പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വച്ഛത ഹി സേവ 2024 പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
02 OCT 2024 7:20PM by PIB Thiruvananthpuram
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ മനോഹര്‍ ലാല്‍ ജി, ശ്രീ സി ആര്‍ പാട്ടീല്‍ ജി, ശ്രീ തോഖന്‍ സാഹു ജി, ശ്രീ രാജ് ഭൂഷണ്‍ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!
ഇന്ന് ആദരണീയ ബാപ്പുവിന്റെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജന്മദിനമാണ്. ഭാരതാംബയുടെ ഈ മഹാപുത്രന്മാരെ ഞാന്‍ വിനയപൂര്‍വ്വം നമിക്കുന്നു. ഗാന്ധിജിയും രാജ്യത്തെ മഹാരഥന്മാരും ഭാരതത്തിനായി വിഭാവനം ചെയ്ത സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഈ ദിനം നമ്മെ പ്രചോദിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
ഈ ഒക്‌ടോബര്‍ 2ന് കര്‍ത്തവ്യ ബോധത്താലും അഗാധമായ വൈകാരികതയാലും എന്റെ ഉളള് നിറഞ്ഞിരിക്കുന്നു. ഇന്ന് സ്വച്ഛ് ഭാരത് മിഷന്റെ 10 വര്‍ഷം തികയുന്നു. സ്വച്ഛ് ഭാരത് മിഷന്റെ ഈ യാത്ര കോടിക്കണക്കിന് ഇന്ത്യക്കാരുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, എണ്ണമറ്റ ഇന്ത്യക്കാര്‍ ഈ ദൗത്യം സ്വീകരിക്കുകയും അത് തങ്ങളുടേതാക്കി മാറ്റുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 10 വര്‍ഷത്തെ ഈ നാഴികക്കല്ലില്‍, എല്ലാ പൗരന്മാര്‍ക്കും, നമ്മുടെ ശുചീകരണ തൊഴിലാളികള്‍ക്കും, നമ്മുടെ മതനേതാക്കന്മാര്‍ക്കും, നമ്മുടെ കായികതാരങ്ങള്‍ക്കും, നമ്മുടെ സെലിബ്രിറ്റികള്‍ക്കും, എന്‍.ജി.ഒകള്‍ക്കും, മാധ്യമ സുഹൃത്തുക്കള്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനവും പ്രശംസയും അറിയിക്കുന്നു. നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് സ്വച്ഛ് ഭാരത് മിഷനെ ഇത്രയും വലിയ ഒരു പൊതു പ്രസ്ഥാനമാക്കി മാറ്റി. രാജ്യത്തിന് അപാരമായ പ്രചോദനം നല്‍കിക്കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് ഈ പരിപാടിയില്‍ സംഭാവന നല്‍കിയ രാഷ്ട്രപതി, ഉപരാഷ്ട്രപതി മുന്‍ രാഷ്ട്രപതിമാര്‍, മുന്‍ ഉപരാഷ്ട്രപതിമാര്‍ എന്നിവരോട് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സംഭാവനകള്‍ക്ക് ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഇന്ന് രാജ്യത്തുടനീളം ശുചിത്വവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുന്നു. ആളുകള്‍ തങ്ങളുടെ ഗ്രാമങ്ങള്‍, നഗരങ്ങള്‍, ചുറ്റുപാടുകള്‍, അത് പാർപ്പിട സമുച്ചയങ്ങളോ സൊസൈറ്റികളോ ആകട്ടെ, ഉത്സാഹത്തോടെ വൃത്തിയാക്കുന്നു. നിരവധി സംസ്ഥാന മുഖ്യമന്ത്രിമാരും മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും ഈ പരിപാടിയില്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്തുടനീളം കോടിക്കണക്കിന് ആളുകള്‍ ശുചീകരണ യജ്ഞങ്ങളില്‍ പങ്കാളികളായി. 'സേവ പഖ്‌വാഡ'യുടെ (ദ്വൈവാര സേവനം) 15 ദിവസങ്ങളില്‍ 28 കോടിയിലധികം ആളുകള്‍ പങ്കെടുത്ത 27 ലക്ഷത്തിലധികം പരിപാടികള്‍ രാജ്യവ്യാപകമായി സംഘടിപ്പിച്ചതായി എന്നെ അറിയിച്ചിട്ടുണ്ട്. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് ഭാരതത്തെ വൃത്തിയായി സൂക്ഷിക്കാന്‍ കഴിയൂ. ഓരോ ഇന്ത്യക്കാരനോടും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ഈ സുപ്രധാന ഘട്ടത്തില്‍, ശുചിത്വവുമായി ബന്ധപ്പെട്ട് ഏകദേശം 10,000 കോടി രൂപയുടെ പുതിയ പദ്ധതികളും ആരംഭിച്ചു. അമൃത് ദൗത്യത്തിന് കീഴില്‍, രാജ്യത്തെ പല നഗരങ്ങളിലും ജലമലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍മ്മിക്കും. അത് 'നമാമി ഗംഗ' യുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമായാലും 'ഗോബര്‍ധന്‍' പ്ലാന്റുകളിലൂടെ മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നതായാലും, ഈ സംരംഭങ്ങള്‍ സ്വച്ഛ് ഭാരത് മിഷനെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തും. സ്വച്ഛ് ഭാരത് ദൗത്യം എത്രത്തോളം വിജയകരമാണോ അത്രത്തോളം നമ്മുടെ രാജ്യം പ്രകാശിക്കും.
സുഹൃത്തുക്കളേ,
21-ാം നൂറ്റാണ്ടിലെ ഭാരതത്തെ കുറിച്ച് പഠിക്കുമ്പോള്‍ ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും സ്വച്ഛ് ഭാരത് കാമ്പയിന്‍ ഓര്‍മ്മിക്കപ്പെടും. സ്വച്ഛ് ഭാരത് ഈ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും വലുതും വിജയകരവുമായ ജനങ്ങള്‍ നേതൃത്വം നല്‍കുന്ന, ജനങ്ങളാല്‍ നയിക്കപ്പെടുന്ന പൊതു പ്രസ്ഥാനമാണ്. ഈ ദൗത്യം ഞാന്‍ ദൈവികമായി കരുതുന്ന ആളുകളുടെ ഊര്‍ജ്ജം കാണിച്ചു തന്നു. എന്നെ സംബന്ധിച്ചിടത്തോളം ശുചിത്വം ജനങ്ങളുടെ ശക്തിയുടെ ആഘോഷമായി മാറിയിരിക്കുന്നു. ഞാന്‍ വളരെയധികം ഓര്‍മ്മിപ്പിക്കുന്നു... ഈ കാമ്പയിന്‍ ആരംഭിച്ചപ്പോള്‍, ദശലക്ഷക്കണക്കിന് ആളുകള്‍ ഒരേസമയം ശുചീകരണത്തില്‍ ഏര്‍പ്പെട്ടു. കല്യാണം മുതല്‍ പൊതുപരിപാടികള്‍ വരെ വൃത്തിയുടെ സന്ദേശമായിരുന്നു എങ്ങും. ശൗചാലയ നിര്‍മ്മാണത്തിന് സംഭാവന നല്‍കുന്നതിനായി പ്രായമായ ഒരു അമ്മ തന്റെ ആടുകളെ വിറ്റപ്പോള്‍, ചിലര്‍ അവരുടെ കെട്ടുതാലി വിറ്റു, ചിലര്‍ ശുചിമുറികളുടെ നിര്‍മ്മാണത്തിനായി ഭൂമി സംഭാവന ചെയ്തു. വിരമിച്ച ചില അധ്യാപകര്‍ അവരുടെ പെന്‍ഷനുകള്‍ സംഭാവന ചെയ്തു, സൈനികര്‍ അവരുടെ വിരമിക്കല്‍ ഫണ്ട് ശുചിത്വത്തിനായി സമര്‍പ്പിച്ചു. ക്ഷേത്രങ്ങളിലോ മറ്റെന്തെങ്കിലും പരിപാടികളിലോ ഈ സംഭാവനകള്‍ നല്‍കിയിരുന്നെങ്കില്‍, അവ പത്രങ്ങളില്‍ പ്രധാനവാര്‍ത്തയാക്കുകയും ഒരാഴ്ചക്കാലം ചര്‍ച്ച ചെയ്യുകയും ചെയ്യുമായിരുന്നു. പക്ഷേ, ടിവിയില്‍ ഒരിക്കലും മുഖം വരാത്ത, പേരുകള്‍ ഒരിക്കലും തലക്കെട്ടുകളില്‍ വരാത്തവര്‍, സമയമോ സമ്പത്തോ ആകട്ടെ, ഈ പ്രസ്ഥാനത്തിന് പുതിയ ശക്തിയും ഊര്‍ജവും നല്‍കി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് രാഷ്ട്രം അറിയണം. ഇത് നമ്മുടെ രാജ്യത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍, കോടിക്കണക്കിന് ആളുകള്‍ ചണവും തുണി സഞ്ചികളും ഷോപ്പിംഗിനായി ഉപയോഗിക്കാന്‍ തുടങ്ങി. ഞാന്‍ അവരോട് നന്ദിയുള്ളവനാണ്. അല്ലാത്തപക്ഷം, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് നിരോധിക്കുന്നതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നെങ്കില്‍, പ്ലാസ്റ്റിക് വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പ്രതിഷേധിക്കുകയും നിരാഹാരസമരം നടത്തുകയും ചെയ്യുമായിരുന്നു... പക്ഷേ അവര്‍ അങ്ങനെ ചെയ്തില്ല. സാമ്പത്തിക നഷ്ടത്തിലും അവര്‍ സഹകരിച്ചു. മോദി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ചുവെന്നും തൊഴിലില്ലായ്മ ഉണ്ടാക്കിയെന്നും അവകാശപ്പെട്ട് പ്രതിഷേധിക്കാമായിരുന്ന രാഷ്ട്രീയ പാര്‍ട്ടികളോടും ഞാന്‍ നന്ദി പറയുന്നു. ഇപ്പോഴെങ്കിലും അവരുടെ ശ്രദ്ധ അവിടേക്ക് പോയില്ല എന്നതിന് ഞാന്‍ നന്ദിയുള്ളവനാണ്.
സുഹൃത്തുക്കളേ,
നമ്മുടെ സിനിമാ വ്യവസായവും ഈ മുന്നേറ്റത്തില്‍ പിന്നിലല്ല. വാണിജ്യ താല്‍പ്പര്യം നോക്കാതെ, സിനിമാ വ്യവസായ മേഖല, വൃത്തിയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ സിനിമകള്‍ ചെയ്തു. ഈ 10 വര്‍ഷത്തിനിടയില്‍, ഇത് ഒറ്റത്തവണയുള്ള കാര്യമല്ലെന്ന് എനിക്ക് തോന്നുന്നു, ഇത് ഓരോ നിമിഷവും എല്ലാ ദിവസവും നിര്‍വഹിക്കേണ്ട ഒരു തുടര്‍ച്ചയായ ജോലിയാണ്. ഞാന്‍ ഇത് ഊന്നിപ്പറയുമ്പോള്‍, ഞാന്‍ ഈ വിശ്വാസത്തില്‍ ജീവിക്കുന്നു. 'മന്‍ കി ബാത്തില്‍' ഞാന്‍ ഏകദേശം 800 തവണ ശുചിത്വത്തെ കുറിച്ച് പരാമര്‍ശിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ശുചിത്വത്തിനായുള്ള തങ്ങളുടെ പരിശ്രമങ്ങളും അര്‍പ്പണബോധവും പങ്കുവെച്ച് ആളുകള്‍ ലക്ഷക്കണക്കിന് കത്തുകള്‍ അയയ്ക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, രാജ്യത്തിന്റെയും ജനങ്ങളുടെയും നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍, ഒരു ചോദ്യം ഉയര്‍ന്നുവരുന്നു: എന്തുകൊണ്ട് ഇത് നേരത്തെ സംഭവിച്ചില്ല? സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി നമുക്ക് ശുചിത്വത്തിലേക്കുള്ള വഴി കാണിച്ചുതന്നിരുന്നു. അദ്ദേഹം നമ്മെ കാണിച്ചു തരിക മാത്രമല്ല പഠിപ്പിക്കുകയും ചെയ്തു. പിന്നെ എന്ത് കൊണ്ടാണ് സ്വാതന്ത്ര്യത്തിന് ശേഷം ശുചീകരണത്തിന് ശ്രദ്ധ കൊടുക്കാതിരുന്നത്? ഗാന്ധിയുടെ പേരില്‍ അധികാരം നേടുകയും അദ്ദേഹത്തിന്റെ പേരില്‍ വോട്ട് നേടുകയും ചെയ്തവര്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയമായ ശുചിത്വത്തെക്കുറിച്ച് മറന്നു. വൃത്തിഹീനത ജീവിതരീതിയായി സ്വീകരിച്ചതുപോലെ, ശൗചാലയങ്ങളുടെ അഭാവം നാടിന്റെ പ്രശ്‌നമായി അവര്‍ കണ്ടില്ല. തല്‍ഫലമായി, ആളുകള്‍ വൃത്തിഹീനമായി ജീവിക്കാന്‍ നിര്‍ബന്ധിതരായി. മാലിന്യം നിത്യജീവിതത്തിന്റെ ഭാഗമായി. ശുചിത്വം ചര്‍ച്ച ചെയ്യപ്പെടാതെ പോയി. അതിനാല്‍, ഞാന്‍ ചുവപ്പുകോട്ടയില്‍ നിന്ന് വിഷയം ഉന്നയിച്ചപ്പോള്‍ അത് കൊടുങ്കാറ്റുണ്ടാക്കി. ശൗചാലയങ്ങളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും സംസാരിക്കുന്നത് ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ ജോലിയല്ലെന്ന് ചിലര്‍ എന്നെ പരിഹസിച്ചു, അവര്‍ ഇപ്പോഴും പരിഹാസം തുടരുന്നു.
എന്നാല്‍ സുഹൃത്തുക്കളേ,
ഈ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം എളുപ്പമാക്കുക എന്നതാണ് ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ ആദ്യ ജോലി. എന്റെ ഉത്തരവാദിത്തം മനസ്സിലാക്കി, ഞാന്‍ ശൗചാലയങ്ങളെ കുറിച്ച് സംസാരിച്ചു, സാനിറ്ററി പാഡുകളെ കുറിച്ച് സംസാരിച്ചു. അതിന്റെ ഫലവും ഇന്ന് നാം കാണുന്നു.
സുഹൃത്തുക്കളെ,
10 വര്‍ഷം മുമ്പ് വരെ, ഭാരതത്തിലെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകള്‍ തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. ഇത് മനുഷ്യന്റെ അന്തസ്സിനു നേരെയുള്ള അവഹേളനമായിരുന്നു. മാത്രവുമല്ല, രാജ്യത്തെ ദരിദ്രര്‍ക്കും, ദളിതര്‍ക്കും, ആദിവാസികള്‍ക്കും, പിന്നാക്ക സമുദായങ്ങള്‍ക്കും ഇത് അപമാനമായിരുന്നു തലമുറകളായി തുടരുന്ന അപമാനം. ശൗചാലയങ്ങളുടെ അഭാവം നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വലിയ ദുരിതമാണ് സൃഷ്ടിച്ചത്. വേദനയും അസ്വസ്ഥതയും സഹിക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു, ഇരുട്ടിന്റെ ആശ്വാസത്തിനായി കാത്തിരിക്കുക, അത് അവരുടെ സുരക്ഷയ്ക്ക് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിച്ചു. തണുപ്പായാലും മഴയായാലും അവര്‍ സൂര്യോദയത്തിന് മുമ്പ് പോകേണ്ടതായിരുന്നു. എന്റെ രാജ്യത്തെ കോടിക്കണക്കിന് അമ്മമാര്‍ ഓരോ ദിവസവും ഈ ദുരനുഭവത്തിലൂടെ കടന്നുപോയി. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍ നമ്മുടെ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കി. ശിശുമരണങ്ങളുടെ ഒരു പ്രധാന കാരണമായിരുന്നു അത്. വൃത്തിഹീനമായ സാഹചര്യങ്ങള്‍ കാരണം ഗ്രാമങ്ങളിലും ചേരികളിലും രോഗം പടരുന്നത് പതിവായിരുന്നു.
സുഹൃത്തുക്കളേ,
ഇത്തരമൊരു സാഹചര്യത്തില്‍ ഒരു രാജ്യത്തിന് എങ്ങനെ പുരോഗതി കൈവരിക്കാനാകും? അതുകൊണ്ടാണ് കാര്യങ്ങള്‍ പഴയതുപോലെ തുടരാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഞങ്ങള്‍ ഇതൊരു ദേശീയവും മാനുഷികവുമായ വെല്ലുവിളിയായി കണക്കാക്കുകയും അത് പരിഹരിക്കാന്‍ ഒരു ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്തു. ഇവിടെയാണ് 'സ്വച്ഛ് ഭാരത് മിഷന്റെ' (ക്ലീന്‍ ഇന്ത്യ മിഷന്‍) വിത്ത് പാകിയത്. ഈ പരിപാടി, ഈ ദൗത്യം, ഈ പ്രസ്ഥാനം, ഈ പ്രചാരണം, പൊതുജന ബോധവല്‍ക്കരണത്തിനുള്ള ഈ പരിശ്രമം കഷ്ടപ്പാടിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് ജനിച്ചത്. കഷ്ടപ്പാടുകളില്‍ നിന്ന് ജനിച്ച ദൗത്യങ്ങള്‍ ഒരിക്കലും മരിക്കില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ കോടിക്കണക്കിന് ഇന്ത്യക്കാര്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചു. രാജ്യത്ത് 12 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. 40 ശതമാനത്തില്‍ താഴെയായിരുന്ന ശൗചാലയങ്ങള്‍ ഇപ്പോള്‍ 100 ശതമാനത്തിലെത്തി.
സുഹൃത്തുക്കളേ,
രാജ്യത്തെ സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍ ചെലുത്തിയ സ്വാധീനം വിലമതിക്കാനാവാത്തതാണ്. അടുത്തിടെ, ഒരു പ്രശസ്ത അന്താരാഷ്ട്ര ജേണലില്‍ ഒരു പഠനം പ്രസിദ്ധീകരിച്ചു. യുഎസിലെ വാഷിംഗ്ടണിലെ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. സ്വച്ഛ് ഭാരത് മിഷന്‍ പ്രതിവര്‍ഷം 60,000 മുതല്‍ 70,000 വരെ കുട്ടികളുടെ ജീവന്‍ രക്ഷിച്ചതായി കണ്ടെത്തി. ആരെങ്കിലും രക്തം ദാനം ചെയ്ത് ഒരു ജീവന്‍ രക്ഷിച്ചാലും അതൊരു മഹത്തായ സംഭവമാണ്. എന്നാല്‍, വൃത്തിയിലൂടെയും മാലിന്യങ്ങള്‍ നീക്കം ചെയ്തും മാലിന്യം ഇല്ലാതാക്കിക്കൊണ്ടും 60,000-70,000 കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു ദൈവത്തില്‍ നിന്നുള്ള വലിയ അനുഗ്രഹം മറ്റെന്തുണ്ട്? ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2014 നും 2019 നും ഇടയില്‍, 300,000 ജീവന്‍ രക്ഷിക്കപ്പെട്ടു, അല്ലാത്തപക്ഷം വയറിളക്കം മൂലം ഇത്രയും ജീവനുകള്‍ നഷ്ടപ്പെടുമായിരുന്നു. സുഹൃത്തുക്കളേ,ഇത് മനുഷ്യ സേവനത്തിന്റെ കടമയായി മാറിയിരിക്കുന്നു.
90 ശതമാനത്തിലധികം സ്ത്രീകളും ഇപ്പോള്‍ വീട്ടില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതുമൂലം സുരക്ഷിതത്വം അനുഭവിക്കുന്നതായി യുണിസെഫിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വച്ഛ് ഭാരത് മിഷന്‍ കാരണം സ്ത്രീകളില്‍ അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങളും ഗണ്യമായി കുറഞ്ഞു. അത് അവിടെ അവസാനിക്കുന്നില്ല. ആയിരക്കണക്കിന് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ശൗചാലയങ്ങള്‍ നിര്‍മിച്ചതിനാല്‍ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറഞ്ഞു. UNICEFന്റെ മറ്റൊരു പഠനം കാണിക്കുന്നത്, ശുചിത്വം കാരണം ഗ്രാമീണ കുടുംബങ്ങള്‍ പ്രതിവര്‍ഷം ശരാശരി 50,000 രൂപ ലാഭിക്കുന്നു എന്നാണ്. നേരത്തെ, ഇത്രയും തുക പതിവ് രോഗങ്ങള്‍ക്കുള്ള വൈദ്യചികിത്സയ്‌ക്കോ അല്ലെങ്കില്‍ അസുഖം കാരണം ജോലി ചെയ്യാന്‍ കഴിയാത്തതുമൂലം നഷ്ടപ്പെടുകയോ ചെയ്യുമായിരുന്നു.
സുഹൃത്തുക്കളേ,
ശുചിത്വത്തിന് ഊന്നല്‍ നല്‍കുന്നത് കുട്ടികളുടെ ജീവന്‍ രക്ഷിക്കും, നിങ്ങള്‍ക്ക് മറ്റൊരു ഉദാഹരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഗോരഖ്പൂരിലും പരിസര പ്രദേശങ്ങളിലും നൂറുകണക്കിന് കുട്ടികള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നതിനെക്കുറിച്ച് നിരന്തരം ബ്രേക്കിംഗ് ന്യൂസ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ മാലിന്യം വിട്ട് വൃത്തി വന്നതോടെ ആ റിപ്പോര്‍ട്ടുകളും ഇല്ലാതായി. അഴുക്കിനൊപ്പം എന്താണ് പോകുന്നതെന്ന് കാണുക! ഇതിന് ഒരു പ്രധാന കാരണം സ്വച്ഛ് ഭാരത് മിഷന്‍ കൊണ്ടുവന്ന പൊതുജന അവബോധവും തുടര്‍ന്നുള്ള ശുചിത്വവുമാണ്.
സുഹൃത്തുക്കളേ,
വൃത്തിയോടുള്ള ബഹുമാനം വര്‍ധിച്ചത് രാജ്യത്ത് ഗണ്യമായ മനശാസ്ത്രപരമായ മാറ്റത്തിനും കാരണമായി. ഇന്ന് ഇത് പരാമര്‍ശിക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. നേരത്തെ, ശുചീകരണ ജോലിയുമായി ബന്ധപ്പെട്ട ആളുകളെ ഒരു പ്രത്യേക വെളിച്ചത്തിലാണ് കണ്ടിരുന്നത്, അവരെ എങ്ങനെ വീക്ഷിച്ചുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സമൂഹത്തിലെ വലിയൊരു വിഭാഗം, മാലിന്യം തങ്ങളുടെ അവകാശമാക്കി മാറ്റുകയാണെന്ന് കരുതി, അത് വൃത്തിയാക്കേണ്ടത് മറ്റാരുടെയെങ്കിലും ഉത്തരവാദിത്തമാണെന്ന് വിശ്വസിച്ചു, വൃത്തിയാക്കുന്നവരെ അവഹേളിച്ചുകൊണ്ട് ധാര്‍ഷ്ട്യത്തോടെ ജീവിക്കുന്നു. എന്നാല്‍ നമ്മളെല്ലാവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ തുടങ്ങിയപ്പോള്‍, ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പോലും തങ്ങള്‍ ചെയ്യുന്ന ജോലിയാണ് പ്രധാനമെന്ന് തോന്നി, മറ്റുള്ളവരും അവരുടെ ശ്രമങ്ങളുടെ ഭാഗമാകാന്‍ തുടങ്ങി. ഇത് വലിയ മാനസികമായ മാറ്റത്തിന് കാരണമായി. സ്വച്ഛ് ഭാരത് മിഷന്‍ കുടുംബങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും വലിയ ബഹുമാനവും അന്തസ്സും കൊണ്ടുവന്നു, അവരുടെ സംഭാവനയില്‍ അഭിമാനിക്കുന്നു. ഇന്ന് അവര്‍ ഞങ്ങളെ ബഹുമാനത്തോടെ നോക്കുന്നു. വെറും വയറു നിറയ്ക്കാന്‍ വേണ്ടി മാത്രമല്ല, രാഷ്ട്രത്തിന് തിളക്കം നല്‍കാനും തങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതില്‍ അവര്‍ ഇപ്പോള്‍ അഭിമാനിക്കുന്നു. സ്വച്ഛ് ഭാരത് മിഷന്‍ ദശലക്ഷക്കണക്കിന് ശുചീകരണ തൊഴിലാളികള്‍ക്ക് അഭിമാനവും അന്തസ്സും നല്‍കി. ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവര്‍ക്ക് മാന്യമായ ജീവിതം നല്‍കാനും ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സെപ്റ്റിക് ടാങ്കുകളില്‍ സ്വമേധയാ പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാനും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരും സ്വകാര്യ മേഖലയും പൊതുജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, കൂടാതെ നിരവധി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുന്നു, പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്നു.
സുഹൃത്തുക്കളേ,
സ്വച്ഛ് ഭാരത് മിഷന്‍ എന്നത് ശുചിത്വത്തിനുള്ള ഒരു പരിപാടി മാത്രമല്ല; അതിന്റെ വ്യാപ്തി വ്യാപകമായി വികസിച്ചുകൊണ്ടിരിക്കുന്നു. അത് ഇപ്പോള്‍ വൃത്തിയുടെ അടിസ്ഥാനത്തിലുള്ള സമൃദ്ധിക്ക് വഴിയൊരുക്കുന്നു. സ്വച്ഛ് ഭാരത് മിഷന്‍ വലിയ തോതിലുള്ള തൊഴിലവസരങ്ങളും സൃഷ്ടിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കോടിക്കണക്കിന് ശുചിമുറികളുടെ നിര്‍മ്മാണം നിരവധി മേഖലകള്‍ക്ക് പ്രയോജനം ചെയ്തു, ആളുകള്‍ക്ക് ജോലി നല്‍കുന്നു. ഗ്രാമങ്ങളില്‍, മേസണ്‍മാര്‍, പ്ലംബര്‍മാര്‍, തൊഴിലാളികള്‍ തുടങ്ങി നിരവധി പേര്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തി. ഈ ദൗത്യം മൂലം ഏകദേശം 1.25 കോടി ആളുകള്‍ക്ക് സാമ്പത്തിക നേട്ടമോ തൊഴിലോ ലഭിച്ചിട്ടുണ്ടെന്ന് യുണിസെഫ് കണക്കാക്കുന്നു. പുതിയ തലമുറയിലെ സ്ത്രീ മേസ്‌നികളും ഈ പ്രചാരണത്തിന്റെ ഒരു ഉല്‍പ്പന്നമാണ്. മുമ്പ് പെണ്‍ മേസണ്‍മാരെ കുറിച്ച് കേട്ടിട്ടില്ലാത്ത നമ്മള്‍ ഇപ്പോള്‍ മേസണ്‍ ജോലി ചെയ്യുന്ന സ്ത്രീകളെ കാണാം.
ശുദ്ധമായ സാങ്കേതികവിദ്യ ഉപയോഗിച്ച്, നമ്മുടെ യുവാക്കള്‍ക്ക് മികച്ച ജോലികളും അവസരങ്ങളും ഉയര്‍ന്നുവരുന്നു. ഇന്ന് ഏകദേശം 5000 സ്റ്റാര്‍ട്ടപ്പുകള്‍ ക്ലീന്‍ ടെക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാലിന്യത്തില്‍ നിന്ന് സമ്പത്ത്, മാലിന്യ ശേഖരണം, ഗതാഗതം, ജലത്തിന്റെ പുനരുപയോഗം, പുനരുപയോഗം തുടങ്ങിയ മേഖലകളില്‍ ജലശുചീകരണ മേഖലയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഈ മേഖലയില്‍ 65 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു, സ്വച്ഛ് ഭാരത് മിഷന്‍ ഇതില്‍ നിര്‍ണായക പങ്ക് വഹിക്കും.
സുഹൃത്തുക്കളേ,
സ്വച്ഛ് ഭാരത് മിഷനും ചാക്രിക സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉത്തേജനം നല്‍കി. ഞങ്ങള്‍ ഇപ്പോള്‍ കമ്പോസ്റ്റ്, ബയോഗ്യാസ്, വൈദ്യുതി, റോഡ് നിര്‍മ്മാണത്തിനുള്ള കരി തുടങ്ങിയ വസ്തുക്കളും വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. ഇന്ന്, ഗോബര്‍ധന്‍ യോജന ഗ്രാമങ്ങളിലും നഗരങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഈ പദ്ധതി പ്രകാരം ഗ്രാമങ്ങളില്‍ നൂറുകണക്കിന് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ട്. മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക്, പ്രായമായ കന്നുകാലികളെ കൈകാര്യം ചെയ്യുന്നത് സാമ്പത്തിക ബാധ്യതയായി മാറും. ഇപ്പോള്‍, ഗോബര്‍ധന്‍ യോജനയ്ക്ക് നന്ദി, ഇനി പാല്‍ ഉല്പ്പാദിപ്പിക്കാത്തതോ ഫാമുകളില്‍ ജോലി ചെയ്യുന്നതോ ആയ കന്നുകാലികള്‍ പോലും വരുമാന സ്രോതസ്സായി മാറും. കൂടാതെ, നൂറുകണക്കിന് സിബിജി പ്ലാന്റുകള്‍ ഇതിനകം രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഇന്ന്, നിരവധി പുതിയ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു, പുതിയ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു.
സുഹൃത്തുക്കളേ,
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ശുചിത്വവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥ വളരുകയും നഗരവല്‍ക്കരണം വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍, മാലിന്യത്തിന്റെ ഉല്പാദനവും വര്‍ദ്ധിക്കും, ഇത് കൂടുതല്‍ മാലിന്യത്തിലേക്ക് നയിക്കും. സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ 'ഉപയോഗിക്കുക വലിച്ചെറിയുക' ശീലവും ഈ പ്രശ്‌നത്തിന് കാരണമാകുന്നു. ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ തരം മാലിന്യങ്ങളെ നമ്മള്‍ നേരിടും. അതിനാല്‍, നമ്മുടെ ഭാവി തന്ത്രങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യകള്‍ നിര്‍മ്മാണത്തില്‍ നാം വികസിപ്പിക്കേണ്ടതുണ്ട്. നമ്മുടെ കോളനികള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ നമുക്ക് കഴിയുന്നത്ര സീറോ വേസ്റ്റിലേക്ക് എത്തിക്കുന്ന തരത്തില്‍ രൂപകല്പന ചെയ്യേണ്ടതുണ്ട്. നമുക്ക് അതിനെ സീറോ വേസ്റ്റിലേക്ക് കൊണ്ടുവരാന്‍ കഴിയുമെങ്കില്‍, അത് ശരിക്കും വളരെ നല്ലതാണ്.
വെള്ളം പാഴാകുന്നില്ലെന്നും ശുദ്ധീകരിച്ച മലിനജലം ഫലപ്രദമായി പുനരുപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. നമാമി ഗംഗെ പദ്ധതി നമുക്ക് മാതൃകയാണ്. ഈ ഉദ്യമത്തിന്റെ ഫലമായി ഗംഗാനദി ഇപ്പോള്‍ കൂടുതല്‍ ശുദ്ധമായിരിക്കുന്നു. അമൃത് മിഷന്‍, അമൃത് സരോവര്‍ കാമ്പയിന്‍ എന്നിവയും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഗവൺമെന്റും പൊതു പങ്കാളിത്തവും കൊണ്ടുവന്ന മാറ്റത്തിന്റെ ശക്തമായ മാതൃകകളാണിവ. എന്നിരുന്നാലും, ഇത് പര്യാപ്തമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജലസംരക്ഷണം, ജലശുദ്ധീകരണം, നമ്മുടെ നദികള്‍ വൃത്തിയാക്കല്‍ എന്നിവയ്ക്കായി പുതിയ സാങ്കേതികവിദ്യകളില്‍ നാം നിക്ഷേപം തുടരണം. വിനോദസഞ്ചാരവുമായി ശുചിത്വം എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിനാല്‍, നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പുണ്യസ്ഥലങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍ എന്നിവയും വൃത്തിയായി സൂക്ഷിക്കണം.
സുഹൃത്തുക്കളേ,
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ശുചിത്വത്തിന്റെ കാര്യത്തില്‍ നാം വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍ മാലിന്യം സൃഷ്ടിക്കുന്നത് ഒരു ദിനചര്യയായതുപോലെ, ശുചിത്വം പാലിക്കുന്നതും ദൈനംദിന ശീലമായിരിക്കണം. ഒരിക്കലും മാലിന്യം സൃഷ്ടിക്കില്ലെന്ന് ഒരു വ്യക്തിക്കും ജീവിയ്ക്കും പറയാന്‍ കഴിയില്ല. മാലിന്യം അനിവാര്യമാണെങ്കില്‍, ശുചിത്വവും അനിവാര്യമായിരിക്കണം. ഒരു ദിവസത്തിനോ ഒരു തലമുറയ്‌ക്കോ വേണ്ടി മാത്രമല്ല, വരും തലമുറകള്‍ക്കായും നാം ഈ പരിശ്രമം തുടരണം. ഓരോ പൗരനും ശുചിത്വം തങ്ങളുടെ ഉത്തരവാദിത്തമായും കടമയായും മനസ്സിലാക്കുമ്പോള്‍, മാറ്റം ഉറപ്പാണെന്ന് ഈ രാജ്യത്തെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്. രാജ്യം തിളങ്ങുമെന്ന് ഉറപ്പാണ്.
ശുചീകരണ ദൗത്യം ഒരു ദിവസത്തെ ദൗത്യമല്ല, ജീവിതകാലം മുഴുവന്‍ ചെയ്യേണ്ടതാണ്. നമ്മള്‍ അത് തലമുറകളിലേക്ക് കൈമാറണം. ശുചിത്വം ഓരോ പൗരന്റെയും സ്വാഭാവിക സഹജാവബോധമായിരിക്കണം. അത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കണം, അഴുക്കിനോട് അസഹിഷ്ണുത വളര്‍ത്തിയെടുക്കണം. നമുക്ക് ചുറ്റുമുള്ള മാലിന്യങ്ങള്‍ നാം സഹിക്കുകയോ കാണുകയോ ചെയ്യരുത്. അഴുക്കിനോടുള്ള വെറുപ്പാണ് ശുചിത്വം പിന്തുടരാന്‍ നമ്മെ നിര്‍ബന്ധിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത്.
വീടുകളിലെ കൊച്ചുകുട്ടികള്‍ തങ്ങളുടെ മുതിര്‍ന്നവരെ കാര്യങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെങ്ങനെയെന്ന് നാം കണ്ടു. 'മോദി ജി പറഞ്ഞത് നോക്കൂ, എന്തിനാണ് മാലിന്യം തള്ളുന്നത്' എന്ന് പേരക്കുട്ടികളോ മക്കളോ അവരെ ഓര്‍മ്മിപ്പിക്കാറുണ്ടെന്ന് പലരും എന്നോട് പറയാറുണ്ട്. കാറിന്റെ വിന്‍ഡോയില്‍ നിന്ന് കുപ്പി വലിച്ചെറിയുന്നതില്‍ നിന്ന് അവര്‍ ആളുകളെ തടയുന്നു. അവരിലും ഈ പ്രസ്ഥാനം ഒരു വിത്ത് പാകിയിട്ടുണ്ട്. അതിനാല്‍, ഇന്ന് ഞാന്‍ യുവജനങ്ങളോടും അടുത്ത തലമുറയിലെ കുട്ടികളോടും പറയാന്‍ ആഗ്രഹിക്കുന്നു: നമുക്ക് പ്രതിജ്ഞാബദ്ധരായി തുടരാം, മറ്റുള്ളവരെ വിശദീകരിക്കാനും പ്രോത്സാഹിപ്പിക്കാനും തുടരാം, നമുക്ക് ഒന്നിക്കാം. രാജ്യം ശുദ്ധമാകും വരെ നാം നിര്‍ത്തരുത്. കഴിഞ്ഞ 10 വര്‍ഷത്തെ വിജയം നമുക്ക് കാണിച്ചു തരുന്നത് അത് സാധ്യമാണ്, നമുക്ക് അത് നേടാന്‍ കഴിയും, ഭാരതമാതാവിനെ അഴുക്കില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും എന്നാണ്.
സുഹൃത്തുക്കളെ,
ഇന്ന്, ജില്ല, ബ്ലോക്ക്, വില്ലേജ്, അയല്‍പക്കം, തെരുവ് തലങ്ങളിലേക്ക് ഈ ക്യാമ്പെയ്ന്‍ എത്തിക്കാന്‍ സംസ്ഥാന ഗവൺമെന്റുകളോട് അഭ്യര്‍ത്ഥിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. വൃത്തിയുള്ള സ്‌കൂളുകള്‍, വൃത്തിയുള്ള ആശുപത്രികള്‍, വൃത്തിയുള്ള ഓഫീസുകള്‍, വൃത്തിയുള്ള അയല്‍പക്കങ്ങള്‍, വൃത്തിയുള്ള കുളങ്ങള്‍, വൃത്തിയുള്ള കിണറുകള്‍ എന്നിവയ്ക്കായി വിവിധ ജില്ലകളിലും ബ്ലോക്കുകളിലും നമുക്ക് മത്സരങ്ങള്‍ നടത്തണം. ഇത് ഒരു മത്സര അന്തരീക്ഷം സൃഷ്ടിക്കും, കൂടാതെ പ്രതിമാസ അല്ലെങ്കില്‍ ത്രൈമാസ അടിസ്ഥാനത്തില്‍ പാരിതോഷികങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കണം. ഇന്ത്യന്‍ ഗവണ്‍മെന്റിന് 24 നഗരങ്ങള്‍ വൃത്തിയുള്ളവയോ 24 ജില്ലകള്‍ വൃത്തിയുള്ളവയോ ആയി പ്രഖ്യാപിച്ചാല്‍ മാത്രം പോരാ. ഇത് എല്ലാ മേഖലയിലും എത്തിക്കണം. നമ്മുടെ മുനിസിപ്പാലിറ്റികള്‍ പൊതു ടോയ്‌ലറ്റുകള്‍ നന്നായി പരിപാലിക്കുന്നുണ്ടെന്ന് തുടര്‍ച്ചയായി ഉറപ്പാക്കണം, അതിനായി നാം അവര്‍ക്ക് പ്രതിഫലം നല്‍കണം. സംവിധാനങ്ങള്‍ പഴയ രീതിയിലേക്ക് മടങ്ങുന്നതിനേക്കാള്‍ മോശമായ ഒന്നും തന്നെയില്ല. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും ശുചിത്വത്തിന് മുന്‍ഗണന നല്‍കാനും അത് അവരുടെ പ്രഥമ പരിഗണനയാക്കി മാറ്റാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രതിജ്ഞയെടുക്കാം. എന്റെ പൗരന്മാരോട് ഒരു പ്രതിജ്ഞാബദ്ധത ഉണ്ടാക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു: നാം എവിടെയായിരുന്നാലും വീട്ടിലായാലും, നമ്മുടെ അയല്‍പക്കത്തായാലും, ജോലിസ്ഥലത്തായാലും ഞങ്ങള്‍ മാലിന്യം സൃഷ്ടിക്കില്ല, സഹിക്കുകയുമില്ല. ശുചിത്വം നമ്മുടെ സ്വാഭാവിക ശീലമായി മാറട്ടെ. നമ്മുടെ ആരാധനാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതുപോലെ, നമ്മുടെ ചുറ്റുപാടുകളോടും അതേ വികാരം വളര്‍ത്തിയെടുക്കണം. 'വികസിത ഭാരതം' (വികസിത ഇന്ത്യ) യിലേക്കുള്ള യാത്രയില്‍ നാം നടത്തുന്ന ഓരോ ശ്രമവും 'ശുചിത്വം സമൃദ്ധിയിലേക്ക് നയിക്കുന്നു' എന്ന മന്ത്രം ശക്തിപ്പെടുത്തും. ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു. മാലിന്യങ്ങള്‍ സൃഷ്ടിക്കരുതെന്നും, നവോന്മേഷത്തോടെയും ആത്മവിശ്വാസത്തോടെയും, ശുചിത്വത്തിനായി നമ്മാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും, നമ്മുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും പിന്നോട്ടുപോകരുതെന്നും പ്രതിജ്ഞയെടുത്തുകൊണ്ട് ആദരണീയ ബാപ്പുവിന് യഥാര്‍ത്ഥ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുക. എല്ലാവര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.
വളരെ നന്ദി.
****
(Release ID: 2061617)
Visitor Counter : 28
Read this release in:
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada