വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner
0 7

2025 ലെ സൈനിക ദിന പരേഡിലേക്ക് ഒരെത്തിനോട്ടം: പ്രചരണപരസ്യം 55-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയില്‍ പുറത്തിറക്കി

സൈനിക ദിന പരേഡിന് ആദ്യമായി ആതിഥേയത്വം വഹിക്കാനൊരുങ്ങി പൂനെ

സമ്പന്നമായ സൈനിക പൈതൃകത്തിന് പേരുകേട്ട പൂനെ നഗരം 2025 ജനുവരി 15 ന് ആദ്യമായി അഭിമാനകരമായ സൈനികദിന പരേഡിന്  ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു. ഗോവയിൽ ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയില്‍  ഇന്ത്യൻ സൈന്യം പുറത്തിറക്കിയ പരേഡിന്റെ പ്രചരണപരസ്യ വീഡിയോയ്ക്ക്   സിനിമാപ്രവർത്തകരില്‍നിന്നും അന്താരാഷ്ട്ര പ്രതിനിധികളില്‍നിന്നും വ്യവസായ പ്രമുഖരിൽനിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. 

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര സൈനിക നേതൃത്വത്തിൻ്റെ പ്രതീകമായി 1949-ൽ ഇന്ത്യൻ കരസേനയുടെ ആദ്യ കമാൻഡർ-ഇൻ-ചീഫായി നിയമിതനായ ഫീൽഡ് മാർഷൽ കെ.എം കരിയപ്പയുടെ അനുസ്മരണമാണ് സൈനിക ദിന പരേഡ്. പരമ്പരാഗതമായി ഡൽഹിയിൽ നടന്നുവന്ന പരേഡ് 2023-ൽ ബംഗലൂരുവിലും 2024-ൽ ലഖ്‌നൗവിലുമായി വിവിധ നഗരങ്ങളില്‍ സംഘടിപ്പിച്ചു തുടങ്ങി. സായുധ സേനയുമായുള്ള പൂനെ നഗരത്തിൻ്റെ ചരിത്രപരമായ ബന്ധവും ഇന്ത്യൻ കരസേനയുടെ ദക്ഷിണ കമാന്‍ഡ് ആസ്ഥാനമെന്ന നിലയിലുള്ള പങ്കും മുന്‍നിര്‍ത്തിയാണ് 2025-ലെ പരേഡിനായി പൂനെ തിരഞ്ഞെടുത്തത്. 

സൈനിക പദസഞ്ചലനം, യന്ത്രവൽകൃത  സൈനികവ്യൂഹങ്ങള്‍, സാങ്കേതിക പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ വർഷത്തെ പരേഡ് ബോംബെ എഞ്ചിനീയറിംഗ് ഗ്രൂപ്പ് ആന്‍ഡ് സെൻ്ററില്‍ നടക്കും. ഡ്രോണുകൾ, റോബോട്ടിക്‌സ് തുടങ്ങിയ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകളുടെ പ്രദർശനങ്ങളും സായുധ അഭ്യാസങ്ങളും ആയോധന കലാ പ്രദർശനങ്ങളുമടക്കം ആകർഷകമായ പ്രകടനങ്ങളും പരേഡിന്റെ ഭാഗമായി നടക്കും.  

പരേഡിന് മുന്നോടിയായി ജനുവരി ആദ്യം പൂനെയിൽ സംഘടിപ്പിക്കുന്ന “സൈന്യത്തെ അറിയുക” എന്ന പ്രദര്‍ശന പരിപാടി പ്രതിരോധരംഗത്തെ നൂതന ആയുധങ്ങളെക്കുറിച്ചറിയാനും രാജ്യത്തെ സൈനികരുമായി സംവദിക്കാനും പ്രദേശവാസികള്‍ക്ക് അവസരമൊരുക്കും.  ഇത്തരം സംരംഭങ്ങൾ ഉൾച്ചേര്‍ക്കലിനും ഐക്യത്തിനും പ്രാധാന്യം നല്‍കുന്നതിലൂടെ സൈനികദിന പരേഡ് കേവലമൊരു ആചാരപരമായ ചടങ്ങിലുപരി നിര്‍ഭയത്വത്തിന്റെയും  സമർപ്പണത്തിൻ്റെയും സാങ്കേതിക പുരോഗതിയുടെയും ദേശീയ ആഘോഷമാക്കി മാറ്റുന്നു. 

സൈനിക ദിന പരേഡ് വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ രാജ്യവ്യാപകമായി ഇന്ത്യൻ സൈന്യം പൗരന്മാരുമായി ശക്തമായ ബന്ധം വളർത്തിയെടുക്കുന്നു.  പ്രാദേശിക സമൂഹങ്ങൾക്ക് സായുധ സേനയുമായി നേരിട്ട് ഇടപഴകാന്‍ അവസരമൊരുക്കുന്നതിലൂടെ  ഈ സംരംഭം ആഘോഷത്തെ വികേന്ദ്രീകരിക്കുന്നു.

iffi reel

(Release ID: 2076721) Visitor Counter : 8