പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഐടിയു വേൾഡ് ടെലികമ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി 2024 ഉദ്ഘാടനം ചെയ്തു


ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024ന്റെ എട്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു

ഇന്ത്യയിൽ, ഞങ്ങൾ ടെലികോമിനെ വിനിമയക്ഷമതയുടെ മാധ്യമമായി മാത്രമല്ല, തുല്യതയുടെയും അവസരത്തിന്റെയും മാധ്യമായി കൂടി പരിഗണിക്കുന്നു: പ്രധാനമന്ത്രി

ഡിജിറ്റൽ ഇന്ത്യയുടെ നാലു സ്തംഭങ്ങൾ ഞങ്ങൾ തിരിച്ചറിയുകയും നാലിലും ഒരേസമയം പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു; അതിലൂടെ ഞങ്ങൾക്കു ഫലം ലഭിച്ചു: പ്രധാനമന്ത്രി

ചിപ്പ്‌മുതൽ പൂർത്തിയായ ഉൽപ്പന്നംവരെ ലോകത്തിനു സമ്പൂർണ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഫോൺ നൽകുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി

വെറും 10 വർഷത്തിനുള്ളിൽ ഇന്ത്യ സ്ഥാപിച്ച ഒപ്റ്റിക്കൽ ഫൈബറിന്റെ നീളം ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ എട്ടിരട്ടിയാണ്: പ്രധാനമന്ത്രി

ഇന്ത്യ ഡിജിറ്റൽ സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിച്ചു: പ്രധാനമന്ത്രി

ലോകത്തു ക്ഷേമപദ്ധതികളെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകാൻ കഴിയുന്ന ഡിജിറ്റൽ സംവിധാനം ഇന്ന് ഇന്ത്യയിലുണ്ട്: പ്രധാനമന്ത്രി

സാങ്കേതികവിദ്യാമേഖലയെ സമഗ്രമാക്കുക, സാങ്കേതികസംവിധാനങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങൾക്കായി ഇന്ത്യ പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി

ആഗോള സ്ഥാപനങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യക്കുള്ള ആഗോള ചട്ടക്കൂടിന്റെയും ആഗോള നിർവഹണത്തിനായുള്ള ആഗോള മാർഗനിർദേശങ്ങളുടെയും പ്രാധാന്യം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചു: പ്രധാനമന്ത്രി

നമ്മുടെ ഭാവി സാങ്കേതികമായി കരുത്തുറ്റതും ധാർമികവുമാണെന്ന് ഉറപ്പാക്കണം; നമ്മുടെ ഭാവിയിൽ നവീകരണവും ഉൾപ്പെടുത്തലും ഉണ്ടായിരിക്കണം: പ്രധാനമന്ത്രി

Posted On: 15 OCT 2024 1:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ - വേൾഡ് ടെലികമ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി (WTSA) 2024 ഉദ്ഘാടനം ചെയ്തു. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024ന്റെ എട്ടാം പതിപ്പും ശ്രീ മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ പ്രദർശനവും അദ്ദേഹം വീക്ഷിച്ചു.

കേന്ദ്ര വാർത്താവിനിമയമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, സഹമന്ത്രി ശ്രീ ചന്ദ്രശേഖർ പെമ്മസാനി, ഐടിയു സെക്രട്ടറിജനറൽ ഡൊറീൻ ബോഗ്ദാൻ മാർട്ടിൻ, വിവിധ വിദേശ രാജ്യങ്ങളിലെ മന്ത്രിമാർ, പ്രമുഖർ, വ്യവസായ പ്രമുഖർ, ടെലികോം വിദഗ്ധർ, സ്റ്റാർട്ടപ്പ് ലോകത്തെ യുവാക്കൾ, മറ്റു വിശിഷ്ട വ്യക്തികൾ എന്നിവരെ WTSAയിലേക്കും ഇന്ത്യ മൊബൈൽ കോൺഗ്രസിലേക്കും (IMC) പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ITU വിലെ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്ത ശ്രീ മോദി, ആദ്യ WTSA യോഗത്തിന്റെ കേന്ദ്രമായി ഇന്ത്യയെ തെരഞ്ഞെടുത്തതിന് അവരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. “ടെലികോമിന്റെയും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെയും കാര്യത്തിൽ ഏറ്റവും കൂടുതൽ കാര്യങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ”- ശ്രീ മോദി പറഞ്ഞു. 120 കോടി അഥവാ 1200 ദശലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളും, 95 കോടി അഥവാ 950 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളും ലോകത്തെ മൊത്തം 40 ശതമാനത്തിലധികം തത്സമയ ഡിജിറ്റൽ ഇടപാടുകളും ഇന്ത്യയിലാണെന്നു രാജ്യത്തിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു. സാർവത്രിക എത്തിച്ചേരലിനു ഡിജിറ്റൽ വിനിമയക്ഷമത ഫലപ്രദമായ ഉപകരണമായി മാറിയതെങ്ങനെയെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള ടെലികമ്യൂണിക്കേഷൻ നിലവാരം ചർച്ച ചെയ്യുന്നതിനും ടെലികോമിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്കും ഇന്ത്യയെ ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുത്തതിന് അദ്ദേഹം ഏവരെയും അഭിനന്ദിച്ചു.

ഡബ്ല്യുടിഎസ്എയുടെയും ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെയും സംയോജിത സംഘടനയുടെ പ്രാധാന്യം എടുത്തുകാട്ടിയ പ്രധാനമന്ത്രി, ആഗോള നിലവാരത്തിൽ പ്രവർത്തിക്കുക എന്നതാണു ഡബ്ല്യുടിഎസ്എയുടെ ലക്ഷ്യമെന്നും ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ പങ്ക് സേവനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പറഞ്ഞു. ഇന്നത്തെ പരിപാടി‌ ആഗോളനിലവാരവും സേവനങ്ങളും ഒരൊറ്റവേദിയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരമുള്ള സേവനത്തിലും നിലവാരത്തിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, WTSA യുടെ അനുഭവം ഇന്ത്യക്കു പുതിയ ഊർജം പകരുമെന്നു പറഞ്ഞു.

WTSA സമവായത്തിലൂടെ ലോകത്തെ ശാക്തീകരിക്കുന്നുവെന്നും ഇന്ത്യ മൊബൈൽ കോൺഗ്രസ് വിനിമയക്ഷമതയിലൂടെ ലോകത്തെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ, ഈ പരിപാടിയിൽ സമവായവും വിനിമയക്ഷമതയും ഒത്തുചേരുന്നതായി ശ്രീ മോദി പറഞ്ഞു. സംഘർഷഭര‌ിതമായ ഇന്നത്തെ ലോകത്തു സംയോജനത്തിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹം, ‘വസുധൈവ കുടുംബക’മെന്ന ശാശ്വതസന്ദേശത്തിലാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി-20 ഉച്ചകോടിയെക്കുറിച്ചു പരാമർശിച്ച അദ്ദേഹം ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്ന സന്ദേശം കൈമാറുന്നതിനെക്കുറിച്ചു സംസാരിച്ചു. ലോകത്തെ സംഘർഷങ്ങളിൽന‌ിന്നു കരകയറ്റുന്നതിലും അതിനെ കൂട്ടിയിണക്കുന്നതിലും വ്യാപൃതമാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി പറഞ്ഞു. “പുരാതന പട്ടുപാതയായാലും ഇന്നത്തെ സാങ്കേതികപാതയായാലും ഇന്ത്യയുടെ ഏക ദൗത്യം ലോകത്തെ കൂട്ടിയിണക്കുകയും പുരോഗതിയുടെ പുതിയ വാതിലുകൾ തുറക്കുകയും ചെയ്യുക എന്നതാണ്” - പ്രധാനമന്ത്രി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഡബ്ല്യുടിഎസ്എയുടെയും ഐഎംസിയുടെയും ഈ പങ്കാളിത്തവും, പ്രാദേശികവും ആഗോളവുമായ സംയോജനവും, ഒരു രാജ്യത്തിനായി മാത്രമല്ല, ലോകത്തിനെമ്പാടും നേട്ടങ്ങൾ നൽകുന്ന മഹത്തായ സന്ദേശമാണു  പകരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.

“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മൊബൈൽ-ടെലികോം യാത്രകൾ ലോകം മുഴുവൻ പഠിക്കേണ്ട വിഷയമാണ്” - ശ്രീ മോദി പറഞ്ഞു. ലോകമെമ്പാടും മൊബൈലും ടെലികോമും സൗകര്യമായി കാണുമ്പോൾ, ടെലികോം വിനിമയക്ഷമതയുടെ മാധ്യമമായി മാത്രമല്ല, രാജ്യത്തെ തുല്യതയുടെയും അവസരത്തിന്റെയും മാധ്യമമായിക്കൂടി വർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നു സമ്പന്നരും ദരിദ്രരും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം നികത്താൻ ടെലികോം മാധ്യമമെന്ന നിലയിൽ സഹായിക്കുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരുദശാബ്ദംമുമ്പ്, ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചു പറഞ്ഞത് അനുസ്മരിച്ച പ്രധാനമന്ത്രി, ‘പീസ്-മീൽ’ സമീപനത്തിനുപകരം, സമഗ്രമായ സമീപനത്തിലൂടെയാണ് ഇന്ത്യ മുന്നോട്ടു പോകേണ്ടതെന്നു പറഞ്ഞതായി അഭിപ്രായപ്പെട്ടു. നിരക്കു കുറഞ്ഞ ഉപകരണങ്ങൾ, രാജ്യത്തിന്റെ മുക്കിലും മൂലയിലും ഡിജിറ്റൽ വിനിമയക്ഷമതയുടെ വ്യാപനം, എളുപ്പത്തിൽ പ്രാപ്യമാക്കാവുന്ന വിവരങ്ങൾ, ‘ഡിജിറ്റൽ ഫസ്റ്റ്’ എന്ന ലക്ഷ്യം എന്നിങ്ങനെ ഡിജിറ്റൽ ഇന്ത്യയുടെ നാലു സ്തംഭങ്ങൾ ശ്രീ മോദി പട്ടികപ്പെടുത്തി. അവ തിരിച്ചറിയുകയും, അതിനൊപ്പം പ്രവർത്തിക്കുകയും ചെയ്തതു മികച്ച ഫലങ്ങളിലേക്കു നയിച്ചു.

വിനിമയക്ഷമതയിലും ടെലികോം പരിഷ്കരണങ്ങളിലും ഇന്ത്യ കൈവരിച്ച പരിവർത്തന നേട്ടങ്ങൾ എടുത്തുകാട്ടിയ പ്രധാനമന്ത്രി, വിദൂര ഗോത്രവർഗ-മലയോര-അതിർത്തി പ്രദേശങ്ങളിലുടനീളം ആയിരക്കണക്കിനു മൊബൈൽ ടവറുകളുടെ കരുത്തുറ്റ ശൃംഖല രാജ്യം നിർമിച്ചത് എങ്ങനെയെന്നതിന് ഊന്നൽ നൽകി. രാജ്യത്തുടനീളം മൊബൈൽ ടവറുകളുടെ കരുത്തുറ്റ ശൃംഖല ഗവണ്മെന്റ് സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷനുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ വൈഫൈ സൗകര്യങ്ങൾ അതിവേഗം സ്ഥാപിക്കുന്നതും ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ് തുടങ്ങിയ ദ്വീപുകളെ കടലിനടിയിലെ കേബിളുകൾവഴി ബന്ധിപ്പിക്കുന്നതും ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങളിലെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾക്കു പ്രധാനമന്ത്രി അടിവരയിട്ടു. “വെറും 10 വർഷത്തിനിടെ ഇന്ത്യ സ്ഥാപിച്ച ഒപ്റ്റിക്കൽ ഫൈബറിന്റെ നീളം ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ എട്ടിരട്ടിയാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു. 5G സാങ്കേതികവിദ്യ ഇന്ത്യ അതിവേഗം സ്വീകരിക്കുന്നതു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, 5G സാങ്കേതികവിദ്യ രണ്ടുവർഷംമുമ്പാണ് ആരംഭിച്ചതെന്നും ഇന്നു മിക്കവാറും എല്ലാ ജില്ലകളും അതുമായി കൂട്ടിയിണക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ഇന്ത്യയെ ലോകത്തിലെ രണ്ടാമത്തെ വലിയ 5G വിപണിയാക്കി മാറ്റുമെന്നും പറഞ്ഞു. ഇന്ത്യ ഇതിനകം 6G സാങ്കേതികവിദ്യയിലേക്കു പുരോഗമിച്ചുവെന്നും ഭാവിക്കു സജ്ജമായ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെലികോം മേഖലയിലെ പരിഷ്കാരങ്ങളെക്കുറിച്ചു ചർച്ചചെയ്യവേ, ഡേറ്റാനിരക്കു കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പ്രധാനമന്ത്രി എടുത്തുകാട്ടി. ഒരു ജിബി ഡേറ്റയ്ക്ക് 10 മുതൽ 20 മടങ്ങുവരെ നിരക്കു കൂടുതലുള്ള ലോകത്തിലെ പല രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിൽ ഇന്റർനെറ്റ് ഡേറ്റയുടെ നിരക്ക് ഇപ്പോൾ ഒരു ജിബിക്ക് 12 ശതമാനം വരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ന്, ഓരോ ഇന്ത്യക്കാരനും പ്രതിമാസം ശരാശരി 30 ജിബി ഡാറ്റ ഉപയോഗിക്കുന്നു” - അദ്ദേഹം പറഞ്ഞു.

അത്തരം എല്ലാ ശ്രമങ്ങളെയും നാലാം സ്തംഭം, അതായത് ഡിജിറ്റൽ ഫസ്റ്റ് എന്ന ആത്മവീര്യം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോയതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യ ഡിജിറ്റൽ സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുകയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്ലാറ്റ്‌ഫോമുകളിലെ നവീകരണങ്ങൾ ദശലക്ഷക്കണക്കിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.  ജൻധൻ, ആധാർ, മൊബൈൽ എന്നിങ്ങനെയുള്ള ജെ എ എം  ട്രിനിറ്റിയുടെ പരിവർത്തന ശക്തി ശ്രീ മോദി എടുത്തുപറഞ്ഞു.  ഇത് എണ്ണമറ്റ പുതുമകൾക്ക് അടിത്തറയിട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധി കമ്പനികൾക്ക് പുതിയ അവസരങ്ങൾ നൽകിയ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യു പി ഐ ) അദ്ദേഹം പരാമർശിച്ചു. ഡിജിറ്റൽ വാണിജ്യത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ഒ എൻ ഡി സി യെ സംബന്ധിച്ചും അദ്ദേഹം പ്രതിപാദിച്ചു. കോവിഡ് -19 മഹാമാരി സമയത്ത്  അർഹരായവർക്ക്‌ സാമ്പത്തിക കൈമാറ്റം,  മാർഗനിർദേശങ്ങൾ സംബന്ധിച്ച യഥാസമയത്തുള്ള ആശയവിനിമയം, വാക്സിനേഷൻ ഡ്രൈവ്, ഡിജിറ്റൽ വാക്സിൻ സർട്ടിഫിക്കറ്റുകൾ കൈമാറൽ തുടങ്ങിയ തടസ്സങ്ങളില്ലാത്ത പ്രക്രിയകൾ ഉറപ്പാക്കുന്നതിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നിർവഹിച്ച പങ്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിജയത്തെ തുറന്നുകാട്ടിക്കൊണ്ട്     ആഗോളതലത്തിൽ തങ്ങളുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ പരിജ്ഞാനം പങ്കിടാനുള്ള രാജ്യത്തിൻ്റെ സന്നദ്ധത പ്രധാനമന്ത്രി പ്രകടമാക്കി. ജി 20 അധ്യക്ഷ കാലത്ത് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്  ഇന്ത്യ നൽകിയ ഊന്നൽ ഉയർത്തിക്കാട്ടിക്കൊണ്ട്, ലോകമെമ്പാടുമുള്ള ക്ഷേമ പദ്ധതികൾ മെച്ചപ്പെടുത്താൻ ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡി പി ഐ അറിവ് എല്ലാ രാജ്യങ്ങളുമായും പങ്കിടുന്നതിൽ രാഷ്ട്രത്തിന് സന്തോഷമുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു.

ഡബ്ല്യു ടി എസ് എയിൽ വനിതാ ഉദ്യമ ശൃംഖലയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ മോദി, സ്ത്രീകൾ നയിക്കുന്ന വികസനകാര്യത്തിൽ  ഇന്ത്യ വളരെ ഗൗരവത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് എടുത്തുപറഞ്ഞു.  ജി-20 യുടെ അധ്യക്ഷപദമലങ്കരിച്ചിരുന്ന വേളയിൽ ഇന്ത്യ ഈ പ്രതിബദ്ധത മുന്നോട്ടുകൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെക്‌നോളജി പ്ലാറ്റ്‌ഫോമുകളിലൂടെ സ്ത്രീകളെ ശാക്തീകരിച്ച് സാങ്കേതിക മേഖലയെ കൂടുതൽ ഉൾച്ചേർക്കലുള്ളതാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ വനിതാ ശാസ്ത്രജ്ഞരുടെ നിർണായക പങ്കും ഇന്ത്യയുടെ സ്റ്റാർട്ടപ്പുകളിൽ വനിതാ സഹസ്ഥാപകരുടെ എണ്ണം വർദ്ധിക്കുന്നതും അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യയിലെ എസ് ടി ഇ എം  വിദ്യാഭ്യാസത്തിൽ 40 ശതമാനവും വിദ്യാർത്ഥിനികളാണെന്നും സാങ്കേതിക മേഖലയിൽ നേതൃത്വം വഹിക്കുന്നതിന് സ്ത്രീകൾക്ക് ധാരാളം അവസരങ്ങൾ ഇന്ത്യ സൃഷ്ടിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൃഷിയിൽ ഡ്രോൺ വിപ്ലവം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകൾ നയിക്കുന്ന നമോ ഡ്രോൺ ദീദി എന്ന ഗവൺമെൻ്റിൻ്റെ പരിപാടിയും ശ്രീ മോദി എടുത്തുപറഞ്ഞു. ഡിജിറ്റൽ ബാങ്കിംഗും ഡിജിറ്റൽ പേയ്‌മെൻ്റും എല്ലാ വീട്ടിലും എത്തിക്കുന്നതിനായി ബാങ്ക് സഖി പ്രോഗ്രാം ആരംഭിച്ചതായും ഇത് ഡിജിറ്റൽ അവബോധത്തിലേക്ക് നയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ പ്രാഥമിക ആരോഗ്യ പരിപാലനം, മാതൃ-ശിശു സംരക്ഷണം എന്നിവയിൽ ആശ, അങ്കണവാടി വർക്കർമാരുടെ നിർണായക പങ്ക് എടുത്തുകാണിച്ചുകൊണ്ട്, ഇന്ന് ഈ തൊഴിലാളികൾ ടാബുകളും ആപ്പുകളും വഴി എല്ലാ ജോലികളും ട്രാക്ക് ചെയ്യുന്നുണ്ടെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. വനിതാ സംരംഭകർക്കായി ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ മഹിളാ ഇ-ഹാട്ട് പ്രോഗ്രാമും ഇന്ത്യ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് എല്ലാ ഗ്രാമങ്ങളിലും ഇന്ത്യയിലെ സ്ത്രീകൾ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്നത് സങ്കൽപ്പിക്കാൻപോലുമാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും കാലങ്ങളിൽ, ഇന്ത്യയുടെ എല്ലാ പുത്രിമാരും ടെക്‌നോളജി ലീഡർമാർ ആകുന്നിടത്ത് ഇന്ത്യ അതിൻ്റെ വ്യാപ്തി കൂടുതൽ വിപുലപ്പെടുത്തുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.


ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്ക് ആഗോള ചട്ടക്കൂട് സ്ഥാപിക്കേണ്ടതിൻ്റെ പ്രാധാന്യം പ്രധാനമന്ത്രി ആവർത്തിച്ചു. ഈ വിഷയം ഇന്ത്യ അതിൻ്റെ ജി-20 അധ്യക്ഷ പദവിയുടെ കാലത്ത് ഉയർത്തിയതാണെന്നു പറഞ്ഞ അദ്ദേഹം, ആഗോള ഭരണനിർവഹണത്തിൽ അതിൻ്റെ പ്രാധാന്യം തിരിച്ചറിയാൻ ആ​ഗോള സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. "ആഗോള സ്ഥാപനങ്ങൾ ആഗോള ഭരണനിർവഹണത്തിന്റെ പ്രാധാന്യം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു. ആഗോള തലത്തിൽ സാങ്കേതികവിദ്യയ്ക്കായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള ധാരണ സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഡിജിറ്റൽ ടൂളുകളുടെയും ആപ്ലിക്കേഷനുകളുടെയും അതിരുകളില്ലാത്ത പ്രകൃതം എടുത്തുകാണിക്കുകയും സൈബർ ഭീഷണികളെ ചെറുക്കുന്നതിലും ആഗോള സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിനോടകം വ്യവസ്ഥാപിതമായ ചട്ടക്കൂടുകളുള്ള വ്യോമയാന മേഖലയുമായി അദ്ദേഹം അതിനെ താരതമ്യം ചെയ്തു. സുരക്ഷിതമായ ഡിജിറ്റൽ ഇക്കോസിസ്റ്റവും ടെലികമ്മ്യൂണിക്കേഷനായി സുരക്ഷിതമായ ചാനലും സൃഷ്ടിക്കുന്നതിൽ സജീവമായ പങ്ക് വഹിക്കാൻ പ്രധാനമന്ത്രി മോദി ഡ ബ്ല്യു ടി എസ് എ യോട്  ആഹ്വാനം ചെയ്തു. “പരസ്പരബന്ധിതമായ ഒരു ലോകത്ത്, സുരക്ഷ ഒരു അനന്തര ചിന്തയാകാൻ പാടില്ല. ഇന്ത്യയുടെ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ടും നാഷണൽ സൈബർ സെക്യൂരിറ്റി സ്ട്രാറ്റജിയും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു," അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യങ്ങളുടെ വൈവിധ്യത്തെ മാനിക്കുന്ന ധാർമ്മിക എ ഐ , ഡാറ്റാ സ്വകാര്യത മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പെടെ, ഉൾച്ചേർക്കുന്നതും സുരക്ഷിതവും ഭാവിയിലെ വെല്ലുവിളികൾക്ക് അനുയോജ്യവുമായ മാനദണ്ഡങ്ങൾ സൃഷ്ടിക്കാൻ പ്രധാനമന്ത്രി അംഗങ്ങളോട് അഭ്യർത്ഥിച്ചു.


ഉത്തരവാദിത്തപരവും സുസ്ഥിരവുമായ നവീകരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിപ്ലവത്തിന് മനുഷ്യകേന്ദ്രീകൃതമായ മാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ന് നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ ഭാവിയുടെ ദിശ നിർണ്ണയിക്കുമെന്നും സുരക്ഷ, അന്തസ്സ്, തുല്യത എന്നിവയുടെ തത്വങ്ങൾ നമ്മുടെ ചർച്ചകളുടെ കേന്ദ്രബിന്ദുവായിരിക്കണമെന്നും   അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ഡിജിറ്റൽ പരിവർത്തനത്തിൽ ഒരു രാജ്യവും ഒരു പ്രദേശവും ഒരു സമൂഹവും പിന്നിലാകരുത് എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഉൾച്ചേർക്കലുമായി സന്തുലിതമായ നവീകരണത്തിൻ്റെ ആവശ്യകതയ്ക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഭാവി, സാങ്കേതികമായി ശക്തവും നൈതികമായി നൂതനവും ഉൾച്ചേർന്നതും ആണെന്ന് ഉറപ്പാക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഡബ്ല്യുടിഎസ്എയുടെ വിജയത്തിന് പ്രധാനമന്ത്രി ആശംസകൾ നേരുകയും പിന്തുണ അറിയിക്കുകയും ചെയ്തു.


കേന്ദ്ര വാർത്താവിനിമയ മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര കമ്മ്യൂണിക്കേഷൻ സഹമന്ത്രി ശ്രീ ചന്ദ്രശേഖർ പെമ്മസാനി, വിവിധ വ്യവസായ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കായുള്ള ഐക്യരാഷ്ട്രസഭ ഏജൻസിയുടെ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ക്രമവൽക്കരണ പ്രവർത്തനങ്ങൾക്കായി നാലുവർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഭരണനിർവഹണ സമ്മേളനമാണ് ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡർഡൈസേഷൻ അസംബ്ലി അഥവാ ഡ.ബ്ല്യു.ടി.എസ്.എ. ഇതാദ്യമായാണ് ഐ.ടി.യു-ഡബ്ല്യു.ടി.എസ്.എയ്ക്ക് ഏഷ്യ-പസഫിക്കും ഇന്ത്യയും ആതിഥേയത്വം വഹിക്കുന്നത്. ടെലികോം, ഡിജിറ്റൽ, ഐ.സി.ടി മേഖലകളെ പ്രതിനിധാനം ചെയ്തുകൊണ്ട് 190-ലധികം രാജ്യങ്ങളിൽനിന്ന് വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, സാങ്കേതിക വിദഗ്ധർ എന്നിങ്ങനെ 3000-ലധികംപേരെ ഒരുമിച്ചു കൊണ്ടുവരുന്ന സുപ്രധാന ആഗോള പരിപാടിയാണിത്.

6 ജി, നിർമ്മിത ബുദ്ധി, ഐ.ഒ.ടി, ബിഗ് ഡാറ്റ, സൈബർ സുരക്ഷ തുടങ്ങിയ വരുംതലമുറയിലെ നിർണ്ണായക സാങ്കേതികവിദ്യാ മാനദണ്ഡങ്ങളുടെ ഭാവിയെക്കുറിച്ചു ചർച്ച ചെയ്യാനും തീരുമാനങ്ങളെടുക്കാനും ഡബ്ല്യു.ടി.എസ്.എ 2024 രാജ്യങ്ങൾക്കു വേദി ഒരുക്കും. ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഗോള ടെലികോം അജണ്ടകൾ രൂപപ്പെടുത്തുന്നതിലും ഭാവി സാങ്കേതികവിദ്യകളുടെ ഗതി നിശ്ചയിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നതിന് ഇന്ത്യയ്ക്ക് അവസരം ലഭിക്കും. ബൗദ്ധിക സ്വത്തവകാശങ്ങളും അവശ്യ അടിസ്ഥാന പേറ്റന്റുകളും വികസിപ്പിക്കുന്നതിനുള്ള നിർണ്ണായക ഉൾക്കാഴ്ചകൾ നേടാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളും ഗവേഷണ സ്ഥാപനങ്ങളും.

മുൻനിര ടെലകോം കമ്പനികളും നൂതനാശയങ്ങളുടെ വക്താക്കളും 6 ജി, 5 ജി യൂസ്-കേസ് ഷോകേസ്, ക്ലൗഡ് ആൻഡ് എഡ്ജ് കമ്പ്യൂട്ടിങ്, ഐ.ഒ.ടി, സെമികണ്ടക്ടർ, സൈബർ സുരക്ഷ, ഹരിതസാങ്കേതികവിദ്യ, സാറ്റ്കോം, ഇലക്‌ട്രോണിക്‌സ് നിർമ്മാണം എന്നിവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് ക്വാണ്ടം സാങ്കേതികവിദ്യയിലും ചാക്രിക സമ്പദ്‌വ്യവസ്ഥയിലും ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുന്ന ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024ൽ പ്രദർശിപ്പിക്കപ്പെടും.

വ്യവസായം, ഗവണ്മെന്റ്, അക്കാദമിക്സ്, സ്റ്റാർട്ടപ്പുകൾ, സാങ്കേതികവിദ്യ-ടെലികോം ആവാസവ്യവസ്ഥയിലെ മറ്റ് പ്രധാന പങ്കാളികൾ എന്നിവയ്ക്കുള്ള നൂതനാശയങ്ങളിലൂന്നിയ പ്രതിവിധികൾ, സേവനങ്ങൾ, അത്യാധുനിക യൂസ് കേസുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിന് ആഗോളതലത്തിൽ വളരെ പ്രശസ്തമായ വേദിയായി ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ സാങ്കേതികവിദ്യാ ഫോറമായ ഇന്ത്യ മൊബൈൽ കോൺഗ്രസ് മാറി. 120 രാജ്യങ്ങളിൽ നിന്നുള്ള 400 പ്രദർശകർ, 900 സ്റ്റാർട്ട് അപ്പുകൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024 സംഘടിപ്പിക്കുന്നത്. 900 ലധികം സാങ്കേതിക യൂസ് കേസ് സാഹചര്യങ്ങളുടെ പ്രദർശനം, 600 ലധികം ആഗോള-ഇന്ത്യൻ പ്രഭാഷകരോടൊപ്പമുള്ള നൂറിലധികം സെഷനുകൾ സംഘടിപ്പിക്കൽ എന്നിവയും പരിപാടി ലക്ഷ്യമാക്കുന്നു.

-SK-

(Release ID: 2065009) Visitor Counter : 23