പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും


70 വയസും അതില്‍ കൂടുതലും പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആയുഷ്മാന്‍ ഭാരത് പിഎം-ജെഎവൈ പ്രകാരം ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്നതിന് പ്രധാനമന്ത്രി തുടക്കം കുറിക്കും

ആരോഗ്യ പരിരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി വിവിധ ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും

ഇന്ത്യയിലെ ആദ്യത്തെ അഖിലേന്ത്യാ ആയുര്‍വേദ സ്ഥാപനത്തിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ആരോഗ്യ സംരക്ഷണ മേഖലയില്‍ സാങ്കേതികവിദ്യയുടെ നൂതന ഉപയോഗം വര്‍ധിപ്പിച്ച് 11 ത്രിതീയ ആരോഗ്യ സ്ഥാപനങ്ങളില്‍ ഡ്രോണ്‍ സേവനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനമായി, ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും പ്രയോജനമാകുന്ന പ്രതിരോധകുത്തിവയ്പ്പ് പ്രക്രിയ ഡിജിറ്റലൈസ് ചെയ്യുന്ന യു-വിന്‍ പോര്‍ട്ടല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘മേക്ക് ഇൻ ഇന്ത്യ’ എന്ന കാഴ്ചപ്പാടിന് അനുസൃതമായി, ചികിത്സാഉപകരണങ്ങള്‍ക്കും ബള്‍ക്ക് മരുന്നുകള്‍ക്കുമായി പിഎല്‍ഐ പദ്ധതിക്ക് കീഴിലുള്ള അഞ്ച് പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ആരോഗ്യമേഖലയിലെ ഗവേഷണവും വികസനവും പരിശോധനാ അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും

Posted On: 28 OCT 2024 12:47PM by PIB Thiruvananthpuram

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും.

ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (പിഎം-ജെഎവൈ) എന്ന സുപ്രധാന പദ്ധതിയുടെ പ്രധാന കൂട്ടിച്ചേര്‍ക്കല്‍ എന്ന നിലയില്‍, 70 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്ന പദ്ധതിക്കു പ്രധാനമന്ത്രി തുടക്കമിടും. എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കും.

രാജ്യത്തുടനീളം ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രിയുടെ നിരന്തരമായി പരിശ്രമിക്കുന്നു. ആരോഗ്യ പരിരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായി വിവിധ ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

ഇന്ത്യയിലെ ആദ്യത്തെ അഖിലേന്ത്യ ആയുർവേദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പഞ്ചകര്‍മ ആശുപത്രി, ഔഷധ നിര്‍മാണത്തിനുള്ള ആയുര്‍വേദ ഫാര്‍മസി, സ്പോര്‍ട്സ് മെഡിസിന്‍ യൂണിറ്റ്, കേന്ദ്രലൈബ്രറി, ഐടി, സ്റ്റാര്‍ട്ടപ്പ് ആശയ ഉത്ഭവകേന്ദ്രം, 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മധ്യപ്രദേശിലെ മന്ദ്സൗര്‍, നീമച്ച്, സിവ്നി എന്നിവിടങ്ങളിലെ മൂന്ന് മെഡിക്കല്‍ കോളേജുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ, ഹിമാചല്‍ പ്രദേശിലെ ബിലാസ്പുര്‍, പശ്ചിമ ബംഗാളിലെ കല്യാണി, ബിഹാറിലെ പട്‌ന, ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, മധ്യപ്രദേശിലെ ഭോപ്പാല്‍, അസമിലെ ഗുവാഹാട്ടി, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ വിവിധ എയിംസുകളിലെ സൗകര്യങ്ങളും സേവന വിപുലീകരണങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ജന്‍ ഔഷധി കേന്ദ്രവും ഇതിൽ ഉൾപ്പെടുന്നു. ഛത്തീസ്ഗഢിലെ ബിലാസ്പുരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കും ഒഡിഷയിലെ ബര്‍ഗഢില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

മധ്യപ്രദേശിലെ ശിവപുരി, രത്‌ലാം, ഖണ്ഡ്വ, രാജ്ഗഢ്, മന്ദ്‌സൗർ എന്നിവിടങ്ങളിലെ അഞ്ച് നഴ്‌സിങ് കോളേജുകള്‍ക്കും ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾക്കു (PM-A-BHIM) കീഴില്‍ ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മണിപ്പൂര്‍, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 21 ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളും ന്യൂഡല്‍ഹിയിലെ എയിംസിലും ഹിമാചല്‍ പ്രദേശിലെ ബിലാസ്പുരിലും നിരവധി സൗകര്യങ്ങൾക്കും സേവന വിപുലീകരണങ്ങള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും.

പ്രധാനമന്ത്രി മധ്യപ്രദേശിലെ ഇന്ദോറില്‍ ഇഎസ്‌ഐസി ആശുപത്രി ഉദ്ഘാടനം ചെയ്യും, ഹരിയാനയിലെ ഫരീദാബാദ്, കര്‍ണാടകയിലെ ബൊമ്മസാന്ദ്ര, നരസാപൂര്‍, മധ്യപ്രദേശിലെ ഇന്ദോര്‍, ഉത്തര്‍പ്രദേശിലെ മേറഠ്, ആന്ധ്രാപ്രദേശിലെ അച്യുതപുരം എന്നിവിടങ്ങളിലെ ഇഎസ്‌ഐസി ആശുപത്രികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും. ഈ പദ്ധതികള്‍ 55 ലക്ഷത്തോളം ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കും.

മേഖലകളിലുടനീളം സേവന വിതരണം വര്‍ദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കുന്നതിന്റെ ശക്തമായ വക്താവാണ് പ്രധാനമന്ത്രി. ആരോഗ്യ സംരക്ഷണം കൂടുതല്‍ പ്രാപ്യമാക്കുന്നതിന് സേവന വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി ഡ്രോണ്‍ സാങ്കേതികവിദ്യയുടെ നൂതനമായ ഉപയോഗം പ്രയോജനപ്പെടുമെന്നതിനാൽ, പ്രധാനമന്ത്രി 11 തൃതീയ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ ഡ്രോണ്‍ സേവനങ്ങള്‍ ആരംഭിക്കും. ഉത്തരാഖണ്ഡിലെ എയിംസ് ഋഷികേശ്, തെലങ്കാനയിലെ എയിംസ് ബീബിനഗര്‍, ആസാമിലെ എയിംസ് ഗുവാഹാട്ടി, മധ്യപ്രദേശിലെ എയിംസ് ഭോപ്പാല്‍, രാജസ്ഥാനിലെ എയിംസ് ജോധ്പുര്‍, ബീഹാറിലെ എയിംസ് പട്‌ന, ഹിമാചല്‍ പ്രദേശിലെ എയിംസ് ബിലാസ്പുര്‍, ഉത്തര്‍പ്രദേശിലെ എയിംസ് റായ്ബറേലി, ആന്ധ്രാപ്രദേശിലെ എയിംസ് മംഗളഗിരി, മണിപ്പൂരിലെ റിംസ് ഇംഫാല്‍ എന്നിവയാണ് അവ. ഋഷികേശിലെ എയിംസില്‍ നിന്ന് ഹെലികോപ്റ്റര്‍ എമര്‍ജന്‍സി മെഡിക്കല്‍ സേവനങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും, ഇത് വേഗത്തിലുള്ള വൈദ്യസഹായം നല്‍കാന്‍ സഹായിക്കും.

യു-വിന്‍ പോര്‍ട്ടല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ ഇത് ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും പ്രയോജനമാകും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും (ജനനം മുതല്‍ 16 വയസ്സ് വരെ) പ്രതിരോധകുത്തിവയ്പ്പിലൂടെ തടയാന്‍ കഴിയുന്ന 12 രോഗങ്ങള്‍ക്കെതിരെ ജീവന്‍രക്ഷാ വാക്‌സിനുകള്‍ സമയബന്ധിതമായി നല്‍കുമെന്ന് ഇത് ഉറപ്പാക്കും. കൂടാതെ, അനുബന്ധ, ആരോഗ്യ പരിപാലന പ്രൊഫഷണലുകള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കുമായി പോര്‍ട്ടലും ഉദ്ഘാടനം ചെയ്യും. നിലവിലുള്ള ആരോഗ്യപരിപാലന വിദഗ്ദ്ധരുടെയും സ്ഥാപനങ്ങളുടെയും കേന്ദ്രീകൃത ഡാറ്റാബേസായി ഇത് പ്രവര്‍ത്തിക്കും.


രാജ്യത്തെ ആരോഗ്യ പരിപാലന ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ഗവേഷണവും വികസനവും പരിശോധനാ അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി സംരംഭങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒഡിഷയിലെ ഭുവനേശ്വറിലെ ഗോതപട്ടണയില്‍ കേന്ദ്ര ഔഷധ പരിശോധനാ ഗവേഷണശാലയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഒഡീഷയിലെ ഖോര്‍ധയിലും ഛത്തീസ്ഗഢിലെ റായ്പുരിലും യോഗയ്ക്കും പ്രകൃതിചികിത്സയ്ക്കുമായുള്ള രണ്ട് കേന്ദ്ര ഗവേഷണ സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം തറക്കല്ലിടും. വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ക്കായി ഗുജറാത്തിലെ എന്‍ഐപിഇആര്‍ അഹമ്മദാബാദ്, ബള്‍ക്ക് മരുന്നുകള്‍ക്കായി തെലങ്കാനയിലെ എന്‍ഐപിഇആര്‍ ഹൈദരാബാദ്, ഫൈറ്റോഫാര്‍മസ്യൂട്ടിക്കലുകള്‍ക്കായി അസമിലെ എന്‍ഐപിഇആര്‍ ഗുവാഹാട്ടി, ആന്റി ബാക്ടീരിയൽ ആന്റി വൈറല്‍ മരുന്ന് കണ്ടെത്തലിനും വികസനത്തിനുമായി പഞ്ചാബിലെ എന്‍ഐപിഇആര്‍ മൊഹാലി എന്നിവിടങ്ങളില്‍ നാല് മികവിന്റെ കേന്ദ്രങ്ങള്‍ക്കും അദ്ദേഹം തറക്കല്ലിടും.


ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പ്രമേഹത്തിനും ഉപാപചയ വൈകല്യങ്ങള്‍ക്കുമായുള്ള മികവിന്റെ കേന്ദ്രം എന്ന നാല് ആയുഷ് മികവിന്റെ കേന്ദ്രങ്ങൾ; നൂതന സാങ്കേതിക പരിഹാരങ്ങള്‍, സ്റ്റാര്‍ട്ടപ്പ് പിന്തുണ, ഐഐടി ഡല്‍ഹിയിലെ രാസൗഷധികള്‍ക്ക് നെറ്റ് സീറോ സുസ്ഥിര പരിഹാരങ്ങള്‍ എന്നിവയ്ക്കായി സുസ്ഥിര ആയുഷ് മികവിന്റെ കേന്ദ്രം;  ലഖ്‌നൗവിലെ സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയുര്‍വേദത്തിലെ അടിസ്ഥാന-വിവര്‍ത്തന ഗവേഷണത്തിനുള്ള മികവിന്റെ കേന്ദ്രം; ന്യൂഡല്‍ഹിയിലെ ജെഎന്‍യുവിലെ ആയുര്‍വേദ ആന്‍ഡ് സിസ്റ്റംസ് മെഡിസിൻ മികവിന്റെ കേന്ദ്രം എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ആരോഗ്യ പരിപാലന മേഖലയിലെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് വലിയ ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ വാപി, തെലങ്കാനയിലെ ഹൈദരാബാദ്, കര്‍ണാടകയിലെ ബെംഗളൂരു, ആന്ധ്രാപ്രദേശിലെ കാക്കിനാഡ, ഹിമാചല്‍ പ്രദേശിലെ നലാഗഢ് എന്നിവിടങ്ങളില്‍ വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ക്കും ബള്‍ക്ക് മരുന്നുകള്‍ക്കുമുള്ള ഉൽപ്പാദനബന്ധിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതിക്ക് കീഴിലുള്ള അഞ്ച് പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ യൂണിറ്റുകള്‍ പ്രധാനപ്പെട്ട ബള്‍ക്ക് മരുന്നുകള്‍ക്കൊപ്പം ശരീരത്തില്‍ ഉറപ്പിക്കാവുന്ന ഉപകരണങ്ങള്‍, ക്രിട്ടിക്കല്‍ കെയര്‍ ഉപകരണങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന നിലവാരമുള്ള വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ നിർമിക്കും.


പൗരന്മാരില്‍ ആരോഗ്യ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള “ദേശ് കാ പ്രകൃതി പരിക്ഷൺ അഭിയാന്‍” എന്ന രാജ്യവ്യാപക യജ്ഞത്തിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനും വേണ്ടിയുള്ള കാലാവസ്ഥാവ്യതിയാനവും മനുഷ്യ ആരോഗ്യവും സംബന്ധിച്ച സംസ്ഥാന നിർദിഷ്ട കര്‍മപദ്ധതിയും അദ്ദേഹം പുറത്തിറക്കും. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ആരോഗ്യ പരിപാലന സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അനുയോജ്യമായ തന്ത്രങ്ങള്‍ ഇത് ആവിഷ്‌കരിക്കും.

***

NK
 


(Release ID: 2068866) Visitor Counter : 99