യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

മൈ ഭാരതിൻ്റെ "സേവാ സേ സീഖെൻ" സംരംഭം 24 സംസ്ഥാനങ്ങളിൽ ശക്തി പ്രാപിക്കുന്നു; 319 ആശുപത്രികളിലായി 1700-ലധികം മൈ ഭാരത് വോളൻ്റിയർമാർ ആരോഗ്യ പരിരക്ഷാ പിന്തുണ പ്രവർത്തനങ്ങളിൽ  ഏർപ്പെടുന്നു

Posted On: 25 SEP 2024 2:54PM by PIB Thiruvananthpuram



ന്യൂഡൽഹി  : 25   സെപ്റ്റംബർ  2024

രാജ്യത്തെ യുവാക്കളെ ഉൾപ്പെടുത്തികൊണ്ട്  ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന നീക്കത്തിൽ, കേന്ദ്ര യുവജനകാര്യ , കായിക മന്ത്രാലയം മൈ ഭാരത് സംരംഭത്തിന് കീഴിൽ “സേവ സേ സീഖെൻ” പദ്ധതി  ആരംഭിച്ചു. 2024 സെപ്തംബർ 17-ന് ആരംഭിച്ച ഈ രാജ്യവ്യാപകമായ സന്നദ്ധപ്രവർത്തനം, ആശുപത്രികളിലെ രോഗികൾക്ക് നിർണായകമായ സഹായം വാഗ്ദാനം ചെയ്യുന്നതോടൊപ്പം യുവാക്കൾക്ക് പഠനാനുഭവങ്ങൾ നൽകാനും ലക്ഷ്യമിടുന്നു.

“ഇന്ത്യയിലുടനീളമുള്ള രോഗികളുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനോടൊപ്പം സേവന  സംസ്കാരം പരിപോഷിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഈ പരിപാടി ഉദാഹരിക്കുന്നു. ഈ പരിപാടിയിലൂടെ, നമ്മുടെ യുവ മൈ  ഭാരത് സന്നദ്ധപ്രവർത്തകർ, നമ്മുടെ രാജ്യത്തിൻ്റെ ക്ഷേമത്തിനായി സംഭാവന നൽകിക്കൊണ്ട് വിലമതിക്കാനാവാത്ത അനുഭവസമ്പത്തു  നേടുന്നു എന്ന്  പരിപാടിയെ കുറിച്ച് സംസാരിച്ച കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ,  മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അഭിപ്രായപ്പെട്ടു.

 പരിപാടിയുടെ ഭാഗമായി, ഗവണ്മെന്റ് ആശുപത്രികളും പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PM-JAY) യിൽ എംപാനൽ ചെയ്തിട്ടുള്ളവയുമടക്കം 700 സ്ഥലങ്ങളിൽ മൈ ഭാരത് സന്നദ്ധപ്രവർത്തകരെ വിന്യസിക്കുന്നു. ഓരോ ആശുപത്രിയിലും 10-20 സന്നദ്ധപ്രവർത്തകർ പ്രവർത്തിക്കും . രോഗികൾക്ക് നൽകേണ്ട  സേവനം മെച്ചപ്പെടുത്തുക മാത്രമല്ല, ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) യെ കുറിച്ച് അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ രോഗികളെ സഹായിക്കുന്നത് മുതൽ ഔട്ട്‌പേഷ്യൻ്റ് ഡിപ്പാർട്ട്‌മെൻ്റ് (OPD) കൗണ്ടറുകൾ കൈകാര്യം ചെയ്യുക, ഇൻഫർമേഷൻ ഡെസ്‌ക്കുകൾ പ്രവർത്തിപ്പിക്കുക, പി എം -ജെ എ വൈ രേഖകൾ തയ്യാറാക്കാൻ സഹായിക്കുക എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ  സന്നദ്ധപ്രവർത്തകർ സഹായിക്കുന്നു. "സേവ സേ സീഖെൻ" പദ്ധതി  ആരംഭിച്ചതുമുതൽ അതിവേഗ പുരോഗതി കൈവരിച്ചു. മൈ  ഭാരത് പോർട്ടലിൽ 861 ആശുപത്രികൾ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യങ്ങൾ 304 അനുഭവ പരിചയ പഠന ക്ലാസ്സുകളും  2,649 സന്നദ്ധപ്രവർത്തന അവസരങ്ങളും സൃഷ്ടിച്ചു.

നിലവിൽ, 24 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 319 ആശുപത്രികളിലായി 1732 സന്നദ്ധപ്രവർത്തകർ സജീവമാണ്. ഗുജറാത്ത് 33 ആശുപത്രികളിലായി 273  സന്നദ്ധപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ  രാജസ്ഥാൻ, ഹരിയാന, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിർണായക ആരോഗ്യ സേവനങ്ങളെ പിന്തുണയ്ക്കുന്ന സന്നദ്ധപ്രവർത്തകരുടെ ശക്തമായ സാന്നിധ്യമുണ്ട്.

 
 
**************


(Release ID: 2058652) Visitor Counter : 28