ്ധത ഈ സംരംഭം  എടുത്തു കാണിക്കുന്നു  

 ചടങ്ങിൽ ഗവൺമെന്റ് മേഖലയിലെ പ്രമുഖർ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ഹരിയാന സംസ്ഥാന ഗവൺമെന്റ് ഉദ്യോഗസ്ഥർ, പൗര സമൂഹ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

33 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 347 ജില്ലകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ സംരംഭം, ക്ഷയരോഗികളെ കണ്ടെത്തുന്നതു വർധിപ്പിക്കുന്നതിനും രോഗനിർണയത്തിന്റെ കാലതാമസം കുറയ്ക്കുന്നതിനും, വിശേഷിച്ചും ഉയർന്ന അപായസാധ്യതയുള്ള വിഭാഗങ്ങളിൽ, ചികിത്സയുടെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ക്ഷയരോഗ നിർമാർജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുടനീളം ക്ഷയരോഗ ചികിത്സയിലെ   അസമത്വം കുറയ്ക്കുന്നതിനും വ്യവസ്ഥാപിത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ തന്ത്രപരമായ മറ്റൊരു സുപ്രധാന ശ്രമത്തെ ഇത് പ്രതിനിധാനം ചെയ്യുന്നു. 2018-ലെ ഡൽഹി ക്ഷയരോഗനിർമാർജന ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവിഷ്‌കരിച്ച ക്ഷയരോഗമുക്ത ഭാരതം എന്ന കാഴ്ചപ്പാടിന് അനുസൃതമാണ് ഈ സംരംഭം. അതിനുശേഷം, രാജ്യത്തുടനീളമുള്ള പ്രതിരോധ- രോഗനിർണയ- ചികിത്സ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന്  നിർണായക സംരംഭങ്ങൾക്കു തുടക്കമിട്ടു.

ക്ഷയരോഗ നിരക്ക്, രോഗനിർണയം, മരണനിരക്ക് തുടങ്ങിയ പ്രധാന ഫലസൂചകങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താൻ  നൂറു ദിവസത്തെ യജ്ഞം വിഭാവനം ചെയ്യുന്നു. നി-ക്ഷയ് പോഷൺ യോജനയ്ക്ക് കീഴിൽ ക്ഷയരോഗികൾക്ക് സാമ്പത്തിക സഹായം വർധിപ്പിക്കൽ, പ്രധാനമന്ത്രി ക്ഷയരോഗ മുക്ത ഭാരത യജ്ഞം എന്ന സാമൂഹ്യ സഹായ സംരംഭത്തിന് കീഴിൽ ഗാർഹിക സമ്പർക്കങ്ങൾ ഉൾപ്പെടുത്തൽ എന്നിവയടക്കം നയങ്ങൾ മെച്ചപ്പെടുത്തുന്ന മന്ത്രാലയത്തിന്റെ സമീപകാല നടപടികളുമായി ഇതു പൊരുത്തപ്പെടുന്നു.

ആധുനിക രോഗ നിർണയ സംവിധാനങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കുക, ദുർബലരായ വിഭാഗങ്ങൾക്കിടയിൽ രോഗ പരിശോധന, ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്കുള്ള പ്രത്യേക പരിചരണം, വിപുലീകരിച്ച പോഷകാഹാര പിന്തുണ എന്നിവ ഈ പ്രചാരണ പരിപാടിയുടെ ചില പ്രധാന ലക്ഷ്യങ്ങളാണ്. ടിബി സേവനങ്ങളെ എല്ലാവരിലും എത്തിക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തുടനീളമുള്ള ആയുഷ്മാൻ ആരോഗ്യ മന്ദിറുകളുടെ വിപുലമായ ശൃംഖലയെ ഈ സംരംഭം പ്രയോജനപ്പെടുത്തും.

ക്ഷയരോഗ കേസുകൾ കുറയ്ക്കുന്നതിനും രാജ്യവ്യാപകമായി പൊതുജനാരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഈ പ്രചാരണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകും.

*********************


(Release ID: 2081991) Visitor Counter : 15