വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner
0 5

എല്ലാ സിനിമാപ്രേമികളോടും IFFI 2024 ലൂടെ സിനിമയുടെ ആഘോഷത്തിൽ അണിചേരാൻ ആഹ്വാനം ചെയ്ത് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയം

മേളയിൽ സമർപ്പിക്കപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ പരിഗണിക്കുമ്പോൾ, IFFIയെ കാൻ പോലുള്ള ആഗോള ചലച്ചിത്രമേളകളുമായി താരതമ്യപ്പെടുത്താവുന്നതാണ് : കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ

നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (NFDC), എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവ (ESG) എന്നിവയുടെ സഹകരണത്തോടെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2024 നവംബർ 20 മുതൽ 28 വരെ ഗോവയിൽ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI) സംഘടിപ്പിക്കുന്നു. സജീവമായ ഒരുകൂട്ടം ചലച്ചിത്രങ്ങളും വൈവിധ്യമാർന്ന പരിപാടികളുമായി 55-ാമത് ചലച്ചിത്ര മേള (IFFI) ആരംഭിക്കാൻ ഒരുങ്ങുമ്പോൾ ആഗോള സിനിമയുടെ അവിസ്മരണീയമായ ഈ ആഘോഷ വേദിയിൽ കഥാകൃത്തുക്കൾക്കും സിനിമാ പ്രേമികൾക്കും ഒരുപോലെ സന്തോഷിക്കാൻ അവസരം 

 

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ്റെ സാന്നിധ്യത്തിൽ 55-ാമത് ഐഎഫ്എഫ്ഐയുടെ കർട്ടൻ റൈസർ വാർത്താസമ്മേളനം ഇന്ന് നടന്നു. ഐ ആൻഡ് ബി മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു,ഐ ആൻഡ് ബി മന്ത്രാലയം സ്‌പെഷ്യൽ സെക്രട്ടറി ശ്രീമതി നീരജ ശേഖർ,ഐഎഫ്എഫ്ഐ ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ ശേഖർ കപൂർ, സിബിഎഫ്‌സി ചെയർമാൻ ശ്രീ പ്രസൂൺ ജോഷി, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 ഡോ. എൽ. മുരുകൻ, ആഗോള വേദിയിൽ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ അഭിമാനകരമായ പങ്കിനെ എടുത്തുപറഞ്ഞു . കാൻ പോലുള്ള ആഗോള മേളയുമായി താരതമ്യപ്പെടുത്താവുന്ന നിലയിൽ ഐഎഫ്എഫ്ഐ , ഇന്ത്യയ്ക്ക് മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു,” അദ്ദേഹം പറഞ്ഞു. മേളയിലെ അനുഭവം സമ്പന്നമാക്കുന്നതിനായി ഓരോ വർഷവും അവതരിപ്പിക്കുന്ന പുതിയ സംരംഭങ്ങൾ ഡോ. മുരുകൻ ചൂണ്ടിക്കാട്ടി .മേളയുടെ വ്യാപ്തിയും സ്വാധീനവും പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഈ വർഷത്തെ പതിപ്പിൽ അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത് എന്ന് മന്ത്രി പറഞ്ഞു .

 

 മേളയുടെ പൊതു പങ്കാളിത്തം വർധിപ്പിക്കുന്നതിന് മുംബൈയിലും ചെന്നൈയിലും അടുത്തിടെ നടന്നതും ഹൈദരാബാദിൽ ഇനി നടക്കാനിരിക്കുന്നതുമായ പരിപാടികൾ ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ മന്ത്രാലയം മേളയുടെ പ്രചാരണാർത്ഥം റോഡ്‌ഷോകൾ നടത്തിവരുന്നു . ചലച്ചിത്രമേളയെ തങ്ങളുടെതായി കാണാൻ വ്യവസായ പ്രമുഖരോട് അഭ്യർത്ഥിച്ച ഡോ. മുരുകൻ, ആത്മനിർഭർ ഭാരതത്തിൻ്റെ ചൈതന്യവും ഐഎഫ്എഫ്ഐയെ ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്ന ഒരു ചലച്ചിത്ര ഉത്സവമാക്കി മാറ്റാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണവും ഉയർത്തിക്കാട്ടാനും ആവശ്യപ്പെട്ടു. ഗോവയിലെ മേളയിൽ പങ്കെടുക്കാൻ അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.

 

 IFFI 2024-ൻ്റെ പ്രമേയം : ‘യുവ ചലച്ചിത്ര പ്രവർത്തകർ - ഇപ്പോഴാണ് ഭാവി '

 കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ വീക്ഷണം അനുസരിച്ച് സർഗ്ഗാത്മകതയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു കൊണ്ട് IFFI 2024- "യുവ ചലച്ചിത്ര പ്രവർത്തകരെ" കേന്ദ്രീകരിക്കുന്നു. 

 "വ്യത്യസ്തമായ രീതികളും കാഴ്ചപ്പാടുകളും ഉൾക്കൊള്ളുന്ന, ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രനിർമ്മാണ രാജ്യമായി ഇന്ത്യ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ ചലച്ചിത്ര വ്യവസായത്തിനുള്ളിലെ പുതിയ, ഉയർന്നുവരുന്ന പ്രതിഭകൾ രാജ്യത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കും," കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പറഞ്ഞു.

'ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോ' സംരംഭം മുൻ പതിപ്പിലെ 75 ൽ നിന്ന് ഇത്തവണ 100 യുവ പ്രതിഭകളെ പിന്തുണയ്‌ക്കുന്ന തരത്തിലേയ്ക്ക് മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഫിലിം സ്കൂളുകളിൽ നിന്നുള്ള 400 യുവ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഐഎഫ്എഫ്ഐയിൽ പങ്കെടുക്കാൻ മന്ത്രാലയം സൗകര്യമൊരുക്കുന്നു.

 ഇന്ത്യയിലുടനീളമുള്ള യുവ ചലച്ചിത്ര പ്രതിഭകളെ അംഗീകരിക്കുന്നതിനായി മികച്ച നവാഗത ഇന്ത്യൻ സംവിധായകനുള്ള ഒരു പുതിയ പുരസ്‌കാര വിഭാഗം ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്റ്റർ ക്ലാസുകൾ, പാനൽ ചർച്ചകൾ, ചലച്ചിത്ര വിപണി, ഫിലിം പാക്കേജുകൾ എന്നിവയെല്ലാം യുവ സ്രഷ്‌ടാക്കൾക്കായി ക്യൂറേറ്റ് ചെയ്തിട്ടുണ്ട്. 

 IFFI 2024-ൻ്റെ പ്രധാന സവിശേഷതകൾ 

 •ആഗോള പങ്കാളിത്തവും ചലച്ചിത്ര പ്രദർശനവും

ഈ വർഷത്തെ ഐഎഫ്എഫ്ഐക്ക് 101 രാജ്യങ്ങളിൽ നിന്ന് 1,676 സമർപ്പണങ്ങൾ ലഭിച്ചു. ഇത് മേളയുടെ വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സ്വീകാര്യതയുടെ തെളിവാണ്. 15 ലോക പ്രീമിയറുകൾ, 3 ഇൻ്റർനാഷണൽ പ്രീമിയറുകൾ, 40 ഏഷ്യൻ പ്രീമിയറുകൾ, 106 ഇന്ത്യൻ പ്രീമിയറുകൾ എന്നിവയുൾപ്പെടെ 81 രാജ്യങ്ങളിൽ നിന്നുള്ള 180-ലധികം അന്താരാഷ്ട്ര സിനിമകൾ ഐ എഫ് എഫ് ഐ 2024 ൽ പ്രദർശിപ്പിക്കും.

 •കൺട്രി ഓഫ് ഫോക്കസ്- ഓസ്‌ട്രേലിയ 

 ഓസ്‌ട്രേലിയൻ സിനിമകളുടെ പ്രത്യേക പാക്കേജും ശക്തമായ സാന്നിധ്യവുമുള്ള ഐഎഫ്എഫ്ഐ 2024-ൽ കൺട്രി ഓഫ് ഫോക്കസ് ആയി ഓസ്‌ട്രേലിയ  തിരഞ്ഞെടുക്കപ്പെട്ടു

 പ്രമുഖ ഓസ്‌ട്രേലിയൻ ചലച്ചിത്ര നിർമ്മാതാക്കൾ മേളയിലും ഫിലിം ബസാറിലും പങ്കെടുക്കുന്നതിനായി സ്‌ക്രീൻ ഓസ്‌ട്രേലിയയും NFDCയും തമ്മിലുള്ള ധാരണാപത്രം (MOU)മേളയുടെ സവിശേഷതയാണ്. ഓസ്‌ട്രേലിയയുടെ മനോഹരങ്ങളായ ചിത്രീകരണ സ്ഥലങ്ങളും സഹ-നിർമ്മാണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് AusFilm-ൻ്റെ ഒരു പ്രദർശനവും ഇതിൽ ഉൾപ്പെടുന്നു.

 

 •ഉദ്ഘാടന ചിത്രം: മൈക്കൽ ഗ്രേസിയുടെ 'ബെറ്റർ മാൻ'

 ബ്രീട്ടീഷ് പോപ്പ് താരം റോബി വില്യംസിൻ്റെ ജീവിതത്തിലേക്കുള്ള ആകർഷകമായ വെളിച്ചം വീശുന്ന മൈക്കൽ ഗ്രേസിയുടെ ഓസ്‌ട്രേലിയൻ ചിത്രമായ ബെറ്റർ മാൻ്റെ ഏഷ്യാ പ്രീമിയറോടെയാണ് മേള ആരംഭിക്കുന്നത്. 

•സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ്: ഐഎഫ്എഫ്ഐ 2024 ൽ ഓസ്‌ട്രേലിയൻ സംവിധായകനായ ഫിലിപ്പ് നോയ്‌സിന് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് സമ്മാനിക്കും. അസാധാരണമായ കഥപറച്ചിൽ രീതിയ്ക്കും ഉദ്വേഗം നിറഞ്ഞതും സാംസ്കാരികമായി പ്രതിധ്വനിക്കുന്നതുമായ സിനിമകൾ സൃഷ്ടിക്കുന്നതിലെ വൈദഗ്ധ്യത്തിനും അദ്ദേഹം പ്രശസ്തനാണ്.

•അന്താരാഷ്ട്ര മത്സര വിഭാഗം: സുവർണ്ണമയൂരവും നാൽപതുലക്ഷം രൂപയും അടങ്ങുന്ന മികച്ച ചലച്ചിത്ര പുരസ്കാരത്തിനായി 15 ഫീച്ചർ ഫിലിമുകൾ (12 അന്താരാഷ്ട്ര + 3 ഇന്ത്യൻ) മത്സര വിഭാഗത്തിൽ ചുരുക്കപ്പട്ടിക ചെയ്തിട്ടുണ്ട് . മികച്ച ചിത്രത്തിന് പുറമേ, മികച്ച സംവിധായകൻ, മികച്ച അഭിനേതാവ് (പുരുഷൻ) , മികച്ച അഭിനേതാവ്( സ്ത്രീ) പ്രത്യേക ജൂറി പുരസ്കാരം എന്നീ വിഭാഗങ്ങളിലും ജൂറി,വിജയികളെ നിശ്ചയിക്കും.

മികച്ച നവാഗത ചലച്ചിത്ര സംവിധായകൻ -: 10 ലക്ഷം രൂപയും സുവർണ്ണ മയൂരവും സർട്ടിഫിക്കറ്റും അടങ്ങുന്ന ഈ വിഭാഗം പുരസ്കാരത്തിനായി 5 അന്താരാഷ്ട്ര ചലച്ചിത്രങ്ങളും രണ്ട് ഇന്ത്യൻ ചിത്രങ്ങളും ഉൾപ്പെടെ മത്സരിക്കും.

അന്താരാഷ്ട്ര ജൂറി - പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീ അശുതോഷ് ഗൊവാരിക്കർ (ചെയർപേഴ്സൺ), സിംഗപ്പൂരിലെ പ്രശസ്ത എഴുത്തുകാരനും സംവിധായകനും നിർമ്മാതാവുമായ ആൻ്റണി ചെൻ,യുകെ നിർമ്മാതാവ് എലിസബത്ത് കാൾസൺ, ഏഷ്യയിലെ പ്രശസ്ത നിർമ്മാതാവായ ഫ്രാൻ ബോർജിയ, പ്രശസ്ത ഓസ്‌ട്രേലിയൻ ഫിലിം എഡിറ്ററായ ജിൽ ബിൽകോക്ക് എന്നിവർ അടങ്ങുന്നതാണ് .

 •ഇന്ത്യൻ പനോരമ: ഇന്ത്യയുടെ ചലച്ചിത്ര വൈവിധ്യം കാണിക്കുന്നു.

ഇന്ത്യൻ പനോരമ വിഭാഗം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ സിനിമകളും പ്രദർശിപ്പിക്കും. ഫീച്ചർ ഫിലിം വിഭാഗത്തിൽ രൺദീപ് ഹൂഡ സംവിധാനം ചെയ്ത സ്വതന്ത്ര്യ വീർ സവർക്കർ (ഹിന്ദി), നോൺ-ഫീച്ചർ ഫിലിം വിഭാഗത്തിൽ ഘർ ജൈസ കുച്ച് (ലഡാക്കി) എന്നിവ ഉദ്ഘാടന ചിത്രങ്ങളായി പ്രദർശിപ്പിക്കും.

മികച്ച ഇന്ത്യൻ നവാഗത സംവിധായകൻ - രാജ്യത്തുടനീളമുള്ള യുവ ചലച്ചിത്ര നിർമ്മാണ പ്രതിഭകളെ അംഗീകരിക്കുന്നതിനായി ഏർപ്പെടുത്തിയ ഒരു പുതിയ പുരസ്കാര വിഭാഗമാണിത്. 'യുവ ചലച്ചിത്ര പ്രവർത്തകരെ' കേന്ദ്രീകരിച്ചുള്ള ഐഎഫ്എഫ്ഐയുടെ പ്രമേയവുമായി ഇത് യോജിപ്പിച്ചിരിക്കുന്നു. ആകെ 102 സിനിമകൾ സമർപ്പിച്ചതിൽ നിന്ന് 5 സിനിമകൾ ഈ അവാർഡിനായി മത്സരിക്കും. സമാപന ചടങ്ങിൽ മികച്ച നവാഗത സംവിധായകന് സർട്ടിഫിക്കറ്റും 5 ലക്ഷം രൂപയും പുരസ്കാരമായി നൽകും 

 മികച്ച വെബ് സീരീസ് (OTT) പുരസ്കാരം : മികച്ച വെബ് സീരീസ് (OTT) പുരസ്കാര വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ 32 എൻട്രികളെ അപേക്ഷിച്ച് ഈ വർഷം 46 എൻട്രികൾ ലഭിച്ചു. മികച്ച വെബ് സീരീസ് ആയി തിരഞ്ഞെടുക്കപ്പെടുന്ന പരമ്പരയ്ക്ക് സർട്ടിഫിക്കറ്റും 10 ലക്ഷം രൂപയും സമ്മാനത്തുകയായി നൽകും. അത് സമാപന ചടങ്ങിൽ പ്രഖ്യാപിക്കും.

പ്രവേശനക്ഷമതയും ഉൾപ്പെടുത്തലും: IFFI യുടെ ചരിത്രത്തിൽ ആദ്യമായുള്ള ഒരു നീക്കത്തിൽ, 55-ാമത് IFFI എല്ലാവർക്കും പ്രവേശനക്ഷമതയുള്ള ഒരു ചലച്ചിത്രമേള ആയിരിക്കും. എല്ലാ സിനിമാപ്രവർത്തകർക്കും, ചലനശേഷി കുറഞ്ഞവർക്കും പ്രത്യേകിച്ച് ദിവ്യാംഗർ ഉൾപ്പെടെ എല്ലാവർക്കും സിനിമകൾ ആസ്വദിക്കാൻ കഴിയുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി, ഐഎഫ്എഫ്ഐ, 'സ്വയം' എന്ന ഒരു പ്രമുഖ സംഘടനയെ തിരഞ്ഞെടുത്തു. ദിവ്യാംഗർ ഉൾപ്പെടെ എല്ലാവർക്കും എല്ലാ വേദിയിലും പ്രവേശനക്ഷമത ഉറപ്പുവരുത്തുന്നതിനും അവരുടെ ആവശ്യങ്ങൾ സംബന്ധിച്ച് സന്നദ്ധപ്രവർത്തകരെ ബോധവത്കരിക്കുന്നതിനും ഐഎഫ്എഫ്ഐ പ്രതിജ്ഞാബദ്ധമാണ്. പ്രധാനമന്ത്രിയുടെ " എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം " എന്നതിൻ്റെ ആവേശം ഉൾക്കൊണ്ടുള്ള , ഓഡിയോ വിവരണങ്ങൾ, ആംഗ്യ ഭാഷാ വ്യാഖ്യാനം എന്നിവയ്ക്കുള്ള സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗത്തിലൂടെ പ്രവേശനക്ഷമത ഉറപ്പാക്കിയാണ് രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമകളും പ്രോഗ്രാമുകളും പരിപാടികളും സജ്ജീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക് ലിങ്ക് സന്ദർശിക്കുക https://pib.gov.in/PressReleasePage.aspx?PRID=2072447

ഡെലിഗേറ്റ് രജിസ്ട്രേഷൻ, പ്രോഗ്രാം ഷെഡ്യൂളുകൾ, മറ്റു പുതുക്കിയ അറിയിപ്പുകൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് iffigoa.org സന്ദർശിക്കുക

 

iffi reel

(Release ID: 2072538) Visitor Counter : 36