പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സി-295 വിമാന നിര്‍മാണശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

Posted On: 28 OCT 2024 4:58PM by PIB Thiruvananthpuram

“ആദരണീയനായ പെദ്രോ സാഞ്ചസ്, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, ഇന്ത്യയുടെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ് ജി, വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സ്പെയിനിലെയും സംസ്ഥാന ഗവണ്‍മെന്റിലെയും മന്ത്രിമാര്‍, എയര്‍ബസിലെയും ടാറ്റ സംഘത്തിലെയും എല്ലാ അംഗങ്ങളേ, മാന്യരേ!

നമസ്‌കാരം!

ബ്യൂണസ് ഡയസ്!

എന്റെ സുഹൃത്ത്, പെദ്രോ സാഞ്ചസ് ആദ്യമായാണ് ഭാരതം സന്ദര്‍ശിക്കുന്നത്. ഇന്ന് മുതല്‍, ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള പങ്കാളിത്തത്തിന് നാം പുതിയ ദിശാബോധം നല്‍കുകയാണ്. സി-295 ഗതാഗത വിമാനം നിര്‍മിക്കുന്നതിനുള്ള നിര്‍മാണശാല ഞങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. ഈ നിര്‍മാണശാല ഇന്ത്യ-സ്‌പെയിന്‍ ബന്ധത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്’ എന്ന നമ്മുടെ ദൗത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. മുഴുവന്‍ എയര്‍ബസ്, ടാറ്റ സംഘങ്ങള്‍ക്കും എന്റെ ശുഭാശംസകള്‍. അടുത്തിടെ നമുക്ക് രാജ്യത്തിന്റെ മഹാനായ പുത്രന്‍ രത്തന്‍ ടാറ്റാജിയെ നഷ്ടമായി. രത്തന്‍ ടാറ്റാജി ഇന്ന് നമ്മോടൊപ്പമുണ്ടായിരുന്നെങ്കില്‍ നമുക്കിടയിൽ ഏറ്റവും സന്തോഷവാന്‍ അദ്ദേഹമാകുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവ് എവിടെയായിരുന്നാലും, ഇന്ന് അദ്ദേഹം അളവറ്റ സന്തോഷം അനുഭവിക്കുമെന്ന് എനിക്കുറപ്പുണ്ട്.

സുഹൃത്തുക്കളേ,

സി -295 വിമാന നിർമാണശാല നവഭാരതത്തിന്റെ പുതിയ തൊഴില്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നു. ആശയം മുതല്‍ നടപ്പാക്കല്‍ വരെ, ഇന്ത്യ ഇന്ന് പ്രവര്‍ത്തിക്കുന്ന വേഗത ഇവിടെ പ്രകടമാണ്. രണ്ട് വര്‍ഷം മുമ്പ് ഒക്ടോബറിലാണ് ഈ ശാലയുടെ നിർമാണം ആരംഭിച്ചത്. ഈ നിര്‍മാണശാല ഒക്ടോബറില്‍ തന്നെ വിമാന നിര്‍മാണത്തിന് തയ്യാറാണ്. ആസൂത്രണത്തിലും നിര്‍വഹണത്തിലും അനാവശ്യ കാലതാമസം ഒഴിവാക്കുന്നതില്‍ ഞാന്‍ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വഡോദരയില്‍ ബൊംബാര്‍ഡിയര്‍ ട്രെയിന്‍ കോച്ചുകള്‍ നിര്‍മിക്കുന്നതിനുള്ള നിര്‍മാണശാല സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ആ നിര്‍മാണശാലയും റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഉല്‍പ്പാദനത്തിനായി സജ്ജമായി. ഇന്ന്, ആ നിര്‍മാണശാലയില്‍ നിര്‍മിച്ച മെട്രോ കോച്ചുകള്‍ നാം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഈ നിര്‍മാണശാലയില്‍ ഉൽപ്പാദിപ്പിക്കുന്ന വിമാനങ്ങള്‍ ഭാവിയില്‍ ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

പ്രശസ്ത സ്പാനിഷ് കവി അന്റോണിയോ മച്ചാഡോ ഒരിക്കല്‍ എഴുതിയതിങ്ങനെയാണ്:

“സഞ്ചാരിക്ക്, ഒരു പാതയില്ല... നടന്നാണ് വഴി സൃഷ്ടിക്കുന്നത്.”

നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വയ്ക്കുന്ന നിമിഷം, പാതകള്‍ രൂപപ്പെടാന്‍ തുടങ്ങുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. ഇന്ന്, ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പാദന ആവാസവ്യവസ്ഥ പുതിയ ഉയരങ്ങളില്‍ എത്തുകയാണ്. ഒരു പതിറ്റാണ്ട് മുമ്പ് നാം ശക്തമായ ചുവടുകള്‍ എടുത്തില്ലായിരുന്നുവെങ്കില്‍, ഇന്ന് ഈ നാഴികക്കല്ലിൽ എത്തുക അസാധ്യമാകുമായിരുന്നു. അക്കാലത്ത്, ഇന്ത്യയില്‍ വലിയ തോതിലുള്ള പ്രതിരോധ നിർമാണം ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. മുന്‍ഗണനകളും സ്വത്വവും അന്ന് ഇറക്കുമതിയില്‍ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ പുതിയ പാത സഞ്ചരിക്കാന്‍ തെരഞ്ഞെടുത്തു. പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു. ഇന്ന് നമുക്ക് ഫലങ്ങള്‍ കാണാന്‍ കഴിയും.

സുഹൃത്തുക്കളേ,

ഏതൊരു സാധ്യതയെയും അഭിവൃദ്ധിയിലേക്ക് മാറ്റുന്നതിന്, ശരിയായ പദ്ധതിയും ശരിയായ പങ്കാളിത്തവും അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ പരിവര്‍ത്തനം ശരിയായ പദ്ധതിയുടെയും ശരിയായ പങ്കാളിത്തത്തിന്റെയും ഉദാഹരണമാണ്. കഴിഞ്ഞ ദശകത്തില്‍, ഇന്ത്യയിൽ ഊർജസ്വലമായ പ്രതിരോധ വ്യവസായത്തെ പരിപോഷിപ്പിക്കുന്ന തീരുമാനങ്ങളാണ് രാജ്യം കൈക്കൊണ്ടത്. പ്രതിരോധ നിര്‍മാണത്തില്‍ നാം സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ കാര്യക്ഷമമാക്കി, ആയുധനിർമാണ ശാലകളെ ഏഴ് വലിയ കമ്പനികളാക്കി. ഡിആര്‍ഡിഒയെയും എച്ച്എഎല്ലിനെയും ശാക്തീകരിച്ചു, ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും രണ്ട് പ്രധാന പ്രതിരോധ ഇടനാഴികള്‍ വികസിപ്പിച്ചെടുത്തു. ഈ സംരംഭങ്ങള്‍ പ്രതിരോധ മേഖലയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്നു. ഐഡെക്‌സ് (പ്രതിരോധ മികവിനായുള്ള നൂതനാശയങ്ങൾ) പോലുള്ള പദ്ധതികള്‍ സംരംഭങ്ങള്‍ക്ക് ഊര്‍ജം പകരുന്നു. കഴിഞ്ഞ 5-6 വര്‍ഷത്തിനുള്ളില്‍ ഏകദേശം ആയിരത്തോളം പുതിയ പ്രതിരോധ സംരംഭങ്ങള്‍ ഇന്ത്യയിൽ ഉയര്‍ന്നുവന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 30 മടങ്ങ് വര്‍ധിച്ചു. ഇന്ന് നാം ലോകത്തെ നൂറിലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, ഭാരതത്തില്‍ നൈപുണ്യത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നാം വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എയര്‍ബസിന്റെയും ടാറ്റയുടെയും ഈ നിര്‍മാണശാല രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 18,000 വിമാന ഭാഗങ്ങളുടെ തദ്ദേശീയ നിര്‍മാണം ഈ പദ്ധതിയിലൂടെ ആരംഭിക്കും. ഒരു ഭാഗം രാജ്യത്തിന്റെ ഒരുവശത്ത് നിർമിക്കാം, മറ്റൊരു ഭാഗം മറ്റെവിടെയെങ്കിലും നിർമിക്കാം, ആരാണ് ഈ ഭാഗങ്ങള്‍ നിർമിക്കുക? നമ്മുടെ സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ (എംഎസ്എംഇ) ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ലോകമെമ്പാടുമുള്ള പ്രധാന വിമാന കമ്പനികള്‍ക്ക് ഭാഗങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ വിതരണക്കാരില്‍ ഒന്നാണു നാം. ഈ പുതിയ വിമാന നിർമാണശാല ഇന്ത്യയിലെ പുതിയ നൈപുണ്യങ്ങള്‍ക്കും പുതിയ വ്യവസായങ്ങള്‍ക്കും ഉത്തേജനം നല്‍കും.

സുഹൃത്തുക്കളേ,

ഈ പരിപാടിയെ ഗതാഗത വിമാനങ്ങളുടെ നിർമാണത്തിനപ്പുറമുള്ളതായാണു ഞാന്‍ കാണുന്നത്. കഴിഞ്ഞ ദശകത്തില്‍, ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയും പരിവര്‍ത്തനവും നിങ്ങള്‍ കണ്ടു. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ചെറിയ നഗരങ്ങളിലേക്ക് ഞങ്ങള്‍ വ്യോമ ഗതാഗതസൗകര്യം വിപുലീകരിക്കുകയാണ്. വ്യോമയാനത്തിന്റെയും എംആര്‍ഒയുടെയും (അറ്റകുറ്റപ്പണികള്‍, അഴിച്ചുപണികൾ) കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാന്‍ നാം പ്രവര്‍ത്തിക്കുന്നു. ഈ ആവാസവ്യവസ്ഥ ഭാവിയില്‍ ‘ഇന്ത്യയില്‍ നിർമിച്ച’ ആഭ്യന്തര വിമാനങ്ങള്‍ക്ക് വഴിയൊരുക്കും. വിവിധ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 1200 പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇതിനര്‍ഥം, ഭാവിയില്‍, ഇന്ത്യയുടെയും ലോകത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആഭ്യന്തര വിമാനങ്ങളുടെ രൂപകല്‍പ്പനയിലും നിർമാണത്തിലും ഈ നിര്‍മാണശാല നിര്‍ണായക പങ്ക് വഹിക്കും എന്നാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ഈ ശ്രമങ്ങള്‍ക്ക് വഡോദര നഗരം ഉത്തേജകമായി പ്രവര്‍ത്തിക്കും. ഈ നഗരം ഇതിനകം എംഎസ്എംഇകളുടെ ശക്തമായ കേന്ദ്രമാണ്. നമുക്കിവിടെ ഗതിശക്തി സര്‍വകലാശാലയുമുണ്ട്. ഈ സര്‍വകലാശാല വിവിധ മേഖലകളിലേക്ക് പ്രൊഫഷണലുകളെ തയ്യാറാക്കുന്നു. ഫാര്‍മ മേഖല, എൻജിനിയറിങ്, വൻകിട യന്ത്രങ്ങൾ, രാസവസ്തുക്കൾ, പെട്രോകെമിക്കല്‍സ്, വൈദ്യുതി-ഊര്‍ജ ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കമ്പനികള്‍ വഡോദരയിലുണ്ട്. ഇപ്പോള്‍, ഈ മേഖല മുഴുവന്‍ ഇന്ത്യയുടെ വ്യോമയാന നിർമാണത്തിന്റെ പ്രധാന കേന്ദ്രമായി മാറാന്‍ ഒരുങ്ങുകയാണ്. ആധുനിക വ്യവസായ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ഗുജറാത്ത് ഗവണ്മെന്റിനെയും മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായിയെയും അദ്ദേഹത്തിന്റെ സംഘത്തെയാകെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

വഡോദരയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയ‌ിലെ പ്രധാന സാംസ്‌കാരിക നഗരവും പൈതൃക നഗരവുമാണ് ഇത്. അതിനാല്‍, സ്‌പെയിനില്‍നിന്നെത്തിയ നിങ്ങൾക്കേവർക്കും ഇവിടെ ആതിഥ്യമരുളാൻ കഴിഞ്ഞതിൽ ഞാന്‍ സന്തുഷ്ടനാണ്. ഇന്ത്യക്കും സ്‌പെയിനും തമ്മില്‍ സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സ്‌പെയിനില്‍ നിന്ന് വന്ന് ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ ഫാദര്‍ കാര്‍ലോസ് വാലെസിനെ ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം തന്റെ ജീവിതത്തിന്റെ അമ്പത് വര്‍ഷങ്ങള്‍ ഇവിടെ സമര്‍പ്പിക്കുകയും തന്റെ ചിന്തകളിലൂടെയും എഴുത്തുകളിലൂടെയും നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുകയും ചെയ്തു. അദ്ദേഹത്തെ പലതവണ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് ഞങ്ങള്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. ഗുജറാത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വം ഫാദര്‍ വാലസ് എന്ന് വിളിച്ചു, അദ്ദേഹം ഗുജറാത്തിയില്‍ എഴുതുമായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഗുജറാത്തി സാഹിത്യത്തെയും നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും സമ്പന്നമാക്കി.

സുഹൃത്തുക്കളേ,

സ്‌പെയിനില്‍ യോഗ വളരെ ജനപ്രിയമാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഇന്ത്യന്‍ ആരാധകരും സ്‌പെയിനിന്റെ ഫുട്‌ബോളിനെ ആരാധിക്കുന്നു. റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള ഇന്നലത്തെ മത്സരം ഇന്ത്യയിൽ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ബാഴ്‌സലോണയുടെ തകര്‍പ്പന്‍ വിജയം ഇവിടെയും ചര്‍ച്ചാവിഷയമായി. ആ രണ്ടു ക്ലബ്ബുകളുടെയും ഇന്ത്യയിലെ ആരാധകർ സ്പെയിനിലുള്ളവരെപ്പോലെ പരസ്പരം നേരമ്പോക്കുകളിൽ വ്യാപൃതരായിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും.

സുഹൃത്തുക്കളേ,

ഭക്ഷണം, സിനിമകള്‍, ഫുട്‌ബോള്‍-ഈ ഘടകങ്ങളെല്ലാം നമ്മുടെ രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള കരുത്തുറ്റ ബന്ധത്തിന്റെ ഭാഗമാണ്. 2026നെ ഇന്ത്യയും സ്‌പെയിനും ഇന്ത്യ-സ്‌പെയിന്‍ സാംസ്‌കാരിക-വിനോദസഞ്ചാര-നിർമിതബുദ്ധി വര്‍ഷമായി ആഘോഷിക്കാന്‍ തീരുമാനിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള പങ്കാളിത്തം ഒരു പ്രിസം പോലെയാണ്, അത് ബഹുമുഖവും ഊര്‍ജസ്വലവും സദാ വികസിക്കുന്നതുമാണ്. ഇന്ത്യക്കും സ്പെയിനുമിടയിലുള്ള നിരവധി പുതിയ സംയുക്ത സഹകരണ പദ്ധതികള്‍ക്ക് ഇന്നത്തെ പരിപാടി പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്പാനിഷ് വ്യവസായത്തെയും നൂതനാശയ ഉപജ്ഞാതാക്കളെയും ഇന്ത്യയിലേക്ക് വരാനും നമ്മുടെ വികസന യാത്രയുടെ ഭാഗമാകാനും ഞാന്‍ ക്ഷണിക്കുന്നു. ഒരിക്കല്‍ കൂടി, ഈ പദ്ധതിക്കായുള്ള എയര്‍ബസ്, ടാറ്റ സംഘങ്ങള്‍ക്ക് എന്റെ ആശംസകള്‍.


നന്ദി.”

***

NK
 


(Release ID: 2069143) Visitor Counter : 31