വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner

'യുവ ചലച്ചിത്രകാരന്മാർ: ഭാവി എന്നത് ഇന്ന് തന്നെ' എന്ന പ്രമേയം ആഘോഷമാക്കുന്ന ഇന്ത്യയുടെ 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ പ്രൗഢോജ്വലമായ തുടക്കം.

സർഗ്ഗ സൃഷ്ടി സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് മുഖ്യ പങ്ക് വഹിക്കാനാകും: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

വിഖ്യാത ഓസ്‌ട്രേലിയൻ ചലച്ചിത്രകാരൻ മൈക്കൽ ഗ്രേസിയുടെ 'ബെറ്റർ മാൻ' എന്ന ചലച്ചിത്രത്തിന്റെ പ്രദർശനത്തോടെയാണ് IFFI യുടെ 55-ാം പതിപ്പിന് തുടക്കമായത്. അഭ്രപാളിയിലെ തിളക്കവും സർഗ്ഗാത്മകതയും ആഘോഷിക്കുന്ന ഒമ്പത് ദിവസങ്ങൾക്ക് വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെ ഗോവയിൽ പ്രൗഢോജ്വലമായ തുടക്കം.

ചലച്ചിത്ര ലോകത്തെ മിന്നും താരങ്ങളായ സുഭാഷ് ഘായി, ചിദാനന്ദ് നായിക്, ബൊമൻ ഇറാനി, ആർ കെ സെൽവമണി, ജയ്ദീപ് അഹ്ലാവത്, ജയം രവി, ഇഷാരി ഗണേഷ്, ആർ. ശരത് കുമാർ, പ്രണിതാ സുഭാഷ്, ജാക്കി ഭഗ്നാനി, രാകുൽ പ്രീത് സിംഗ്, രൺദീപ് ഹൂഡ,രാജ്കുമാർ റാവു എന്നിവരെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു.

രാജ്യസഭാ എംപി ശ്രീ സദാനന്ദ് ഷെട്ട് തനവാഡെ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം   സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കർ എന്നീ പ്രമുഖരുടെ സാന്നിധ്യത്തിൽ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്  തെങ്ങിൻ തൈക്ക് വെള്ളമൊഴിച്ചുകൊണ്ടാണ് ചലച്ചിത്രോത്സവം ആചാരപരമായി ഉദ്ഘാടനം ചെയ്തത്. ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ ശേഖർ കപൂർ, CBFC ചെയർമാൻ ശ്രീ പ്രസൂൺ ജോഷി, പ്രസാർ ഭാരതി ചെയർമാൻ ശ്രീ നവനീത് കുമാർ സെഹ്ഗാൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

"നിങ്ങൾ IFFI യെക്കുറിച്ച് ചിന്തിക്കുമ്പോൾ ഗോവയെ ഓർക്കുന്നു, ഗോവയെക്കുറിച്ച് ഓർക്കുമ്പോഴാകട്ടെ  IFFI മനസ്സിൽ നിറയുന്നു" ചടങ്ങിൽ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു. ഗോവയിലെത്തിയ എല്ലാ ചലച്ചിത്രോത്സവ പ്രതിനിധികൾക്കും, എല്ലാ ഗോവക്കാർക്കും വേണ്ടി ഡോ. സാവന്ത് ഊഷ്മളമായ സ്വാഗതം ആശംസിച്ചു.

"സർഗ്ഗ സൃഷ്ടി സമ്പദ്‌വ്യവസ്ഥ  രൂപപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകും"

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൻ്റെ വികാസപരിണാമങ്ങളിലെ സുപ്രധാന നാഴികക്കല്ലായി IFFI മാറിയെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. "ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്ക്കാരം, ഭക്ഷണവൈവിധ്യം, സമ്പന്നമായ പൈതൃകം, ഭാരതീയ സാഹിത്യത്തിലെയും ഭാഷകളിലെയും ഉള്ളടക്കങ്ങളുടെ രസകരവും ക്രിയാത്മകവുമായ ആവിഷ്ക്കാരങ്ങൾ എന്നിവ ആഘോഷിക്കാൻ ആളുകൾ ഒത്തുചേർന്നിരിക്കുന്നു", അദ്ദേഹം പറഞ്ഞു.

"ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് പ്രോത്സാഹനമേകാനുള്ള നിതാന്ത പരിശ്രമവുമായി IFFI, അതിനായി ഒട്ടേറെ സംരംഭങ്ങളും  IFFI  ഏറ്റെടുക്കുന്നു"

ചലച്ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ തടഞ്ഞ് ചലച്ചിത്ര വ്യവസായത്തെ സംരക്ഷിക്കാൻ ഭാരത സർക്കാർ  നിരന്തരം ശ്രമിക്കുന്നതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുകൻ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ചലച്ചിത്ര നിർമ്മാണം സുഗമമാക്കുന്നതിനായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആരംഭിച്ച ഏകജാലക സംവിധാനം ഫിലിം-ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട  അനുമതികൾ എളുപ്പമാക്കി. വിവിധ സബ്‌സിഡികളും  ഏകജാലക സംവിധാനവും  ചലച്ചിത്ര  നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം ബിസിനസ് സുഗമമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.  IFFI യിലെ ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ (CMOT) സംരംഭത്തെക്കുറിച്ചും ഡോ. മുരുകൻ സൂചിപ്പിച്ചു. ആജീവനാന്ത നേട്ടങ്ങൾക്കുള്ള ഈ വർഷത്തെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് പ്രശസ്ത ഓസ്‌ട്രേലിയൻ ചലച്ചിത്ര നിർമ്മാതാവ് ഫിലിപ്പ് നോയ്‌സിന് നൽകുന്നതിൽ IFFI അഭിമാനിക്കുന്നതായും ഡോ. എൽ. മുരുകൻ പറഞ്ഞു.

ജനങ്ങളെ പരസ്പരം അടുപ്പിക്കുകയും അന്യോന്യം കഥ പറയുകയും ചെയ്യുക എന്നതായിരിക്കണം ചലച്ചിത്രമേളയുടെ ലക്ഷ്യം”


“നമുക്ക് നമ്മുടെ കഥകൾ അന്യോന്യം പറയാം,” ചലച്ചിത്ര പ്രവർത്തകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ശ്രീ ശേഖർ കപൂർ നിർദ്ദേശിച്ചു. അദ്ദേഹം പറഞ്ഞു, “ധ്രുവീകൃതമായ ഒരു ലോകത്ത് ദേശീയമായും ദേശാന്തരമായും ജനസമൂഹങ്ങൾക്കുള്ളിലും ജനസമൂഹങ്ങൾക്കിടയിലും, പരസ്പര സംവേദനത്തിനുള്ള  ഏക മാർഗം നാം നമ്മുടെ കഥകൾ അന്യോന്യം പറയുക എന്നതാണ്. ഇത് നമ്മെ പരസ്പരം അടുപ്പിക്കുക മാത്രമല്ല  ഒട്ടേറെ ആഗോള പ്രശ്നങ്ങൾ പരിഹരിക്കുക കൂടി ചെയ്യും.

"ലോകം കഥ പറയാനുള്ള ഒരു വേദിയാണ്"

"എല്ലാ ജീവിതങ്ങളും ഒരു ചലച്ചിത്രം പോലെയാണ്, ഞാൻ ജനങ്ങളെ കാണുകയും അവരുടെ കഥകൾ കേൾക്കുകയും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ ലോകം മുഴുവൻ കഥ പറയാനുള്ള വേദിയാണ്." തദവസരത്തിൽ ശ്രീ ശ്രീ രവിശങ്കർ വ്യക്തമാക്കി. വിനോദവുമായി ഇഴചേർന്ന് കിടക്കുന്ന ഭാരതീയ സംസ്കാരം  ആനന്ദകരമായ ജീവിതം നയിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊളംബിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിൽ ശ്രീ ശ്രീ രവിശങ്കർ വഹിച്ച നിർണായക പങ്കിനെക്കുറിച്ചുള്ള ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ചടങ്ങിൽ നിർമ്മാതാവ് ശ്രീ മഹാവീർ ജെയിൻ വിവരിച്ചു.


ഇന്ത്യൻ സിനിമയിലെ നാല് ഇതിഹാസങ്ങൾ, രാജ് കപൂർ, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു, മുഹമ്മദ് റാഫി എന്നിവരുടെ സ്മരണയ്ക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി.

രാജ് കപൂർ, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു (ANR), മുഹമ്മദ് റാഫി എന്നിവരുടെ അതുല്യമായ പാരമ്പര്യത്തിന് IFFI വേദിയിൽ ശ്രദ്ധാഞ്ജലി. ചലച്ചിത്ര പ്രദർശനങ്ങൾ, സംവേദനാത്മക പരിപാടികൾ എന്നിവയിലൂടെ IFFI ഈ വർഷം ഈ സർഗ്ഗപ്രതിഭകൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ സിനിമയിലെ ഈ നാല് ഇതിഹാസങ്ങളെ സ്മരിക്കുന്ന പ്രത്യേക സ്റ്റാമ്പ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി ശ്രീമതി നീർജ ശേഖറും ചേർന്ന് പുറത്തിറക്കി. മഹാരാഷ്ട്ര പോസ്റ്റൽ സർക്കിൾ, ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ (CPMG), ശ്രീ അമിതാഭ് സിംഗ്; NFDC MD ശ്രീ പൃഥുൽ കുമാർ; ജോയിൻ്റ് സെക്രട്ടറി (ഫിലിംസ്), ശ്രീമതി വൃന്ദ മനോഹർ ദേശായി; ഫെസ്റ്റിവൽ ഡയറക്ടർ, ശ്രീ ശേഖർ കപൂർ; ഇതിഹാസ നടൻ അക്കിനേനി നാഗേശ്വര റാവുവിന്റെ  മകൻ ശ്രീ നാഗാർജുന; ഇതിഹാസ പിന്നണി ഗായകൻ മുഹമ്മദ് റാഫിയുടെ മരുമകൾ ഫിർദൗസ് റാഫി തുടങ്ങിയവർ സന്നിഹിതരായിരുന്നു."IFFI ഈ വർഷം ഇന്ത്യൻ സിനിമയിലെ നാല് ഇതിഹാസങ്ങളെ ആഘോഷിക്കുന്നത് അത്യന്തം വൈകാരികമായ നിമിഷമാണെന്ന് !" ചടങ്ങിൽ സംസാരിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പറഞ്ഞു.


"ഇന്ത്യൻ ചലച്ചിത്ര പ്രേമികളെയും ഇന്ത്യൻ ചലച്ചിത്രകാരന്മാരെയും ആഘോഷിക്കുന്ന IFFI"

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂറും 55-ാമത് IFFIയുടെ അന്താരാഷ്ട്ര മത്സര ജൂറി അംഗങ്ങളായ അശുതോഷ് ഗോവാരിക്കർ (ചെയർമാൻ), ആൻ്റണി ചെൻ, എലിസബത്ത് കാൾസൺ, ഫ്രാൻ ബോർജിയ, ജിൽ ബിൽകോക്ക് എന്നിവരെ ആദരിച്ചു.

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പ്രസാർ ഭാരതിയുടെ ‘WAVES OTT’ ഉദ്‌ഘാടനം ചെയ്തു

IFFI യുടെ ഉദ്ഘാടന ചടങ്ങിൽ പ്രസാർ ഭാരതിയുടെ OTT പ്ലാറ്റ്‌ഫോമായ ‘WAVES OTT’ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഉദ്‌ഘാടനം ചെയ്തു. രാമായണം, മഹാഭാരതം, ശക്തിമാൻ, ഹം ലോഗ് തുടങ്ങി  കാലാതിവർത്തിയായ ഒട്ടേറെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ലൈബ്രറിയോടൊപ്പം ഈ പ്ലാറ്റ്ഫോം ക്ലാസിക് ഉള്ളടക്കത്തിൻ്റെയും സമകാലിക ദൃശ്യലോകത്തിന്റെയും സമ്പന്നമായ മിശ്രിതം വാഗ്ദാനം ചെയ്യുന്നു. IFFI '24 മുന്നോട്ടു വയ്ക്കുന്ന 'യുവ ചലച്ചിത്രകാരന്മാർ: ഭാവി എന്നത് ഇന്ന് തന്നെ' എന്ന പ്രമേയവുമായി ഒത്തുപോകുന്നു; നാഗാർജുനയുടെയും അമല അക്കിനേനിയുടെയും അന്നപൂർണ ഫിലിം ആൻഡ് മീഡിയ സ്റ്റുഡിയോയുടെ  സ്റ്റുഡൻ്റ് ഗ്രാജ്വേഷൻ ഫിലിം ആയ റോൾ നമ്പർ 52 WAVES-ൽ പ്രദർശിപ്പിക്കും.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI ) ‘ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ’ സംരംഭം അതിൻ്റെ പ്രമേയത്തിലൂടെ യുവസംവിധായകരുടെ സാധ്യതകളെ പൂർണ്ണമായും ഉൾക്കൊള്ളുന്നു.

iffi reel

(Release ID: 2075941) Visitor Counter : 23