പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു
വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ ‘അഷ്ടലക്ഷ്മി’: പ്രധാനമന്ത്രി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ശോഭനമായ ഭാവിയുടെ ആഘോഷമാണ് അഷ്ടലക്ഷ്മി മഹോത്സവം. ഇത് വികസിത ഭാരത ദൗത്യത്തെ മുന്നോട്ടുനയിക്കുന്ന വികസനത്തിന്റെ പുതിയ പ്രഭാതത്തിന്റെ ഉത്സവമാണ്: പ്രധാനമന്ത്രി
വികാരം, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി എന്നീ മൂന്നുഘടകങ്ങളുമായി നാം വടക്കുകിഴക്കിനെ കൂട്ടിയിണക്കുന്നു: പ്രധാനമന്ത്രി
Posted On:
06 DEC 2024 7:27PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത അദ്ദേഹം, ഇത് ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറുടെ മഹാപരിനിർവാണ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ, 75 വർഷം പൂർത്തിയാക്കിയ ഭരണഘടന എല്ലാ പൗരന്മാർക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വേണ്ടി ബാബാസാഹെബ് അംബേദ്കറിന് ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.
ജി20 ഉച്ചകോടി വിജയകരമായി സംഘടിച്ചതുൾപ്പെടെ കഴിഞ്ഞ രണ്ടു വർഷമായി നിരവധി ദേശീയ-അന്തർദേശീയ പരിപാടികൾക്ക് ഭാരത് മണ്ഡപം സാക്ഷ്യം വഹിച്ചെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്നത്തെ പരിപാടി ഏറെ സവിശേഷമാണെന്ന് അഭിപ്രായപ്പെട്ടു. ഈ പരിപാടി ഡൽഹിയെ വടക്കുകിഴക്കൻ ഇന്ത്യയുടെ വൈവിധ്യമാർന്ന നിറങ്ങളാൽ ദീപ്തമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യത്തെ അഷ്ടലക്ഷ്മി മഹോത്സവം അടുത്ത മൂന്നു ദിവസങ്ങളിൽ ആഘോഷിക്കുമെന്നും ഈ പരിപാടി വടക്കുകിഴക്കൻ ഇന്ത്യയുടെ സാധ്യതകളാകെ രാജ്യത്തിനും ലോകത്തിനും മുന്നിൽ പ്രദർശിപ്പിക്കുമെന്നും ശ്രീ മോദി പറഞ്ഞു. നിരവധി വ്യാവസായിക കരാറുകൾക്ക് ഈ പരിപാടി സാക്ഷ്യം വഹിക്കുമെന്നും സംസ്കാരം, പാചകരീതികൾ, മറ്റ് ആകർഷണങ്ങൾ എന്നിവയ്‌ക്കൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ സന്നിഹിതരായ പത്മ പുരസ്കാര ജേതാക്കൾ ഉൾപ്പെടെയുള്ളവരുടെ വിവിധ നേട്ടങ്ങളിൽ നിന്ന് ഈ പരിപാടി ജനങ്ങളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരിപാടി അതുല്യവും ഇത്തരത്തിലുള്ള ആദ്യത്തേതുമാണെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, ഈ പരിപാടി വടക്കുകിഴക്കൻ ഇന്ത്യയിൽ വലിയ നിക്ഷേപ സാധ്യതകളിലേക്കുള്ള വാതിലുകൾ തുറക്കുമെന്ന് പറഞ്ഞു. ലോകമെമ്പാടുമുള്ള നിക്ഷേപകർക്കൊപ്പം കർഷകർക്കും തൊഴിലാളികൾക്കും കരകൗശല തൊഴിലാളികൾക്കും ഇതൊരു മികച്ച അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിലെ പ്രദർശനങ്ങൾ വടക്കുകിഴക്കൻ ഇന്ത്യയുടെ വൈവിധ്യവും സാധ്യതകളും പ്രകടമാക്കുന്നുവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, അഷ്ടലക്ഷ്മി മഹോത്സവത്തിന്റെ സംഘാടകർക്കും വടക്കുകിഴക്കൻ ഇന്ത്യയിലെ ജനങ്ങൾക്കും നിക്ഷേപകർക്കും ആശംസകൾ നേർന്നു.
കഴിഞ്ഞ 100-200 വർഷങ്ങളായി പാശ്ചാത്യ ലോകത്തിന്റെ വളർച്ചയ്ക്ക് ഏവരും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ എല്ലാ തലങ്ങളിലും പാശ്ചാത്യ മേഖല ലോകത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ആകസ്മികമായി പാശ്ചാത്യ മേഖലയുടെ സ്വാധീനവും വളർച്ചയിൽ അതിന്റെ പങ്കും കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാശ്ചാത്യ കേന്ദ്രീകൃത കാലഘട്ടത്തിന് ശേഷം 21-ാം നൂറ്റാണ്ട് കിഴക്കിന്റേതാണെന്നും, അതായത് ഏഷ്യക്കും ഇന്ത്യക്കും അവകാശപ്പെട്ടതാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. വരും കാലങ്ങളിലെ ഇന്ത്യയുടെ വളർച്ചാഗാഥ കിഴക്കൻ ഇന്ത്യക്കും പ്രത്യേകിച്ച് വടക്ക് കിഴക്കിനും അവകാശപ്പെട്ടതാണെന്ന ഉറച്ച വിശ്വാസം ശ്രീ മോദി പ്രകടിപ്പിച്ചു. കഴിഞ്ഞ ദശകങ്ങളിൽ മുംബൈ, അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വൻ നഗരങ്ങളുടെ ആവിർഭാവമാണ് ഇന്ത്യ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുവാഹാട്ടി, അഗർത്തല, ഇംഫാൽ, ഇറ്റാനഗർ, ഗാങ്‌ടോക്ക്, കൊഹിമ, ഷില്ലോങ്, ഐസ്വാൾ തുടങ്ങിയ നഗരങ്ങളുടെ പുതിയ സാധ്യതകൾ വരുംദശകങ്ങളിൽ ഇന്ത്യ കാണുമെന്നും അഷ്ടലക്ഷ്മി പോലുള്ള പരിപാടികൾ അതിൽ പ്രധാന പങ്ക് വഹിക്കുമെന്നും ശ്രീ മോദി പറഞ്ഞു.
ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ലക്ഷ്മി ദേവിയെ സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും സമൃദ്ധിയുടെയും ദേവത എന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞു. ലക്ഷ്മി ദേവിയുടെ എട്ട് രൂപങ്ങൾ പട്ടികപ്പെടുത്തിയ അദ്ദേഹം, ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോഴെല്ലാം എട്ട് രൂപങ്ങളും ആരാധിക്കപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു. അതുപോലെ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ്, മണിപ്പുർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര, സിക്കിം എന്നീ എട്ട് സംസ്ഥാനങ്ങളിൽ അഷ്ടലക്ഷ്മിയുടെ സാന്നിധ്യമുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ ഈ എട്ട് സംസ്ഥാനങ്ങളെയാണ് അഷ്ടലക്ഷ്മിയുടെ എട്ട് രൂപങ്ങൾ പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ രൂപം ആദി ലക്ഷ്മിയാണെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, നമ്മുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ സംസ്ഥാനങ്ങളിലും ആദി സംസ്കാരം ശക്തമായി വ്യാപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. വടക്കു കിഴക്കൻ ഇന്ത്യയിലെ ഓരോ സംസ്ഥാനവും അതിന്റേതായ പാരമ്പര്യവും സംസ്‌കാരവും ആഘോഷിക്കുന്നു. മേഘാലയയിലെ ചെറി ബ്ലോസം മേള, നാഗാലാൻഡിലെ ഹോൺബിൽ ഉത്സവം, അരുണാചലിലെ ഓറഞ്ച് മേള, മിസോറമിലെ ചാപ്ചാർ കുട്ട് ഉത്സവം, അസമിലെ ബിഹു, മണിപ്പൂരി നൃത്തം എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ ഇന്ത്യയിൽ ഇത്രയധികം വൈവിധ്യങ്ങളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലക്ഷ്മി ദേവിയുടെ രണ്ടാം രൂപമായ ധനലക്ഷ്മിയെക്കുറിച്ച് ചർച്ച ചെയ്ത അദ്ദേഹം, ധാതുക്കൾ, എണ്ണ, തേയിലത്തോട്ടങ്ങൾ, ജൈവ വൈവിധ്യങ്ങൾ എന്നിവയുടെ മഹത്തായ സംഗമത്തോടെ സമൃദ്ധമായ പ്രകൃതി വിഭവങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് വടക്കുകിഴക്കൻ മേഖലയെന്നു പറഞ്ഞു. പുനരുപയോഗ ഊർജത്തിനു വലിയ സാധ്യതയുണ്ടെന്നും ധനലക്ഷ്മിയുടെ ഈ അനുഗ്രഹം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് മുഴുവൻ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്ഷ്മി ദേവിയുടെ മൂന്നാമത്തെ രൂപമായ ധന്യ ലക്ഷ്മി വടക്ക് കിഴക്കിനോട് ഏറെ ദയയുള്ളവളാണെന്ന് പറഞ്ഞ ശ്രീ മോദി, വടക്കുകിഴക്ക് പ്രകൃതിദത്ത കൃഷിക്കും ജൈവകൃഷിക്കും ചെറുധാന്യങ്ങൾക്കും പേരുകേട്ടതാണെന്ന് പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ജൈവ സംസ്ഥാനമായ സിക്കിമിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ കൃഷി ചെയ്യുന്ന അരി, മുള, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ അവിടത്തെ കൃഷിയുടെ കരുത്തിനു സാക്ഷ്യം വഹിക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ ജീവിതശൈലി, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഇന്നത്തെ ഇന്ത്യ ലോകത്തിന് നൽകാൻ ആഗ്രഹിക്കുന്ന പ്രതിവിധികളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.
അഷ്ടലക്ഷ്മിയുടെ നാലാമത്തെ രൂപമായ ഗജലക്ഷ്മിയെക്കുറിച്ച് സംസാരിച്ച ശ്രീ മോദി, ഗജലക്ഷ്മി ദേവി താമരയുടെ മുകളിൽ ആനകളുടെ വലയത്തിൽ ഇരിക്കുന്നതായി വിവരിച്ചു. വടക്കുകിഴക്കൻ മേഖലയിൽ വിശാലമായ വനങ്ങളും കാസിരംഗ, മാനസ്-മെഹാവോ തുടങ്ങിയ ദേശീയോദ്യാനങ്ങളും മറ്റ് വന്യജീവി സങ്കേതങ്ങളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിശയിപ്പിക്കുന്ന ഗുഹകളും ആകർഷകമായ തടാകങ്ങളുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗജലക്ഷ്മിയുടെ അനുഗ്രഹത്തിന് വടക്കുകിഴക്കൻ മേഖലയെ ലോകത്തിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ശക്തിയുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
വടക്കുകിഴക്ക് സർഗ്ഗാത്മകതയ്ക്കും വൈദഗ്ധ്യത്തിനും പേരുകേട്ടതാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അഷ്ടലക്ഷ്മിയുടെ അഞ്ചാം രൂപമായ സന്താന ലക്ഷ്മി പ്രതിനിധാനം ചെയ്യുന്നത് ഉൽപ്പാദനക്ഷമതയെയും സർഗാത്മകതയെയുമാണെന്ന് അദ്ദേഹം പറഞ്ഞു. അസമിലെ മുഗ സിൽക്ക്, മണിപ്പൂരിലെ മൊയ്‌റാങ് ഫൈ, വാങ്കെ ഫൈ, നാഗാലാൻഡിലെ ചഖേഷാങ് ഷാൾ തുടങ്ങിയ കൈത്തറികളുടെയും കരകൗശല വസ്തുക്കളുടെയും വൈദഗ്ധ്യം ഏവരുടെയും ഹൃദയം കീഴടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കുകിഴക്കിന്റെ കരകൗശലവും സർഗ്ഗാത്മകതയും പ്രദർശിപ്പിച്ച നിരവധി ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ചെയ്ത ഉൽപ്പന്നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധീരതയുടെയും ശക്തിയുടെയും സംഗമസ്ഥാനത്തിന്റെ പ്രതീകമായ അഷ്ടലക്ഷ്മിയുടെ ആറാമത്തെ രൂപം വീരലക്ഷ്മിയെക്കുറിച്ച് ചർച്ച ചെയ്ത ശ്രീ മോദി, വടക്ക് കിഴക്ക് സ്ത്രീശക്തിയുടെ പ്രതീകമാണെന്ന് എടുത്തുപറഞ്ഞു. സ്ത്രീശക്തി വെളിപ്പെടുത്തിയ മണിപ്പുരിലെ നൂപി ലാൻ പ്രസ്ഥാനത്തിന്റെ ഉദാഹരണം അദ്ദേഹം എടുത്തുപറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ സ്ത്രീകൾ അടിമത്തത്തിനെതിരെ ശബ്ദമുയർത്തിയ രീതി ഇന്ത്യയുടെ ചരിത്രത്തിൽ എക്കാലവും സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു. നാടോടിക്കഥകൾ മുതൽ സ്വാതന്ത്ര്യസമരം വരെയുള്ള റാണി ഗൈഡിൻലിയു, കനകലത ബറുവ, റാണി ഇന്ദിരാദേവി, ലാൽനു റോപിലിയാനി തുടങ്ങിയ നമ്മുടെ ധീരരായ സ്ത്രീകൾ രാജ്യത്തിനാകെ പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നും വടക്കുകിഴക്കിന്റെ പെൺമക്കൾ ഈ പാരമ്പര്യത്തെ സമ്പന്നമാക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ സ്ത്രീകളുടെ സംരംഭകത്വം സമാനതകളില്ലാത്ത വടക്കുകിഴക്കൻ മേഖലയ്ക്കാകെ വലിയ ശക്തിയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഷ്ടലക്ഷ്മിയിലെ ഏഴാമത്തെ ലക്ഷ്മിയായ ജയ് ലക്ഷ്മി എന്നാൽ പ്രശസ്തിയും മഹത്വവും നൽകുന്നവൾ എന്നാണ് അർഥമാക്കുന്നതെന്ന് പരാമർശിച്ച പ്രധാനമന്ത്രി, ഇന്ന് ലോകമെമ്പാടും ഇന്ത്യയോടുള്ള പ്രതീക്ഷകളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു വലിയ പങ്കുണ്ടെന്നു പറഞ്ഞു. ഇന്ത്യ അതിന്റെ സംസ്കാരത്തിന്റെയും വ്യാപാരത്തിന്റെയും ആഗോള സമ്പർക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ദക്ഷിണേഷ്യയുടെയും കിഴക്കൻ ഏഷ്യയുടെയും അനന്തമായ അവസരങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നത് വടക്കുകിഴക്കൻ മേഖലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രതീകമായ അഷ്ടലക്ഷ്മിയിലെ എട്ടാമത്തെ ലക്ഷ്മിയായ വിദ്യാലക്ഷ്മിയെക്കുറിച്ചു പറഞ്ഞ ശ്രീ മോദി, ആധുനിക ഇന്ത്യയുടെ സൃഷ്ടിയിലെ പല പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഐഐടി ഗുവാഹാട്ടി, എൻഐടി സിൽച്ചാർ, എൻഐടി മേഘാലയ, എൻഐടി അഗർത്തല, ഐഐഎം ഷില്ലോങ് തുടങ്ങിയവയിലാണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തെ ആദ്യത്തെ ദേശീയ കായിക സർവകലാശാല മണിപ്പുരിൽ നിർമിക്കുമ്പോൾ തന്നെ വടക്കുകിഴക്കിന് ആദ്യത്തെ എയിംസ് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേരി കോം, ബൈച്ചുങ് ബൂട്ടിയ, മീരാഭായ് ചാനു, ലവ്‌ലിന, സരിതാ ദേവി തുടങ്ങി നിരവധി മികച്ച കായിക താരങ്ങളെ വടക്കുകിഴക്കൻ മേഖല രാജ്യത്തിന് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾ, സേവന കേന്ദ്രങ്ങൾ, സെമികണ്ടക്ടർ പോലുള്ള വ്യവസായങ്ങൾ എന്നിവയിൽ ആയിരക്കണക്കിന് യുവാക്കൾ പ്രവർത്തിക്കുന്നതിനാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഇന്ന് മുന്നേറാൻ തുടങ്ങിയെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. യുവാക്കളുടെ വിദ്യാഭ്യാസത്തിന്റെയും നൈപുണ്യത്തിന്റെയും പ്രധാന കേന്ദ്രമായി ഈ മേഖല മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അഷ്ടലക്ഷ്മി മഹോത്സവം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ മികച്ച ഭാവിയുടെ ആഘോഷമാണ്” - പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ പുതിയ പ്രഭാതത്തിന്റെ ആഘോഷമാണിതെന്നും ഇത് വികസിത ഭാരത ദൗത്യത്തിന് ഊർജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്ക് കിഴക്കൻ മേഖലയിൽ നിക്ഷേപത്തിന് ഇന്ന് വലിയ ഉത്സാഹമുണ്ടെന്നും കഴിഞ്ഞ ദശകത്തിൽ വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന്റെ അത്ഭുതകരമായ യാത്രയ്ക്ക് ഏവരും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. യാത്ര എളുപ്പമായിരുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ വളർച്ചാഗാഥയുമായി ബന്ധിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികളും ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. മുൻ ഗവണ്മെന്റുകൾ സീറ്റുകളും വോട്ടുകളും കുറവായതിനാൽ വടക്ക് കിഴക്കൻ മേഖലയുടെ വികസനത്തിൽ താൽപ്പര്യം കാട്ടിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ഗവണ്മെന്റാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി ആദ്യമായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചതെന്ന് ശ്രീ മോദി പറഞ്ഞു.
ഡൽഹിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാൻ കഴിഞ്ഞ ദശകത്തിൽ ഗവൺമെന്റ് അക്ഷീണം പ്രയത്നിച്ചുവെന്ന് പറഞ്ഞ ശ്രീ മോദി, കേന്ദ്രമന്ത്രിമാർ 700-ലധികം തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും ജനങ്ങൾക്കൊപ്പം ദീർഘനേരം ചെലവഴിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇതു ഗവൺമെന്റും വടക്കുകിഴക്കൻ മേഖലയും അതിന്റെ വികസനവും തമ്മിൽ വൈകാരിക ബന്ധം സൃഷ്ടിച്ചു. ഇത് അവിടത്തെ വികസനത്തിന് അത്ഭുതകരമായ വേഗത നൽകിയെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് 1990-കളിൽ ഉണ്ടാക്കിയ നയം ഉദ്ധരിച്ച്, കേന്ദ്ര ഗവണ്മെന്റിന്റെ 50-ലധികം മന്ത്രാലയങ്ങൾ അവരുടെ ബജറ്റിന്റെ 10 ശതമാനം വടക്കുകിഴക്കൻ മേഖലയിൽ നിക്ഷേപിക്കേണ്ടതുണ്ടെന്നു ശ്രീ മോദി പറഞ്ഞു. 1990-കളെ അപേക്ഷിച്ച് തന്റെ ഗവൺമെന്റ് കഴിഞ്ഞ 10 വർഷങ്ങളിൽ വടക്കുകിഴക്കിന് കൂടുതൽ ധനസഹായങ്ങൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ മാത്രം മേൽപ്പറഞ്ഞ പദ്ധതിപ്രകാരം വടക്ക് കിഴക്കൻ മേഖലയിൽ 5 ലക്ഷം കോടിയിലധികം രൂപ ചെലവഴിച്ചു. ഇത് വടക്ക് കിഴക്കൻ മേഖലയോടുള്ള നിലവിലെ ഗവണ്മെന്റിന്റെ മുൻഗണന കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം-ഡിവൈൻ, പ്രത്യേക അടിസ്ഥാനസൗകര്യ വികസന പദ്ധതി, നോർത്ത് ഈസ്റ്റ് വെഞ്ച്വർ ഫണ്ട് തുടങ്ങി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കായി ഗവണ്മെന്റ് നിരവധി പ്രത്യേക പദ്ധതികൾ ആരംഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വ്യാവസായിക സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഉന്നതി പദ്ധതിയും ഗവണ്മെന്റ് ആരംഭിച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. പുതിയ വ്യവസായങ്ങൾക്കായി മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോൾ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടർ മേഖല ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയതാണെന്ന് പരാമർശിച്ച ശ്രീ മോദി, ഈ പുതിയ മേഖലയ്ക്ക് ഊർജം പകരുന്നതിനാണ് ഗവണ്മെന്റ് അസമിനെ തെരഞ്ഞെടുത്തതെന്ന് പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ ഇത്തരം പുതിയ വ്യവസായങ്ങൾ സ്ഥാപിക്കപ്പെടുമ്പോൾ രാജ്യത്തുനിന്നും ലോകത്തുനിന്നും നിക്ഷേപകർ അവിടെ പുതിയ സാധ്യതകൾ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“വികാരം, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതിശാസ്ത്രം എന്നീ മൂന്നു ഘടകങ്ങളുമായി ഞങ്ങള്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളെ കൂട്ടിയിണക്കുകയാണ്” - ശ്രീ മോദി പറഞ്ഞു. ഗവണ്‍മെന്റ് വടക്ക് കിഴക്കന്‍ മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ നിർമിക്കുക മാത്രമല്ല, ഭാവിക്ക് ശക്തമായ അടിത്തറയിടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല സംസ്ഥാനങ്ങളിലേക്കും ട്രെയിന്‍ സൗകര്യമില്ലാത്തതിനാല്‍ ഗതാഗതസൗകര്യമായിരുന്നു കഴിഞ്ഞ ദശകങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നു പറഞ്ഞ ശ്രീ മോദി, 2014നു ശേഷം തങ്ങളുടെ ഗവണ്‍മെന്റ് ഭൗതിക അടിസ്ഥാനസൗകര്യങ്ങളിലും സാമൂഹ്യ അടിസ്ഥാനസൗകര്യങ്ങളിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും പറഞ്ഞു. ഇത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ ഗുണനിലവാരത്തിലും ജീവിതനിലവാരത്തിലും വലിയ പുരോഗതിയുണ്ടാക്കി. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ നടത്തിപ്പും ഗവണ്‍മെന്റ് ത്വരിതപ്പെടുത്തിയെന്ന് ശ്രീ മോദി പറഞ്ഞു. ബോഗി-ബീല്‍ പാലത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി, ബോഗി-ബീല്‍ പാലം പൂര്‍ത്തിയാകുന്നതിന് മുമ്പ് ധേമാജിക്കും ഡിബ്രൂഗഢിനും ഇടയിലുള്ള ഒരു ദിവസം മുഴുവൻ യാത്രയുണ്ടായിരുന്നെന്നും, ഇപ്പോഴത് ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നും ശ്രീ മോദി പറഞ്ഞു.
“കഴിഞ്ഞ ദശകത്തില്‍ ഏകദേശം 5000 കിലോമീറ്റര്‍ ദേശീയ പാത പദ്ധതികള്‍ പൂര്‍ത്തീകരിച്ചു’- ശ്രീ മോദി പറഞ്ഞു. അരുണാചല്‍ പ്രദേശിലെ സേല തുരങ്കം, ഇന്ത്യ-മ്യാന്‍മര്‍-തായ്ലന്‍ഡ് ത്രിരാഷ്ട്രപാത, നാഗാലാന്‍ഡ്, മണിപ്പുര്‍, മിസോറം എന്നിവിടങ്ങളിലെ അതിര്‍ത്തി റോഡുകള്‍ തുടങ്ങിയ പദ്ധതികള്‍ ശക്തമായ റോഡ് ഗതാഗതസൗകര്യം വിപുലീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ജി-20 ഉച്ചകോടിയില്‍ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയുടെ (ഐ-മാക്) കാഴ്ചപ്പാട് ഇന്ത്യ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെ ലോകവുമായി ഐ-മാക് ബന്ധിപ്പിക്കുമെന്നും പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍ ഗതാഗതസൗകര്യം പലമടങ്ങ് വര്‍ധിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കവെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാനങ്ങളെയും റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കന്‍ മേഖലയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ സേവനം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളുടെയും വിമാന സേവനങ്ങളുടെയും എണ്ണം ഏകദേശം ഇരട്ടിയായി വര്‍ധിച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ബ്രഹ്മപുത്ര, ബരാക് നദികളില്‍ ജലപാതകള്‍ നിർമിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും സബ്‌റൂം ലാന്‍ഡ്പോര്‍ട്ടില്‍ നിന്ന് നിന്നുള്ള ജല ഗതാഗതസൗകര്യം മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊബൈല്‍, പാചകവാതക പൈപ്പ്‌ലൈന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, വടക്ക് കിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ പാചകവാതകശൃംഖലയുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും 1600 കിലോമീറ്ററിലധികം നീളമുള്ള പാചകവാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നുണ്ടെന്നും പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 2600-ലധികം മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിലൂടെ ഇന്റര്‍നെറ്റ് വിനിമയക്ഷമതയിലും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും വടക്കുകിഴക്കന്‍ മേഖലയില്‍ 13,000 കിലോമീറ്ററിലധികം ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 5ജി സൗകര്യം എത്തിയതില്‍ ശ്രീ മോദി സന്തുഷ്ടി പ്രകടിപ്പിച്ചു.
വടക്കുകിഴക്കന്‍ മേഖലയിലെ സാമൂഹിക അടിസ്ഥാനസൗകര്യവികസനത്തില്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അര്‍ബുദം പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കായി ആധുനിക സൗകര്യങ്ങള്‍ നിർമിക്കുന്നതിനൊപ്പം മെഡിക്കല്‍ കോളേജുകളും വിപുലീകരിച്ചതായി പറഞ്ഞു. ആയുഷ്മാന് ഭാരത് യോജന പ്രകാരം വടക്ക് കിഴക്കന്‍ മേഖലയിലെ ലക്ഷക്കണക്കിന് രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ടെന്നും 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ വയ വന്ദന കാര്‍ഡ് ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിന് പുറമെ, അതിന്റെ പാരമ്പര്യം, വസ്ത്രമേഖല, വിനോദസഞ്ചാരം എന്നിവയിലും ഗവണ്‍മെന്റ് ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യാന്‍ ജനങ്ങള്‍ ഇപ്പോള്‍ വന്‍തോതില്‍ മുന്നോട്ടുവരുന്നു എന്നതാണ് ഇതിന്റെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ ദശകത്തില്‍ ഏകദേശം ഇരട്ടിയായി വര്‍ധിച്ചതായി പറഞ്ഞ ശ്രീ മോദി, നിക്ഷേപവും വിനോദസഞ്ചാരവും വര്‍ധിച്ചതിനാല്‍ പുതിയ കച്ചവടങ്ങളും തൊഴിലവസരങ്ങളും വര്‍ധിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനസൗകര്യങ്ങള്‍ മുതല്‍ സംയോജനം വരെയും, ഗതാഗതസൗകര്യം മുതല്‍ അടുത്തസാമീപ്യം വരെയും, സാമ്പത്തികം മുതല്‍ വൈകാരികത വരെയും ഈ യാത്ര വടക്ക് കിഴക്കിന്റെ വികസനത്തെ പുതിയ ഉയരങ്ങളിലെത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഷ്ടലക്ഷ്മി സംസ്ഥാനങ്ങളിലെ യുവാക്കള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വലിയ മുന്‍ഗണനയാണെന്നും അവര്‍ എപ്പോഴും വികസനമാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലും ശാശ്വത സമാധാനത്തിന് അഭൂതപൂര്‍വമായ ജനപിന്തുണ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ പരിശ്രമത്താൽ ആയിരക്കണക്കിന് യുവാക്കള്‍ അക്രമത്തിന്റെ പാത ഉപേക്ഷിച്ച് വികസനത്തിന്റെ പുതിയ പാത സ്വീകരിച്ചുവെന്നും പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ ചരിത്രപരമായ നിരവധി സമാധാന കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിതര്‍ക്കങ്ങളും വളരെ സൗഹാര്‍ദപരമായാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അക്രമസംഭവങ്ങള്‍ വലിയ തോതില്‍ കുറച്ചതായി അദ്ദേഹം പറഞ്ഞു. പല ജില്ലകളിലും അഫ്സ്പ നീക്കം ചെയ്തിട്ടുണ്ടെന്നും, നാം ഒരുമിച്ച് അഷ്ടലക്ഷ്മിക്ക് പുതിയ ഭാവി രചിക്കണമെന്നും അതിനായി ഗവണ്‍മെന്റ് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
വടക്കുകിഴക്കന്‍ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ ലോകത്തിലെ എല്ലാ വിപണികളിലും എത്തണമെന്നും ഈ ദിശയില്‍ ഓരോ ജില്ലയിലെയും ഉല്‍പ്പന്നങ്ങള്‍ ഒരു ജില്ല ഒരു ഉല്‍പ്പന്ന യഞ്ജത്തിന് കീഴില്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും പ്രധാനമന്ത്രി ആശംസിച്ചു. അഷ്ടലക്ഷ്മി മഹോത്സവത്തിലെ ഗ്രാമീണവിപണിയിലെ പ്രദര്‍ശനങ്ങളില്‍ വടക്കുകിഴക്കന്‍ മേഖലയുടെ നിരവധി ഉല്‍പ്പന്നങ്ങള്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “വടക്കുകിഴക്കന്‍ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ക്കായി ‘പ്രാദേശികതയ്ക്കായുള്ള ആഹ്വാനം’ എന്ന മന്ത്രം ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു”- ശ്രീ മോദി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിദേശ അതിഥികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഇത് വടക്കുകിഴക്കന്‍ മേഖലയുടെ അതിശയകരമായ കലയ്ക്കും കരകൗശലവിദ്യക്കും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.
ഗുജറാത്തിലെ പോര്‍ബന്ദറില്‍ നടക്കുന്ന മാധവ്പുര്‍ മേളയില്‍ പങ്കെടുക്കാന്‍ മോദി ജനങ്ങളെ ക്ഷണിച്ചു. വടക്ക് കിഴക്കിന്റെ മകളായ രുക്മിണി ദേവിയുടെയും ശ്രീകൃഷ്ണന്റെയും വിവാഹത്തിന്റെ പ്രതീകമാണ് മാധവ്പുര്‍ മേളയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025-ല്‍ നടക്കുന്ന മേളയില്‍ പങ്കാളികളാകാന്‍ വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ ജനങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. ശ്രീകൃഷ്ണ ഭഗവാന്റെയും അഷ്ടലക്ഷ്മിയുടെയും അനുഗ്രഹത്താല്‍ 21-ാം നൂറ്റാണ്ടില്‍ വടക്കുകിഴക്കന്‍ മേഖലകള്‍ വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്നത് ഇന്ത്യ തീര്‍ച്ചയായും കാണുമെന്ന് പ്രസംഗം ഉപസംഹരിക്കവേ ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
കേന്ദ്ര വടക്ക് കിഴക്കന്‍ മേഖലാ വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ, ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹ, മേഘാലയ മുഖ്യമന്ത്രി ശ്രീ കോണ്‍റാഡ് സാങ്മ, സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിങ് തമാങ്, കേന്ദ്ര വടക്ക് കിഴക്കന്‍ മേഖലാ വികസന സഹമന്ത്രി ഡോ. സുകാന്ത മജുംദാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
ഇതാദ്യമായി ആഘോഷിക്കുന്ന അഷ്ടലക്ഷ്മി സാംസ്കാരികോത്സവം ഡിസംബർ 6 മുതൽ 8 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. പരമ്പരാഗത കലകൾ, കരകൗശലവസ്തുക്കൾ, സാംസ്കാരിക സമ്പ്രദായങ്ങൾ എന്നിവയുടെ ശ്രേണിയെ ഒരുമിച്ച് കൊണ്ടുവരുന്ന വടക്കുകിഴക്കൻ ഇന്ത്യയുടെ വിശാലമായ സാംസ്കാരിക സവിശേഷതകൾ ഇത് ഉയർത്തിക്കാട്ടുന്നു.
പരമ്പരാഗത കരകൗശലവസ്തുക്കൾ, കൈത്തറി, കാർഷിക ഉൽപ്പന്നങ്ങൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ സാമ്പത്തിക അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മഹോത്സവം വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു. കലോത്സവത്തിൽ കരകൗശല പ്രദർശനങ്ങൾ, ഗ്രാമീണ വിപണികൾ, പ്രത്യേക സംസ്ഥാന പവലിയനുകൾ, വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന് നിർണായകമായ പ്രധാന മേഖലകളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകൾ എന്നിവയുണ്ട്. മേഖലയുടെ സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കുന്ന ശൃംഖലകൾ, പങ്കാളിത്തങ്ങൾ, സംയുക്ത സംരംഭങ്ങൾ എന്നിവ കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള സവിശേഷ അവസരമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിക്ഷേപക വട്ടമേശ സമ്മേളനങ്ങളും വാങ്ങുന്നവർ-വിൽപ്പനക്കാർ യോഗങ്ങളും പ്രധാന പരിപാടികളിൽ ഉൾപ്പെടുന്നു.
ദേശീയ വേദിയിൽ വടക്കുകിഴക്കൻ ഇന്ത്യയുടെ സമ്പന്നമായ കൈത്തറി-കരകൗശല പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന രൂപകൽപ്പനാസമ്മേളനവും ഫാഷൻ ഷോകളും മഹോത്സവത്തിലുണ്ട്. പ്രദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടുന്ന, വടക്കുകിഴക്കൻ ഇന്ത്യയിലെ ഊഷ്മളമായ സംഗീതപ്രകടനങ്ങളും തദ്ദേശീയ പാചകരീതികളും മേള പ്രദർശിപ്പിക്കുന്നു.
*****
-SK-
(Release ID: 2081805)
Visitor Counter : 17
Read this release in:
Odia
,
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada