പ്രധാനമന്ത്രിയുടെ ഓഫീസ്
ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
31 AUG 2024 1:41PM by PIB Thiruvananthpuram
സമ്മേളനത്തിൽ സന്നിഹിതരായ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ശ്രീ ഡി.വൈ. ചന്ദ്രചൂഡ് ജി, ജസ്റ്റിസ് ശ്രീ സഞ്ജീവ് ഖന്ന ജി, ജസ്റ്റിസ് ബി.ആർ. ഗവായ് ജി, കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ ജി, സുപ്രീം കോടതി ബാർ കൗൺസിൽ ചെയർമാൻ അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണി ജി, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ ശ്രീ കപിൽ സിബൽ ജി, ശ്രീ മനൻ കുമാർ മിശ്ര ജി, സുപ്രീം കോടതിയിലെ ജഡ്ജിമാർ, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, ജില്ലാ ജഡ്ജിമാർ, മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!
നിങ്ങളുടെ ഗൗരവമായ പെരുമാറ്റത്താൽ ഈ ചടങ്ങ് തികച്ചും ഗൗരവ സ്വഭാവമുള്ളതാണെന്ന് എനിക്ക് തോന്നുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഞാൻ രാജസ്ഥാൻ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇന്ന്, സുപ്രീം കോടതിയുടെ യാത്രയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച്, ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനം നടക്കുന്നു. സുപ്രീം കോടതിയുടെ 75 വർഷം ഒരു സ്ഥാപനത്തിൻ്റെ യാത്ര മാത്രമല്ല; അത് ഇന്ത്യൻ ഭരണഘടനയുടേയും ഭരണഘടനാ മൂല്യങ്ങളുടേയും യാത്രയാണ്! ജനാധിപത്യപരമായി പക്വത പ്രാപിക്കുന്ന ഭാരതത്തിൻ്റെ യാത്രയാണിത്! നമ്മുടെ ഭരണഘടനാ നിർമ്മാതാക്കളുടെയും ജുഡീഷ്യറിയിലെ നിരവധി പ്രമുഖരുടെയും സംഭാവനകൾ ഈ യാത്രയിൽ വലിയ പ്രാധാന്യമർഹിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും നീതിന്യായ വ്യവസ്ഥയിൽ അചഞ്ചലമായ വിശ്വാസം കാത്തുസൂക്ഷിച്ച ദശലക്ഷക്കണക്കിന് പൗരന്മാരുടെ സംഭാവനയും ഈ യാത്രയിൽ ഉൾപ്പെടുന്നു. ഭാരതത്തിലെ ജനങ്ങൾ ഒരിക്കലും സുപ്രീം കോടതിയെയോ നമ്മുടെ ജുഡീഷ്യറിയെയോ സംശയിച്ചിട്ടില്ല. അതിനാൽ, ഈ 75 വർഷത്തെ സുപ്രീം കോടതി ജനാധിപത്യത്തിൻ്റെ മാതാവെന്ന നിലയിൽ ഭാരതത്തിൻ്റെ അഭിമാനം വർധിപ്പിക്കുന്നു. "സത്യമേവ ജയതേ, നാനൃതം" (സത്യം മാത്രമാണ് വിജയിക്കുന്നത്, അസത്യമല്ല) എന്ന നമ്മുടെ സാംസ്കാരിക വിളംബരത്തെ ഇത് ശക്തിപ്പെടുത്തുന്നു. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വർഷം ആഘോഷിക്കുമ്പോൾ, ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കാൻ പോകുകയാണ്. അതിനാൽ, ഈ നിമിഷത്തിൽ അഭിമാനവും മഹത്വവും പ്രചോദനവുമുണ്ട്. ഈ അവസരത്തിൽ എല്ലാ നിയമജ്ഞർക്കും മുഴുവൻ രാജ്യത്തിനും ഞാൻ എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ സമയത്ത് നടക്കുന്ന ദേശീയ ജില്ലാ ജുഡീഷ്യറി സമ്മേളനത്തിനും ഞാൻ ശുഭാശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ ജനാധിപത്യത്തിൽ ജുഡീഷ്യറിയെ ഭരണഘടനയുടെ സംരക്ഷകനായാണ് കണക്കാക്കുന്നത്. ഇത് തന്നെ വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമാണ്. സുപ്രിംകോടതിയും നമ്മുടെ ജുഡീഷ്യറിയും ഈ ഉത്തരവാദിത്തം നന്നായി നിറവേറ്റാൻ ശ്രമിച്ചിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാം. സ്വാതന്ത്ര്യത്തിനു ശേഷം, അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടത്തിൽ പോലും നീതിന്യായത്തിൻ്റെ ആത്മാവിനെ ജുഡീഷ്യറി സംരക്ഷിച്ചു. അക്കാലത്ത് ഭരണഘടനയെ സംരക്ഷിക്കുന്നതിൽ ജുഡീഷ്യറി ഒരു പ്രധാന പങ്ക് വഹിച്ചു. മൗലികാവകാശങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ സുപ്രീം കോടതിയും സംരക്ഷിച്ചു. കൂടാതെ, ദേശീയ സുരക്ഷയെക്കുറിച്ചുള്ള ചോദ്യം ഉയർന്നുവന്നപ്പോഴെല്ലാം, ജുഡീഷ്യറി എല്ലാറ്റിനുമുപരിയായി ദേശീയ താൽപ്പര്യം ഉയർത്തിപ്പിടിക്കുകയും ഭാരതത്തിൻ്റെ ഐക്യം സംരക്ഷിക്കുകയും ചെയ്തു. ഈ നേട്ടങ്ങൾക്കിടയിൽ, ഈ അവിസ്മരണീയമായ 75 വർഷങ്ങളിൽ എല്ലാ പണ്ഡിതന്മാരെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ 10 വർഷത്തിനിടെ, നീതി ലഭ്യമാക്കാൻ രാജ്യം നിരവധി ശ്രമങ്ങൾ നടത്തി. കോടതികളുടെ നവീകരണത്തിനായി മിഷൻ തലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ സുപ്രീം കോടതിയുടെയും ജുഡീഷ്യറിയുടെയും സഹകരണം സവിശേഷ പ്രാധാന്യമർഹിക്കുന്നു. ഇന്ന് ജില്ലാ ജുഡീഷ്യറിയുടെ ഈ സമ്മേളനം അതേ ശ്രമത്തിൻ്റെ മറ്റൊരു ഉദാഹരണമാണ്. നേരത്തെ, സുപ്രീം കോടതിയും ഗുജറാത്ത് ഹൈക്കോടതിയും സംയുക്തമായി "അഖിലേന്ത്യാ ജില്ലാ കോടതി ജഡ്ജിമാരുടെ സമ്മേളനം" സംഘടിപ്പിച്ചത് ഇവിടെ സൂചിപ്പിച്ചിരുന്നു. നീതി നടപ്പാക്കുന്നതിന്ന് ഇത്തരം സംഭവങ്ങൾ വളരെ നിർണായകമാണ്. കെട്ടിക്കിടക്കുന്ന കേസുകളുടെ നടത്തിപ്പ്, മനുഷ്യവിഭവശേഷി, നിയമ സാഹോദര്യത്തിന്റെ മെച്ചപ്പെടുത്തൽ തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങൾ അടുത്ത രണ്ട് ദിവസങ്ങളിൽ ഇവിടെ ചർച്ച ചെയ്യുമെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് ആവശ്യമായ എല്ലാ വിഷയങ്ങളും നിങ്ങൾ തിരഞ്ഞെടുത്തു. ഇവയ്‌ക്കൊപ്പം ജുഡീഷ്യൽ ക്ഷേമത്തെക്കുറിച്ചുള്ള ഒരു സെഷനും അടുത്ത രണ്ട് ദിവസങ്ങളിൽ നടക്കുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാമൂഹിക ക്ഷേമത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ആവശ്യകതയാണ് വ്യക്തിഗത ക്ഷേമം. നമ്മുടെ തൊഴിൽ സംസ്കാരത്തിൽ ആരോഗ്യത്തിന് മുൻഗണന നൽകാൻ ഇത് നമ്മെ സഹായിക്കും.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിൻ്റെ ഈ അമൃത് കാലിൽ, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നം ‘വികസിത ഭാരത’വും (വികസിത ഇന്ത്യ) ‘നയാ ഭാരത’വും (പുതിയ ഇന്ത്യ) ആണെന്ന് നമുക്കെല്ലാവർക്കും അറിയാം! നയാ ഭാരതം എന്നാൽ ചിന്തയും ദൃഢനിശ്ചയവുമുള്ള ആധുനിക ഭാരതം! നമ്മുടെ ജുഡീഷ്യറി ഈ കാഴ്ചപ്പാടിൻ്റെ ശക്തമായ സ്തംഭമാണ്, പ്രത്യേകിച്ച് നമ്മുടെ ജില്ലാ ജുഡീഷ്യറി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയാണ് ജില്ലാ ജുഡീഷ്യറി. രാജ്യത്തെ സാധാരണ പൗരനാണ് നീതിക്കുവേണ്ടി ആദ്യം മുട്ടുന്നത്. അതിനാൽ, അത് നീതിയുടെ ആദ്യ കേന്ദ്രമാണ്, ആദ്യപടിയാണ്. ഇത് പൂർണമായും പ്രാപ്തവും ആധുനികവുമാക്കുക എന്നത് രാജ്യത്തിൻ്റെ മുൻഗണനയാണ്. ഈ ദേശീയ സമ്മേളനം അതിൻ്റെ ചർച്ചകളോടെ രാജ്യത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റാൻ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
ഏതെങ്കിലും രാജ്യത്തിന്റെ വികസനത്തിന് അർത്ഥവത്തായ എന്തെങ്കിലും അളവുകോൽ ഉണ്ടെങ്കിൽ, അത് സാധാരണക്കാരന്റെ ജീവിത നിലവാരമാണ്. സാധാരണക്കാരന്റെ ജീവിതനിലവാരം നിർണ്ണയിക്കുന്നത് അവരുടെ ജീവിതസൗകര്യത്തെ ആശ്രയിച്ചാണ്. ലളിതവും പ്രാപ്യമായതുമായ നീതി, ജീവിതം സുഗമമാക്കുന്നതിന് അത്യന്താപേക്ഷിതമായ ഒരു വ്യവസ്ഥയാണ്. നമ്മുടെ ജില്ലാ കോടതികളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും സജ്ജീകരിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ. ഇന്ന് 4.5 കോടിയോളം കേസുകൾ ജില്ലാ കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. നീതിയിലെ ഈ കാലതാമസം ഇല്ലാതാക്കാൻ കഴിഞ്ഞ ദശകത്തിൽ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 8,000 കോടി രൂപയാണ് നീതിന്യായ അടിസ്ഥാന സൗകര്യ വികസനത്തിനായി രാജ്യം ചെലവഴിച്ചത്. കഴിഞ്ഞ 25 വർഷത്തിനിടയിൽ ജുഡീഷ്യൽ അടിസ്ഥാനസൗകര്യത്തിനായി ചെലവഴിച്ച തുകയുടെ 75 ശതമാനവും കഴിഞ്ഞ 10 വർഷങ്ങളിലാണ് ചെലവഴിച്ചുവെന്നറിയുമ്പോൾ നിങ്ങൾക്ക് സന്തോഷമുണ്ടാകും. ഈ 10 വർഷത്തിനുള്ളിൽ മാത്രം 7,500 കോടതി ഹാളുകളും 11,000 റസിഡൻഷ്യൽ യൂണിറ്റുകളും ജില്ലാ ജുഡീഷ്യറിക്കായി ഒരുക്കിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഞാൻ നിയമരംഗത്തെ കൂട്ടായ്മക്ക് ഇടയിൽ വരുമ്പോഴെല്ലാം സ്വാഭാവികമായും ഇ-കോടതികളുടെ വിഷയം ഉയർന്നുവരുന്നു. ഈ സാങ്കേതിക ഇടപെടൽ / നവീകരണം ജുഡീഷ്യൽ പ്രക്രിയകളെ ത്വരിതപ്പെടുത്തുക മാത്രമല്ല, അഭിഭാഷകർ മുതൽ വ്യവഹാരക്കാർ വരെ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അതിവേഗം കുറയ്ക്കുകയും ചെയ്തു. ഇന്ന് രാജ്യത്തുടനീളമുള്ള കോടതികൾ ഡിജിറ്റൈസ് ചെയ്യപ്പെടുകയാണ്. ഞാൻ സൂചിപ്പിച്ചതുപോലെ, ഈ ശ്രമങ്ങളിലെല്ലാം സുപ്രീം കോടതിയുടെ ഇ-കമ്മിറ്റി നിർണായക പങ്ക് വഹിക്കുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ വർഷം ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തിനും അംഗീകാരം ലഭിച്ചിരുന്നു. ഒരു ഏകീകൃത സാങ്കേതിക പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിലേക്ക് നാം നീങ്ങുകയാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ ഇതിന് കീഴിൽ ഉപയോഗിക്കും. തീർപ്പാക്കാത്ത കേസുകൾ വിശകലനം ചെയ്യാനും ഭാവി വ്യവഹാരങ്ങൾ പോലും പ്രവചിക്കാനും നമുക്ക് കഴിയും. സാങ്കേതികവിദ്യ പോലീസ്, ഫോറൻസിക്, ജയിലുകൾ, കോടതികൾ എന്നിവയെ സമന്വയിപ്പിക്കുകയും അവരുടെ ജോലി വേഗത്തിലാക്കുകയും ചെയ്യും. ഭാവിയിൽ പൂർണ്ണമായും സജ്ജമായ ഒരു നീതിന്യായ വ്യവസ്ഥയിലേക്കാണ് നാം നീങ്ങുന്നത്.
സുഹൃത്തുക്കളേ,
അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയ്‌ക്കൊപ്പം, ഒരു പ്രധാന മാറ്റത്തിൽ, നിയമങ്ങൾ, നയങ്ങൾ, ഉദ്ദേശ്യങ്ങൾ എന്നിവയും ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം. അതുകൊണ്ട്, സ്വാതന്ത്ര്യത്തിൻ്റെ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം, രാജ്യം ആദ്യമായി നമ്മുടെ നിയമ ചട്ടക്കൂടിൽ ഇത്രയും സുപ്രധാനവും നിർണായകവുമായ മാറ്റം വരുത്തി. ഭാരതീയ ന്യായ സംഹിതയുടെ രൂപത്തിൽ ഒരു പുതിയ ഇന്ത്യൻ നിയമ കോഡ് ഞങ്ങൾക്ക് ലഭിച്ചു. ‘പൗരൻ ആദ്യം, അന്തസ്സ് ആദ്യം, നീതി ആദ്യം’ എന്നതാണ് ഈ നിയമങ്ങളുടെ ആത്മാവ്. നമ്മുടെ ക്രിമിനൽ നിയമങ്ങൾ ഭരണാധികാരികളുടെയും പ്രജകളുടെയും കൊളോണിയൽ ചിന്താഗതിയിൽ നിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു. രാജ്യദ്രോഹം പോലുള്ള ബ്രിട്ടീഷ് നിയമങ്ങൾ നിർത്തലാക്കി. ഭാരതീയ ന്യായ സംഹിത പൗരന്മാരെ ശിക്ഷിക്കുക മാത്രമല്ല, പൗരന്മാർക്ക് സുരക്ഷ നൽകുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഒരു വശത്ത്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നിയമങ്ങൾ ഉണ്ടാക്കിയത്, മറുവശത്ത്, ചെറിയ കുറ്റങ്ങൾക്കുള്ള ശിക്ഷയായി സാമൂഹ്യസേവനം ആദ്യമായി ഏർപ്പെടുത്തി. ഭാരതീയ സാക്ഷ്യ അധീനിയത്തിന് കീഴിൽ, ഇലക്ട്രോണിക്, ഡിജിറ്റൽ റെക്കോർഡുകൾ ഇപ്പോൾ തെളിവായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ കീഴിൽ ഇപ്പോൾ ഇലക്ട്രോണിക് ആയി സമൻസ് അയക്കാം. ഇത് ജുഡീഷ്യറിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ ഭാരം കുറയ്ക്കുകയും ചെയ്യും. സുപ്രീം കോടതിയുടെ മാർഗനിർദേശപ്രകാരം ഈ പുതിയ സംവിധാനത്തിൽ ജില്ലാ ജുഡീഷ്യറിയെ പരിശീലിപ്പിക്കാൻ പുതിയ സംരംഭങ്ങൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ ജഡ്ജിമാർക്കും അഭിഭാഷക സഹപ്രവർത്തകർക്കും ഈ കാമ്പയിൻ്റെ ഭാഗമാകാം. ഈ പുതിയ സംവിധാനം പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിൽ അഭിഭാഷകർക്കും ബാർ അസോസിയേഷനുകൾക്കും നിർണായക പങ്കുണ്ട്.
സുഹൃത്തുക്കളേ,
രാജ്യവും സമൂഹവും അഭിമുഖീകരിക്കുന്ന മറ്റൊരു പൊള്ളുന്ന പ്രശ്നം ഉന്നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കുട്ടികളുടെ സുരക്ഷയും സമൂഹത്തിൻ്റെ ഗുരുതരമായ ആശങ്കകളാണ്. സ്ത്രീ സുരക്ഷയ്ക്കായി രാജ്യത്ത് നിരവധി കർശനമായ നിയമങ്ങൾ നിലവിൽ വന്നിട്ടുണ്ട്. 2019-ൽ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ ഗവൺമെന്റ് നിർദ്ദേശിച്ചു. ഇതിന് കീഴിൽ പ്രധാന സാക്ഷികൾക്ക് മൊഴിയെടുക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള വ്യവസ്ഥയുണ്ട്. ജില്ലാ നിരീക്ഷണ സമിതികൾക്കും ഇതിൽ കാര്യമായ പങ്കു വഹിക്കാനാകും. ഈ കമ്മിറ്റിയിൽ ജില്ലാ ജഡ്ജി, ഡിഎം, എസ്പി എന്നിവർ ഉൾപ്പെടുന്നു. ക്രിമിനൽ നീതിന്യായ സംവിധാനത്തിൻ്റെ വിവിധ വശങ്ങൾ തമ്മിൽ ഏകോപിപ്പിക്കുന്നതിൽ അവരുടെ പങ്ക് നിർണായകമാണ്. ഈ കമ്മിറ്റികളെ കൂടുതൽ സജീവമാക്കേണ്ടതുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വേഗത്തിൽ തീരുമാനങ്ങളെടുക്കുന്നു, ജനസംഖ്യയുടെ പകുതിയോളം പേർക്കും അവരുടെ സുരക്ഷിതത്വത്തിൽ കൂടുതൽ ആത്മവിശ്വാസമുണ്ടാകും.
സുഹൃത്തുക്കളേ,
ഇവിടെ നടക്കുന്ന ചർച്ചകൾ രാജ്യത്തിന് വിലപ്പെട്ട പരിഹാരങ്ങൾ നൽകുമെന്നും 'എല്ലാവർക്കും നീതി' എന്നതിലേക്കുള്ള പാത ശക്തിപ്പെടുത്തുമെന്നും ഞാൻ വിശ്വസിക്കുന്നു. ഈ ചർച്ച ജ്ഞാനത്തിൻ്റെ അമൃത് പകർന്നു നൽകുമെന്ന പ്രതീക്ഷയിൽ, ഒരിക്കൽ കൂടി, ഈ പവിത്രമായ ചടങ്ങിനും ഒത്തുചേരലിനും ഞാൻ നിങ്ങൾക്കെല്ലാവർക്കും എൻ്റെ ശുഭാശംസകൾ നേരുന്നു.
വളരെ നന്ദി.
----
(Release ID: 2067865)
Visitor Counter : 26
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada