പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയെ അഭിസംബോധന ചെയ്തു
തൊഴിൽ മേളയില്‍ 51,000 യുവാക്കള്‍ക്ക് ഗവണ്‍മെന്റ് ജോലിക്കുള്ള നിയമനപത്രം കൈമാറിയതില്‍ വലിയ സന്തോഷമുണ്ട്; രാഷ്ട്രനിർമാണത്തിലേക്ക് ചുവടുവയ്ക്കുന്ന എല്ലാ യുവാക്കള്‍ക്കും ആശംസകള്‍: പ്രധാനമന്ത്രി
രാജ്യത്തെ യുവാക്കള്‍ക്ക് പരമാവധി തൊഴില്‍ ലഭിക്കണമെന്നത് ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ്: പ്രധാനമന്ത്രി
ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയാണ്: പ്രധാനമന്ത്രി
എല്ലാ പുതിയ സാങ്കേതികവിദ്യകളിലും ഞങ്ങള്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ക്കു പ്രോത്സാഹനമേകി; സ്വയംപര്യാപ്ത ഇന്ത്യക്കായി ഞങ്ങള്‍ പ്രവര്‍ത്തിച്ചു: പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ തൊഴിൽപരിശീലനപദ്ധതിക്ക് കീഴില്‍, ഇന്ത്യയിലെ മികച്ച 500 കമ്പനികളില്‍ വേതനം നൽകിയുള്ള പരിശീലനത്തിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്: പ്രധാനമന്ത്രി
Posted On:
29 OCT 2024 11:53AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തൊഴിൽ മേളയെ അഭിസംബോധന ചെയ്തു. ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കള്‍ക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ 51,000ത്തിലധികം നിയമനപത്രങ്ങൾ അദ്ദേഹം വിതരണംചെയ്തു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണ് തൊഴിൽ മേള. രാഷ്ട്രനിർമാണത്തില്‍ സംഭാവനയേകുന്നതിനുള്ള അർഥവത്തായ അവസരങ്ങള്‍ നല്‍കി ഇത് യുവാക്കളെ ശാക്തീകരിക്കും.
ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ധന്‍തേരസിന്റെ ശുഭമുഹൂര്‍ത്തം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ശുഭാശംസകള്‍ നേര്‍ന്നു. ഈ വര്‍ഷത്തെ ദീപാവലി സവിശേഷമായ ഒന്നായിരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, 500 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീരാമന്‍ അയോധ്യയിലെ തന്റെ മഹത്തായ ക്ഷേത്രത്തില്‍ ഇരുന്നതിന് ശേഷമുള്ള ആദ്യ ദീപാവലിയാണിതെന്ന് കൂട്ടിച്ചേര്‍ത്തു. നിരവധി തലമുറകള്‍ ഈ ദീപാവലിക്കായി കാത്തിരുന്നെന്നും പലരും അതിനായി ജീവന്‍ ത്യജിക്കുകയോ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ തലമുറയ്ക്ക് ഇത്തരം ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും ഭാഗമാകാനും സാധിച്ചത് അങ്ങേയറ്റം ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്സവാന്തരീക്ഷത്തില്‍ 51,000 യുവാക്കള്‍ക്ക് ഗവണ്‍മെന്റ് ജോലികളിലേക്കുള്ള നിയമനപത്രങ്ങൾ കൈമാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതുതായി ജോലിയില്‍ പ്രവേശിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.
ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സ്ഥിരമായ ഗവണ്‍മെന്റ് ജോലി വാഗ്ദാനം ചെയ്യുന്നത് തുടര്‍ച്ചയായി നടന്നുവരുന്ന പാരമ്പര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് നിയമനപത്രങ്ങൾ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി രൂപീകരിച്ച ഗവണ്‍മെന്റ് 26,000 യുവാക്കള്‍ക്ക് ജോലി നല്‍കിയതോടെ ഹരിയാനയില്‍ ഉത്സവാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ചെലവോ ശുപാര്‍ശയോ ഇല്ലാതെ ജോലി നല്‍കുകയെന്ന പ്രത്യേക സവിശേഷത ഹരിയാനയിലെ ഞങ്ങളുടെ ഗവണ്‍മെന്റിനുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഇന്നത്തെ തൊഴിൽ മേളയിലെ 51,000 തൊഴിലവസരങ്ങള്‍ക്ക് പുറമെ ഇന്ന് നിയമനപത്രങ്ങൾ ലഭിച്ച ഹരിയാനയിലെ 26,000 യുവാക്കളെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
രാജ്യത്തെ യുവാക്കള്‍ക്ക് പരമാവധി തൊഴില്‍ ലഭിക്കണമെന്ന ഗവണ്‍മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഗവണ്‍മെന്റിന്റെ നയങ്ങളും തീരുമാനങ്ങളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അതിവേഗ പാതകളുടെയും ഹൈവേകളുടെയും റോഡുകളുടെയും റെയില്‍പ്പാതകളുടെയും തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും വികസനം, ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കല്‍, മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കല്‍, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പുതിയ വ്യവസായങ്ങള്‍ വികസിപ്പിക്കല്‍ എന്നിവ എടുത്തുപറഞ്ഞു. ജല-വാതക പൈപ്പ്ലൈനുകള്‍ സ്ഥാപിക്കല്‍, പുതിയ സ്‌കൂളുകള്‍, കോളേജുകള്‍, സർവകലാശാലകള്‍ സ്ഥാപിക്കല്‍, അടിസ്ഥാനസൗകര്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിലൂടെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കല്‍ എന്നിവയെ പരാമര്‍ശിച്ച്, ഇത് പൗരന്മാര്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.
ഇന്നലെ ഗുജറാത്തിലെ വഡോദരയില്‍ നടത്തിയ സന്ദര്‍ശനം അനുസ്മരിച്ച പ്രധാനമന്ത്രി പ്രതിരോധ മേഖലയ്ക്കായി വിമാന നിര്‍മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തതിനെക്കുറിച്ചും പരാമര്‍ശിച്ചു. ആയിരക്കണക്കിന് പൗരന്മാര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നും യന്ത്രഭാഗങ്ങളും മറ്റ് ഉപകരണങ്ങളും നിർമിക്കുന്നതിലൂടെ എംഎസ്എംഇ വ്യവസായങ്ങള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുമെന്നും വിതരണശൃംഖലകളുടെ വലിയ ശൃംഖല സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരൊറ്റ വിമാനത്തില്‍ 15,000 മുതല്‍ 25,000 വരെ ഭാഗങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, വലിയ നിർമാണശാലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ആയിരക്കണക്കിന് ചെറുകിട നിർമാണശാലകള്‍ സജീവ പങ്ക് വഹിക്കുമെന്നും അതുവഴി ഇന്ത്യയുടെ എംഎസ്എംഇകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും വ്യക്തമാക്കി.
ഒരു പദ്ധതി ആരംഭിക്കുമ്പോഴെല്ലാം പൗരന്മാര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിശാലമായ അർഥത്തിൽ ചിന്തിച്ച്, അത് മാധ്യമമായി ഉപയോഗിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സമ്പൂര്‍ണ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിഎം സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജനയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഏകദേശം രണ്ടു കോടി ഉപഭോക്താക്കള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 9000 ലധികം കച്ചവടക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അഞ്ചു ലക്ഷത്തിലധികം വീടുകളില്‍ ഇതിനകം സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സമീപഭാവിയില്‍ ഈ പദ്ധതിക്ക് കീഴില്‍ 800 സൗര ഗ്രാമങ്ങള്‍ മാതൃകയാക്കി സൃഷ്ടിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരപ്പുറ സൗരോർജ പാനൽ സ്ഥാപിക്കുന്നതിനുള്ള പരിശീലനം 30,000 പേര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, പിഎം സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയുടെ ഈ പദ്ധതി രാജ്യത്തുടനീളം നിർമതാക്കള്‍, കച്ചവടക്കാര്‍, അസംബ്ലര്‍മാര്‍, അറ്റകുറ്റപ്പണിക്കാര്‍ എന്നിവര്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റിന്റെ നയങ്ങളാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയിലെ ഖാദി വ്യവസായം രൂപാന്തരപ്പെടുകയും ഗ്രാമങ്ങളിലെ ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി, ഖാദി ഗ്രാമ ഉദ്യോഗിന്റെ വ്യാപാരം ഇന്ന് 1.5 ലക്ഷം കോടി കവിഞ്ഞതായി പ്രധാനമന്ത്രി അറിയിച്ചു. പത്തുവര്‍ഷം മുമ്പത്തെ സമയം അപേക്ഷിച്ച്, ഖാദിയുടെ വില്‍പ്പന 400 ശതമാനമായി വളര്‍ന്നുവെന്നും അതുവഴി കലാകാരന്മാര്‍ക്കും നെയ്ത്തുകാരും കച്ചവടകാര്‍ക്കും നേട്ടമുണ്ടായെന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ സ്ത്രീകള്‍ക്ക് പുതിയ തൊഴിലും സ്വയം തൊഴില്‍ അവസരങ്ങളും നല്‍കുന്ന ‘ലഖ്പതി ദീദി’ പദ്ധതിയെക്കുറിച്ചും ശ്രീ മോദി പരാമര്‍ശിച്ചു. “കഴിഞ്ഞ ദശകത്തില്‍ പത്തുകോടിയിലധികം സ്ത്രീകള്‍ സ്വയംസഹായസംഘങ്ങളില്‍ ചേര്‍ന്നിട്ടുണ്ട്” എന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, 10 കോടി സ്ത്രീകള്‍ ഇപ്പോള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണെന്നും കൂട്ടിച്ചേര്‍ത്തു. ഓരോ ഘട്ടത്തിലും ഗവണ്മെന്റ് നൽകുന്ന പിന്തുണ ചൂണ്ടിക്കാട്ടിയ അദ്ദേഹം, മൂന്നുകോടി ‘ലഖ്പതി ദീദി’മാരെ സൃഷ്ടിക്കാനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു. “1.25 കോടിയിലധികം സ്ത്രീകൾ ഇതിനകം ലഖ്പതി ദീദികളായി മാറിയിട്ടുണ്ട്; അവർക്ക് ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് വാർഷിക വരുമാനം” - അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ പുരോഗതിയെ പ്രതിഫലിപ്പിച്ചുകൊണ്ട്, എന്തുകൊണ്ടാണ് രാജ്യം നേരത്തെ ഈ വേഗത കൈവരിക്കാത്തതെന്ന് പലപ്പോഴും ചോദിക്കുന്ന ഇന്ത്യയിലെ യുവാക്കളുടെ അന്വേഷണം അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ഗവണ്മെന്റുകളുടെ വ്യക്തമായ നയങ്ളുടെയും ഉദ്ദേശങ്ങളുടെയും അഭാവമാണ് ഉത്തരമെന്ന് അടിവരയിട്ട അദ്ദേഹം, ഇന്ത്യ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സാങ്കേതികവിദ്യയിൽ പിന്നിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള പുതിയ സാങ്കേതികവിദ്യകൾക്കായി ഇന്ത്യ കാത്തിരുന്നതായും ഒടുവിൽ പാശ്ചാത്യ രാജ്യങ്ങളിൽ കാലഹരണപ്പെട്ടതായി കണക്കാക്കുന്നവ രാജ്യത്തിലെത്തുകയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയിൽ ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ കഴിയില്ലെന്ന പണ്ടുമുതലുള്ള വിശ്വാസം വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയെ പിന്നോട്ടടിക്കുക മാത്രമല്ല, രാജ്യത്തെ നിർണായകമായ തൊഴിലവസരങ്ങൾ നഷ്‌ടപ്പെടുത്തുകയും ചെയ്‌തു.
ഈ പഴയ ചിന്താഗതികളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ സ്വീകരിച്ച നടപടികൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, മേക്ക് ഇൻ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ബഹിരാകാശം, അർദ്ധചാലകങ്ങൾ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ ഈ പഴഞ്ചൻ ചിന്താഗതിയിൽ നിന്ന് മോചനം നേടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പ്രസ്താവിച്ചു. സാങ്കേതിക പുരോഗതിയുടെയും നിക്ഷേപത്തിൻ്റെയും പ്രാധാന്യം അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി , ഇന്ത്യയിലേക്ക് പുതിയ സാങ്കേതികവിദ്യയും നേരിട്ടുള്ള വിദേശ നിക്ഷേപവും കൊണ്ടുവരുന്നതിനാണ് പിഎൽഐ പദ്ധതി ആരംഭിച്ചതെന്നും മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി ചേർന്ന് തൊഴിലവസരങ്ങൾ ത്വരിതപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ യുവാക്കൾക്ക് അവസരങ്ങൾ നൽകിക്കൊണ്ട് എല്ലാ മേഖലകൾക്കും ഇപ്പോൾ ഉത്തേജനം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇന്ന്, ഇന്ത്യ വൻതോതിലുള്ള നിക്ഷേപത്തിന് സാക്ഷ്യം വഹിക്കുന്നു, റെക്കോർഡ് അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു", അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 1.5 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ ആരംഭിച്ചതായും, ഇത് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാക്കി മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. ഈ മേഖലകൾ നമ്മുടെ യുവാക്കൾക്ക് വളരാനും തൊഴിൽ നേടാനുമുള്ള അവസരമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ യുവാക്കളുടെ ശേഷി വർധിപ്പിക്കുന്നതിന് നൈപുണ്യ വികസനത്തിൽ ഗവൺമെൻ്റ് ഇന്ന് വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. അതിനാൽ, സ്കിൽ ഇന്ത്യ പോലുള്ള ദൗത്യങ്ങൾ സർക്കാർ ആരംഭിച്ചതായും നിരവധി നൈപുണ്യ വികസന കേന്ദ്രങ്ങളിൽ യുവാക്കൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ യുവാക്കൾ അനുഭവജ്ഞാനത്തിനും അവസരത്തിനും വേണ്ടി അലയേണ്ടതില്ലെന്ന് ഉറപ്പാക്കാനാണ് ഇത്തരം ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് യോജനയെ ഉദ്ധരിച്ചുകൊണ്ട്, ഇന്ത്യയിലെ മികച്ച 500 കമ്പനികളിൽ പെയ്ഡ് ഇൻ്റേൺഷിപ്പിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഓരോ ഇൻ്റേൺസിനും ഒരു വർഷത്തേക്ക് പ്രതിമാസം 5,000 രൂപ നൽകുമെന്നും ശ്രീ മോദി അറിയിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ ഉറപ്പാക്കുകയാണ് ഗവണ്മെന്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് യുവാക്കൾക്ക് വിവിധ മേഖലകളിലെ യഥാർത്ഥ ബിസിനസ്സ് അന്തരീക്ഷവുമായി ബന്ധപ്പെടാനും അവരുടെ കരിയറിന് പ്രയോജനകരമായ തൊഴിൽ പരിചയം ലഭ്യമാക്കാനും അവസരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു
ഇന്ത്യൻ യുവാക്കൾക്ക് വിദേശത്ത് ജോലി ലഭിക്കുന്നത് എളുപ്പമാക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റ് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയ്‌ക്കായുള്ള ജർമ്മനിയുടെ സ്‌കിൽഡ് ലേബർ സ്‌ട്രാറ്റജി ഉദ്ധരിച്ച്, ജർമ്മനി ഓരോ വർഷവും വിദഗ്ദ്ധരായ ഇന്ത്യൻ യുവാക്കൾക്ക് നൽകുന്ന വിസകളുടെ എണ്ണം 20,000 ൽ നിന്ന് 90,000 ആക്കി ഉയർത്തിയതായി ശ്രീ മോദി അറിയിച്ചു. ഇന്ത്യയിലെ യുവാക്കൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ജപ്പാൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി, മൗറീഷ്യസ്, ഇസ്രായേൽ, യുകെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുൾപ്പെടെ 21 രാജ്യങ്ങളുമായും തൊട്ടു മുൻ വർഷങ്ങളിൽ ഇന്ത്യ കുടിയേറ്റവും തൊഴിലുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും ശ്രീ മോദി പരാമർശിച്ചു. ഓരോ വർഷവും 3000 ഇന്ത്യക്കാർക്ക് യുകെയിൽ ജോലി ചെയ്യാനും പഠിക്കാനും 2 വർഷത്തെ വീസാ ലഭിക്കുമെന്നും 3000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിൽ പഠിക്കാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ഇന്ത്യയുടെ കഴിവുകൾ ഇന്ത്യയുടെ പുരോഗതിക്ക് മാത്രമല്ല, ലോക പുരോഗതിക്കും ദിശാബോധം നൽകും", ശ്രീ മോദി ഉദ്‌ഘോഷിച്ചു. ആ ദിശയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ യുവാക്കൾക്കും അവസരം ലഭിക്കുകയും അവരുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ഒരു ആധുനിക സംവിധാനം സൃഷ്ടിക്കുക എന്നതാണ് ഇന്നത്തെ ഗവണ്മെന്റിന്റെ പങ്ക് എന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. അതിനാൽ, ഇന്ത്യയിലെ യുവാക്കൾക്കും പൗരന്മാർക്കും പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതായിരിക്കണം തങ്ങളുടെ ലക്ഷ്യമെന്ന് വിവിധ സ്ഥാനങ്ങളിൽ പുതുതായി നിയമിതരായ യുവാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
ഗവണ്മെന്റ് ജോലികൾ ഉറപ്പാക്കുന്നതിൽ നികുതിദായകരുടെയും പൗരന്മാരുടെയും നിർണായക പങ്ക് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഗവണ്മെന്റ് നിലനിൽക്കുന്നത് പൗരന്മാർ മൂലമാണെന്നും അവരെ സേവിക്കാൻ നിയോഗിക്കപെട്ടതാണ് ഗവണ്മെന്റെന്നും പ്രസ്താവിച്ചു. ഒരു പോസ്റ്റ്മാൻ പദവി ആയാലും പ്രൊഫസ്സർ പദവി ആയാലും രാജ്യത്തെ സേവിക്കുക എന്നതാണ് പ്രഥമ കർത്തവ്യമെന്ന് അദ്ദേഹം ആവർത്തിച്ചു. രാജ്യത്തിന്റെ വികസനം നിർണ്ണയിക്കപ്പെട്ട സമയത്താണ് ഗവണ്മെന്റ് ജോലികളിൽ പുതുതായി യുവാക്കൾ ചേർന്നിരിക്കുന്നതെന്ന് ശ്രീ മോദി അടിവരയിട്ടു. അതിനാൽ, ഈ ലക്ഷ്യം കൈവരിക്കുന്നതിന്, എല്ലാ മേഖലയിലും നാം മികവ് പുലർത്തുകയും പൂർണമായി സംഭാവന നൽകുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവർ മികച്ച പ്രകടനം കാഴ്ചവക്കുക മാത്രമല്ല, മികവിനായും പരിശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. “നമ്മുടെ രാജ്യത്തെ ഗവണ്മെന്റ് ജീവനക്കാർ ലോകമെമ്പാടും അംഗീകരിക്കപ്പെട്ട മാതൃക കാണിക്കണം,” അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അവരിൽ രാഷ്ട്രത്തിന് വലിയ പ്രതീക്ഷകളുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പ്രതിബദ്ധതകൾ നിറവേറ്റുന്നതിന് ഈ പ്രതീക്ഷകൾ നിറവേറ്റേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
നിയമിതരായവർ തങ്ങളുടെ പുതിയ സ്ഥാനങ്ങളിൽ ചുവടുവക്കുകയാണെന്നും , യാത്രയിലുടനീളം എല്ലായ്പ്പോഴും വിനയാന്വിതരായിരിക്കാനും പഠന ശീലം പ്രോത്സാഹിപ്പിക്കുന്ന സ്വഭാവം നിലനിർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. iGOT കർമ്മയോഗി പ്ലാറ്റ്‌ഫോമിൽ ഗവണ്മെന്റ് ജീവനക്കാർക്കായി വിവിധ കോഴ്‌സുകളുടെ ലഭ്യത എടുത്തുകാട്ടിയ അദ്ദേഹം ഓരോരുത്തരും അവരുടെ സൗകര്യത്തിനനുസരിച്ച് ഈ ഡിജിറ്റൽ പരിശീലന മൊഡ്യൂൾ ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. “ഇന്ന് നിയമന കത്തുകൾ ലഭിച്ച ഉദ്യോഗാർത്ഥികളെ ഒരിക്കൽ കൂടി ഞാൻ അഭിനന്ദിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
പശ്ചാത്തലം
റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുള്ള കേന്ദ്ര ഗവണ്മെന്റ് ജോലികളിലേക്ക് പുതിയതായി തെരെഞ്ഞെടുക്കപ്പെടാൻ രാജ്യത്തെ 40 സ്ഥലങ്ങളിൽ റോസ്ഗർ മേള സംഘടിപ്പിച്ചുവരുന്നു .
പുതുതായി നിയമിതരായ ഉദ്യോഗാർത്ഥികൾക്ക് iGOT കർമ്മയോഗി പോർട്ടലിൽ ലഭ്യമായ ഓൺലൈൻ മൊഡ്യൂളായ 'കർമയോഗി പ്രാരംഭ്' വഴി അടിസ്ഥാന പരിശീലനം നേടാനുള്ള അവസരം ലഭിക്കും. അതിൽ 1400-ലധികം ഇ-ലേണിംഗ് കോഴ്‌സുകൾ ലഭ്യമാണ്. അത് തെരെഞ്ഞെടുക്കപ്പെടുന്നവരെ അവരുടെ കർമ്മ മണ്ഡലങ്ങളിൽ ഫലപ്രദമായ സേവനം നൽകുന്നതിനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കുന്നതിനും ആവശ്യമായ വൈദഗ്ധ്യമുള്ളവരെ സജ്ജമാക്കും.
***
NK
(Release ID: 2069223)
Visitor Counter : 25
Read this release in:
Odia
,
English
,
Urdu
,
Hindi
,
Manipuri
,
Bengali-TR
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada