പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ), മറ്റ് ക്ഷേമ പദ്ധതികൾ തുടങ്ങി എല്ലാ ഗവൺമെന്റ് ഭക്ഷ്യ പദ്ധതികളിലൂടെയും 2024 ജൂലൈ മുതൽ 2028 ഡിസംബർ വരെ നിലവിലുള്ള രൂപത്തിൽ ഫോർട്ടിഫൈഡ് / സമ്പുഷ്ടീകരിച്ച അരി നൽകുന്നത് തുടരുന്നതിന് കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നൽകി. രാജ്യത്തെ സൂക്ഷ്മപോഷക അഭാവത്തെ ചെറുക്കുന്നതിനുള്ള ഒരു പൂരക തന്ത്രമെന്ന നിലയിൽ ഈ അഭിലാഷ സംരംഭം തുടരും .
തലസീമിയ, അരിവാൾ രോഗം തുടങ്ങിയ ഹീമോഗ്ലോബിനോപ്പതികൾ ഉള്ള വ്യക്തികൾക്ക് ഉൾപ്പെടെ എല്ലാവർക്കും സമ്പുഷ്ടീകരിച്ച അരി കഴിക്കുന്നത് സുരക്ഷിതമാണെന്ന് ശാസ്ത്രീയ തെളിവുകൾ പിന്തുണയ്ക്കുന്നുണ്ട്.2018ലെ ഭക്ഷ്യ സുരക്ഷ മാനദണ്ഡ (ഭക്ഷണങ്ങളുടെ ഫോർട്ടിഫിക്കേഷൻ) നിയന്ത്രണ ചട്ടം അനുസരിച്ച്, തലസീമിയയും സിക്കിൾ സെൽ അനീമിയയും ഉള്ള വ്യക്തികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സമ്പുഷ്ടീകരിച്ച അരിയുടെ പാക്കേജിൽ നിർബന്ധമായും പ്രദർശിപ്പിക്കേണ്ടത് ആവശ്യമായിരുന്നു. ഈ മാർഗ്ഗനിർദ്ദേശത്തിന്റെ ആവശ്യകതയെ ഒരു ശാസ്ത്ര സമിതി ചോദ്യം ചെയ്തു. മറ്റൊരു രാജ്യവും പാക്കേജിംഗിൽ ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ പതിപ്പിക്കേണ്ടത് നിർബന്ധമാക്കുന്നില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.ഇതിനെ തുടർന്ന് , ഈ ഹീമോഗ്ലോബിനോപ്പതിയുള്ളവർക്ക് സൂക്ഷ്മ പോഷകമായ ഇരുമ്പ് ചേർത്ത അരിയുടെ സുരക്ഷിതത്വം വിലയിരുത്തുന്നതിനായി 2023-ൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് (DFPD) ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു.
നിലവിലെ തെളിവുകൾ ഈ അരി അത്തരം വ്യക്തികൾക്ക് ഒരുതരത്തിലുമുള്ള സുരക്ഷാ ആശങ്കകൾ സൃഷ്ടിക്കുന്നില്ലെന്ന് വർക്കിംഗ് ഗ്രൂപ്പിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
തലസീമിയ രോഗികളിൽ , രക്ത കൈമാറ്റത്തിലൂടെ ആഗിരണം ചെയ്യപ്പെടുന്ന ഇരുമ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഫോർട്ടിഫൈഡ് അരിയിൽ നിന്ന് ലഭിക്കുന്ന ഇരുമ്പിൻ്റെ അളവ് വളരെ കുറവാണ്. കൂടാതെ ഇവരിൽ അധികമായി ആഗിരണം ചെയ്യപ്പെടുന്ന ഇരുമ്പ് നിയന്ത്രിക്കാൻ പൊതുവേ പ്രത്യേക ചികിത്സ പ്രക്രിയ (chelation )നടത്താറുണ്ട്. രക്തത്തിലെ ഇരുമ്പിൻ്റെ ആഗിരണത്തെ നിയന്ത്രിക്കുന്ന ഹോർമോണായ ഹെപ്‌സിഡിൻ എന്ന ഹോർമോണിൻ്റെ സ്വാഭാവികമായി ഉയർന്ന അളവ് കാരണം അരിവാൾ രോഗം/സിക്കിൾ സെൽ അനീമിയ ഉള്ള വ്യക്തികളുടെ ശരീരം ഇരുമ്പ് അധികമായി ആഗിരണം ചെയ്യാൻ സാധ്യതയില്ല.
ഈ വിലയിരുത്തലിന് ശേഷം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ചെയർമാനായുള്ള സമിതി വിപുലമായ അവലോകനം നടത്തി. ഹെമറ്റോളജി, പോഷകാഹാരം, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന സമിതി, ശരീരത്തിലെ ഇരുമ്പ് ഉപാപചയം , ഫോർട്ടിഫൈഡ് അരിയിൽ നിന്നുള്ള ഇരുമ്പ് അളവിന്റെ സുരക്ഷ, ആഗോള ലേബലിംഗ് രീതികൾ എന്നിവയെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തി.
ഈ ആഗോള ശാസ്ത്രീയ അവലോകനത്തെ അടിസ്ഥാനമാക്കി, ഈ ഹീമോഗ്ലോബിനോപ്പതി രോഗങ്ങൾ ഉള്ള വ്യക്തികൾക്ക് ഇരുമ്പ് അടങ്ങിയ അരി ആരോഗ്യത്തിന് ഹാനികരമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും സമിതി കണ്ടെത്തിയില്ല. ഇന്ത്യയിലെ ആദിവാസി മേഖലകളിൽ നിന്നുള്ള 8,000-ത്തിലധികം പേർ പങ്കെടുത്ത ഒരു വലിയ സാമൂഹ്യ പഠനം സൂചിപ്പിക്കുന്നത്, സിക്കിൾ സെൽ രോഗികളിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗം പേർക്കും രക്തത്തിൽ ഇരുമ്പിൻ്റെ കുറവ് അനുഭവപ്പെടുന്നു എന്നാണ്. അരിവാൾ രോഗം /സിക്കിൾ സെൽ അനീമിയ അല്ലെങ്കിൽ തലസീമിയ എന്നിവയ്‌ക്ക് സമ്പുഷ്ടീകരിച്ച അരി കഴിക്കുന്നതിൽ നിന്നുള്ള ദോഷങ്ങളെക്കുറിച്ച് പ്രത്യേക തെളിവുകളൊന്നും നിലവിലില്ല.
ലോകാരോഗ്യ സംഘടന , യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പോലുള്ള സംഘടനകൾ എന്നിവ പാക്കേജിംഗിൽ അത്തരം മാർഗ്ഗ നിർദ്ദേശങ്ങൾ നിർബന്ധമാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയിൽ, ജാർഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഫോർട്ടിഫൈഡ് അരി വ്യാപകമായി ഇതിനകം വിതരണംചെയ്തിട്ടുണ്ട്. ഈ ഓരോ സംസ്ഥാനത്തെയും 2,64,000-ലധികം ഗുണഭോക്താക്കളിൽ ആർക്കും ശരീരത്തിൽ അമിത അളവിലെ ഇരുമ്പുമായി ബന്ധപ്പെട്ട ആരോഗ്യപരമായ പ്രതികൂല ഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് പാക്കേജിങ്ങിലെ മാർഗനിർദേശം ഒഴിവാക്കാനുള്ള കമ്മിറ്റിയുടെ ശുപാർശയെ കൂടുതൽ സാധൂകരിക്കുന്നു.
പാക്കേജിങ്ങിലെ മാർഗനിർദ്ദേശം ഒഴിവാക്കാനുള്ള കമ്മിറ്റിയുടെ ശുപാർശ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകരിച്ചു . ഫുഡ് അതോറിറ്റിയുടെ 44-ാമത് യോഗത്തിൽ അംഗീകരിച്ചതിനെത്തുടർന്ന് 2024 ജൂലൈയിൽ ഈ മാർഗ്ഗ നിർദ്ദേശങ്ങൾ ഔദ്യോഗികമായി നീക്കം ചെയ്തു.
രാജ്യത്ത് അരി സമ്പുഷ്ടീകരിക്കൽ പരിപാടി 2019-ൽ ഒരു പൈലറ്റ് പദ്ധതിയായി ആരംഭിക്കുകയും 3 ഘട്ടങ്ങളായി വർധിപ്പിക്കുകയും ചെയ്തു. ഫോർട്ടിഫിക്കേഷൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സമ്പ്രദായമാണ്.ഇതിൽ ഇന്ത്യ,ലോകാരോഗ്യ സംഘടനയുമായി (WHO) ചേർന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്നു. ലോകാരോഗ്യ സംഘടനയുടെ 2018-ലെ ശുപാർശകൾ അനുസരിച്ച്, അരി ഒരു പ്രധാന ഭക്ഷണമായ രാജ്യങ്ങളിൽ ഇരുമ്പ് ഉപയോഗിച്ച് അരി സമ്പുഷ്ടീകരിക്കൽ അത്യാവശ്യമാണ്. ഇന്ത്യയിൽ, ജനസംഖ്യയുടെ 65% ദിവസവും അരി കഴിക്കുന്നതിനാൽ, ഇരുമ്പ് കൊണ്ട് സമ്പുഷ്കീകരിച്ച അരി പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നു.
ഇന്ത്യയിൽ അരി സമ്പുഷ്ടീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഗണ്യമായി വികസിപ്പിച്ചിട്ടുണ്ട്. ഇതിനായി 30,000 പ്രവർത്തനക്ഷമമായ റൈസ് മില്ലുകളിൽ, 21,000-ലധികം ബ്ലെൻഡിംഗ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിലൂടെ പ്രതിമാസം 223 ലക്ഷം മെട്രിക് അരി സമ്പുഷ്ടികരിക്കുന്നു. രാജ്യത്തുടനീളമായി വിവിധ NABL-അക്രഡിറ്റഡ് ലാബുകൾ, ഇത്തരത്തിൽ സമ്പുഷ്ടീകരിച്ച അരിയുടെ ഗുണനിലവാര പരിശോധനകൾ കർശനമായി നടത്തുന്നതിനാൽ, അതിനായുള്ള പരിശോധന അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്.
****************************