പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പതിനാറാം ബ്രിക്സ് ഉച്ചകോടിയുടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

Posted On: 23 OCT 2024 5:22PM by PIB Thiruvananthpuram

ആദരണീയരേ,

16-ാമത് ബ്രിക്സ് ഉച്ചകോടി മികച്ച രീതിയിൽ സംഘടിപ്പിച്ചതിനു പ്രസിഡന്റ് പുടിന് അഭിനന്ദനങ്ങൾ.

ഒപ്പം, ബ്രിക്സിന്റെ ഭാഗമായ എല്ലാ പുതിയ സുഹൃത്തുക്കൾക്കും ഒരിക്കൽകൂടി ഊഷ്മളമായ സ്വാഗതം. പുതിയ രൂപത്തിൽ, ബ്രിക്സ് ലോകത്തിലെ മനുഷ്യരാശിയുടെ 40 ശതമാനവും ആഗോള സമ്പദ്‌വ്യവസ്ഥയുടെ 30 ശതമാനവും ഉൾക്കൊള്ളുന്നു.

കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയിൽ, ബ്രിക്സ് നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട്. വരുംകാലങ്ങളിൽ, ആഗോള വെല്ലുവിളികളെ നേരിടാൻ കൂടുതൽ ഫലപ്രദമായ മാധ്യമമായി ഈ സംഘടന ഉയർന്നുവരുമെന്ന് എനിക്കുറപ്പുണ്ട്.

ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് (NDB) പ്രസിഡന്റ് ദിൽമ റൂസഫിനും ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ, ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ വികസന ആവശ്യങ്ങൾക്കുള്ള പ്രധാന പോംവഴിയായി ഈ ബാങ്ക് ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യയിൽ GIFT അഥവാ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റിയും ആഫ്രിക്കയിലെയും റഷ്യയിലെയും പ്രാദേശിക കേന്ദ്രങ്ങളും തുറന്നത് ഈ ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് ഉത്തേജനമേകി. കൂടാതെ, ഏകദേശം 35 ബില്യൺ യുഎസ് ഡോളറിന്റെ വികസനപദ്ധതികൾ അനുവദിച്ചിട്ടുണ്ട്. ആവശ്യകത അടിസ്ഥാനമാക്കിയുള്ള തത്വത്തിൽ തുടർന്നും NDB പ്രവർത്തിക്കണം. കൂടാതെ, ബാങ്ക് വിപുലീകരിക്കുമ്പോൾ, ദീർഘകാല സാമ്പത്തിക സുസ്ഥിരത, ആരോഗ്യകരമായ വായ്പ വിലയിരുത്തൽ, വിപണിപ്രവേശനം എന്നിവ ഉറപ്പാക്കുന്നതു തുടരണം.

സുഹൃത്തുക്കളേ,

ബ്രിക്സ് അതിന്റെ പുതിയ വികസിത രൂപത്തിൽ, 30 ട്രില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവന്നു. നമ്മുടെ സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിൽ ബ്രിക്സ് വ്യവസായ സമിതിയും ബ്രിക്സ് വനിതാ വ്യവസായ സഖ്യവും പ്രത്യേക പങ്കു വഹിച്ചിട്ടുണ്ട്.

ഡബ്ല്യുടിഒ പരിഷ്കാരങ്ങൾ, കാർഷിക മേഖലയിലെ വ്യാപാരം സുഗമമാക്കൽ, ഇ-കൊമേഴ്സ്, പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവയിൽ ഈ വർഷം ബ്രിക്സിനുള്ളിലുണ്ടായ സമവായം നമ്മുടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തും. ഈ സംരംഭങ്ങൾക്കിടയിലും ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ താൽപ്പര്യങ്ങളിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം.

2021-ൽ ഇന്ത്യയുടെ അധ്യക്ഷപദത്തിൽ നിർദേശിച്ച ബ്രിക്സ് സ്റ്റാർട്ടപ്പ് വേദി ഈ വർഷം ആരംഭിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ലോജിസ്റ്റിക്സും വിതരണശൃംഖല സമ്പർക്കസൗകര്യവും വർധിപ്പിക്കുന്നതിൽ ഇന്ത്യ കൈക്കൊണ്ട റെയിൽവേ ഗവേഷണ ശൃംഖലാ സംരംഭവും പ്രധാന പങ്കു വഹിക്കുന്നു. ഈ വർഷം, UNIDO-യുടെ സഹകരണത്തോടെ, വ്യവസായം 4.0നുവേണ്ടി വിദഗ്ധ തൊഴിലാളികളെ ഒരുക്കുന്നതിനു ബ്രിക്സ് രാജ്യങ്ങൾ കൈക്കൊണ്ട സമവായം വളരെ പ്രധാനമാണ്.

2022-ൽ ആരംഭിച്ച ബ്രിക്സ് വാക്സിൻ ഗവേഷണ-വികസന കേന്ദ്രം എല്ലാ രാജ്യങ്ങളിലും ആരോഗ്യസുരക്ഷ വർധിപ്പിക്കാൻ സഹായിക്കുന്നു. ഡിജിറ്റൽ ആരോഗ്യത്തിലെ ഇന്ത്യയുടെ വിജയകരമായ അനുഭവം ബ്രിക്സ് പങ്കാളികളുമായി പങ്കിടുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

കാലാവസ്ഥാവ്യതിയാനം നമ്മുടെ പൊതുവായ മുൻഗണനാവിഷയമാണ്.

റഷ്യയുടെ അധ്യക്ഷതയിൽ ബ്രിക്സ് കാർബൺ പൊതു വിപണി പങ്കാളിത്തത്തിനുള്ള സമവായം സ്വാഗതാർഹമാണ്. ഇന്ത്യയിലും ഹരിതവളർച്ച, കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കുന്ന അടിസ്ഥാനസൗകര്യങ്ങൾ, ഹരിതപരിവർത്തനം എന്നിവയ്ക്കു പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. തീർച്ചയായും, അന്താരാഷ്ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം, മിഷൻ ലൈഫ് അഥവാ പരിസ്ഥിതിക്കനുസൃതമായ ജീവിതശൈലി, ‘ഏക് പേഡ് മാ കെ നാം’ അഥവാ അമ്മയുടെ പേരിൽ ഒരു മരം തുടങ്ങി നിരവധി സംരംഭങ്ങൾക്ക് ഇന്ത്യ മുൻകൈയെടുത്തിട്ടുണ്ട്.

കഴിഞ്ഞ വർഷം, COP-28ന്റെ സമയത്ത്, നാം ‘ഗ്രീൻ ക്രെഡിറ്റ്’ എന്ന സുപ്രധാന സംരംഭം ആരംഭിച്ചു. ഈ സംരംഭങ്ങളുടെ ഭാഗമാകാൻ ഞാൻ ബ്രിക്സ് പങ്കാളികളെ ക്ഷണിക്കുന്നു.

എല്ലാ ബ്രിക്സ് രാജ്യങ്ങളിലും അടിസ്ഥാനസൗകര്യങ്ങളുടെ നിർമാണത്തിനു പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

ഇന്ത്യയിൽ ബഹുതല സമ്പർക്കസൗകര്യം അതിവേഗം വിപുലീകരിക്കുന്നതിനായി ഞങ്ങൾ ഗതി-ശക്തി പോർട്ടൽ എന്ന പേരിൽ ഡിജിറ്റൽ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇതു സംയോജിത അടിസ്ഥാനസൗകര്യ വികസന ആസൂത്രണത്തിനും നടത്തിപ്പിനും സഹായകമാകുകയും ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുകയും ചെയ്തു.

ഞങ്ങളുടെ അനുഭവങ്ങൾ നിങ്ങൾക്കൊപ്പം പങ്കിടുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സംയോജനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

പ്രാദേശിക കറൻസികളുടെ വ്യാപാരവും അതിർത്തികൾക്കപ്പുറത്തേക്കുള്ള സുഗമമായ പണമിടപാടുകളും നമ്മുടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തും. ഇന്ത്യ വികസിപ്പിച്ചെടുത്ത ഏകീകൃത പണമിടപാടു സംവിധാനം (യുപിഐ) വലിയ വിജയഗാഥയാണ്. അതു പല രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം, ഷെയ്ഖ് മുഹമ്മദുമായി ചേർന്നു യുഎഇയിലും ഇതിനു തുടക്കം കുറിച്ചു. ഈ മേഖലയിൽ നമുക്കു മറ്റു ​ബ്രിക്സ് രാജ്യങ്ങളുമായി സഹകരിക്കാനും കഴിയും.

സുഹൃത്തുക്കളേ,

ബ്രിക്സിനു കീഴിൽ സഹകരണം വർധിപ്പിക്കുന്നതിന് ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധമാണ്.

വൈവിധ്യത്തിലും ബഹുധ്രുവത്വത്തിലുമുള്ള നമ്മുടെ കരുത്തുറ്റ വിശ്വാസമാണു നമ്മുടെ ശക്തി. നമ്മുടെ ഈ ശക്തിയും മാനവികതയിൽ നാം പങ്കിടുന്ന വിശ്വാസവും വരുംതലമുറകൾക്കു സമൃദ്ധവും ശോഭനവുമായ ഭാവിക്ക് അർഥവത്തായ രൂപം നൽകാൻ സഹായിക്കും.

വളരെ പ്രധാനപ്പെട്ടതും വിലപ്പെട്ടതുമായ ഇന്നത്തെ ചർച്ചകൾക്കു ഞാൻ ഏവരോടും നന്ദി പറയുന്നു.

ബ്രിക്സിന്റെ അടുത്ത അധ്യക്ഷൻ എന്ന നിലയിൽ, പ്രസിഡന്റ് ലുലയ്ക്കു ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. താങ്കളുടെ ബ്രിക്സ് അധ്യക്ഷപദത്തിന്റെ വിജയത്തിന് ഇന്ത്യ പൂർണ പിന്തുണ നൽകും.

ഒരിക്കൽകൂടി, പ്രസിഡന്റ് പുടിനും എല്ലാ നേതാക്കൾക്കും നന്ദി.

***

SK
 




(Release ID: 2067467) Visitor Counter : 21