പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റഷ്യൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 22 OCT 2024 10:32PM by PIB Thiruvananthpuram

പതിനാറാം ബ്രിക്സ് ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കസാനിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം ഇതു രണ്ടാം തവണയാണു നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. 2024 ജൂലൈയിൽ 22-ാം വാർഷിക ഉച്ചകോടിക്കായി ഇരുനേതാക്കളും മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

പതിനാറാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിനു പ്രസിഡന്റ് പുടിനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. റഷ്യയുടെ ബ്രിക്സ് അധ്യക്ഷപദത്തെ അഭിനന്ദിച്ച ശ്രീ മോദി, ബഹുരാഷ്ട്രവാദത്തിനു കരുത്തേകുന്നതിനും സുസ്ഥിരവികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനും ആഗോള ഭരണപരിഷ്കരണത്തിന് ഊന്നൽ നൽകുന്നതിനുമുള്ള ശ്രമങ്ങളെ ശ്ലാഘിക്കുകയും ചെയ്തു. രാഷ്ട്രീയം, സാമ്പത്തികം, പ്രതിരോധം, ഊർജം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷിസഹകരണം ഇരുനേതാക്കളും അവലോകനം ചെയ്തു. 2024 നവംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന വ്യാപാര-സാമ്പത്തിക-സാംസ്കാരിക കാര്യങ്ങൾക്കായുള്ള ഇന്ത്യ-റഷ്യ അന്തർഗവണ്മെന്റുതല കമ്മീഷൻ യോഗത്തെ നേതാക്കൾ സ്വാഗതം ചെയ്തു.

ബഹുരാഷ്ട്രവേദികളിലെ, പ്രത്യേകിച്ച് ബ്രിക്സിലെ, ഇന്ത്യ-റഷ്യ ഇടപെടലുകളെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി. യുക്രൈനിലെ നിലവിലെ സംഘർഷം ഉൾപ്പെടെ, പരസ്പരതാൽപ്പര്യമുള്ള പ്രധാന പ്രാദേശിക-ആഗോള വിഷയങ്ങളെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കിട്ടു. സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ സംഭാഷണവും നയതന്ത്രവുമാണു മുന്നോട്ടുള്ള വഴിയെന്നു പ്രധാനമന്ത്രി ആവർത്തിച്ചു.

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ ഗണ്യമായ വളർച്ച കൈവരിക്കുകയും പുനരുജ്ജീവനശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപ്രധാനപങ്കാളിത്തത്തിനു കൂടുതൽ കരുത്തേകുന്നതിനായി ഇടപെടൽ നടത്താൻ ഇരുനേതാക്കളും ധാരണയായി.

23-ാമം വാർഷിക ഉച്ചകോടിക്കായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ പ്രസിഡന്റ് പുടിനെ ശ്രീ മോദി ക്ഷണിച്ചു.

***

NK


(Release ID: 2067235) Visitor Counter : 45