രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണത്തിനുള്ള 2024-ലെ ദേശീയ പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

Posted On: 03 DEC 2024 1:36PM by PIB Thiruvananthpuram
ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണത്തിനായുള്ള 2024-ലെ ദേശീയ പുരസ്‌കാരങ്ങൾ ഇന്ന് (ഡിസംബർ 3, 2024) ന്യൂ ഡൽഹിയിൽ അന്താരാഷ്‌ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു.
 
ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു. ഈ അവാർഡുകൾക്ക് ദൂരവ്യാപകമായ സാമൂഹിക പ്രാധാന്യമുണ്ടെന്ന് ശ്രീമതി മുർമു പറഞ്ഞു. അവരെ അനുകരിക്കുന്നതിലൂടെ, മറ്റ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഭിന്നശേഷിയുള്ളവരെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ കഴിയും.
 
'സമഗ്രവും സുസ്ഥിരവുമായ ഭാവിക്കായി ഭിന്നശേഷി നേതൃത്വത്തെ വർധിപ്പിക്കുക' എന്ന ഈ വർഷത്തെ അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണത്തിൻ്റെ പ്രമേയം ചൂണ്ടിക്കാട്ടി, ദിവ്യാംഗർക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, അവരുടെ കഴിവുകൾ വികസിപ്പിക്കുക, തൊഴിൽ നൽകുക, അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങുക, വിപണന സൗകര്യം നൽകുക എന്നിവ അവരുടെ നേതൃശേഷി വർദ്ധിപ്പിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.
 
 മനുഷ്യ രാശി മുഴുവൻ ദിവ്യാംഗർക്ക് സൗകര്യങ്ങൾ ഒരുക്കുകയും അവരെ തുല്യരായി കാണുകയും ചെയ്യണമെന്ന് രാഷ്ട്രപതി പറഞ്ഞു. അവർക്ക് എല്ലാ വിധത്തിലും തടസ്സങ്ങളില്ലാത്ത അന്തരീക്ഷം പ്രദാനം ചെയ്യുക എന്നത് സമൂഹത്തിൻ്റെ മുൻഗണനയായിരിക്കണം. യഥാർത്ഥ അർത്ഥത്തിൽ, ദിവ്യാംഗജന് തുല്യ സൗകര്യങ്ങളും അവസരങ്ങളും ലഭിക്കുന്ന സമൂഹത്തെ മാത്രമേ സംവേദനക്ഷമം എന്ന് വിളിക്കാൻ കഴിയൂ എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
 
 
 ഭിന്നശേഷിയെന്നത് ഒരു തരത്തിലുമുള്ള കുറവല്ലെന്നും അതൊരു പ്രത്യേക അവസ്ഥയാണ് എന്നും രാഷ്ട്രപതി പറഞ്ഞു. ദിവ്യാംഗർക്ക് അനുകമ്പയാണ് വേണ്ടത്, സഹതാപമല്ല, അവർക്ക് വേണ്ടത് സംവേദനക്ഷമതയാണ്, ദയയല്ല; അവർക്ക് നൽകേണ്ടത് സ്വാഭാവിക വാത്സല്യമാണ്, പ്രത്യേക ശ്രദ്ധയല്ല എന്നും രാഷ്ട്രപതി പറഞ്ഞു. സമൂഹത്തിലെ മറ്റ് അംഗങ്ങൾക്ക് തുല്യമായി സമത്വവും അന്തസ്സും ബഹുമാനവും ഭിന്നശേഷിയുള്ളവർ അനുഭവിക്കുന്നുണ്ടെന്ന് സമൂഹം ഉറപ്പാക്കണം.
 
 മറ്റേതൊരു വ്യക്തിയെയും പോലെ ജോലി ചെയ്യാനുള്ള അവസരം ദിവ്യാംഗനിൽ ആത്മവിശ്വാസവും അർത്ഥപൂർണ്ണമായ ജീവിതം നയിക്കാനുള്ള ജ്ഞാനവും പകരുന്നതായി രാഷ്ട്രപതി പറഞ്ഞു. അങ്ങനെ, തൊഴിൽ, സംരംഭം, സാമ്പത്തിക ശാക്തീകരണം എന്നിവയിലൂടെ ഭിന്നശേഷിയുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുമെന്നും രാഷ്ട്രപതി പറഞ്ഞു 
 
 
 രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക -
 
*******************
 
 

(Release ID: 2080144) Visitor Counter : 37