ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

അടൽ പെൻഷൻ യോജന (APY) ഗുണഭോക്താക്കളുടെ എണ്ണം 7 കോടി കവിഞ്ഞു, 2024-25 സാമ്പത്തിക വർഷം 56 ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കൾ

Posted On: 08 OCT 2024 9:01PM by PIB Thiruvananthpuram

 

അടൽ പെൻഷൻ യോജനയ്ക്ക് (APY) കീഴിലെ ഗുണഭോക്താക്കളുടെ ആകെ എണ്ണം 7 കോടി കവിഞ്ഞു. 2024-25 സാമ്പത്തിക വർഷം 56 ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കൾ രജിസ്റ്റർ ചെയ്തു. 10-ാം വർഷത്തിലേക്ക് കടക്കുന്ന പദ്ധതി, സമൂഹത്തിലെ അതീവ ദുർബലരായ ജനവിഭാഗങ്ങളെ പെൻഷൻ പരിധിയിൽ കൊണ്ടുവരികയെന്ന വലിയ ഒരു നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നത്.ബാങ്കുകളുടെയും SLBC /UTLBC കളുടെയും അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഈ നേട്ടം സാധ്യമായത്.

ഈ പദ്ധതിയെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന്, പെൻഷൻ ഫണ്ട് ആൻഡ് റെഗുലേറ്ററി ഡെവലപ്‌മെൻ്റ് അതോറിറ്റി (PFRDA), സംസ്ഥാന-ജില്ലാ തലങ്ങളിൽ APY പ്രചാരണം, ബോധവത്ക്കരണം, പരിശീലന പരിപാടികൾ, വിവിധ മാധ്യമ ചാനലുകൾ വഴിയുള്ള പ്രചാരണം ഉൾപ്പെടെ ഒട്ടേറെ സംരംഭങ്ങൾ ഏറ്റെടുത്തു. ഹിന്ദിയിലും ഇംഗ്ലീഷിലും 21 പ്രാദേശിക ഭാഷകളിലും ഒരു പേജ് മാത്രമുള്ള ലളിതമായ APY വിജ്ഞാപനപത്രിക/ലഘുലേഖ പുറത്തിറക്കുകയും നിരന്തര അവലോകനം നടത്തുകയും ചെയ്തു.

ഉറപ്പുള്ള പെൻഷൻ തുക വരിക്കാരന് ആജീവനാന്തവും, വരിക്കാരൻ്റെ മരണശേഷം അതേ പെൻഷൻ തുക ജീവിതപങ്കാളിക്കും നൽകി സമ്പൂർണ സുരക്ഷാ കവചം ഒരുക്കുന്ന തരത്തിലാണ് APY രൂപകൽപ്പന ചെയ്തിരിക്കുന്നത്. വരിക്കാരൻ്റെയും ജീവിതപങ്കാളിയുടെയും മരണശേഷം നിർദ്ദേശിക്കപ്പെട്ട അനന്തരാവകാശിയിലൂടെ അടച്ച തുക മുഴുവൻ (60 വയസ്സ് വരെ സ്വരൂപിച്ച തുക) കുടുംബത്തിന് തിരികെ ലഭിക്കുന്നു.

എല്ലാ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് ദരിദ്രർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുമായി ഒരു സാർവത്രിക സാമൂഹിക സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ 2015 മെയ് 9-നാണ്  APY ആരംഭിച്ചത്.



(Release ID: 2063377) Visitor Counter : 20