വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
55-ാമത് ഐഎഫ്എഫ്ഐ താര നിബിഡമായ ചടങ്ങോടെ ഇന്ന് സമാപിക്കും
സിനിമയുടെ ആനന്ദം ആഘോഷിക്കുകയും ഭാവിയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന വിസ്മയ യാത്രയ്ക്ക് തിരശ്ശീല വീഴ്ത്തിക്കൊണ്ട്, 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI) 2024 നവംബർ 28 ന് ഗോവയിലെ ഡോ. ശ്യാമ പ്രസാദിൽ മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ ഗംഭീരമായ ചടങ്ങോടെ സമാപിക്കും.
കഥപറച്ചിലിൻ്റെ കലയെയും ആഗോള സിനിമയുടെ ആവേശത്തെയും ആഘോഷിച്ച ചലച്ചിത്ര ചാരുതയുടെ ഒമ്പത് ദിവസത്തെ പരിസമാപ്തിയെ ഈ ഗ്രാൻഡ് ഫിനാലെ, അടയാളപ്പെടുത്തുന്നു. 75 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം സിനിമകൾ, വ്യവസായ പ്രമുഖരുടെ മാസ്റ്റർ ക്ലാസുകൾ, പ്രചോദനാത്മകമായ പാനൽ ചർച്ചകൾ എന്നിവയോടെ ഈ വർഷത്തെ ഐഎഫ്എഫ്ഐ, സിനിമയുടെ ഏകീകൃത ശക്തി പ്രദർശിപ്പിച്ചിരിക്കുന്നു.
സമാപന ചടങ്ങിന്റെ സവിശേഷതകൾ
ഇന്ത്യൻ സിനിമയുടെ ഒരു ആഘോഷം
സമാപന ചടങ്ങ് ഇന്ത്യയുടെ ചലച്ചിത്ര ഭൂമികയുടെ ചടുലതയും വൈവിധ്യവും ഉൾക്കൊള്ളുന്നതാണ്. ദേശീയ, അന്തർദേശീയ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യൻ സിനിമകളുടെ കലാമിഴിവ്, സർഗ്ഗാത്മകത, സാംസ്‌കാരിക സ്വാധീനം എന്നിവയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട് മേളയുടെ ഏറ്റവും മികച്ച നിമിഷങ്ങൾ പരിപാടിയിൽ ഇഴചേർക്കും. അതിരുകൾ ഭേദിച്ച് സംസ്‌കാരങ്ങളെ ഒന്നിപ്പിക്കുന്ന ഒരു മാധ്യമമെന്ന നിലയിൽ സിനിമയുടെ അന്തസത്ത പ്രതിഫലിപ്പിക്കുന്നതായിരിക്കും ചടങ്ങ്.
സിനിമാ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സുകുമാർ, ദിൽ രാജു, ആനന്ദ് തിവാരി, അമൃതപാൽ സിംഗ് ബിദ്ര, ഓസ്‌ട്രേലിയൻ നിർമ്മാതാവ് സ്റ്റീഫൻ വോളി തുടങ്ങി പ്രമുഖ ചലച്ചിത്ര നിർമ്മാതാക്കളും സംവിധായകരും പങ്കെടുക്കും.
പ്രശസ്ത താരങ്ങളായ അല്ലു അർജുൻ, രശ്മിക മന്ദാന, ജയപ്രദ, ശ്രിയ ശരൺ, പ്രതീക് ഗാന്ധി, സമീർ കൊച്ചാർ, ശ്രേയ ചൗധരി, റിത്വിക് ഭൗമിക്, നവിൻ കോഹ്‌ലി എന്നിവരും പ്രശസ്ത സംഗീതജ്ഞരായ അമാൽ മല്ലിക്, മേം ഖാൻ എന്നിവരും പങ്കെടുക്കും. മികച്ച ദേശീയ അന്തർദേശീയ ചലച്ചിത്ര പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള മേളയുടെ ഉജ്ജ്വലമായ ശേഷി ഈ താരസംഗമം പ്രതിഫലിപ്പിക്കുന്നു.
സിനിമയിലെ മികവിനെ ആദരിക്കുന്നു
ചലച്ചിത്ര മേഖലയിലെ അസാധാരണ നേട്ടങ്ങളെ അഭിമാനകരമായ പുരസ്കാരങ്ങൾ നൽകി ഈ സായാഹ്നത്തിൽ ആഘോഷിക്കും.
ചലച്ചിത്ര മികവിനുള്ള ആദരമായി , ഏറ്റവും മികച്ച ചലച്ചിത്രത്തിന് ഐഎഫ്എഫ്ഐയുടെ ഏറ്റവും അഭിമാനകരമായ സുവർണ്ണ മയൂരം ലഭിക്കും. ചിത്രത്തിന്റെ സംവിധായക-നിർമ്മാതാവ് ജോഡി സുവർണ്ണ മയൂരവും സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും ഏറ്റുവാങ്ങും.
മികച്ച സംവിധായകൻ, മികച്ച നടൻ (പുരുഷൻ, സ്ത്രീ), മികച്ച നവാഗത സംവിധായകൻ എന്നിവയ്ക്കുള്ള രജത മയൂരം ട്രോഫിയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കും. ഇവ കൂടാതെ, ചലച്ചിത്ര നിർമ്മാണത്തിലെ വിവിധ മേഖലയിൽ മികവ് പുലർത്തുന്നവരെ ആദരിക്കുന്ന പ്രത്യേക ജൂറി അവാർഡിൽ രജത മയൂരം ട്രോഫി,സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവയും നൽകും.
ഇന്ത്യൻ നവാഗത ചിത്രങ്ങളെ ആഘോഷിക്കുന്നതിനായി ഈ വർഷം അവതരിപ്പിച്ച മികച്ച നവാഗത ചലച്ചിത്ര സംവിധായകനുള്ള പുരസ്കാരം ചടങ്ങിൽ നൽകും. വളർന്നുവരുന്ന ചലച്ചിത്ര സംവിധായകന്റെ സർഗ്ഗാത്മകതയെയും സാധ്യതകളെയും ഈ പുരസ്കാരം പ്രകീർത്തിക്കും.
സഹിഷ്ണുത, സാംസ്കാരിക സംഭാഷണം, സമാധാനം എന്നിവയുടെ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്ന സിനിമകളെ ആദരിക്കുന്ന ICFT-UNESCO ഗാന്ധി മെഡലും സർട്ടിഫിക്കറ്റും ചടങ്ങിൽ നൽകും. ഇൻ്റർനാഷണൽ കൗൺസിൽ ഫോർ ഫിലിം, ടെലിവിഷൻ, ഓഡിയോവിഷ്വൽ കമ്മ്യൂണിക്കേഷനുമായി (ICFT) സഹകരിച്ച് ആണ് ഈ പുരസ്‌കാരം നൽകുന്നത്
ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇതിഹാസ സംവിധായകൻ ഫിലിപ്പ് നോയ്‌സിന് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് സമ്മാനിക്കും. രജത മയൂരം മെഡൽ, സർട്ടിഫിക്കറ്റ്, ഷാൾ, സ്ക്രോൾ, ക്യാഷ് പ്രൈസ് എന്നിവ അടങ്ങുന്ന പുരസ്‌കാരം അദ്ദേഹത്തിൻ്റെ ഉജ്ജ്വലവും വിപുലവുമായ സിനിമാ യാത്രയ്ക്കുള്ള ആദരമാകും.
ഭാരതീയ സിനിമയ്ക്കുള്ള മഹത്തായ സംഭാവനകൾക്കുള്ള പ്രത്യേക അംഗീകാരമായി നടൻ അല്ലു അർജുന് പുരസ്‌കാരം നൽകും . മികച്ച വെബ് സീരീസ് (OTT) അവാർഡും ചടങ്ങിൽ സമ്മാനിക്കും.
ഇതിഹാസ ഇന്ത്യൻ സംവിധായകൻ രമേഷ് സിപ്പി, നടനും നിർമ്മാതാവുമായ നിവിൻ പോളി, നടൻ പ്രതീക് ഗാന്ധി തുടങ്ങിയ ചലച്ചിത്ര വ്യവസായ പ്രമുഖരുമായി ആശയവിനിമയങ്ങളും സംവാദങ്ങളും സമാപന ചടങ്ങിൽ ഉണ്ടാകും.
(Release ID: 2078410)
Visitor Counter : 8