ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

മൊബൈൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കുള്ള  റിപ്പയറബിലിറ്റി സൂചികയുടെ ചട്ടക്കൂട്  രൂപപ്പെടുത്താൻ കേന്ദ്രം സമിതിയെ നിയോഗിച്ചു.

Posted On: 24 SEP 2024 3:14PM by PIB Thiruvananthpuram

 


റിപ്പയറബിലിറ്റി സൂചികയ്ക്കായി ഒരു ശക്തമായ ചട്ടക്കൂട് രൂപപ്പെടുത്താനും ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും സാങ്കേതിക വ്യവസായമേഖലയിൽ സുസ്ഥിര രീതികൾ  പ്രോത്സാഹിപ്പിക്കുന്നതിനുമായി, ഭാരത സർക്കാരിനു കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പ് (DoCA),  അഡീഷണൽ സെക്രട്ടറി ശ്രീ ഭരത് ഖേരയുടെ നേതൃത്വത്തിൽ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. അറ്റകുറ്റപ്പണികൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിന് നിർമ്മാതാക്കൾ ഉപകരണങ്ങളിൽ പ്രദർശിപ്പിക്കുന്ന ലേബലാണ് റിപ്പയറബിലിറ്റി സൂചിക. സ്വന്തം ഉത്പന്നങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കുകയും, സുസ്ഥിരമായ സാങ്കേതിക വ്യവസായത്തിന്റെ ഗുണാത്മക വളർച്ചയുമാണ് റിപ്പയറബിലിറ്റി  സൂചിക വികസിപ്പിക്കുന്നതിലൂടെ DoCA  ലക്ഷ്യമിടുന്നത്.

മൊബൈൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് ലഭിക്കാനുള്ള അവകാശം സംബന്ധിച്ച് 2024 ഓഗസ്റ്റ് 29 ന് വിളിച്ചുചേർത്ത ദേശീയ ശില്പശാല, ഉപഭോക്തൃ അവകാശങ്ങളും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവട് വയ്‌പ്പെന്ന നിലയിൽ, റിപ്പയറബിലിറ്റി സൂചികയുടെ ഘടകങ്ങൾ വിലയിരുത്തുന്നതിനുള്ള ചട്ടക്കൂടിൻ്റെ കാര്യത്തിൽ ഒരു സമവായം സൃഷ്ടിക്കുന്നതിന് വ്യാവസായിക പങ്കാളികളെ ഒരുമിച്ച് ചേർക്കുക മാത്രമല്ല, ദീർഘമായ ഉപയോഗ കാലയളവുള്ള ഉത്പന്നങ്ങളുടെ രൂപകല്പനയിലും, അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ലഭ്യത ജനാധിപത്യവത്ക്കരിക്കുന്നതിലും, ഉത്പാദനം നിർത്തിയ ശേഷവും സ്പെയർ പാർട്സുകളുടെ ലഭ്യത ഉറപ്പാക്കുന്നതിലും നിർണ്ണായക ചുവട് വയ്പ്പായി മാറി.

മൊബൈൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ആവശ്യകത അതിവേഗം വികസിക്കുകയാണെങ്കിലും അവയുടെ ഉപയോഗ കാലയളവ് കുറയുന്നതായാണ് കണക്കാക്കപ്പെടുന്നത്.  അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട വിവരങ്ങളും സ്പെയർ പാർട്‌സുകളും തടസ്സരഹിതമായി ലഭ്യമാക്കുന്നതിനുള്ള റിപ്പയറബിലിറ്റി സൂചികയുടെചട്ടക്കൂട് രൂപ്പപ്പെടുന്നതോടെ പൂർണ്ണവിവരങ്ങൾ അറിഞ്ഞ് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾ പ്രാപ്തരാകുമെന്ന് ശില്പശാലയിലെ ചർച്ചയ്‌ക്കിടെ പൊതുവെ അംഗീകരിക്കപ്പെട്ടു.

റിപ്പയറബിലിറ്റി  സൂചിക ഒരു ഉപഭോക്തൃ-കേന്ദ്രീകൃത സൂചികയായിരിക്കും. അത് അറ്റകുറ്റപ്പണിയ്ക്കുള്ള  സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഉത്പന്നവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. കൂടാതെ,റിപ്പയറബിലിറ്റി എങ്ങനെ വിലയിരുത്തപ്പെടുന്നുവെന്നതിൽ മാനദണ്ഡം  രൂപപ്പെടുത്താനും കഴിയും. റിപ്പയറബിലിറ്റി സൂചിക അടിസ്ഥാനമാക്കി ഉത്പന്നങ്ങളെ താരതമ്യം ചെയ്യുന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതൽ സുഗമമാകും. അതുവഴി മൊബൈൽ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ സമഗ്രമായി വിലയിരുത്തി തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടും.

അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ലഭ്യമാകുന്നതോടെ, ഉപഭോക്താക്കൾക്ക്  എളുപ്പത്തിൽ താരതമ്യം ചെയ്യാനും മനസ്സിനിണങ്ങിയതും സുസ്ഥിരവും ആയ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനും കഴിയുന്ന ഒരു ആവാസവ്യവസ്ഥ സൂചികയിലൂടെ സൃഷ്ടിക്കപ്പെടും. കുറഞ്ഞ ചെലവിൽ അറ്റകുറ്റപ്പണികൾ നടത്താനും, ഉത്പന്നങ്ങൾ നന്നാക്കുന്നതിനുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനും സൂചിക സഹായകമാകും.

റിപ്പയർ ആവാസവ്യവസ്ഥയുടെ പ്രധാന ഘടകങ്ങൾ ഇനിപ്പറയുന്നു:

i. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ: മാനുവലുകൾ/DIY-കൾ, ഡയഗ്നോസ്റ്റിക്സ്, റിപ്പയർ ചെയ്യുന്നതിനുള്ള ഉപകരണങ്ങളുടെയും ഘടക ഭാഗങ്ങളുടെയും ലിസ്റ്റ് .

ii.  സ്പെയർ പാർട്സ് ലഭ്യത: സ്പെയർ പാർട്സ് എളുപ്പത്തിൽ കണ്ടെത്താനും സമയബന്ധിതമായി ലഭ്യമാക്കാനും സാധിക്കും.

iii. വില കുറഞ്ഞ ഉപകരണങ്ങൾ: കുറഞ്ഞ വിലയും വ്യാപക ലഭ്യതയുമുള്ള സുരക്ഷിതമായ ഉപകരണങ്ങൾ ഉപയോക്താക്കൾക്ക് ഉറപ്പാക്കുന്നു.

iv. മോഡുലാർ ഡിസൈൻ: സ്റ്റാൻഡേർഡ് യൂണിറ്റുകളോ അളവുകളോ മാനദണ്ഡമാക്കി നിർമ്മിച്ചതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഘടക ഭാഗങ്ങൾ.

v. സാമ്പത്തികമായ പ്രായോഗികത: ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും കൂലി നല്കുന്നതിനുമുള്ള ചെലവ് ഉപഭോക്താക്കൾക്ക് താങ്ങാനാവുന്നതാണെന്ന് ഉറപ്പുവരുത്തുക.


മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, മൊബൈൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പുനരുപയോഗിക്കുന്നതിനും ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി, നിലവിലുള്ള നിയന്ത്രണ വ്യവസ്ഥകൾക്കൊപ്പം അറ്റകുറ്റപ്പണിയെയും സംയോജനത്തെയും പിന്തുണയ്ക്കുന്ന നയങ്ങൾ/നിയമങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ മൊബൈൽ, ഇലക്ട്രോണിക്സ് മേഖലയിലെ റിപ്പയറബിലിറ്റി സൂചിക മുഖാന്തിരം പ്രവർത്തനക്ഷമമാക്കാൻ സമിതി ശുപാർശ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.



(Release ID: 2058443) Visitor Counter : 21