പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാഷ്ട്രയിലെ ജൽഗാവിൽ ലാഖ്പതി ദീദി സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

Posted On: 25 AUG 2024 5:07PM by PIB Thiruvananthpuram

മഹാരാഷ്ട്രയിലെ എൻ്റെ സഹോദരീ സഹോദരന്മാർക്ക്!

ജയ് ശ്രീകൃഷ്ണ...

നാളെ ശ്രീകൃഷ്ണ ജന്മാഷ്ടമിയാണ്, ഇന്ന് ഞാൻ നിങ്ങൾക്ക് ആശംസകൾ നേരുന്നു.

മഹാരാഷ്ട്ര ഗവർണർ ശ്രീ സി. പി. രാധാകൃഷ്ണൻ ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകൻ, കൃഷി ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ജി, ഈ മണ്ണിൽ നിന്നുള്ള എൻ്റെ സഹപ്രവർത്തകനായ മന്ത്രി പ്രതാപ് റാവു  ജാദവ്, കേന്ദ്രമന്ത്രി ശ്രീ ചന്ദ്രശേഖർ ജി, കൂടാതെ ഈ മണ്ണിൻ്റെ മകൾ, രക്ഷാ ഖഡ്‌സെ ജി, ഉപമുഖ്യമന്ത്രിമാരായ ശ്രീ അജിത് പവാർ ജി, ദേവേന്ദ്ര ഫഡ്‌നാവിസ് ജി, മഹാരാഷ്ട്ര ​ഗവൺമെ‍ന്റിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ഞങ്ങളെ അനുഗ്രഹിക്കാൻ ഇവിടെ എത്തിയ നിരവധി അമ്മമാരേ സഹോദരിമാരേ. കണ്ണെത്താ ദൂരത്തോളം ഇവിടെ അമ്മമാരുടെ ഒരു മഹാസാഗരം ഒത്തുകൂടിയതുപോലെ തോന്നുന്നു. ഈ കാഴ്ച തന്നെ ഏറെ ആശ്വാസകരമാണ്.

ഞാൻ ആരംഭിക്കുന്നതിന് മുമ്പ്, നേപ്പാളിലെ ബസ് അപകടത്തെക്കുറിച്ചുള്ള എൻ്റെ വേദന പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ അപകടത്തിൽ നമുക്ക് മഹാരാഷ്ട്രയിൽ നിന്നുള്ള, പ്രത്യേകിച്ച് ജൽഗാവിൽ നിന്നുള്ള നിരവധി സുഹൃത്തുക്കളെ നഷ്ടപ്പെട്ടു. ദുരിതബാധിതരായ എല്ലാ കുടുംബങ്ങളോടും ഞാൻ എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. അപകടം നടന്നയുടൻ ഇന്ത്യൻ ​ഗവൺമെന്റ് നേപ്പാൾ ​ഗവൺമെന്റുമായി ബന്ധപ്പെട്ടു. ഞങ്ങളുടെ മന്ത്രി രക്ഷ തായ് ഖഡ്‌സെയോട് ഉടൻ നേപ്പാളിലേക്ക് പോകാൻ ഞങ്ങൾ ആവശ്യപ്പെട്ടു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ ഞങ്ങൾ നാട്ടിലെത്തിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ട്. അവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ഇരകൾക്കും കേന്ദ്ര-സംസ്ഥാന ​ഗവൺമെന്റുകളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, 'ലാഖ്പതി ദീദിമാരുടെ' ഈ മഹത്തായ കൺവെൻഷൻ നടക്കുകയാണ്. എൻ്റെ പ്രിയപ്പെട്ട സഹോദരിമാരിൽ വലിയൊരു വിഭാഗം ഇവിടെയുണ്ട്. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ‘സഖി മണ്ഡലുകൾ’ (വനിതാ സ്വയം സഹായ സംഘങ്ങൾ)ക്കായി 6,000 കോടിയിലധികം രൂപ ഇവിടെ നിന്ന് അനുവദിച്ചു. എണ്ണമറ്റ സേവിംഗ്സ് ഗ്രൂപ്പുകളുമായി ബന്ധമുള്ള മഹാരാഷ്ട്രയിൽ നിന്നുള്ള നമ്മുടെ സഹോദരിമാർക്കും കോടിക്കണക്കിന് രൂപയുടെ സഹായം ലഭിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് സഹോദരിമാരെ 'ലാഖ്പതി ദീദിമാർ' ആക്കുന്നതിന് ഈ പണം സഹായിക്കും. എല്ലാ അമ്മമാർക്കും സഹോദരിമാർക്കും ഞാൻ എൻ്റെ ആശംസകൾ നേരുന്നു!

സുഹൃത്തുക്കളേ,

മഹാരാഷ്ട്രയുടെ അഭിമാനമായ സംസ്‌കാരവും മൂല്യങ്ങളും നിങ്ങളിൽ എല്ലാവരിലും ഞാൻ കാണുന്നു. മഹാരാഷ്ട്രയുടെ ഈ മൂല്യങ്ങൾ ഭാരതത്തിൽ മാത്രമല്ല, ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ട്. ഞാൻ ഇന്നലെ ഒരു വിദേശ യാത്ര കഴിഞ്ഞു മടങ്ങി‌യെത്തിയതേയുള്ളൂ. ഞാൻ യൂറോപ്പിലെ പോളണ്ടിലേക്ക് പോയിരുന്നു. അവിടെയും മഹാരാഷ്ട്രയുടെ സ്വാധീനം കണ്ടു. മഹാരാഷ്ട്രയുടെ സംസ്കാരവും മൂല്യങ്ങളും ഞാൻ കണ്ടു. പോളണ്ടിലെ ജനങ്ങൾ മഹാരാഷ്ട്രയിലെ ജനങ്ങളെ വളരെയധികം ബഹുമാനിക്കുന്നു. ഇവിടെ ഇരുന്നുകൊണ്ട് നിങ്ങൾക്ക് ഇത് സങ്കൽപ്പിക്കാൻ കഴിയില്ല. അവിടെ തലസ്ഥാനത്ത് ഒരു കോലാപ്പൂർ സ്മാരകമുണ്ട്. കോലാപ്പൂരിലെ ജനങ്ങളുടെ സേവനത്തെയും ആതിഥ്യമര്യാദയെയും ബഹുമാനിക്കുന്നതിനാണ് പോളണ്ടിലെ ജനങ്ങൾ ഈ സ്മാരകം നിർമ്മിച്ചത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് പോളണ്ടിൽ നിന്നുള്ള ആയിരക്കണക്കിന് അമ്മമാർക്കും കുട്ടികൾക്കും കോലാപ്പൂരിലെ രാജകുടുംബം അഭയം നൽകിയത് നിങ്ങളിൽ ചിലർക്ക് അറിയാമായിരിക്കും. ഛത്രപതി ശിവാജി മഹാരാജിൻ്റെ മൂല്യങ്ങൾക്കനുസൃതമായി, രാജകുടുംബവും സാധാരണക്കാരും അഭയാർഥികളെ സേവിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ സേവനത്തിനും മാനവരാശിയോടുള്ള സ്‌നേഹത്തിനുമുള്ള പ്രശംസ കേട്ടപ്പോൾ എൻ്റെ ശിരസ് അഭിമാനത്താൽ ഉയർന്നു. നാം മഹാരാഷ്ട്രയെ വികസിപ്പിക്കുകയും ആഗോളതലത്തിൽ അതിൻ്റെ പേര് ഉയർത്തുകയും വേണം.

സുഹൃത്തുക്കളേ,

ഇവിടെയുള്ള ധീരരും നിശ്ചയദാർഢ്യമുള്ളവരുമായ അമ്മമാരാണ് മഹാരാഷ്ട്രയുടെ മൂല്യങ്ങൾ സൃഷ്ടിച്ചത്. ഈ നാടിൻ്റെ മാതൃശക്തി രാജ്യത്തെയാകെ പ്രചോദിപ്പിച്ചിട്ടുണ്ട്. വാർക്കാരി പാരമ്പര്യത്തിൻ്റെ തീർത്ഥാടന കേന്ദ്രമാണ് നമ്മുടെ ജൽഗാവ്. മഹാനായ മുക്തായിയുടെ നാടാണിത്. അവരുടെ ധ്യാനവും തപസ്സും ഇന്നത്തെ തലമുറയെ പ്രചോദിപ്പിക്കുന്നു. ബഹിനാബായിയുടെ കവിതകൾ ഇപ്പോഴും ചട്ടക്കൂടുകൾക്കപ്പുറം ചിന്തിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നു. മഹാരാഷ്ട്രയുടെ ഏത് കോണിലായാലും ചരിത്രത്തിലെ ഏത് കാലഘട്ടത്തിലായാലും മാതൃശക്തിയുടെ സംഭാവന സമാനതകളില്ലാത്തതാണ്. ഛത്രപതി ശിവജി മഹാരാജിൻ്റെ ജീവിതത്തിന് ദിശാബോധം നൽകിയത് ആരാണ്? മാതാ ജിജാവു ആണ് ഇത് ചെയ്തത്.

പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും സമൂഹം പ്രാധാന്യം നൽകാതിരുന്നപ്പോൾ സാവിത്രിഭായ് ഫൂലെ മുന്നിട്ടിറങ്ങി. അതായത്, സമൂഹത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും ഭാവി രൂപപ്പെടുത്തുന്നതിൽ ഭാരതത്തിൻ്റെ മാതൃശക്തി എല്ലായ്പ്പോഴും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഇന്ന്, നമ്മുടെ രാജ്യം വികസിതമാകാൻ ശ്രമിക്കുമ്പോൾ, നമ്മുടെ മാതൃശക്തി ഒരിക്കൽ കൂടി മുന്നോട്ട് വരുകയാണ്. മഹാരാഷ്ട്രയിലെ എല്ലാ സഹോദരിമാരിലും രാജ്മാതാ ജിജാവു, സാവിത്രിഭായ് ഫൂലെ എന്നിവരുടെ സ്വാധീനം ഞാൻ കാണുന്നു.

സുഹൃത്തുക്കളേ,

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഞാൻ നിങ്ങളുടെ അടുത്ത് വന്നപ്പോൾ, 3 കോടി സഹോദരിമാരെ 'ലാഖ്പതി ദീദിമാർ' ആക്കണമെന്ന് ഞാൻ പറഞ്ഞു. അതായത്, സ്വാശ്രയ സംഘങ്ങളിൽ ജോലി ചെയ്യുന്ന 3 കോടി സഹോദരിമാർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനം നൽകുക എന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഒരു കോടി 'ലാഖ്പതി ദീദിമാർ' സൃഷ്ടിക്കപ്പെട്ടു, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം 11 ലക്ഷം 'ലാഖ്പതി ദീദിമാർ' അവരോടൊപ്പം ചേർന്നു. അവരിൽ ഒരു ലക്ഷം പുതിയ 'ലാഖ്പതി ദീദിമാർ' മഹാരാഷ്ട്രയിൽ നിന്ന് ഉയർന്നുവന്നു. ഈ നേട്ടത്തിനായി ഇവിടുത്തെ മഹായുതി സർക്കാർ വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഏകനാഥ് ജി, ദേവേന്ദ്ര ജി, അജിത് ദാദ എന്നിവരുടെ മുഴുവൻ സംഘവും അമ്മമാരെയും സഹോദരിമാരെയും ശാക്തീകരിക്കാൻ സമർപ്പിക്കുന്നു. അമ്മമാർ, സഹോദരിമാർ, യുവാക്കൾ, കർഷകർ എന്നിവർക്കായി നിരവധി പദ്ധതികളും പുതിയ സംരംഭങ്ങളും മഹാരാഷ്ട്രയിൽ നടപ്പാക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

'ലാഖ്പതി ദീദിമാരെ' സൃഷ്ടിക്കുകയെന്ന പ്രചാരണത്തിന്റെ ഉദ്ദേശ്യം സഹോദരിമാരുടെയും പെൺമക്കളുടെയും വരുമാനം വർധിപ്പിക്കുക എന്നത് മാത്രമല്ല. മുഴുവൻ കുടുംബങ്ങളെയും ഭാവി തലമുറയെയും ശാക്തീകരിക്കുന്നതിനുള്ള മഹത്തായ പ്രചാരണമാണിത്. ഇത് ഗ്രാമങ്ങളുടെ മുഴുവൻ സമ്പദ്‌വ്യവസ്ഥയെയും മാറ്റിമറിക്കുന്നു. ഇവിടെയുള്ള ഓരോ സഹോദരിക്കും മകൾക്കും അവർ സമ്പാദിക്കാൻ തുടങ്ങുമ്പോൾ അവരുടെ അവകാശങ്ങൾ വർദ്ധിക്കുമെന്നും കുടുംബത്തിനുള്ളിൽ അവർക്കുള്ള ബഹുമാനം വളരുമെന്നും നന്നായി അറിയാം. ഒരു സഹോദരിയുടെ വരുമാനം വർദ്ധിക്കുമ്പോൾ, കുടുംബത്തിന് കൂടുതൽ പണം ചെലവഴിക്കാൻ കഴിയും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു സഹോദരി പോലും 'ലാഖ്പതി ദീദി' ആകുമ്പോൾ, അത് മുഴുവൻ കുടുംബത്തിൻ്റെയും വിധി മാറ്റുന്നു.

ഇവിടെ വരുന്നതിന് മുമ്പ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹോദരിമാരുടെ അനുഭവങ്ങൾ ഞാൻ കേൾക്കുകയായിരുന്നു. എല്ലാ ലാഖ്പതി ദീദിമാരുടെയും ആത്മവിശ്വാസം ശ്രദ്ധേയമായിരുന്നു. ഞാൻ അവരെ ലാഖ്പതി ദീദിമാർ എന്നാണ് വിളിക്കുന്നത്, എന്നാൽ ചിലർ രണ്ട് ലക്ഷം രൂപയും ചിലർക്ക് മൂന്ന് ലക്ഷം രൂപയും ചിലർക്ക് എട്ട് ലക്ഷം രൂപയും സമ്പാദിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിലാണ് അവർ ഈ വിജയം നേടിയത്.

സുഹൃത്തുക്കളേ,

ഇന്ന്, ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള പാതയിലാണ് എന്ന് നിങ്ങൾ എല്ലായിടത്തും കേൾക്കുന്നു. ഈ നേട്ടത്തിൽ നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും വലിയ പങ്കുണ്ട്. എന്നിരുന്നാലും, കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. എല്ലാ വീട്ടിലും എല്ലാ കുടുംബങ്ങളിലും സന്തോഷത്തിൻ്റെ ഉറപ്പ് സഹോദരിമാരാണ്. എന്നാൽ അവർക്ക് എന്തെങ്കിലും സഹായം ലഭിക്കുമെന്ന് ഉറപ്പ് നൽകാൻ ആരും ഉണ്ടായിരുന്നില്ല. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് സഹോദരിമാർക്ക് അവരുടെ പേരിൽ സ്വത്ത് ഇല്ലായിരുന്നു. അവർക്ക് ബാങ്കിൽ നിന്ന് വായ്പ ആവശ്യമുണ്ടെങ്കിൽ, അവർക്ക് അത് ലഭിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, ഒരു ചെറിയ ബിസിനസ്സ് ആരംഭിക്കാൻ അവർ ആഗ്രഹിച്ചാലും, അവർക്ക് അത് ചെയ്യാൻ കഴിയുമാ‌യിരുന്നില്ല. അതുകൊണ്ടാണ് നിങ്ങളുടെ സഹോദരൻ, നിങ്ങളുടെ മകൻ ഒരു തീരുമാനം കൈക്കൊണ്ടത്. എന്ത് വന്നാലും എൻ്റെ നാട്ടിലെ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ബുദ്ധിമുട്ടുകൾ ഞാൻ ലഘൂകരിക്കുമെന്ന് ഞാൻ തീരുമാനിച്ചു. അതുകൊണ്ടാണ് സ്ത്രീകൾക്ക് അനുകൂലമായി മോദി ​ഗവൺമെന്റ് ഒന്നിന് പിറകെ ഒന്നായി തീരുമാനമെടുത്തത്. ഏഴ് പതിറ്റാണ്ടിൻ്റെ മുൻ ​ഗവൺമെന്റുകളെ ഒരു വശത്തും മോദി ​ഗവൺമെന്റിൻ്റെ പത്ത് വർഷം മറുവശത്തുമായി താരതമ്യം ചെയ്യാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. രാജ്യത്തിൻ്റെ സഹോദരിമാർക്കും പെൺമക്കൾക്കും വേണ്ടി മോദി ​ഗവൺമെന്റ് ചെയ്ത പ്രവർത്തനങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷം മറ്റൊരു ​ഗവൺമെന്റും ചെയ്യാത്ത വിധം സമാനതകളില്ലാത്തതാണ്.

സുഹൃത്തുക്കളേ,

പാവപ്പെട്ടവർക്കായി ​ഗവൺമെന്റ് നിർമിച്ചു നൽകുന്ന വീടുകൾ സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യണമെന്ന് തീരുമാനിച്ചത് നമ്മുടെ സർക്കാരാണ്. ഇതുവരെ നിർമിച്ച 4 കോടി വീടുകളിൽ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ്. ഞങ്ങൾ 3 കോടി വീടുകൾ കൂടി നിർമ്മിക്കാൻ പോകുന്നു, ഇവയിൽ മിക്കവയും നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പേരിലായിരിക്കും. ഞങ്ങൾ വരുത്തിയ രണ്ടാമത്തെ പ്രധാന മാറ്റം ബാങ്കിംഗ് സംവിധാനത്തിലാണ്. ആദ്യം, ഞങ്ങൾ ജൻധൻ അക്കൗണ്ടുകൾ തുറന്നു, ഈ അക്കൗണ്ടുകളിൽ ഭൂരിഭാഗവും സഹോദരിമാരുടെ പേരിലാണ് തുറന്നത്. തുടർന്ന് ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി ഞങ്ങൾ മുദ്ര യോജന ആരംഭിച്ചു. ഈട് വേണമെങ്കിൽ മോദി ഉണ്ടായിരുന്നു. ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ 70 ശതമാനവും അമ്മമാരും സഹോദരിമാരുമാണ്. സ്ത്രീകൾക്ക് വായ്പ നൽകേണ്ടതില്ലെന്ന് രാജ്യത്തെ ചിലർ പറഞ്ഞു, കാരണം അവർ വീഴ്ച വരുത്തുമെന്ന അപകടസാധ്യതയുണ്ട്. പക്ഷെ ഞാൻ വ്യത്യസ്തമായി ചിന്തിച്ചു. എനിക്ക് നിങ്ങളിലും നമ്മുടെ മാതൃശക്തിയിലും നിങ്ങളുടെ സത്യസന്ധതയിലും കഴിവുകളിലും പൂർണ വിശ്വാസമുണ്ടായിരുന്നു. നമ്മുടെ അമ്മമാരും സഹോദരിമാരും കഠിനാധ്വാനം ചെയ്യുകയും സത്യസന്ധതയോടെ വായ്പകൾ തിരിച്ചടക്കുകയും ചെയ്തു.

ഇപ്പോൾ, ഞങ്ങൾ മുദ്ര വായ്പയുടെ പരിധി 20 ലക്ഷം രൂപയായി ഉയർത്തി. തെരുവ് കച്ചവടക്കാർക്കായി പിഎം സ്വനിധി പദ്ധതിയും ഞങ്ങൾ ആരംഭിച്ചു, ഈടില്ലാതെ വായ്പ വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്. നമ്മുടെ സഹോദരിമാരിൽ പലരും കൈത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വിശ്വകർമ സമൂഹത്തിൻ്റെ ഭാഗമാണ്, അവർക്ക് ഞങ്ങളുടെ സർക്കാർ ഗ്യാരൻ്റി നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

സ്വാശ്രയ സംഘങ്ങളെക്കുറിച്ചോ സഖി മണ്ഡലുകളെക്കുറിച്ചോ ഞാൻ പറയുമ്പോൾ അവയുടെ പ്രാധാന്യം മനസ്സിലാക്കാൻ കഴിയുന്നവർ വളരെ കുറവായിരുന്നു. എന്നാൽ ഇന്ന്, ഈ വിഭാ​ഗങ്ങൾ ഭാരതത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രധാന ശക്തിയായി മാറുകയാണ്. ഗ്രാമങ്ങളിലും വിദൂര ആദിവാസി മേഖലകളിലും സഖി മണ്ഡലുകൾ വരുത്തിയ മാറ്റങ്ങൾ പ്രകടമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 10 കോടി സഹോദരിമാർ ഈ പ്രസ്ഥാനത്തിൽ ചേർന്നു, ഈ കണക്ക് വളരെ വലുതാണ്. ഞങ്ങൾ അവരെ ബാങ്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ അവർക്ക് ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നത് ഞങ്ങൾ എളുപ്പമാക്കി.

ഞാൻ നിങ്ങൾക്ക് ഒരു സ്ഥിതിവിവരക്കണക്ക് നൽകട്ടെ, ഇത് നിങ്ങളെ ആശ്ചര്യപ്പെടുത്തുകയോ നമ്മുടെ രാജ്യം മുമ്പ് എങ്ങനെ പ്രവർത്തിച്ചു എന്ന  എന്നതിനെക്കുറിച്ച് ഒരു പക്ഷേ നിങ്ങളെ ദേഷ്യം പിടിപ്പിക്കുകയോ ചെയ്തേക്കാം. 2014 വരെ 25,000 കോടി രൂപയിൽ താഴെ മാത്രമാണ് സഖി മണ്ഡലുകൾക്ക് ബാങ്ക് വായ്പ നൽകിയത്. ഓർക്കുക, ഞാൻ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത് - 25,000 കോടി മാത്രം. കഴിഞ്ഞ പത്തുവർഷത്തിനിടെ 9 ലക്ഷം കോടി രൂപയോളം നൽകി. 25,000 കോടിയും 9 ലക്ഷം കോടിയും താരതമ്യം ചെയ്യുക. മാത്രമല്ല, സർക്കാർ നേരിട്ട് നൽകുന്ന ധനസഹായം ഏകദേശം 30 മടങ്ങ് വർദ്ധിച്ചു. തൽഫലമായി, ഗ്രാമങ്ങളിലെ നമ്മുടെ സഹോദരിമാർ അവരുടെ വരുമാനം വർദ്ധിപ്പിക്കുകയും രാജ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഞാൻ വീണ്ടും പറയുന്നു, ഇത് ട്രെയിലർ മാത്രമാണ്. ഞങ്ങളുടെ സഹോദരിമാരുടെയും പെൺമക്കളുടെയും പങ്ക് ഞങ്ങൾ കൂടുതൽ വിപുലീകരിക്കുകയാണ്. ഇന്ന്, 1.25 ലക്ഷത്തിലധികം ബാങ്കിംഗ് കറസ്‌പോണ്ടൻ്റുകൾ അല്ലെങ്കിൽ ബാങ്ക് സഖികൾ ഗ്രാമങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നു. ഒരു കോടി രൂപയുടെ ഇടപാടുകൾ തങ്ങൾ നടത്തുന്നുണ്ടെന്ന് ചില സഹോദരിമാർ എന്നോട് പറഞ്ഞിരുന്നു.

ഡ്രോൺ പൈലറ്റുമാരാകാൻ ഞങ്ങൾ ഇപ്പോൾ സ്ത്രീകളെ പരിശീലിപ്പിക്കുകയാണ്. ആധുനിക കൃഷിരീതികളിൽ കർഷകരെ സഹായിക്കാൻ വനിതാ സംഘങ്ങൾക്ക് ഞങ്ങൾ ലക്ഷക്കണക്കിന് രൂപയുടെ ഡ്രോണുകൾ നൽകുന്നു. കന്നുകാലി ഉടമകളെ സഹായിക്കുന്നതിനായി ഞങ്ങൾ 2 ലക്ഷം പശു സഖിമാരെ (മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ) പരിശീലിപ്പിക്കുന്നു. ആധുനികവും പ്രകൃതിദത്തവുമായ കൃഷി നയിക്കാൻ ഞങ്ങൾ സ്ത്രീകളെ ശാക്തീകരിക്കുകയാണ്. ഇതിനായി ഞങ്ങൾ കൃഷി സഖി (കർഷക സുഹൃത്ത്) പരിപാടി ആരംഭിച്ചു. വരും വർഷങ്ങളിൽ രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ ലക്ഷക്കണക്കിന് കൃഷി സഖികളെ സൃഷ്ടിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഈ സംരംഭങ്ങൾ പെൺമക്കൾക്ക് തൊഴിൽ നൽകുകയും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും പെൺമക്കളുടെ കഴിവിനെക്കുറിച്ച് സമൂഹത്തിൽ ഒരു പുതിയ ചിന്താഗതി വളർത്തുകയും ചെയ്യും.

സുഹൃത്തുക്കളേ,

കഴിഞ്ഞ മാസമാണ് രാജ്യം ബജറ്റ് അവതരിപ്പിച്ചത്. അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും വേണ്ടിയുള്ള പദ്ധതികൾക്കായി ബജറ്റിൽ 3 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടുതൽ പെൺമക്കൾക്ക് ജോലി ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ, ഓഫീസുകൾക്കും ഫാക്ടറികൾക്കും പ്രത്യേക സൗകര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ കുട്ടികൾക്കായി ഹോസ്റ്റലുകളും ക്രെഷുകളും നൽകാൻ സർക്കാർ പ്രവർത്തിക്കുന്നു. നമ്മുടെ ഗവൺമെൻ്റ് പെൺമക്കൾക്കായി എല്ലാ മേഖലകളും തുറന്നുകൊടുക്കുകയാണ്, അവർ ഒരിക്കൽ നിയന്ത്രണങ്ങൾ നേരിട്ടിരുന്നിടത്ത് പോലും. ഇന്ന് മൂന്ന് സായുധ സേനകളിലും വനിതാ ഓഫീസർമാരെ നിയമിക്കുന്നു, യുദ്ധവിമാന പൈലറ്റുമാരായി സ്ത്രീകളെ വിന്യസിക്കുന്നു. സൈനിക് സ്കൂളുകളിലും സൈനിക അക്കാദമികളിലും പെൺമക്കൾ പ്രവേശനം നേടുന്നു. നമ്മുടെ പോലീസ് സേനകളിലും അർദ്ധസൈനിക വിഭാഗങ്ങളിലും പെൺമക്കളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ഗ്രാമങ്ങളിലെ കൃഷിയും ക്ഷീരമേഖലയും മുതൽ സ്റ്റാർട്ടപ്പ് വിപ്ലവം വരെ ഇന്ന് ധാരാളം പെൺമക്കൾ ബിസിനസ്സ് കൈകാര്യം ചെയ്യുന്നു. രാഷ്ട്രീയത്തിൽ പെൺമക്കളുടെ പങ്കാളിത്തം വർധിപ്പിക്കാൻ നാരീശക്തി വന്ദന നിയമം ഞങ്ങൾ നടപ്പാക്കി.

സുഹൃത്തുക്കളേ,

അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ശാക്തീകരിക്കുന്നതിനൊപ്പം അവരുടെ സുരക്ഷയും ദേശീയ മുൻഗണനയാണ്. ചുവപ്പു കോട്ടയിൽ നിന്ന് ഈ വിഷയം ഞാൻ ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും വേദനയും രോഷവും അവർ ഏത് സംസ്ഥാനത്താണെങ്കിലും ഞാൻ മനസ്സിലാക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്ത പാപങ്ങളാണെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സംസ്ഥാന സർക്കാരുകളോടും ഒരിക്കൽ കൂടി ഞാൻ ആഹ്വാനം ചെയ്യുന്നു. കുറ്റവാളികൾ ആരായാലും നീതിയിൽ നിന്ന് രക്ഷപ്പെടരുത്.  അവരെ സഹായിക്കുന്നവരും ഒരു കാരണവശാലും നീതിയിൽ നിന്ന് രക്ഷപ്പെടരുത്. അത് ആശുപത്രിയോ സ്‌കൂളോ ഓഫീസോ പോലീസ് സ്റ്റേഷനോ ആകട്ടെ - എല്ലാ തലത്തിലും ഉത്തരവാദിത്തം ഉണ്ടായിരിക്കണം. ഈ പാപം പൊറുക്കാനാവാത്തതാണ് എന്ന സന്ദേശം മുകളിൽ നിന്ന് താഴെ വരെ വ്യക്തമായിരിക്കണം. ​ഗവൺമെന്റുകൾ വരും, പോകും, ​​എന്നാൽ ജീവൻ സംരക്ഷിക്കുകയും സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുകയും ചെയ്യുക എന്നത് ഒരു സമൂഹമെന്ന നിലയിലും ​ഗവൺമെന്റ് എന്ന നിലയിലും നമ്മുടെ സുപ്രധാനമായ ഉത്തരവാദിത്തമാണ്.

സുഹൃത്തുക്കളേ,

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നടത്തുന്നവർക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കാൻ നമ്മുടെ ​ഗവൺമെന്റ് തുടർച്ചയായി നിയമങ്ങൾ ശക്തിപ്പെടുത്തുകയാണ്. ഇന്ന് ഇവിടെ ഇത്രയധികം സഹോദരിമാരും പെൺമക്കളും ഉള്ളതിനാൽ, ഇത് നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കൃത്യസമയത്ത് എഫ്ഐആർ ഫയൽ ചെയ്തില്ല, വാദം കേൾക്കൽ വൈകുന്നു, കേസുകൾ നീണ്ടുപോയി തുടങ്ങിയ പരാതികൾ നേരത്തെ ഉയർന്നിരുന്നു. ഭാരതീയ ന്യായ സംഹിതയിൽ (ബിഎൻഎസ്) അത്തരം നിരവധി തടസ്സങ്ങൾ ഞങ്ങൾ പരിഹരിച്ചിട്ടുണ്ട്. അതിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾക്കായി ഒരു അധ്യായം മുഴുവനും സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഇരയായ സ്ത്രീക്ക് പോലീസ് സ്റ്റേഷനിൽ പോകാൻ കഴിയുന്നില്ലെങ്കിൽ, അവൾക്ക് വീട്ടിൽ നിന്ന് ഇ-എഫ്ഐആർ ഫയൽ ചെയ്യാം. ഇ-എഫ്ഐആർ ഉപയോഗിച്ച് പോലീസ് സ്റ്റേഷൻ തലത്തിൽ കാലതാമസമോ കൈയേറ്റമോ ഉണ്ടാകില്ലെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വേഗത്തിലുള്ള അന്വേഷണത്തിനും കുറ്റവാളികൾക്കുള്ള കഠിന ശിക്ഷയ്ക്കും ഇത് സഹായിക്കും.

സുഹൃത്തുക്കളേ,

പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയും ജീവപര്യന്തം തടവും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. വിവാഹത്തിൻ്റെ പേരിൽ പെൺമക്കളെ കബളിപ്പിച്ച സംഭവങ്ങൾ നിരവധിയാണ്. മുമ്പ് ഇത് സംബന്ധിച്ച് വ്യക്തമായ നിയമമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ, വ്യാജ വാഗ്ദാനങ്ങളും വിവാഹത്തിൻ്റെ പേരിലുള്ള വഞ്ചനയും ഭാരതീയ ന്യായ സംഹിതയിൽ വ്യക്തമായി നിർവചിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കേന്ദ്ര ​ഗവൺമെന്റ് എല്ലാ വിധത്തിലും സംസ്ഥാന ​ഗവൺമെന്റുകൾക്കൊപ്പം നിൽക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഈ പാപചിന്തയെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കുന്നതുവരെ നാം വിശ്രമിക്കേണ്ടതില്ല.

അതുകൊണ്ട് സുഹൃത്തുക്കളേ,

ഇന്ന്, ഭാരതം ഒരു വികസിത രാഷ്ട്രമായി മാറുന്നതിനുള്ള പാതയിൽ മുന്നേറുകയാണ്, ഇതിൽ മഹാരാഷ്ട്ര ഒരു പ്രധാന പങ്ക് വഹിക്കുന്നു. 'വികസിത ഭാരത'ത്തിൻ്റെ (വികസിത ഇന്ത്യ) തിളങ്ങുന്ന നക്ഷത്രമാണ് മഹാരാഷ്ട്ര. ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ ആകർഷണ കേന്ദ്രമായി മഹാരാഷ്ട്ര മാറുകയാണ്. കൂടുതൽ കൂടുതൽ നിക്ഷേപങ്ങളിലും പുതിയ തൊഴിലവസരങ്ങളിലുമാണ് മഹാരാഷ്ട്രയുടെ ഭാവി.

നിക്ഷേപത്തിനും ജോലിക്കും മഹായുതി സർക്കാർ ഉറപ്പ് നൽകുന്നു. മഹാരാഷ്ട്രയ്ക്ക് വരാനിരിക്കുന്ന നിരവധി വർഷങ്ങളിൽ സ്ഥിരതയുള്ള മഹായുതി സർക്കാർ ആവശ്യമാണ്. ഇവിടെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ഒരു സർക്കാരാണ് മഹാരാഷ്ട്രയ്ക്ക് വേണ്ടത്. യുവാക്കളുടെ വിദ്യാഭ്യാസം, വൈദഗ്ധ്യം, തൊഴിൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരു സർക്കാരാണ് മഹാരാഷ്ട്രയ്ക്ക് വേണ്ടത്. മഹാരാഷ്ട്രയുടെ സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഇവിടുത്തെ അമ്മമാരും സഹോദരിമാരും മുന്നോട്ട് വന്ന് എന്നെ പിന്തുണയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

എനിക്ക് നിങ്ങളിൽ പൂർണ വിശ്വാസമുണ്ട് സഹോദരിമാരെ. ഒരിക്കൽ കൂടി, മഹാരാഷ്ട്രയിലെ മഹായുതി ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾക്ക് ഭാരത ​സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകിക്കൊണ്ട്, നിങ്ങൾക്കെല്ലാവർക്കും എൻ്റെ ആശംസകൾ നേരുന്നു.

എന്നോടൊപ്പം പറയൂ -

ഭാരത് മാതാ കീ -- ജയ്

ഇരുകൈകളും ഉയർത്തി, മുഷ്ടി ചുരുട്ടി, സർവ്വശക്തിയുമെടുത്ത് ഉറച്ചു പറയുക -

ഭാരത് മാതാ കീ -- ജയ്

ഭാരത് മാതാ കീ -- ജയ്

ഭാരത് മാതാ കീ -- ജയ്

ഭാരത് മാതാ കീ -- ജയ്

ഭാരത് മാതാ കീ -- ജയ്

വളരെ നന്ദി.

***

SK


(Release ID: 2080996) Visitor Counter : 28